സ്വാമി വിവേകാനന്ദന്‍

ഇന്ത്യയില്‍ ചിലേടത്ത് ചക്കിനു കാളയെ കെട്ടാറുണ്ട്, കാളയുടെ കഴുത്തില്‍ ഒരു നുകം. നുകത്തില്‍നിന്നു മുമ്പോട്ടുന്തിനില്‍ക്കുന്ന ഒരു മരക്കഷ്ണമുണ്ട്, അതിന്റെ അറ്റത്ത് ഒരു പിടി വയ്‌ക്കോലും കെട്ടിത്തൂക്കും. മുന്നോട്ടു മാത്രം കാണാവുന്ന തരത്തില്‍ കാളയുടെ കണ്ണുകള്‍ കെട്ടിയിരിക്കും. കാള മുമ്പിലുള്ള വയ്‌ക്കോല്‍ എത്തിപ്പിടിക്കാന്‍ കഴുത്തു നീട്ടുന്നു. പിടി കിട്ടുന്നില്ല. വീണ്ടും നീട്ടുന്നു. അതോടുകൂടി നുകവും കുറേശ്ശെ മുമ്പോട്ടു നീങ്ങുന്നു. ഇങ്ങനെ അതു വയ്‌ക്കോലില്‍ ആശവെച്ച്, ഒരിക്കലും പിടികിട്ടാതെ, നുകത്തെ മുമ്പോട്ടു വലിച്ചു വലിച്ചു, ചക്കിനു ചുറ്റും തിരിഞ്ഞ് എണ്ണയാട്ടിക്കൊടുക്കുന്നു. ഇങ്ങനെതന്നെ, പ്രകൃതിക്ക്, പണത്തിനും ധനത്തിനും ഭാര്യക്കും മക്കള്‍ക്കും, ജന്‍മനാ അടിമകളായ നിങ്ങളും ഞാനും, ഒരു പിടിവയ്‌ക്കോലിനെ, മിഥ്യാവസ്തുക്കളെ, പിന്‍തുടര്‍ന്ന്, തേടുന്നതൊന്നും നേടാതെ, അനേകജന്‍മങ്ങളായി ഈ സംസാരചക്രത്തില്‍ ചുറ്റിത്തിരിയുകയാണ്. അസ്നേഹമാണ് വലിയ സ്വപ്നം. നമ്മളെല്ലാം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും പോകയാണ്. ദുഃഖത്തെ ഒരിക്കലും നേരിടാതെ സുഖിക്കാനാണ് നമ്മുടെ പുറപ്പാട്. എന്നാല്‍ സുഖത്തോടടുക്കുംതോറും അതു നമ്മില്‍നിന്ന് അകന്നകന്നു പോകുന്നു. ഇങ്ങനെ പോകുന്നു ലോകം, സമുദായവും പോയ്‌ക്കൊണ്ടിരിക്കുന്നു. നമ്മള്‍, കണ്ണു കെട്ടിയ അടിമകള്‍, അറിയാതെതന്നെ അതിന്റെ വില കൊടുക്കുകയും വേണം. നിങ്ങളുടെ സ്വന്തം ജീവിതംതന്നെ ഒന്നു പഠിച്ചിട്ട്, എത്ര തുച്ഛമായ സുഖമേ അതിലുണ്ടായിരുന്നുള്ളുവെന്നു കാണുക. ഈ ലോകത്തിലെ കാട്ടുകോഴിവേട്ടയില്‍നിന്നു യഥാര്‍ത്ഥത്തില്‍ എത്ര ലേശമേ കിട്ടിയുള്ളു എന്ന് ഒന്നു ചിന്തിക്കുക. സോളന്റേയും ക്രീസസ്സിന്റേയും കഥ ഓര്‍മ്മയില്ലേ? ഏഷ്യാമൈനര്‍ വളരെ സുഖകരമായ പ്രദേശമാണെന്നു രാജാവ് (ക്രീസസ്സ്) മഹാത്മാവായ സോളനോടു പറഞ്ഞു. ആ മഹാത്മാവ് ചോദിച്ചു; ‘ആരാണിവിടെ അത്ര വളരെ സുഖിക്കുന്നവന്‍? അങ്ങനെ സുഖിക്കുന്ന ആരേയും ഞാന്‍ കണ്ടില്ലല്ലോ.”

”എന്തസംബന്ധം! ലോകത്തില്‍ ഏറ്റവും സുഖിക്കുന്നവന്‍ ഞാനാണ്.”

”കുറച്ചു കഴിയട്ടെ. നിങ്ങളുടെ മരണംവരെ ക്ഷമിച്ചിരിക്കുക, തിരക്കു പിടിക്കേണ്ട” എന്നു പറഞ്ഞ് ആ മഹാത്മാവു പോയി. കുറേക്കാലം കഴിഞ്ഞു പേര്‍ഷ്യക്കാര്‍ ആ രാജാവിനെ തോല്പിച്ചു പിടിക്കയും ജീവനോടെ ദഹിപ്പിക്കുവാന്‍ ആജ്ഞാപിക്കുകയും ചെയ്തു. ചിത കൂട്ടിയിരിക്കുന്നതു കണ്ട പാവം ക്രീസസ്സ്, ”സോളന്‍! സോളന്‍!” എന്ന് ഉറക്കെ നിലവിളിച്ചു. ആരെയാണ് വിളിക്കുന്നതെന്നു ചോദിച്ചപ്പോള്‍ രാജാവ് തന്റെ പൂര്‍വ്വവൃത്താന്തം പറഞ്ഞുകേള്‍പ്പിച്ചു. അതു പേര്‍ഷ്യന്‍ ചക്രവര്‍ത്തിയുടെ ഹൃദയത്തെ സ്പര്‍ശിക്കുകയും, അദ്ദേഹം ക്രീസസ്സിന് അഭയം കൊടുക്കുകയും ചെയ്തു.

നമ്മളില്‍ ഓരോരുത്തന്റെയും കഥയിതാണ്. പ്രകൃതിക്കു നമ്മുടെ മേല്‍ അത്ര വലിയ പ്രഭാവമാണുള്ളത്. അതു വീണ്ടും വീണ്ടും നമ്മെ തൊഴിച്ചെറിയുന്നു. എന്നാലും നമ്മള്‍ ജ്വരാവേശത്തോടുകൂടി അതിന്റെ പിന്നാലെ പായുന്നു. എത്ര ആശ പൊളിഞ്ഞാലും നാം പിന്നെയും ആശിക്കും. ഈ ആശ, ഈ മായ, നമ്മെ ഉന്‍മത്തരാക്കുന്നു. നാം എന്നെന്നും ആശിച്ചുകഴിയുന്നു.

പ്രാചീനഭാരതത്തില്‍ മഹാനായ ഒരു രാജാവു വാണിരുന്നു. അദ്ദേഹത്തോടു നാലു ചോദ്യം ചോദിച്ചതില്‍ ഒന്നിതാണ്;- ”ലോകത്തില്‍ ഏറ്റവും വലിയ ആശ്ചര്യമേത്?” ”ആശ!” എന്നുത്തരം. ”ഇതാണ് അത്യാശ്ചര്യകരമായ വസ്തുത. രാപകല്‍ ചുറ്റും ആളുകള്‍ മരിക്കുന്നത് നാം കാണുന്നു. എന്നിട്ടും തങ്ങള്‍ക്കു മരണമില്ലെന്ന് ഓരോരുത്തനും വിചാരിക്കുന്നു.” താന്‍ മരിക്കുമെന്നോ, ക്ലേശിക്കുമെന്നോ ആരും ഒരിക്കലും വിചാരിക്കുന്നില്ല, ജയം തനിക്കാണെന്ന് ഓരോരുത്തനും ആശിക്കുന്നു. എല്ലാ പ്രതിബന്ധങ്ങള്‍ക്കും നിശിതയുക്തികള്‍ക്കുമെതിരായി നാം ആശിച്ചുകൊണ്ടിരിക്കുന്നു. ആശയ്ക്കുമേല്‍ ആശതന്നെ. ഇവിടെ ആര്‍ക്കും ഒരിക്കലും യഥാര്‍ത്ഥ സുഖമില്ല. ഒരുവന്‍ ധനികനാണ്, തിന്നാന്‍ ധാരാളമുണ്ട്, പക്ഷേ ദഹനശക്തിയില്ല, തിന്നാന്‍ വയ്യാ. ഒരുത്തനു നല്ല ദഹനശക്തിയുണ്ട്, ബകാസുരന്റെ ആര്‍ത്തിയും: അവനു വായ്ക്കരിയ്ക്കു വകയില്ല. സമ്പന്നനാണെങ്കില്‍ സന്താനമില്ല. വിശന്നു വലയുന്ന ദരിദ്രനോ സന്താനങ്ങളുടെ ഒരു സൈന്യം. ഇവരെ എന്തു ചെയ്യണമെന്ന് അവനറിഞ്ഞുകൂടാ. ഇതെന്താ ഇങ്ങനെ? സുഖവും ദുഃഖവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. സുഖത്തെ വരിക്കുന്നവന്‍ ദുഃഖത്തെയും വരിക്കണം. ദുഃഖമില്ലാത്ത സുഖം കിട്ടാമെന്നു നാമെല്ലാം മൂഢമായി വിചാരിക്കുന്നു. അതു നമ്മെ എത്രയും കൈയടക്കിയിരിക്കുകയാണ്. എന്നിട്ട് ഇന്ദ്രിയങ്ങളുടെ മേല്‍ നമുക്കൊരു നിയന്ത്രണവും ഇല്ലാതായിരിക്കുന്നു.

ബോസ്റ്റണില്‍വെച്ച് ഒരു ചെറുപ്പക്കാരന്‍ എന്നെ സമീപിച്ച് കയ്യില്‍ ഒരു കടലാസുതുണ്ടു തന്നു. അതില്‍ ഒരു പേരും മേല്‍വിലാസവും, തുടര്‍ന്ന് ഈ വാക്യങ്ങളും എഴുതിയിരുന്നു; ”ലോകത്തിലെ സര്‍വ്വസമ്പത്തും സുഖവും നിങ്ങള്‍ക്കുള്ളതാണ്. അവ സമ്പാദിക്കാനുള്ള വഴിയറിഞ്ഞാല്‍ മതി. എന്റെ അടുക്കല്‍ വന്നാല്‍ വഴി പറഞ്ഞുതരാം. ചാര്‍ജ്ജ് ഡോളര്‍മാത്രം!” ഇതെനിക്കു തന്നിട്ട് അയാള്‍ ചോദിച്ചു, ”ഇതേപ്പറ്റി നിങ്ങളെന്തു വിചാരിക്കുന്നു?” ഞാന്‍ പറഞ്ഞു; ”യുവാവേ, ഇതച്ചടിക്കാനുള്ള പണമെങ്കിലും തനിക്കുണ്ടായിരിക്കാമായിരുന്നില്ലേ? അച്ചടിക്കൂലിക്കുള്ള വകപോലും തനിക്കില്ലല്ലോ!”

ഞാനീപ്പറഞ്ഞത് അയാള്‍ക്കു മനസ്സിലായില്ല. ഒരു ക്ലേശവുമില്ലാതെ വേണ്ടത്ര സമ്പത്തും സുഖവും തനിക്കു ലഭിക്കുമെന്നുള്ള വിചാരത്തില്‍ത്തന്നെ അയാള്‍ ആമഗ്‌നനായിരുന്നു. രണ്ടറ്റങ്ങളിലേക്കാണ് മനുഷ്യര്‍ ഉന്നംവെച്ചു പായുന്നത്. ഒന്ന് അങ്ങേയറ്റത്തെ ശുഭദര്‍ശനം: അവിടെയെല്ലാം ശുഭം, സുന്ദരം, സുഭിക്ഷം. മറ്റേത്, അങ്ങേയറ്റത്തെ അശുഭദര്‍ശനം: അവിടെ എല്ലാം തനിക്കെതിരാണെന്നു കാണും. മനുഷ്യരില്‍ മിക്കവരുടെയും മസ്തിഷ്‌കത്തിനു വേണ്ടത്ര വളര്‍ച്ച വന്നിട്ടില്ല. നല്ലവണ്ണം പുഷ്ടിപ്പെട്ട തലച്ചോറ് പല ലക്ഷത്തിലൊരുവനേ ഉണ്ടായിരിക്കൂ. ബാക്കിയുള്ളവര്‍ ഓരോ വിഡ്ഢിത്തവും പേറി നടക്കുന്നവരോ, തന്നിഷ്ടക്കിറുക്കന്‍മാരോ ആണ്.

സ്വാഭാവികമായിത്തന്നെ നാം അങ്ങേയറ്റങ്ങളില്‍ ചെന്നുചാടുന്നു. യൗവനവും ആരോഗ്യവുമുള്ളപ്പോള്‍ നാം ഈ ലോകത്തിലെ സമ്പത്തെല്ലാം നമ്മുടേതാകുമെന്നു വിചാരിക്കുന്നു. പിന്നീട് സമുദായം നമ്മെ ഇട്ടു പന്തടിച്ച് നമുക്കു വയസ്സാകുമ്പോള്‍ ഒരു മൂലയിലിരുന്നു ചുമച്ചുകൊണ്ട് മറ്റുള്ളവരുടെ ഉല്‍സാഹത്തീയില്‍ തണുത്ത വെള്ളം തളിക്കുന്നു. സുഖത്തോടൊപ്പം ദുഃഖവും ദുഃഖത്തോടൊപ്പം സുഖവും വന്നുചേരുമെന്നു വളരെ കുറച്ചുപേരേ അറിയുന്നുള്ളു. ദുഃഖംപോലെതന്നെ മടുപ്പിക്കുന്നതാണ് സുഖവും എന്തെന്നാല്‍ അതു ദുഃഖത്തിന്റെ കൂടെപ്പിറവിയാണ്. ദുഃഖം തേടിപ്പോകുന്നത് മനുഷ്യന്റെ മഹിമയ്ക്ക് ഇടിച്ചലാണ്: അത്രതന്നെ ഇടിച്ചലാണ് സുഖം തേടിപ്പോകുന്നതും. നിഷ്പക്ഷമായി വിചാരം ചെയ്യുന്നവര്‍ ഇവ രണ്ടും തള്ളിക്കളയണം. മനുഷ്യര്‍ എന്തുകൊണ്ട് ഈ പാരതന്ത്ര്യത്തില്‍നിന്നു മോചനം തേടുന്നില്ല? ഈ നിമിഷം പ്രകൃതി നമ്മെ ചാട്ടകൊണ്ടടിക്കുന്നു: നാം കരഞ്ഞുതുടങ്ങുമ്പോള്‍ അവള്‍ ഒരു ഡോളര്‍ തരുന്നു. വീണ്ടും പ്രഹരം. വീണ്ടും കരയുമ്പോള്‍ ഒരു മിഠായി: നാം ചിരിക്കാനും തുടങ്ങും.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II ജ്ഞാനയോഗം. അദ്ധ്യായം 3 സാധനകള്‍ (അമേരിക്കന്‍ പ്രസംഗം). പേജ് 55-59]