കാര്യകാരണവസ്ത്വൈക്യമര്‍ശനം പടതന്തുവത്‌
അവസ്തുത്വാദ്വികല്‍ പസ്യ ഭാവാദ്വൈതം തദുച്യതേ (7-15-63)
യദ്ബ്രഹ്മണി പരേ സാക്ഷാത്‌ സര്‍വ്വകര്‍മ്മസമര്‍പ്പണം
മനോവാക്താനുഭിഃ പാര്‍ത്ഥ ക്രിയാദ്വൈതം തദുച്യതേ (7-15-64)
ആത്മജായാസുതാദീനാമന്യേഷാം സര്‍വദേഹിനാം
യത്‌ സ്വാര്‍ത്ഥകാമയോരൈക്യം ദ്രവ്യാദ്വൈതം തദുച്യതേ (7-15-65)

നാരദമുനി തുടര്‍ന്നു:
അജ്ഞാനിയായ ഒരുവന്‍, ഇഹലോകത്തെ ഉണ്മയെന്നു ധരിക്കുന്നു. ചെറിയൊരു കുട്ടി, കണ്ണാടിയില്‍ കാണുന്ന പ്രതിബിംബത്തെ യാഥാര്‍ത്ഥ്യമെന്ന് കണക്കാക്കുന്നുതു പോലെയാണത്‌. നിഴലില്‍ കാണുന്നത്‌ യാഥാര്‍ത്ഥ്യമോ പഞ്ചഭൂതനിര്‍മ്മിതിയോ അല്ല. ദ്രവ്യങ്ങളെല്ലാം സൂക്ഷ്മദ്രവ്യങ്ങളുടെ സങ്കലനപ്രക്രിയ കൊണ്ടുണ്ടായവയാണ്‌. ദ്രവ്യങ്ങള്‍ അയഥാര്‍ത്ഥമാണെന്ന സഹജാവബോധം നമുക്കുണ്ടെങ്കില്‍ സൂക്ഷ്മങ്ങളായ പഞ്ചഭൂതങ്ങള്‍ യാഥാര്‍ദ്ധ്യമാണെന്നതിന്‌ ഉറപ്പെന്താണുളളത്‌? വ്യക്തിത്വത്തെപ്പറ്റി നാം ചിന്തിക്കുന്നുത്‌ പരംപൊരുളില്‍ നാനാത്വമാരോപിക്കുന്നുതുകൊണ്ടാണല്ലോ. ധര്‍മ്മശാസ്ത്രപ്രകാരമുളള നിയമങ്ങള്‍ പോലും ആപേക്ഷികമായ തലങ്ങളില്‍ മാത്രമേ ബാധകമായിട്ടുളളൂ.

അതിനാല്‍ വിവേകിയായ ഒരുവന്‍ മനസാ, കര്‍മ്മണാ, ഏകത്വഭാവമുള്‍ക്കൊണ്ടുകൊണ്ട്‌ ദ്രവ്യങ്ങളില്‍ പോലും ഏകത്വം ദര്‍ശിച്ച്‌ ആത്മസാക്ഷാത്ക്കാരം നേടണം. കാര്യകാരണങ്ങള്‍ തന്നില്‍ വ്യത്യാസമില്ലെന്നു മനസിലാക്കി, അവയില്‍ ഐക്യബോധമുണ്ടാവുമ്പോള്‍ അത്‌ ഭാവാദ്വൈതമായി. മനസാ വാചാ കര്‍മ്മണായുളള എല്ലാം പരംപൊരുളിലര്‍പ്പിക്കുമ്പോള്‍ അത്‌ ക്രിയാദ്വൈതം. സ്വഭാര്യ, മകന്‍ തുടങ്ങിയവരും, എല്ലാ ജീവികളും, സ്വാര്‍ത്ഥ താല്‍പര്യങ്ങളും പൊതു താല്‍പര്യങ്ങളും, എല്ലാമെല്ലാം ഒന്നെന്ന ബോധമുണ്ടാവുമ്പോള്‍ അത്‌ ദ്രവ്യാദ്വൈതം.

ഏതു വിധേനയും ഒരുവന്‍ തന്റെ കര്‍മ്മങ്ങള്‍ ഭക്തിയോടെ ഈശ്വരചിന്തയോടെ ചെയ്തു തീര്‍ക്കണം. ഇങ്ങനെ ജീവിതം നയിക്കുന്നവര്‍ക്കും ഭക്തിയുണ്ടെങ്കില്‍ ആ സവിധം പൂകാം. രാജാവേ, നിങ്ങള്‍ ഏവരും പലേവിധ കഷ്ടപ്പാടുകളും ദുരിതങ്ങളും തരണം ചെയ്തത്‌ ഭഗവാന്‍ കൃഷ്ണന്റെ സഹായത്താലാണല്ലോ. അവിടുത്തെ കൃപയാല്‍ നിങ്ങള്‍ക്ക്‌ മുക്തിപദവും ലഭിക്കും. നിങ്ങളി ഒരാളായി, മനുഷ്യനായി, വര്‍ത്തിക്കുമ്പോഴും ആ ഭഗവാന്‍ സ്വയം പരംപൊരുളാണെന്നു മനസ്സിലാക്കുക.

എന്റെ കഴിഞ്ഞ ജന്മങ്ങളിലൊന്നില്‍ ഞാന്‍ സ്വര്‍ഗ്ഗഗായകനായിരുന്നു. മദ്യവും മദിരയും എനിക്കു പ്രിയമായിരുന്നു. ഒരു ദിവസം, ദേവന്മാര്‍ നടത്തിയ ഒരു കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ കുറേ സ്ത്രീകളോടൊപ്പം ചെന്നു. കുടിച്ചു ബോധം കെട്ട്‌ ആഭാസപരമായ പാട്ടുകള്‍ പാടുകയും ചെയ്തു. ഇതുകേട്ട്‌ കോപിതരായ ദേവകള്‍ എന്നെ ശപിച്ചു. ഉടനേ തന്നെ ഞാന്‍ ഒരു വീട്ടുജോലിക്കാരിയുടെ മകനായി ശൂദ്രകുലത്തില്‍ പിറന്നു. ആ ജന്മത്തില്‍ ഞാന്‍ മഹാത്മാക്കളെ സേവിക്കുകയും ഭഗവദ്‍ഭക്തി വളര്‍ത്തിയെടുക്കുകയും ചെയ്തു. അതുകൊണ്ട്‌ ഇപ്പോള്‍ ഞാന്‍ സ്രഷ്ടാവിന്റെ മാനസ പുത്രനായിത്തീര്‍ന്നു. അതാണ്‌ ഭഗവദ്ഭക്തിയുടെ മാഹാത്മ്യം.

ശുകമുനി തുടര്‍ന്നു:
കൃഷ്ണനോടും യുധിഷ്ഠിരനോടും യാത്രപറഞ്ഞു് നാരദന്‍ അവടെനിന്നും പോയി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF