സ്വാമി വിവേകാനന്ദന്‍

34. വിതര്‍ക്കാ ഹിംസാദയഃ കൃതകാരിതാനു –
മോദിതാ ലോഭക്രോധമോഹപൂര്‍വകാ
മൃദുമധ്യാധിമാത്രാ ദുഃഖാജ്ഞാനാനന്ത
ഫലാ ഇതി പ്രതിപക്ഷഭാവനം.

വിതര്‍ക്കാഃ വിതര്‍ക്കങ്ങള്‍, ഹിംസാദയഃ ഹിംസാദികളാകുന്നു; (അവ) കൃതകാരിതാനുമോദിതാഃ സ്വയം ചെയ്തവ, മറ്റൊരാളെക്കൊണ്ടു ചെയ്യിച്ചവ, ചെയ്യുന്നതു കണ്ടു സന്തോഷിച്ചവ (ഇങ്ങനെ മൂന്നുവിധം: കൂടാതെ), ലോഭക്രോധമോഹപൂര്‍വ്വ കാഃ ലോഭം, ക്രോധം, മോഹം ഇവയില്‍നിന്നുണ്ടാകുന്നവയാകുന്നു: മൃദുമധ്യാധി മാത്രാഃ (അവ) മൃദു, മധ്യം, അധിമാത്രം (തീവ്രം) എന്ന ഭേദങ്ങളോടു കൂടിയവയാണ്: ദുഖാജ്ഞാനാനന്തഫലാഃ ദുഃഖവും അജ്ഞാനവുമാകുന്ന ഒടുങ്ങാത്ത ഫലം നല്കുന്നവയുമാണ്: ഇതി എന്നാണ്, പ്രതിപക്ഷഭാവനം പ്രതിപക്ഷഭാവനം.

യോഗവിരോധികളായ ഹിംസ അസത്യം മുതലായവ, ചെയ്തതോ ചെയ്യിച്ചതോ അനുമോദിച്ചതോ, ലോഭം ക്രോധം അവിവേകം ഇവ മൂലമോ, മൃദുവോ മധ്യമോ തീവ്രമോ, ആയിരുന്നാലും അവയുടെ ഫലം അന്തമില്ലാത്ത ദുഃഖവും അജ്ഞാനവുമാണ്. ഇതാണ് പ്രതിപക്ഷഭാവനത്തിന്റെ രീതി.

ഞാന്‍ സ്വയം ഒരസത്യം പറഞ്ഞാലും മറ്റാരെക്കൊണ്ടെങ്കിലും പറയിച്ചാലും മറ്റൊരാള്‍ പറയുന്നതിനെ അനുമോദിച്ചാലും എല്ലാം ഒരുപോലെ പാപമാണ്. അതു വളരെ മൃദുവായ ഒരസത്യമായാലും, അസത്യംതന്നെ. ഓരോ ദുര്‍വിചാരവും തിരിച്ചടിക്കും. നിങ്ങളിലുദിക്കുന്ന ഓരോ ദ്വേഷവിചാരവും – അതൊരു ഗുഹയ്ക്കുള്ളിലിരുന്നു വിചാരിക്കുന്നതായാലും ശരി – സഞ്ചിതമായിട്ട് ഏതെങ്കിലും ദുഃഖരൂപമായ ഫലമായി പരിണമിച്ച് ഉത്കടശക്തിയോടുകൂടി നിങ്ങളിലേക്കു മടങ്ങിവരും. നിങ്ങള്‍ പുറത്തേക്കു വിടുന്നതു ദ്വേഷവും ഈര്‍ഷ്യയുമാണെങ്കില്‍ അവ പലിശയോടുകൂടി നിങ്ങളിലേക്കു തിരിച്ചടിക്കും. ഒരു ശക്തിക്കും അതിനെ തടുക്കാവതല്ല. നിങ്ങള്‍ ഒരിക്കല്‍ അവയെ ഇളക്കിവിട്ടാല്‍, അവയുടെ ഫലം അനുഭവിച്ചേ തീരൂ. ഈ വസ്തുതയെ അനുസ്മരിച്ചുകൊണ്ടാണു നിങ്ങള്‍ ദുഷ്പ്രവൃത്തികളില്‍നിന്നു വിരമിക്കേണ്ടത്.

35. അഹിംസാപ്രതിഷ്ഠായാം തത്‌സന്നിധൗ
വൈരത്യാഗഃ.
അഹിംസാപ്രതിഷ്ഠായാം അഹിംസയില്‍ ഉറപ്പുകിട്ടിയാല്‍, തത്‌സന്നിധൗ ആ അഹിംസകന്റെ സന്നിധിയില്‍, വൈരത്യാഗഃ (സഹജവിരോധികളായ പാമ്പ്, കീരി മുതലായവയ്ക്കും) വൈരത്യാഗം ഉണ്ടാകുന്നു. (വൈരം അസ്തമിച്ചുപോകുന്നു.)

അഹിംസ ഉറച്ചാല്‍ അയാളുടെ സാന്നിധ്യത്തില്‍ വൈരമെല്ലാം (ആരിലും) അറ്റുപോകും.

ഒരുവന് അഹിംസാധര്‍മ്മത്തില്‍ പ്രതിഷ്ഠ ലഭിക്കുമ്പോള്‍ അവന്റെ മുമ്പില്‍ ജാത്യാ ശൗര്യസ്വഭാവികളായ ജന്തുക്കള്‍ പോലും ശാന്തമായി വര്‍ത്തിക്കുന്നു. യോഗിയുടെ സാന്നിധ്യത്തില്‍ നരിയും ആട്ടിന്‍കുട്ടിയും ഒന്നിച്ചു കളിക്കും. ഈ നിലയിലെത്തിയാല്‍ മാത്രമേ നിങ്ങള്‍ അഹിംസാധര്‍മ്മത്തില്‍ സുപ്രതിഷ്ഠിതമായി എന്നു വിചാരിച്ചുകൂടു.

36. സത്യപ്രതിഷ്ഠായാം ക്രിയാഫലാശ്രയത്വം.
സത്യപ്രതിഷ്ഠായാം സത്യത്തില്‍ ഉറപ്പുകിട്ടിയാല്‍, ക്രിയാ ഫലാശ്രയത്വം ക്രിയയുടെ (ധര്‍മ്മാധര്‍മ്മങ്ങളുടെ) ഫലത്തിന്റെ (സ്വര്‍ഗ്ഗനരകാദികളുടെ), ആശ്രയത്വം (സ്വാധീനത) ഉണ്ടാകുന്നു.

സത്യം ഉറയ്ക്കുന്നതോടെ തനിക്കും അന്യര്‍ക്കും ക്രിയകൂടാതെ ക്രിയാഫലങ്ങളെ കൊടുക്കുവാനുള്ള സിദ്ധി യോഗിക്കു കൈവരുന്നു.
സത്യത്തിന്റെ പ്രഭാവം നിങ്ങളില്‍ സുപ്രതിഷ്ഠിതമായാല്‍ സ്വപ്നത്തില്‍പ്പോലും നിങ്ങള്‍ അസത്യം ഉച്ചരിക്കയില്ല; വിചാരത്തിലും വാക്കിലും പ്രവൃത്തിയിലും സത്യവാനായിരിക്കും. അപ്പോള്‍ നിങ്ങള്‍ പറയുന്നതെല്ലാം യഥാര്‍ത്ഥമായി ഭവിക്കും. ‘നീ ധന്യനായിത്തീരട്ടെ’ എന്നു നിങ്ങള്‍ ഒരുവനെ അനുഗ്രഹിച്ചാല്‍ അവന്‍ ധന്യനാകും. രോഗിയോടു ‘നിന്റെ രോഗം ശമിക്കട്ടെ’ എന്നു പറഞ്ഞാല്‍ അവന്‍ ആരോഗ്യവാനായി ഭവിക്കും.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (സാധനപാദം). പേജ് 328-331]