സ്വാമി വിവേകാനന്ദന്‍

ഇനി നമുക്ക് ഈ വിഷയത്തില്‍ അദ്വൈതമഹാചാര്യന്‍ എന്തു പറയുന്നു എന്നു നോക്കാം. അദ്വൈതമതം ദ്വൈതിയുടെ സര്‍വ്വാഭിലാഷങ്ങളെയും ലക്ഷ്യങ്ങളെയും അന്യൂനമായി സംരക്ഷിച്ചുകൊണ്ടു തന്നെ, മനുഷ്യദിവ്യത്വത്തിന്റെ പരിപൂര്‍ത്തിക്ക് അനുഗുണമാംവണ്ണം, ഈ വിഷമപ്രശ്‌നത്തിന് സ്വന്തം സമാധാനം പ്രതിപാദിക്കുന്നത് എങ്ങനെയെന്നു കാണാം. മുക്തി സിദ്ധിച്ചതിനുശേഷം സ്വന്തം അന്തഃകരണം വെച്ചിരുന്ന് വ്യക്തിഭാവം നിലനിര്‍ത്തണമെന്നുള്ളവര്‍ക്ക് അങ്ങനെ ചെയ്ത് സഗുണബ്രഹ്മാനന്ദം അനുഭവിച്ചുകൊണ്ടിരിപ്പാന്‍ വേണ്ടുവോളം വഴിയുണ്ട്. അവരെക്കുറിച്ച് ശ്രീമദ് ഭാഗവതപുരാണത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു; ആത്മാവില്‍ മാത്രം രമിക്കുന്നവരും ബന്ധങ്ങള്‍ ഒന്നുമില്ലാത്തവരുമായ മുനികള്‍പോലും വിചിത്രലീലാമയനായ ഹരിയില്‍ കാമസ്പര്‍ശം കൂടാതെയുള്ള ഭക്തിയെ പരിപാലിച്ചുകൊണ്ടിരിക്കുന്നു. അത്ര ഗുണവാനുമാകുന്നു ഹരി.” അവരെക്കുറിച്ച് സാംഖ്യന്മാര്‍ പറയുന്നത്; ‘സിദ്ധന്മാരായതില്‍പ്പിന്നെ അടുത്ത കല്പത്തില്‍ ലോകപാലന്മാരായി വരത്തക്കവണ്ണം അവര്‍ ഈ കല്പത്തില്‍ പ്രകൃതിയില്‍ ലയിക്കുന്നു’ എന്നാകുന്നു. എന്നാല്‍ അവരാരും ഈശ്വരതുല്യന്മാരാകയില്ല. ഏതവസ്ഥയില്‍ സൃഷ്ടിയെന്നും സൃഷ്ടങ്ങളെന്നും സ്രഷ്ടാവെന്നുമുള്ള ഭേദമില്ലയോ, ഏതവസ്ഥയില്‍ ജ്ഞാതാവ് ജ്ഞാനം ജ്ഞേയം എന്ന ഭേദമില്ലയോ, ഏതവസ്ഥയില്‍ ഞാന്‍ നീ അവന്‍ എന്ന ഭേദമില്ലയോ, ഏതവസ്ഥയിയില്‍ ദൃക്ദൃശ്യം തത്‌സംബന്ധം എന്ന ഭേദവുമില്ലയോ, ആ അവസ്ഥയില്‍ “ആര്‍ ആരെ കാണും?” ആ അവസ്ഥയില്‍ എത്തിയവന്‍ സര്‍വ്വത്തേയും അതിക്രമിച്ച് “വാക്കിനോ മനസ്സിനോ ഗതിയില്ലാത്ത” സ്ഥാനം പ്രാപിച്ചിരിക്കുന്നു: ഏതിനെക്കുറിച്ച് ശ്രുതികള്‍ “നേതി, നേതി” എന്നു പറയുന്നുവോ അതിനെ പ്രാപിച്ചിരിക്കുന്നു. ആ അവസ്ഥയിലെത്തുവാന്‍ കഴിവോ മനസ്സോ ഇല്ലാത്തവര്‍ക്ക് ഏകവും അഖണ്ഡവുമായ ബ്രഹ്മത്തിന്റെ തന്നെ ദര്‍ശനം, ജീവനെന്നും ജഗത്തെന്നും അവയില്‍ അന്തര്യാമിയായി അവയെ നിലനിര്‍ത്തുന്ന ഈശ്വരനെന്നുമുള്ള ത്രൈവിധ്യദര്‍ശനം, നീക്കുപോക്കില്ലാതെ നിലനില്ക്കുന്നതാണ്. പ്രഹ്ലാദന്‍ തന്നെത്താന്‍ മറന്നപ്പോള്‍ ജഗത്തിനെയോ തത്കാരണത്തെയോ ദര്‍ശിച്ചില്ല, നാമരൂപകൃതമായ ഭേദംകൂടാതെ ഏകവും അഖണ്ഡവുമായ അനന്തസത്തമാത്രം അദ്ദേഹത്തിനു ബോധവിഷയമായി ‘ഞാന്‍ പ്രഹ്ലാദന്‍’ എന്ന ഭാവം ഉദിച്ചപ്പോഴാകട്ടെ, അദ്ദേഹം പ്രപഞ്ചത്തെ കണ്ടു: അതോടുകൂടി പ്രപഞ്ചനാഥനായ അനന്തകല്യാണഗുണനിധിയേയും കണ്ടു. അതേവിധമായിരുന്നു മഹാധന്യകളായ ഗോപികമാരുടെയും അനുഭവം. അവര്‍ ഇന്നിന്നവരെന്ന വ്യക്തിബോധം അവര്‍ക്കില്ലാതിരുന്നപ്പോള്‍ അവര്‍ ഏവരും കേവലകൃഷ്ണന്മാരായി. എന്നാല്‍ കൃഷ്ണന്‍ തങ്ങളുടെ പ്രാണപ്രേഷ്ഠന്‍ എന്ന ഭാവം അവര്‍ക്ക് എപ്പോളുണ്ടായോ അപ്പോള്‍ അവര്‍ വീണ്ടും ഗോപികമാരായി. അപ്പോള്‍,

താസാമാവിരഭൂച്ഛൗരിഃ സ്മയമാനമുഖാംബുജഃ
പീതാംബരധരഃ സ്രഗ്വീ സാക്ഷാന്മന്മഥമന്മഥഃ.
“മൂഖാംബുജത്തില്‍ പുഞ്ചിരി വിളങ്ങി, വനമാലയണിഞ്ഞ്, മഞ്ഞപ്പൂഞ്ചേല ചാര്‍ത്തി, സൗന്ദര്യത്താല്‍ സാക്ഷാത് കാമദേവനെപ്പോലും വെല്ലുന്ന മനോഹരമൂര്‍ത്തിയായി, ശ്രീകൃഷ്ണന്‍ അവരുടെ മുമ്പില്‍ പ്രത്യക്ഷനായി.”

ഇനി നമ്മുടെ ശങ്കരാചാര്യരുടെ അടുക്കലേക്കു മടങ്ങുക. അദ്ദേഹം പറയുന്നു; “സഗുണബ്രഹ്‌മോപാസനകൊണ്ടു മുക്തന്മാരായി, എന്നാല്‍ മനോനാശം വരുത്താതെ വ്യക്തിത്വം വെച്ചുകൊണ്ടിരിക്കുന്നവര്‍ക്കുള്ള മഹത്ത്വം പരിമിതമോ അപരിമിതമോ? ഈ സന്ദേഹം സഞ്ജാതമായിരിക്കെ, ഒരു പൂര്‍വ്വപക്ഷം; അവരുടെ മഹത്ത്വം അപരിമിതംതന്നെ: എന്തുകൊണ്ടെന്നാല്‍ ശ്രുതി പറയുന്നു, ‘അവര്‍ സ്വാരാജ്യം പ്രാപിക്കുന്നു, അവരെ സര്‍വ്വദേവന്മാരും വണങ്ങുന്നു, അവര്‍ എല്ലാ ലോകങ്ങളിലും ആപ്തകാമന്മാരാകുന്നു,’ എന്ന്. ഇതിന്ന് വ്യാസന്റെ സമാധാനമാണ്, ‘ജഗദ്‌വ്യാപാരമൊഴികെ’ എന്ന്. സൃഷ്ട്യാദികള്‍ക്കുള്ള ശക്തിയൊഴിച്ച് അണിമാദികളായ മറ്റു ശക്തികള്‍ മുക്തന്മാര്‍ക്കുണ്ടാകും. ജഗദീശത്വമാകട്ടെ നിത്യസിദ്ധനായ ഈശ്വരനുമാത്രം. എന്തുകൊണ്ട്? സൃഷ്ട്യാദിയെപ്പറ്റിയ ശ്രുതിവാക്യങ്ങളെല്ലാം ഈശ്വരനെമാത്രമാണ് തത്കര്‍ത്താവാക്കി പറയുന്നത്. അവയിലൊന്നിലും മുക്തന്മാരെപ്പറ്റി ഒരു തരത്തിലും പറയുന്നില്ല. പരമേശ്വരനുമാത്രമത്രേ ജഗന്നിയമനകര്‍ത്തൃത്വം. സൃഷ്ട്യാദിവിഷയങ്ങളായ ശ്രുതിവാക്യങ്ങളെല്ലാം ഈശ്വരനെമാത്രമേ നിര്‍ദ്ദേശിക്കുന്നുള്ളു, പോരെങ്കില്‍ ഈശ്വരന് നിത്യസിദ്ധന്‍ എന്നൊരു വിശേഷണവും കൊടുത്തിട്ടുണ്ട്. വേറെയും ഒരു സംഗതി; മുക്തന്മാരുടെ അണിമാദിസിദ്ധികള്‍ അവരുടെ ഈശ്വരാന്വേഷണവും ഈശ്വരോപാസനയുംകൊണ്ടാണെന്നും ശ്രുതികള്‍ പറയുന്നു. അതുകൊണ്ട് അവര്‍ക്ക് ജഗദ്‌വ്യാപാരത്തില്‍ ഒരു സ്ഥാനവുമില്ല. ഒരു സംഗതികൂടിയുണ്ട്; മുക്തന്മാര്‍ക്ക് അവരുടെ സ്വന്തം മനസ്സുകള്‍ ഉള്ളതുകൊണ്ട് അവരുടെ അഭിപ്രായങ്ങളും ഭിന്നങ്ങളാവാം. ഒരാള്‍ സൃഷ്ടിപ്പാന്‍ ഇച്ഛിക്കുമ്പോള്‍ മറ്റൊരാള്‍ സംഹരിപ്പാനാവാം ഇച്ഛിക്കുക. ഈ വിരോധം പരിഹരിപ്പാന്‍ ഒരു മാര്‍ഗ്ഗമേ ഉള്ളു. അത് എല്ലാ ഇച്ഛകളെയും ഒരേ ഇച്ഛയ്ക്ക് അധീനമാക്കുക എന്നതുതന്നെ. അതുകൊണ്ടും മുക്തന്മാരുടെ ഇച്ഛകളെല്ലാം ഈശ്വരേച്ഛയ്ക്ക് അധീനമായിരിക്കണം എന്നു സിദ്ധിക്കുന്നു.”

അപ്പോള്‍ ഭക്തി ബ്രഹ്മത്തിന്റെ സഗുണഭാവത്തോടായിരിപ്പാനേ തരമുള്ളു. ക്ലേശോƒധികതരസേ്തഷാമവ്യക്താസക്തചേതസാം “അവ്യക്തത്തെ ഉപാസിക്കുന്നവരുടെ ഗതി അധികം ക്ലേശമുള്ളതാണ്” എന്ന് ഭഗവാന്‍ ഗീതയില്‍ പറഞ്ഞിട്ടുണ്ട്. ഭക്തി നമ്മുടെ പ്രകൃതിയുടെ പോക്കിന്നനുസരിച്ച് മയത്തില്‍ പാറിക്കൊണ്ടുപോകണം. മനുഷ്യത്വത്തിന്റെ കലര്‍പ്പു കൂടാതെ നമുക്ക് ബ്രഹ്മത്തെപ്പറ്റി ഒരു ബോധമുണ്ടാവാന്‍ തരമില്ലെന്നതു സത്യം. എന്നാല്‍ അത് നമുക്കറിവാകുന്ന ഏതൊന്നിനെപ്പറ്റിയും അതുപോലെ സത്യമാണ്. പുറമെനിന്നു ഇന്ദ്രിയങ്ങള്‍വഴിയായോ ഉള്ളില്‍നിന്നു മനസ്സുവഴിയായോ അറിവാകുന്ന ഏതൊരു വസ്തുവിന്റെയും സ്വരൂപഘടനയില്‍ മാനുഷികമായ ബോധം എന്നൊരു മൂലവസ്തുകൂടി കലര്‍ന്നിരിക്കും. അങ്ങനെ കലര്‍ന്നുകൊണ്ടേ വസ്തുജ്ഞാനം ഉണ്ടാവുകയുള്ളു. ഈ വാസ്തവം, ലോകത്തിന് അറിവായിട്ടുള്ള മനശ്ശാസ്ത്രജ്ഞന്മാരില്‍വെച്ചു മഹത്തമനായ ഭഗവാന്‍ കപിലാചാര്യന്‍ പണ്ടുപണ്ടേ തെളിയിച്ചുതന്നിരിക്കുന്നു. നമ്മുടെ ശരീരം മുതല്‍ മേലേ്പാട്ട് ഈശ്വരന്‍വരെ, നമ്മുടെ അറിവിന് വിഷയമാകുന്ന ഏതൊന്നും, നമ്മുടെ ബോധവും വേറെ ഏതോ ഒന്നുംകൂടി കലര്‍ന്നതാകുന്നു. ആ ഒന്ന് ഏതായാലും ശരി, ഈ അനിവാര്യമായ കലര്‍പ്പിനെയാണ് തനിപദാര്‍ത്ഥം (സാക്ഷാല്‍ സാധനം) എന്ന് സാധാരണയായി കരുതിവരുന്നത്. മനുഷ്യന്ന് അറിവാന്‍ സാദ്ധ്യമാകുന്ന ഏതു പദാര്‍ത്ഥവും ഈ കലര്‍പ്പാകുന്നു. അത് ഏതു കാലത്തും അങ്ങനെ ഇരിക്കയും ചെയ്യും. അതുകൊണ്ട് ഈശ്വരന്‍ എന്ന ഭാവനയില്‍ മനുഷ്യത്വം കലര്‍ന്നിരിക്കയാല്‍ ഈശ്വരന്‍ യഥാര്‍ത്ഥമായുള്ളതല്ല എന്നു പറയുന്നതു തികഞ്ഞ വിഡ്ഢിത്തമാകുന്നു. ആ പറയുന്നത് ഏതാണ്ട്, ഭാവനാമാത്രസത്യത്വമെന്നും യഥാര്‍ത്ഥസത്യത്വമെന്നുമുള്ള പാശ്ചാത്യവാദകോലാഹലം പോലെയാകുന്നു. ഭയങ്കരമായി തോന്നാവുന്ന ആ തര്‍ക്കകോലാഹലം സത്യമെന്ന വാക്കിന്റെ അര്‍ത്ഥത്തിന്‌മേലുള്ള ഒരു കളിയില്‍മാത്രമാണ് നിലനില്ക്കുന്നത്. സത്യമെന്നോ വാസ്തവമെന്നോ ഉള്ള വാക്കുകൊണ്ട് എന്തു നിര്‍ദ്ദേശിക്കപ്പെടുന്നുവോ, അതിനു എന്തര്‍ത്ഥമാണോ അതെല്ലാം ഈശ്വരന്‍ എന്ന ഭാവനയില്‍ ഒതുങ്ങിയും അതിനാല്‍ വ്യാപിക്കപ്പെട്ടും ഇരിക്കുന്നു. ലോകത്തില്‍ ഏതു പദാര്‍ത്ഥത്തിന്നുമുള്ള സത്യത്വം ഈശ്വരനുമുണ്ട്. സത്യമെന്ന പദത്തിന് മേല്‍ കാണിച്ചതിനേക്കാള്‍ കവിഞ്ഞ ഒരര്‍ത്ഥവുമില്ല. ഇതത്രേ ഈശ്വരതത്ത്വത്തെപ്പറ്റി ഞങ്ങള്‍ക്കുള്ള ബോധം.

അദ്ധ്യായം 2 ഈശ്വരതത്ത്വം സമാപ്തം

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം I ഭക്തിയോഗം. അദ്ധ്യായം 2 ഈശ്വരതത്ത്വം. പേജ് 422-426]