ഏതു ധര്‍മ്മങ്ങളെയാണ്‌ പരിത്യജിക്കേണ്ടത്‌? (105)

എല്ലാ ധര്‍മങ്ങളേയും പരിത്യജിച്ച്‌ എന്നെത്തന്നെ ശരണം പ്രാപിച്ചാല്‍ എല്ലാ പാപങ്ങളില്‍ നിന്നും രക്ഷിക്കാമെന്നും ദുഃഖിക്കേണ്ടെന്നും ഭഗവാന്‍പറയുന്നു. ഗീതയിലെ മുഖ്യമായ ഈ ശ്ലോകം ഏറെ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്‌. എല്ലാ ജോലിയും ബന്ധങ്ങളും ഉപേക്ഷിച്ച്‌ ഒരുത്തരവാദിത്വവും ഏറ്റെടുക്കാതെ അമ്പലപരിസരത്തോ ആശ്രമത്തിലോ കഴിയലാണ്‌ ഇതിനര്‍ഥമെന്ന്‌ ധരിക്കുന്നവരുണ്ട്‌.

ഒരു വസ്തുവിനെ അതാക്കി നിര്‍ത്തുന്നതാണ്‌ ധര്‍മം. അഗ്നിയുടെ ധര്‍മങ്ങളായ ചൂടും പ്രകാശവും മാറ്റിയാല്‍ അഗ്നി അഗ്നിയല്ലാതാകും. അങ്ങനെ ഈ വിശ്വത്തെ ധരിച്ചിരിക്കുന്നത്‌ ബ്രഹ്മമാണ്‌. ആ ബ്രഹ്മത്തിലേക്ക്‌ നമ്മെ കൊണ്ടുപോകുന്ന എല്ലാ മൂല്യങ്ങളേയും ധര്‍മമെന്നു പറയും. ബ്രഹ്മപരിത്യാഗമല്ല അതിനാല്‍ ഇവിടെ പറയുന്നത്‌. ഏകമായ ബ്രഹ്മത്തെ (എന്നെ) ധ്യാനത്തിലൂടെ അറിയാനാണ്‌ (അറിവാണ്‌ ശരണം പ്രാപിക്കല്‍) ഭഗവാന്‍ പറയുന്നത്‌. ശരീരധര്‍മങ്ങളില്‍ (കാണല്‍, കേള്‍ക്കല്‍, ചിന്തിക്കല്‍ തുടത്തിയവയില്‍) ‘ഞാന്‍’ ചെയ്യുന്നു എന്ന ഭാവത്തെ ഉപേക്ഷിക്കാനാണ്‌ ഗീത ആവശ്യപ്പെടുന്നത്‌. എന്റേതായി ഒന്നുമില്ലാതാകുമ്പോള്‍ ഒന്നും ഉപേക്ഷിക്കാനുമില്ല. ജനലിലൂടെ ആകാശം കാണുന്നവനെ പുറത്തിറക്കി നിര്‍ത്തലാണിത്‌. പിന്നെ അവിടെ രണ്ടില്ല. കര്‍തൃത്വത്തിന്റെ ഉപേക്ഷയാണ്‌ ഇവിടെ ധര്‍മങ്ങളുടെ പരിത്യാഗമെന്നത്‌.

കര്‍ത്താവില്‍ അപകര്‍ഷതാബോധമുണ്ടാക്കുന്നതാണ്‌ പാപം. ‘എന്റെ ഗതി ഇതായല്ലോ’ എന്ന ചിന്ത പാപമാണ്‌. ഭഗവാനില്‍ ശരണംപ്രാപിക്കുക എന്നത്‌ സങ്കല്‍പങ്ങളില്‍ ജീവിക്കാതെ പച്ചയായ ജീവിതത്തിനെ സ്വീകരിക്കലാണ്‌. ഒരു തിര ഞാന്‍ സമുദ്രമാണ്‌ എന്നറിയലാണ്‌ ആ ശരണംപ്രാപിക്കല്‍. അതിന്റെ പ്രതീക്ഷയല്ലാതെ ചെയ്യുന്ന നമസ്കാരാദികളൊക്കെ വ്യര്‍ഥമാണ്‌. ആരെ നമസ്കരിച്ചാലും പരമാത്മചൈതന്യത്തെ നമസ്കരിക്കുന്നു എന്ന ഭാവത്തില്‍ വേണം ചെയ്യാന്‍. ഏതെങ്കിലും ക്ഷേത്രത്തേയോ പൂജാരിയേയോ വിഗ്രഹത്തേയോ ശരണമായി ഗമിക്കണമെന്നല്ല ഇവിടെ പറഞ്ഞിട്ടു‍ള്ളത്‌. ഭക്തനാവുകയെന്നത്‌ ഞാന്‍ പ്രപഞ്ചത്തില്‍ നിന്നന്യനല്ല എന്ന്‌ അറിയലാണ്‌. വിശ്വത്തിനേല്‍ക്കുന്ന ഏതു മുറിവും എനിക്കേല്‍ക്കുന്നതാണ്‌. ഞാന്‍ സംരക്ഷിക്കേണ്ടതാണ്‌ വിശ്വം. നമ്മളും പ്രകൃതിയുമായുള്ള പാരസ്പര്യമാണ്‌, സര്‍വഭൂതപ്രേമമാണ്‌ നീ എനിക്കു പ്രിയപ്പെട്ടവനെന്ന്‌ ഭഗവാന്‍ പറയുന്നതിന്റെ സാരം. അറിവുകൊണ്ടുമാത്രമേ ഇത്‌ സാധിക്കൂ. ദിവസവും രാവിലെ കുളിച്ച്‌ അമ്പലത്തില്‍ പോയാല്‍ പ്രിയപ്പെട്ടവനാകില്ല.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാനയജ്ഞം