സ്വാമി വിവേകാനന്ദന്‍

പിന്നീട് ദാര്‍ശനികന്‍മാരുടെ കാലമായി. ഉപനിഷത്കാര്യം ദാര്‍ശനികന്‍മാര്‍ കയ്യേറ്റു. അവര്‍ക്ക് ഉപനിഷത്തുകളില്‍നിന്ന് ഒരു കോലം ലഭിച്ചു. അതില്‍ വേണ്ടതെല്ലാം ചേര്‍ത്തു പൂരിപ്പിക്കയായിരുന്നു അവരുടെ കൃത്യം. ആ ഘട്ടത്തില്‍ പല പ്രശ്‌നങ്ങളും സ്വാഭാവികമായി വരുമല്ലോ. നിര്‍ഗുണമായ തത്ത്വം ഒന്നേയുള്ളൂ. അത് ഈ നാനാരൂപങ്ങളായി പ്രകാശിക്കുന്നു എന്നു പറയുന്നതു സമ്മതിക്കാം. എന്നാല്‍ ആ ഒന്ന് എങ്ങനെ പലതായി? പണ്ടുപണ്ടേയുള്ള ചോദ്യത്തിന്റെ രൂപാന്തരമാണിത്. അതു സ്ഥൂലരൂപത്തില്‍ മനുഷ്യഹൃദയത്തില്‍ വരുമ്പോള്‍ ‘ഈ ദുഃഖങ്ങള്‍ക്കും കാരണമെന്ത്’ എന്നാകുന്നു. ലോകത്തില്‍ ദുഃഖമുണ്ടാകുന്നതെന്തിന്? അതിനു കാരണമെന്ത്’ ഈ ചോദ്യം സൂക്ഷ്മമായി, തത്ത്വരൂപത്തിലായി. ദുഃഖിക്കുന്നതിനു കാരണമെന്തെന്ന ചോദ്യം ഇന്ദ്രിയമണ്ഡലങ്ങളില്‍നിന്നു ചോദിക്കാതായി. അതു തത്ത്വജ്ഞാനവേദികയില്‍ നിന്നുയര്‍ന്നുതുടങ്ങി. എങ്ങനെ ഒന്നു പലതാകും? ഇതിനു സമാധാനം ഏറ്റവും നന്നായി ഇന്ത്യയിലുണ്ടായ സമാധാനം, മായാവാദമാണ്. അതായത്, ഒന്നു വാസ്തവത്തില്‍ പലതായിട്ടില്ല: അതിന്റെ സ്വഭാവം തെല്ലും നഷ്ടമായിട്ടില്ല. ബഹുത്വം തോന്നല്‍മാത്രമാണ്. മനുഷ്യന്‍ പ്രത്യേകവ്യക്തിയാണെന്നു തോന്നലേയുള്ളൂ. വാസ്തവത്തില്‍ അവന്‍ നിര്‍ഗുണസത്താണ്. ഈശ്വരന്‍ സഗുണനാണെന്ന തോന്നല്‍ മാത്രം: വാസ്തവത്തില്‍ അവന്‍ നിര്‍ഗുണസത്താണ്.

ഈ സമാധാനത്തിലും പിന്നീട് അവസ്ഥാഭേദങ്ങളുണ്ടായി. ദാര്‍ശനികന്‍മാര്‍ ഭിന്നാഭിപ്രായക്കാരുമായി. അവര്‍ എല്ലാവരും മായാവാദം സ്വീകരിച്ചില്ല: മിക്കപേരും ഇല്ലെന്നു പറയാം. ദ്വൈതികള്‍ ആ ചോദ്യം ചോദിപ്പാന്‍ അനുവദിക്കാതെ അതിനെ വീര്‍പ്പുമുട്ടിച്ചു. ഒരുതരം അപരിഷ്‌കൃത ദ്വൈതമായിരുന്നു അത്. “നിങ്ങള്‍ക്ക് അതു ചോദിപ്പാനധികാരമില്ല. സമാധാനം ആവശ്യപ്പെടുവാന്‍ അധികാരമില്ല. അത് ഈശ്വരേച്ഛമാത്രം. നാം അതിനു വഴിപ്പെട്ടുകൊള്ളണം. ഒരു സ്വാതന്ത്ര്യവും ജീവന്നില്ല: എല്ലാം ഈശ്വരകല്പിതം: നമ്മുടെ കര്‍മ്മങ്ങളും സുഖദുഃഖങ്ങളും എല്ലാം. ദുഃഖമുണ്ടാകുമ്പോള്‍ അതു ക്ഷമാപൂര്‍വ്വം സഹിക്കുക. അല്ലാഞ്ഞാല്‍ അതികംിനമായ ശിക്ഷയുണ്ടാകും.” ഇതാണ് അവരുടെ വാദം. ഇതു നിങ്ങള്‍ അറിഞ്ഞതെങ്ങനെ എന്നു ചോദിച്ചാല്‍ വേദത്തില്‍ അങ്ങനെ പറഞ്ഞിരിക്കുന്നു എന്നാണുത്തരം. അവര്‍ക്ക് അവരുടെ വേദവാക്യങ്ങളും അവരുടെ അര്‍ത്ഥങ്ങളും ഉണ്ട്. അതു മറ്റുള്ളവര്‍ സമ്മതിക്കണം.

വേറെ ചിലര്‍ മായാവാദം സ്വീകരിക്കുന്നില്ലെങ്കിലും ഒരു ഇടനിലയില്‍ നില്‍ക്കുന്നു. അവരുടെ മതത്തില്‍ ജഗത്താകെയും ഈശ്വരശരീരമെന്നപോലെയാണ്: സര്‍വ്വജീവന്‍മാരുടെയും ജഗത്തിന്റെയും ജീവന്‍ ഈശ്വരനാണ്. ജീവാത്മാക്കള്‍ക്ക് പാപകര്‍മ്മത്താല്‍ സങ്കോചവും ശക്തിക്ഷയവും ഏറിയേറിവരും: പുണ്യകര്‍മ്മത്താല്‍ വീണ്ടും വീണ്ടും വികസിക്കും. ഇങ്ങനെയുള്ള വിവിധ ഭാരതീയമതങ്ങള്‍ക്കും എന്നു വേണ്ട ലോകത്തിലുള്ള സര്‍വ്വമതങ്ങള്‍ക്കും, അറിഞ്ഞോ അറിയാതെയോ, ഒരാശയം സാമാന്യമായുണ്ടെന്ന് എനിക്കു തോന്നുന്നു: അതായത് മനുഷ്യന്റെ ദിവ്യത്വം മനുഷ്യാത്മാവ് സ്വതഃശുദ്ധവും പൂര്‍ണ്ണവുമാണെന്ന് പ്രതിപാദിക്കാത്ത മതസമ്പ്രദായം, യഥാര്‍ത്ഥമതം, ഒന്നുമില്ല. ആത്മസ്വരൂപത്തെപ്പറ്റിയോ അതിന് ഈശ്വരനോടുള്ള ബന്ധത്തെപ്പറിയോ എന്തു പറഞ്ഞാലും, അതു പുരാണകഥാരൂപത്തിലോ തത്വജ്ഞാനഭാഷയിലോ എങ്ങനെ പറഞ്ഞാലും, ആത്മദിവ്യത്വം സര്‍വ്വസമ്മതമാണ്. ആത്മസ്വഭാവം ആനന്ദവും ശക്തിയുമാണ്, ദുഃഖവും ദുര്‍ബ്ബലതയുമല്ല. ദുഃഖം എങ്ങനെയോ വന്നുപെട്ടിരിക്കുന്നു. അപരിഷ്‌കൃതമതങ്ങള്‍ അതിനു കാരണമായി ഒരു ദുഷ്ടമൂര്‍ത്തിയെ, ഒരു ചെകുത്താനെ, ഒരു അഹ്രിമാനെ കല്പിക്കും. മറ്റു ചില മതങ്ങള്‍ ഈശ്വരനെയും ചെകുത്താനെയും കൂട്ടിച്ചേര്‍ത്ത്, ചിലര്‍ക്കു സുഖവും ചിലര്‍ക്കു ദുഃഖവും അകാരണമായുണ്ടാക്കുന്ന ഒരാളായി കല്പിക്കും. കുറേക്കൂടെ വിചാരശീലന്‍മാര്‍ മായാവാദവും മറ്റും കല്പിക്കും. ഒരു സംഗതി തെളിയെ പൊന്തിനില്‍ക്കുന്നു. അതാണ് നാം മനസ്സിലാക്കേണ്ടത്. തത്ത്വവിചാരവും ദര്‍ശനവുമെല്ലാം മനസ്സിനു വ്യായാമം, ബുദ്ധിക്കഭ്യാസം: അത്രതന്നെ.

ഏതു മതത്തിലും ഏതു രാജ്യത്തിലും എത്ര വലിയ മൂഢവിശ്വാസക്കൂമ്പാരങ്ങളില്‍ക്കൂടെയും ഒരാശയം പ്രകാശമാനമായി ഉല്‍ഗമിക്കുന്നുണ്ട്; മഹത്തായ ഒരാശയം, മനുഷ്യന്റെ ദിവ്യത്വം. ദിവ്യത്വം നമ്മുടെ സ്വന്തം പ്രകൃതിയാണ്. മറിച്ചുകാണുന്നതെല്ലാം അദ്ധ്യാസം: വേദാന്തത്തില്‍ അതാണ് വാക്ക്. എന്തോ ഒന്നു നമ്മുടെ മേല്‍ ഏറ്റിവെച്ചിട്ടുണ്ട്. എന്നാലും ആ ദിവ്യസ്വഭാവം ഒരിക്കലും നശിക്കില്ല. അതിനീചനിലും അത്യുത്തമനിലും അതിന്റെ നിത്യസാന്നിദ്ധ്യമുണ്ട്. അതിനെ ഉണര്‍ത്തണം. അതു തനിയെ പ്രകാശിക്കും. നാം ആവശ്യപ്പെടണം, അപ്പോള്‍ അതു പ്രത്യക്ഷപ്പെടും. തീക്കല്ലിലും ഉണങ്ങിയ മരത്തിലും തീയുണ്ടെന്നു പൂര്‍വ്വന്‍മാര്‍ അറിഞ്ഞിരുന്നു. എന്നാല്‍ തീ പുറപ്പെടാന്‍ സംഘര്‍ഷണം ആവശ്യമായിരുന്നു. അതുപോലെ ദിവ്യത്വമെന്ന വഹ്‌നി, സ്വാതന്ത്ര്യമെന്ന വഹ്‌നി, ആത്മാവില്‍ അതിന്റെ പ്രകൃതിയായുണ്ട്, ഗുണമായിട്ടില്ല. ഗുണം നേടാവുന്നതാണ്, അതുകൊണ്ട് പോകാവുന്നതുമാണ്. സ്വാതന്ത്ര്യംതന്നെയാണ് ആത്മാവ്. ആത്മാവും സത്തും ഒന്നുതന്നെ. ആത്മാവും ചിത്തും ഒന്നുതന്നെ. സച്ചിദാനന്ദം ആത്മസ്വഭാവം, ആത്മാവിന്റെ ജന്‍മാവകാശം. ഈ ജഗത്തു മുഴുവന്‍ ആത്മസ്ഫുരണം. അതു ചിലേടത്തു മങ്ങിയോ ചിലേടത്തു തിളങ്ങിയോ ഇരിക്കാം. മൃത്യുപോലും യഥാര്‍ത്ഥസത്തയുടെ സ്ഫുരണമത്രേ. ജനനമരണങ്ങളും വൃദ്ധിക്ഷയങ്ങളും ഗുണദോഷങ്ങളും ആ ഏകത്വത്തിന്റെ വിവിധ സ്ഫുരണങ്ങള്‍. സര്‍വ്വജ്ഞാനത്തിന്റെയും സത്തായ ചിത്തത്തിന്റെ പ്രകാശഭേദങ്ങളാണ്, അജ്ഞാനമായും വിദ്വത്വമായും കാണുന്നത്. പ്രകാശത്തിന്റെ മാത്രയിലേ വ്യത്യാസമുള്ളൂ, ജാതിയിലില്ല. നമ്മുടെ കാലിന്നടിയില്‍ അരിക്കുന്ന ചെറുപുഴുവിനും ലോകത്തില്‍വെച്ച് ഏറ്റവും ബുദ്ധിശാലിയായ മനുഷ്യനും തമ്മില്‍ ജ്ഞാനത്തിലുള്ള വ്യത്യാസം മാത്രയില്‍ മാത്രം, പ്രകൃതിയിലല്ല. അതേവിധം, ഐഹികസുഖാനുഭവങ്ങള്‍, അത്യന്തനികൃഷ്ടസ്വരൂപത്തിലുള്ളവപോലും, ആത്മസ്വഭാവമായ ഒരേ ദിവ്യാനന്ദത്തിന്റെ വിവിധ സ്ഫുരണങ്ങളാണെന്നും വേദാന്തി ധീരമായി പറയുന്നു.

വേദാന്തത്തില്‍ ഏറ്റവും മികച്ചുനില്‍ക്കുന്ന ആശയം ഇതാണെന്നു പറയാം. അതു മറ്റെല്ലാ മതങ്ങളിലും ഉണ്ടെന്നും എനിക്കു തോന്നുന്നു. അതില്ലാത്ത ഒരു മതം ഞാന്‍ ഇന്നോളം കണ്ടിട്ടില്ല. സര്‍വ്വമതങ്ങളിലും പ്രവര്‍ത്തിക്കുന്ന സാര്‍വ്വലൗകികാശയം അതൊന്നുമാത്രം. ക്രിസ്ത്യന്‍ബൈബിള്‍ നോക്കുക. അതില്‍ ആദിമനുഷ്യനായ ആദാം പരിശുദ്ധനായിരുന്നുവെന്നും പിന്നീടു കര്‍മ്മദോഷത്താല്‍ ആ ശുദ്ധിക്കു ഹാനി പിണഞ്ഞുവെന്നും ഗൂഢാര്‍ത്ഥകരൂപത്തില്‍ പറയുന്നു. ആദിമനുഷ്യന്‍ പ്രകൃത്യാ നിഷ്‌കല്മഷനായിരുന്നു എന്ന പഴയ വിശ്വാസമാണ് ഈ കഥയില്‍ തെളിയുന്നത്. കാണുന്ന കല്മഷങ്ങളും തോന്നുന്ന ബലമില്ലായ്മയും ആ പ്രകൃതിയില്‍ അധ്യസിച്ചിരിക്കയാണ്, ആരോപിച്ചിരിക്കയാണ്. ആ പൂര്‍വ്വസ്ഥിതി, ആ ശുദ്ധപ്രകൃതി, വീണ്ടും പ്രാപിക്കാമെന്ന വിശ്വാസവും ഉറപ്പുമാണ് ക്രിസ്തുമതത്തിലെ അനന്തരചരിത്രം തെളിയിക്കുന്നത്. പഴയതും പുതിയതുമായ ‘സുവിശേഷങ്ങള്‍ ചേര്‍ന്ന ബൈബിളിന്റെ മുഴുവന്‍ കഥയും ഇതത്രേ. ഇതുതന്നെ മുഹമ്മദീയരുടെ കാര്യവും. അവരും ആദാമിന്റെ പരിശുദ്ധിയില്‍ വിശ്വസിക്കുന്നു. പൂര്‍വ്വാവസ്ഥ പ്രാപിക്കണമെന്നും വിശ്വസിക്കുന്നു. അതു മുഹമ്മദുനബി മുഖാന്തരം എന്നേയുള്ളൂ. അതുപോലെ ബുദ്ധമതക്കാരും: അവര്‍ ജഗത്തിന്നപ്പുറമായ നിര്‍വ്വാണപദത്തില്‍ വിശ്വസിക്കുന്നു. അതു വേദാന്തികളുടെ ബ്രഹ്മംതന്നെ. ആ നിര്‍വ്വാണാവസ്ഥ വീണ്ടെടുക്കുന്ന മാര്‍ഗ്ഗമത്രേ ബുദ്ധമതം. നമ്മുടേതല്ലാത്തതൊന്നും നമുക്കു സിദ്ധിക്കില്ല. ഈയൊരു സിദ്ധാന്തം എല്ലാ മതത്തിലും കാണാം. ലോകത്തിലാരോടും നാം കടപ്പെട്ടവരല്ല. നമ്മുടെ ജന്‍മാവകാശമാണ് നാം ആവശ്യപ്പെടുന്നത്. ഈ അഭിപ്രായത്തിലാണ് ഒരു വലിയ വേദാന്തി തന്റെ ഗ്രന്ഥത്തിനു “സ്വാരാജ്യസിദ്ധി” എന്നു കവിതാഭംഗി വഴിഞ്ഞ പേര്‍ കൊടുത്തത്. ആ സാമ്രാജ്യം നമ്മുടേത്. അതു നമുക്കു നഷ്ടമായിരിക്കുന്നു, അതിനെ വീണ്ടെടുക്കണം. പക്ഷേ വേദാന്തി പറയുന്നു; “ഇല്ല, ആ രാജ്യം നിങ്ങള്‍ക്ക് ഒരിക്കലും നഷ്ടമായിട്ടില്ല. നഷ്ടപ്പെട്ടു എന്നത് വെറും വ്യാമോഹം.” ഇതേ വ്യത്യാസമുള്ളൂ.

നാനാത്വത്തില്‍ ഏകത്വം (ലണ്ടന്‍ പ്രസംഗം നവംബര്‍ 3, 1896) – തുടരും