ഹംസായ ദഹ്രനിലയായ നിരീക്ഷകായ
കൃഷ്ണായ മൃഷ്ടയശസേ നിരുപക്രമായ
സത്സംഗ്രഹായ ഭവപാന്ഥനിജാശ്രമാപ്താ
വന്തേ പരീഷ്ടഗതയേ ഹരയേ നമസ്തേ (6-9-45)
പ്രീതോഽഹം വഃ സുരശ്രേഷ്ഠാ മദുപസ്ഥാനവിദ്യയാ
ആത്മൈശ്വര്യസ്മൃതിഃ പുംസാം ഭക്തിശ്ചൈവ യയാ മയി (6-9-47)

ദേവന്മാര്‍ പ്രാര്‍ത്ഥിച്ചുഃ

“ത്യാഗവാസനയ്ക്കു നമോവാകം. സൃഷ്ടിക്കപ്പെട്ട ഒരു ജീവിക്കും അങ്ങയുടെ ശരിയായ മഹിമ അറിയില്ല. അനന്തമായ ആ ഐശ്വര്യത്തിനും നമസ്കാരം. ഭക്തിസാധനയിലൂടെ അജ്ഞാനാന്ധകാരത്തിന്റെ പുകമറ നീങ്ങിയാല്‍ അങ്ങ്‌ പരമാനന്ദസ്വരൂപമായി പ്രകടമാവുന്നു. മറ്റാരുടേയും സഹായമോ സഹവര്‍ത്തിത്വമോ കൂടാതെ അങ്ങ്‌ വിശ്വത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരകര്‍മ്മങ്ങള്‍ നടത്തുന്നു എന്നത്‌ ഞങ്ങള്‍ക്ക്‌ മനസിലാക്കാന്‍ വിഷമമാണ്‌. അങ്ങേയ്ക്ക്‌ വിശ്വസൃഷ്ടിസ്ഥിതിലയങ്ങളും ഞങ്ങള്‍ക്കുളളതുപോലെ വൈകാരിക മമതയുണ്ടോ അതോ വെറും സാക്ഷീഭാവം മാത്രമേയുളേളാ എന്നും ഞങ്ങള്‍ക്ക്‌ നിശ്ചയമില്ല. ഒരു പക്ഷേ ഈ വൈരുദ്ധ്യങ്ങളായ അവസ്ഥകള്‍ അവിടുത്തെയുളളില്‍ ഒന്നുചേര്‍ന്നിരിക്കുന്നുണ്ടാവാം. കാരണം വൈരുദ്ധ്യബോധത്തിനുമപ്പുറത്താണല്ലോ അവിടുന്ന്. ഈ രണ്ടവസ്ഥകളിലും വൈരുദ്ധ്യം ദര്‍ശിക്കുന്നുത്‌ ഞങ്ങളുടെ അറിവിന്റെ പരിധിയിലാണല്ലോ. അങ്ങയില്‍ ഒരു വിശേഷണവും ആരോപിക്കുക അസാദ്ധ്യം. കാരണം അങ്ങവയ്ക്കെല്ലാം അതീതനത്രേ. എന്നാല്‍ എല്ലാ വിശേഷണങ്ങളും അങ്ങേക്കിണങ്ങും കാരണം ഏകമായ സത്ത്‌ അവിടുന്നു മാത്രമാണല്ലോ.

സര്‍വ്വശക്തനായ ഭഗവന്‍, പൈശാചികമായി പ്രവര്‍ത്തിക്കുന്ന ദൈത്യദാനവാന്മാര്‍ പോലും അവിടുത്തെ പ്രകടിതരൂപങ്ങള്‍ തന്നെയാണെന്നു് ഞങ്ങള്‍ക്കറിയാം. എന്നാല്‍ അവര്‍ അവര്‍ക്കനുവദിച്ച സമയത്തിനപ്പുറം അക്രമങ്ങള്‍ തുടരുമ്പോള്‍ അവിടുന്ന് സ്വന്തം മായാശക്തിയാല്‍ അവതാരങ്ങളെടുത്ത് ദേവന്മാരായും മനുഷ്യരായും മൃഗങ്ങളായും ജലജീവിയായും മറ്റും, അവരെ ശിക്ഷിക്കുന്നതായും ധര്‍മ്മസംസ്ഥാപനം നടത്തുന്നതായും അറിയുന്നു അതുകൊണ്ട്‌ അങ്ങേയ്ക്ക്‌ സമ്മതമെങ്കില്‍ ഈ വൃത്രാസുരനെ വധിച്ച്‌ ഞങ്ങളെ ബാധിച്ചിരിക്കുന്ന ഭയത്തില്‍ നിന്നു്‌ മോചനം നല്‍കിയാലും. അങ്ങെല്ലാ ജീവജാലങ്ങളുടേയും ആത്മനിവാസിയായതിനാല്‍ അവരുടെ ആഗ്രഹങ്ങളും പ്രാര്‍ത്ഥനകളും എന്തെന്നറിയാവുന്നതാണല്ലോ. അതുകൊണ്ട്‌ ഞങ്ങളുടെ ഈ പ്രാര്‍ത്ഥനയും അഭിലാഷവും സാധിച്ചുതരുന്നത്‌ ഉചിതമാണ്‌. മൂന്നുലോകങ്ങളെയും ദ്രോഹിക്കുന്ന വൃത്രാസുരനില്‍ നിന്നും ഞങ്ങള്‍ക്കഭയമേകിയാലും. സര്‍വ്വാന്തര്യാമിയായ ഭഗവാന്‍ ഹരിക്ക്‌ നമസ്കാരം. എല്ലാ ഹൃദയങ്ങളിലും സാക്ഷീഭാവേന വര്‍ത്തിച്ചു വാഴുന്ന അവിടേയ്ക്ക്‌ നമോവാകം. നമ്മുടെ സമ്പത്തും ആനന്ദമൂര്‍ത്തിയും പാതയും ലക്ഷ്യവുമായ ശ്രീകൃഷ്ണഭഗവാണ്‌ നമസ്കാരം. ”

ഭഗവാന്‍ പറഞ്ഞുഃ

“നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞാന്‍ സന്തുഷ്ടനായിരിക്കുന്നു. ഈ പ്രാര്‍ത്ഥനയിലൂടെ ആത്മാവബോധവും ഭക്തിയും ഉളവാകുന്നു. ഈ പ്രാര്‍ത്ഥന ഉരുവിടുന്ന ഏവര്‍ക്കും അതു ലഭ്യമത്രെ. എന്നെ സന്തുഷ്ടനാക്കിയാല്‍ എല്ലാം സാദ്ധ്യമാണ്‌. അതുകൊണ്ട്‌ എന്റെ സംപ്രീതി മാത്രമേ ഒരു ഭക്തന്‍ ലക്ഷ്യമാക്കേണ്ടതായുളളൂ. അതുകൊണ്ട്‌ ജ്ഞാനിയായ ഒരുവന്‍ മറ്റൊരാള്‍ക്ക്‌ ലൗകീകജീവിതവൃത്തികള്‍ കാണിച്ചു കൊടുക്കില്ല, മറിച്ച്‌ ഭക്തിസാധനാമാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുന്നു. അല്ലയോ ഇന്ദ്രാ നിങ്ങള്‍ ദദീചിമഹര്‍ഷിയെ ചെന്നു കാണുക. തപശ്ചര്യയാല്‍ മഹര്‍ഷി. അതിശക്തനായിരിക്കുന്നു. ത്വഷ്ടനെ നാരായണകവചം പഠിപ്പിച്ചതു ദദീചിയാണ്‌. ത്വഷ്ടന്റെ മകനാണല്ലോ നിന്നെയതു പഠിപ്പിച്ചതു. അദ്ദേഹത്തോട്‌ തന്റെ എല്ലുകള്‍ക്കായി യാചിക്കുക. അതുകൊണ്ട്‌ വൃത്രാസുരനെ വെല്ലാന്‍ നിങ്ങള്‍ക്കുകഴിയും.”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF