സ്വാമി വിവേകാനന്ദന്‍

11. സര്‍വാര്‍ത്ഥതൈകാഗ്രതയോഃ ക്ഷയോദയൗ
ചിത്തസ്യ സമാധിപരിണാമഃ.
സര്‍വാര്‍ഥതൈകാഗ്രതയോഃ സര്‍വ്വാര്‍ത്ഥതയുടെയും ഏകാഗ്രതയുടെയും, ക്ഷയോദയൗ യഥാക്രമം ക്ഷയവും ഉദയവും (തിരോഭാവവും ആവിര്‍ഭാവവും), ചിത്തസ്യ ചിത്തത്തിന്റെ, സമാധി പരിണാമഃ സമാധിപരിണാമമാകുന്നു.
സര്‍വ്വവിധ വിഷയങ്ങളെയും ഗ്രഹിക്കുക, ഒരു വിഷയത്തില്‍ ഏകാഗ്രമാകുക എന്നീ രണ്ടു ധര്‍മ്മങ്ങളും യഥാക്രമം ക്ഷയിക്കുകയും ഉദിക്കുകയും ചെയ്യുമ്പോള്‍ ചിത്തത്തിനു സമാധിയെന്ന പരിണാമം ഉണ്ടാവുന്നു.

മനസ്സ് എമ്പാടും ഇളകിക്കൊണ്ടു നാനാതരം വിഷയങ്ങളെയും ഗ്രഹിച്ചുകൊണ്ടിരിക്കുന്നു. ഇതു താണതരം അവസ്ഥയാണ്. മനസ്സിന് ഇതിലുംമേലെ ഒരവസ്ഥയുണ്ട്. അത്, വിഷയാന്തരങ്ങളെ ത്യജിച്ച് ഒരേ വിഷയത്തെ ഗ്രഹിക്കുമ്പോഴാണ്. അതിന്റെ ഫലം സമാധിയുമാകുന്നു.

12. ശാന്തോദിതൗ തുല്യപ്രത്യയൗ ചിത്തസ്യ
ഏകാഗ്രതാപരിണാമഃ.
ശാന്തോദിതൗ ഭൂതവും വര്‍ത്തമാനവും (കഴിഞ്ഞതും നിലവിലുള്ളതും) ആയ, തുല്യപ്രത്യയൗ തുല്യങ്ങളായ ചിത്തവൃത്തികള്‍, ചിത്തസ്യ ചിത്തത്തിന്റെ, ഏകാഗ്രതാപരിണാമഃ ഏകാഗ്രതാപരിണാമമാകുന്നു.
അതീതവും വര്‍ത്തമാനവുമായ പ്രത്യയങ്ങള്‍ സദൃശങ്ങളായിരിക്കുമ്പോഴാണു ചിത്തത്തിന്റെ ഏകാഗ്രത.

ചിത്തം ഏകാഗ്രമായി എന്ന് എങ്ങനെ അറിയാം? കാലത്തെപ്പറ്റിയുള്ള ബോധം അപ്പോള്‍ അസ്തമിച്ചിരിക്കും എന്നതുകൊണ്ട്. എത്രയേറെ നേരം നാം അറിയാതെ കഴിഞ്ഞു പോകുന്നുവോ അത്രയേറെ നേരം ഏകാഗ്രചിത്തരാവുന്നു. ദൈനംദിനജീവിതത്തില്‍ത്തന്നെ ഇതു കാണാം. നാം രസം പിടിച്ച് ഒരു പുസ്തകം വായിച്ചുകൊണ്ടിരിക്കുമ്പോള്‍ സമയം പോകുന്നത് അറിയുന്നില്ല. വായന നിര്‍ത്തുമ്പോഴാണ് അനേക മണിക്കൂറുകള്‍ കഴിഞ്ഞുപോയി എന്നു കണ്ടു നാം അദ്ഭുതപ്പെടുന്നത്. സര്‍വ്വകാലത്തിനും വര്‍ത്തമാനമായ ഏകക്ഷണത്തില്‍വന്നൊതുങ്ങിനില്പാന്‍ ആഭിമുഖ്യമുണ്ടാകുന്നു. അതുകൊണ്ടാണ്, അതീതവും വര്‍ത്തമാനവും ഏകത്ര നിലകൊള്ളുമ്പോള്‍ ചിത്തം ഏകാഗ്രമായി പരിണമിക്കുന്നു എന്നു നിര്‍വ്വചിച്ചത്.

13. ഏതേന ഭൂതേന്ദ്രിയേഷു ധര്‍മ്മലക്ഷണാ –
വസ്ഥാപരിണാമാ വ്യാഖ്യാതാഃ.
ഏതേന ഈ ചിത്തപരിണാമത്തെ പറഞ്ഞതുകൊണ്ട്, ഭൂതേന്ദ്രിയേഷു ഭൂതങ്ങളിലും ഇന്ദ്രിയങ്ങളിലും, ധര്‍മ്മലക്ഷണാവ സ്ഥാപരിണാമാഃ ധര്‍മ്മപരിണാമം, ലക്ഷണപരിണാമം, അവ സ്ഥാപരിണാമം എന്നിവ: വ്യാഖ്യാതാഃ വിശേഷേണ പറയപ്പെട്ടതായി അറിയേണ്ടതാണ്.
ഇപ്രകാരം സ്ഥൂലസൂക്ഷ്മഭൂതങ്ങളിലും ഇന്ദ്രിയങ്ങളിലും രൂപം, കാലം, അവസ്ഥ ഇവയ്ക്കുണ്ടാകുന്ന ത്രിവിധപരിണാമങ്ങളും വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു.

ധര്‍മ്മം കാലം അവസ്ഥ എന്നിവകൊണ്ടു ചിത്തത്തിനുണ്ടാകുന്ന പരിണാമങ്ങള്‍പോലെതന്നെ സ്ഥൂലസൂക്ഷ്മഭൂതങ്ങളിലും ഇന്ദ്രിയങ്ങളിലുമുള്ള ത്രിവിധപരിണാമങ്ങളെയും അറിയേണ്ടതാകുന്നു. ഒരു സ്വര്‍ണ്ണപിണ്ഡമെടുക്കുക. അതിനെ കടകമായും പിന്നീടൊരു കുണ്ഡലമായും മാറ്റുന്നു. ഇതു സ്വര്‍ണ്ണത്തിന്റെ ധര്‍മ്മപരിണാമം. ഇതേ പരിണാമത്തെ കാലത്തിന്റെ നിലയില്‍നിന്നു (അനാഗത – വര്‍ത്തമാന – അതീതലക്ഷണങ്ങളിലൂടെ) വീക്ഷിക്കുമ്പോള്‍ കാലപരിണാമം കിട്ടും. ഇനി ഈ കടകകുണ്ഡലങ്ങള്‍തന്നെ ചിലപ്പോള്‍ തിളങ്ങുന്നതോ മങ്ങിയതോ ആകാം: ചിലപ്പോള്‍ കട്ടികൂടിയോ കുറഞ്ഞോ, അതുപോലെ മറ്റവസ്ഥകളിലോ ഇരിക്കാം. ഇത് അവസ്ഥാപരിണാമം.

ഇവിടെ 9, 11, 12 എന്നീ സൂത്രങ്ങളില്‍ ചിത്തം നാനാവൃത്തി രൂപമായി പരിണമിക്കുന്നുവെന്നു പറഞ്ഞു; ഇതു ധര്‍മ്മപരിണാമം. ഇനി ആ ധര്‍മ്മംതന്നെ അതീതവും വര്‍ത്തമാനവും അനാഗതവുമായ ക്ഷണങ്ങളില്‍ക്കൂടി കടന്നുപോകുന്നതു ലക്ഷണപരിണാമം. ആ വൃത്തികള്‍ക്കുതന്നെ ഒരു നിയതകാലത്തില്‍ – വര്‍ത്തമാന ക്ഷണത്തില്‍ത്തന്നെയെന്നു വെയ്ക്കുക – ദാര്‍ഢ്യഭേദം വരാം: ഇതു അവസ്ഥാപരിണാമം. പൂര്‍വ്വസൂത്രങ്ങളില്‍ ഏകാഗ്രതാലക്ഷണങ്ങളെ പ്രതിപാദിച്ചത്, യോഗിക്കു തന്റെ ചിത്തപരിണാമങ്ങളിന്‌മേല്‍ സ്വച്ഛന്ദനിയന്ത്രണം സാധിക്കാന്‍ വേണ്ടിയാണ്: അതുണ്ടെങ്കിലേ 3.4-ല്‍ നിര്‍ദ്ദേശിച്ച സംയമം ചെയ്‌വാന്‍ കഴിവുണ്ടാകൂ.

14. ശാന്തോദിതാവ്യപദേശ്യധര്‍മ്മാനുപാതീ ധര്‍മീ.
ധര്‍മീ ധര്‍മ്മി, ശാന്തോദിതാവ്യപദേശ്യധര്‍മ്മാനുപാതീ ശാന്തം, ഉദിതം, അവ്യപദേശ്യം എന്ന ധര്‍മ്മത്തോടുകൂടിയത് (ധര്‍മ്മത്തെ വിട്ടുനില്ക്കാത്തത്) ആകുന്നു.
അതീതങ്ങളും വര്‍ത്തമാനങ്ങളും അനാഗതങ്ങളുമായ ധര്‍മ്മങ്ങളെ അനുവര്‍ത്തിക്കുന്നതേതോ അതു ധര്‍മ്മി.
അതായത് ധര്‍മ്മി എന്നു പറയുന്നത്, കാലത്തിനും സംസ്‌കാരങ്ങള്‍ക്കും വിധേയമായി സര്‍വ്വദാ പരിണമിച്ചുകൊണ്ട് അഭിവ്യക്തമാകുന്ന വസ്തുവാകുന്നു.

15. ക്രമാന്യത്വം പരിണാമാന്യത്വേ ഹേതുഃ.
ക്രമാന്യത്വം ധര്‍മ്മങ്ങളുടെ ക്രമഭേദം, പരിണാമാന്യത്വേ പരിണാമഭേദത്തിന്, ഹേതുഃ കാരണമാകുന്നു.
ധര്‍മ്മങ്ങളുടെ ആനന്തര്യമാണു വിവിധപരിണാമത്തിനു കാരണം.

16. പരിണാമത്രയസംയമാദ്
അതീതാനാഗതജ്ഞാനം.
പരിണാമത്രയസംയമാത് മൂന്നു പരിണാമങ്ങളില്‍ സംയമം ചെയ്യുന്നതുകൊണ്ട്, അതീതാനാഗതജ്ഞാനം അതീതവും അനാഗതവുമായ പദാര്‍ത്ഥങ്ങളുടെ ജ്ഞാനമുണ്ടാകുന്നു.
ത്രിവിധപരിണാമങ്ങളില്‍ സംയമം ചെയ്യുന്നതുകൊണ്ടു ഭൂത ഭവിഷ്യത്തുകളുടെ ജ്ഞാനമുണ്ടാകുന്നു.

സംയമത്തിന്റെ ലക്ഷണം ആദ്യമേ പറഞ്ഞതു വിസ്മരിക്കരുത്. ദീര്‍ഘകാലാഭ്യാസത്തിന്റെ ഫലമായി, ധ്യാനവിഷയത്തിന്റെ ബാഹ്യസ്വരൂപം തള്ളി ആന്തരമായ പൊരുളുമായി തന്മയത്വം വന്ന് അതില്‍ത്തന്നെ സ്ഥിരമായി നില്ക്കാനും, ഏതു നിമിഷത്തിലും ആ നിലയെത്താനും ചിത്തത്തിനുകഴിവുണ്ടായാല്‍, അപ്പോള്‍ സംയമം സാധ്യമാകുന്നു. ആ നിലയിലെത്തിയ യോഗിക്കു ഭൂതഭവിഷ്യത്തുകളെ അറിയണമെങ്കില്‍, അയാള്‍ 13-ാം സൂത്രത്തില്‍ നിര്‍ദ്ദേശിച്ച ചിത്തപരിണാമങ്ങളിന്‌മേല്‍ സംയമം ചെയ്യണം. ചിലതെല്ലാം ഇപ്പോള്‍ വ്യാപരിച്ചുവരുന്നു, ചിലതു വ്യാപരിച്ചുകഴിഞ്ഞു, ഇനി ചിലതു വ്യാപരിപ്പാന്‍ കാത്തിരിക്കുന്നു. ഇവയില്‍ സംയമം ചെയ്താല്‍ ഭൂതഭവിഷ്യത്തുകളെ അറിയാം.

[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. (ഉത്തരാര്‍ദ്ധം) – പാതഞ്ജല യോഗസൂത്രങ്ങള്‍ (വിഭൂതിപാദം). പേജ് 345-349]