സ്വാമി വിവേകാനന്ദന്‍

തത്ത്വങ്ങളുടെ കാര്യത്തില്‍ ഋഷിമാര്‍ അതിധീരരായിരുന്നു. വിപുലവും വ്യാപകങ്ങളുമായ തത്ത്വങ്ങളെ പ്രഖ്യാപനം ചെയ്യുന്നതില്‍ അവരുടെ ധൈര്യം ആശ്ചര്യകരമാണ്. ലോകരഹസ്യത്തിന്റെ വെളിപാട് ബാഹ്യലോകത്തില്‍നിന്നു കിട്ടാവുന്നിടത്തോളം അവര്‍ക്കും കിട്ടി. അവരെക്കവിഞ്ഞ് ഒരടിയും മുന്നോട്ടു പോവാന്‍ ആധുനികശാസ്ത്രത്തിന്റെ നാനാവിധ പരീക്ഷണങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല, മൂലതത്ത്വങ്ങള്‍ പിഴച്ചുപോയതുകൊണ്ട്. ലോകരഹസ്യം പ്രകാശിപ്പിപ്പാന്‍ പഴയ കാലത്ത് ആകാശതത്ത്വം മതിയായില്ലെങ്കില്‍, ഈ കാലത്ത് അതേ തത്ത്വത്തിന്റെ പ്രപഞ്ചനംകൊണ്ട് സത്യം കൂടുതല്‍ വെളിപ്പെടില്ലല്ലോ. ജഗദ്‌വ്യാപിയായ ജീവചൈതന്യം എന്ന സിദ്ധാന്തം ജഗദ്രഹസ്യത്തിനു മിതമായ സമാധാനം പഴയ കാലത്തു തന്നിട്ടില്ലെങ്കില്‍, അതേ സിദ്ധാന്തം സ്വീകരിച്ച് അതിന്റെ വ്യാപാരം വിസ്മരിച്ചതുകൊണ്ട് കൂടുതല്‍ ഫലം ഈ കാലത്തും ഉണ്ടാവില്ല. ഞാന്‍ പറയുന്നതിതാണ്; തത്ത്വാന്വേഷണവിഷയത്തില്‍ ഹിന്ദുചിന്തകന്‍മാര്‍ ആധുനികരോളമെന്നല്ല ചില സംഗതികളില്‍ ഇവരേക്കാള്‍ അധികം ധീരന്‍മാരായിരുന്നു. മനുഷ്യര്‍ കണ്ടെത്തിയ സാമാന്യതത്ത്വങ്ങളില്‍വെച്ച് ഏറ്റവും ഗംഭീരമായ ചിലത് അവരാണ് കണ്ടുപിടിച്ചത്. അതില്‍ ചിലത് ഒരു താല്‍ക്കാലികസിദ്ധാന്തത്തിന്റെ നിലയ്ക്കുപോലും ആധുനികര്‍ ഇന്നും കണ്ടിട്ടില്ല. ഒരുദാഹരണം പറയാം; അവര്‍ ആകാശസിദ്ധാന്തത്തിലെത്തി എന്നു മാത്രമല്ല, അതും കടന്ന് മനസ്സിനെ സൂക്ഷ്മതരാകാശമായി തരംതിരിച്ചു. അതും കടന്നു സൂക്ഷ്മതമമായ ഒരാകാശംകൂടി അവര്‍ കണ്ടെത്തി. അതുകൊണ്ടും സമാധാനമായില്ല. ബാഹ്യലോകജ്ഞാനം എത്രയുണ്ടായാലും അതുകൊണ്ടു ലോകരഹസ്യം വെളിപ്പെടുകയില്ല. ”അങ്ങനെ വിചാരിക്കേണ്ട, ഞങ്ങള്‍ അത് അല്പാല്പം അറിവാന്‍ ആരംഭിച്ചിട്ടേയുള്ളു. കുറച്ചായിരം കൊല്ലം കാത്തിരിക്കുക, സമാധാനം ഉണ്ടാകും” എന്നു ശാസ്ത്രജ്ഞന്‍ പറയുമായിരിക്കാം. അതിനു വേദാന്തി ”ഇല്ല” എന്നു തീര്‍ത്തുപറയുന്നു. എന്തുകൊണ്ടെന്നാല്‍, മനസ്സ് പരിമിതവും ദേശകാലനിമിത്തപരിധികളെ ലംഘിച്ചുപോവാന്‍ കഴിവില്ലാത്തതുമാണെന്നു നിസ്സംശയം തെളിഞ്ഞിരിക്കുന്നു. ആര്‍ക്കും അവനവനെ വിട്ടു പുറത്തുചാടുവാന്‍ കഴിവില്ലാത്തതുപോലെ ദേശകാലനിയമങ്ങളാല്‍ നിബദ്ധമായ പരിധികളെ കടന്നുപോവാന്‍ മനുഷ്യനു സാധ്യമല്ല. ദേശകാലനിമിത്തോപാധികള്‍ക്കു സമാധാനം കാണ്‍മാന്‍ ഉദ്യമിക്കുന്നതുതന്നെയും അതുകളുടെ സത്തയെ സിദ്ധവല്‍ക്കരിച്ചു വേണ്ടിയിരിക്കെ, ആ ഉദ്യമം നിഷ്ഫലമായിരിക്കും. എന്നാല്‍പ്പിന്നെ ഈ ലോകം ഉണ്ടെന്നു പറയുന്നതിന്റെ അര്‍ത്ഥമെന്ത്? ”ഈ ലോകത്തിന് ഉണ്‍മയില്ല.” എന്നു പറയുന്നതിന്റെ താല്പര്യമെന്ത്? അതിനു സ്വതന്ത്രസല്‍ഭാവം ഇല്ലെന്നുമാത്രം. എന്റേയോ നിങ്ങളുടേയോ മറ്റൊരാളുടേയോ മനസ്സിനെ സംബന്ധിച്ചുമാത്രം അതിനു സദ്ഭാവമുണ്ട്. നാം ലോകത്തെ അറിയുന്നതു പഞ്ചേന്ദ്രിയങ്ങള്‍ മുഖേനയാണല്ലോ: നമുക്കു വേറൊരിന്ദ്രിയംകൂടി ഉണ്ടെങ്കില്‍ ലോകത്തില്‍ ഇനിയും ചിലതുകൂടി നാം കണ്ടേനെ. വീണ്ടും ഒരിന്ദ്രിയംകൂടിയുണ്ടെങ്കില്‍ ലോകം നമുക്കു വീണ്ടും കുറേക്കൂടി വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് അതിന് സ്വതന്ത്രസത്തയില്ല: നിര്‍വ്വികാരവും നിശ്ചലവും നിരുപാധികവുമായ സല്‍ഭാവമില്ല. എന്നാല്‍ അതിനെ അസത്തെന്നും പറയുക വയ്യ: അതുണ്ടെന്നു നാം കാണുന്നു: അതിലിരുന്നും അതില്‍ക്കൂടിയും നാം വ്യാപരിക്കുന്നു. അതുകൊണ്ട് കേവലം ഇല്ലാത്തതുമല്ല. അതു സത്തിന്റെയും അസത്തിന്റെയും ഒരു കലര്‍പ്പാണെന്നുമാത്രം പറയാം.