ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിമൂന്ന് ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം ശ്ലോകം 22

ഉപദ്രഷടാനുമന്താ ച
ഭര്‍ത്താ ഭോക്താ മഹേശ്വരഃ
പരമാത്മേതി ചാപ്യുക്തോ
ദേഹോഽസ്മിന്‍ പുരുഷഃ പരഃ

ഈ ദേഹത്തില്‍ വിളങ്ങുന്ന പരമപുരുഷനെ സാക്ഷിയെന്നും അനുമതി നല്‍കുന്നവനെന്നും ഭരിക്കുന്നവനെന്നും ഭോക്താവ് എന്നും മഹേശ്വരനെന്നും പരമാത്മാവെന്നുമൊക്കെ പറയുന്നു.

മുല്ലവള്ളിക്ക് പടരാന്‍ തേന്മാവു വേണം. എന്നാല്‍ മുല്ലവള്ളിയുടെ പ്രകൃതത്തിനോട് തേന്മാവിന് യാതൊരു ബന്ധവുമില്ല. അതുപോലെ പുരുഷന്‍ ഉദ്ധതമായിനിന്ന് പ്രകൃതിയെ താങ്ങി നിര്‍ത്തുന്നു. അതേ സമയത്ത് പുരുഷന്‍റെയും പ്രകൃതിയുടെയും സ്വഭാവം തമ്മില്‍ ഭൂമിയും ആകാശവുംപോലെ വ്യത്യസ്തമാണ്. പ്രകൃതിയാകുന്ന നദിക്കരയില്‍ നില്‍ക്കുന്ന മഹാമേരു പര്‍വതമാണ് പുരുഷന്‍. പര്‍വതത്തിന്‍റെ നിഴല്‍ നദിയില്‍ പ്രതിഫലിക്കുമെങ്കിലും അതിനെ ഒഴുക്കികൊണ്ട് പോകാന്‍ നദീപ്രാവാഹത്തിന് സാദ്ധ്യമല്ല. പ്രകൃതി ഉണ്ടാവുകയും അഴിയുകയും ചെയ്യുന്നു. പക്ഷേ പുരുഷന്‍ ശാശ്വതനായി നിലനില്‍ക്കുന്നു. ആകയാല്‍ അവന്‍ സൃഷ്ടിജാലങ്ങളിലെ ഉറുമ്പ് മുതല്‍ ബ്രഹ്മാവ്‌വരെയുള്ള എല്ലാറ്റിന്‍റെയും ഭരണകര്‍ത്താവാണ്. പ്രകൃതി പുരുഷന്‍ ഹേതുവായി മാത്രം നിലനില്‍ക്കുകയും അവന്‍റെ പ്രഭാവത്തില്‍കൂടി മാത്രം ജഗത്തിന് ജന്മംകൊടുക്കയും ചെയ്യുന്നു. ആകയാല്‍ പുരുഷന്‍ പ്രകൃതിയുടെ ഭര്‍ത്താവാണ്. അനാദികാലം മുതല്‍ പ്രകൃതിയാല്‍ സൃഷ്ടിക്കപ്പെടുന്ന പ്രപഞ്ചം ഓരോ കല്പാന്തത്തിലും പുരുഷനില്‍ ലയിക്കുന്നു. അവന്‍ പ്രകൃതിയുടെ നാഥനാണ്. മഹത്ബ്രഹ്മമെന്നറിയപ്പെടുന്ന പുരുഷന്‍ പ്രപഞ്ചത്തിന്‍റെ സൂത്രധാരനാണ്. എല്ലാറ്റിലും വ്യാപരിക്കാന്‍ കഴിയുന്ന അവന്‍ ലോകത്തിന്‍റെയും ലോകവ്യവഹാരങ്ങളുടെയും മൂല്യം നിര്‍ണ്ണയിക്കുന്നു. എല്ലാ ശരീരത്തിലും വസിക്കുന്ന ഇവന്‍ പരമപുരുഷന്‍ എന്നറിയപ്പെടുന്നു. പാണ്ഡുപുത്രാ, പ്രകൃതിയുടെ പരിധിക്കുമപ്പുറത്ത് ഉണ്ടെന്ന് വിശ്വസിക്കുന്ന പുരുഷന്‍ ഈ പുരുഷനാണ്.