അമൃതാനന്ദമയി അമ്മ

ഒരു പ്രദേശത്ത് കുപ്രസിദ്ധനായൊരു കുറ്റവാളിയുണ്ടായിരുന്നു. രാത്രി ഏഴുമണിയായാല്‍ അവിടുത്തെ പ്രധാന കവലയില്‍ വന്നു നില്‍ക്കും. എന്നിട്ട് അതുവഴിപോകുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്യും. ഇതയാളുടെ പതിവായിരുന്നു. സന്ധ്യയായാല്‍ അയാളെ ഭയന്ന് ആ വഴി സ്ത്രീകളാരും പോകില്ല. അവര്‍ പേടിച്ച് വീട്ടിനുള്ളില്‍ കതകടച്ചിരിക്കും. ഇങ്ങനെ കുറച്ചുവര്‍ഷങ്ങള്‍ കഴിഞ്ഞു. ഭയങ്കരനായ ആ കുറ്റവാളി ഒരുദിവസം മരിച്ചു.

പക്ഷേ, അയാള്‍ മരിച്ചിട്ടും നേരമിരുട്ടിയാല്‍ അന്നാട്ടിലെ സ്ത്രീകളാരും പുറത്തിറങ്ങാറില്ല. പഴയതുപോലെ സന്ധ്യക്ക് എല്ലാവരും വീടടച്ച് അകത്തിരിക്കും. അയല്‍ഗ്രാമത്തില്‍ നിന്നും സന്ദര്‍ശനത്തിനെത്തിയ ഒരാള്‍ക്ക് ഇതുകണ്ട് അത്ഭുതമായി. അയാള്‍ കാര്യം തിരക്കി. അപ്പോള്‍ ഗ്രാമത്തിലെ സ്ത്രീകള്‍ പറഞ്ഞു. ‘അയാള്‍ ജീവിച്ചിരുന്നപ്പോള്‍ നേരില്‍ കാണാമായിരുന്നു. എന്നാലിപ്പോള്‍ അയാള്‍ പ്രേതമായി വരും. ആക്രമിക്കും, പ്രേതമായതുകൊണ്ട് എവിടെവെച്ചു വേണമെങ്കിലും ആക്രമിക്കാം. മാത്രമല്ല, പ്രേതമായതു കൊണ്ട് പഴയതിലും ശക്തിയുമുണ്ട്…’

നമ്മുടെ ചുറ്റും നടക്കുന്ന ചില സംഭവവികാസങ്ങള്‍ കാണുമ്പോള്‍ മതവ്യവസ്ഥയ്ക്ക് ഈ പറഞ്ഞതുമായി സാമ്യം തോന്നുന്നു. പണ്ടും ജാതി-മതവ്യവസ്ഥകള്‍ പലസമൂഹങ്ങളിലും നിലനിന്നിരുന്നു. അന്നവ പരസ്യമായി പ്രകടിപ്പിക്കുമായിരുന്നു. ഇന്നു മതങ്ങളുടെ ഐക്യം, സമത്വം എന്നിവയെക്കുറിച്ച് തങ്ങള്‍ ബോധവാന്മാരാണെന്നാണ് പെതുവെ ജനങ്ങളുടെ ഭാവം. എന്നാല്‍, ഉള്ളിലെ വിദ്വേഷവും പകയും കുറഞ്ഞിട്ടുമില്ല. പണ്ട് ജീവിച്ചിരുന്ന കുറ്റവാളിയെപ്പോലെ സ്ഥൂലതലത്തിലായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഉള്ളിലെ വിദ്വഷവും പകയും സൂഷ്മതലത്തിലാണ്. അതുകൊണ്ടുതന്നെ അതിന്റെ ശക്തിയും വ്യാപ്തിയും കൂടിയിരിക്കുന്നു. ഇതുമൂലം അന്യോന്യമുള്ള കലഹവും ആക്രമണങ്ങളും വര്‍ദ്ധിക്കുന്നു.

വാസ്തവത്തില്‍, മനുഷ്യനുണ്ടാക്കിയ ഒരു കെട്ടുപാടാണ് മതം. മക്കള്‍ ജനിക്കുന്നസമയത്ത് മതത്തിന്റെയും ഭാഷയുടെയും പരിധികളും നി‍ബന്ധനകളും ഇല്ലായിരുന്നു. പ്രസവിച്ചുവീണ കുഞ്ഞിന് ഭാഷയുടെ പേരിലോ മതത്തിന്റെ പേരിലോ കലഹിക്കാന്‍ കഴിയില്ല. അതുകൊണ്ട് ഒരു കാര്യം അമ്മ പറയാം. ഇതെല്ലാം പിന്നീട് പറഞ്ഞു പഠിപ്പിച്ച് നമ്മളെ രൂപപ്പെടുത്തിയെടുക്കുന്നതാണ്. വൃക്ഷത്തൈക്കു ചുറ്റും വേലികെട്ടി സൂക്ഷിക്കുന്നതുപോലെ ഈ കണ്ടീഷനിങ് കുറയൊക്കെ ആവശ്യമാണ്. എന്നാല്‍, തൈ വളരുന്നു വൃക്ഷമായാല്‍ വേലിയുടെ പരിധി ആവശ്യമില്ല. അതുപോലെ മതത്തിന്റെ കണ്ടീഷനിങ് വിട്ട് ‘അണ്‍ കണ്ടീഷണല്‍’ ആകാന്‍ നമുക്കു കഴിയണം. പറഞ്ഞു പഠിപ്പിക്കുന്നതില്‍ നിന്ന് നന്മ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയണം. മതത്തിന്റെ പേരില്‍ വിദ്വേഷവും പകയും മക്കള്‍ മനസ്സില്‍ സൂക്ഷിക്കരുത്.

മനുഷ്യനെ മനുഷ്യനാക്കുന്നത് മൂന്നു ഘടകങ്ങളാണ്. ഒന്നാമതായി വിവേകപൂര്‍വം ചിന്തിച്ച് ജീവിതത്തിന്റെ അര്‍ത്ഥവും ആഴവും അറിയാനുള്ള വ്യഗ്രത. രണ്ടാമതായി സ്നേഹം കൊടുക്കുവാനുള്ള സിദ്ധി. മൂന്നാമതായി സ്വയം ആനന്ദിക്കുവാനും മറ്റുള്ളവരെ ആനന്ദിപ്പിക്കുവാനുമുള്ള ശക്തി. ഇവ മൂന്നും സാക്ഷാത്കരിക്കാന്‍ മതം മനുഷ്യനെ സഹായിക്കണം. അപ്പോള്‍ മാത്രമേ മതവും മനുഷ്യനും പൂര്‍ണമാവുകയുള്ളൂ.

മഹാത്മാക്കള്‍ മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു. പക്ഷേ, അനുയായികള്‍ സംഘടനയ്ക്കാണ് പ്രാധാന്യം കൊടുത്തത്. വിവിധ മതങ്ങളുടെ സമാരാധ്യരായ സ്ഥാപകര്‍ മൂല്യങ്ങള്‍ക്ക് പരമപ്രാധാന്യം കൊടുത്തു. മനുഷ്യസ്നേഹത്തിനും പരസ്പര ബഹുമാനത്തിനും അവര്‍ പ്രാധാന്യം നല്‍കി. പക്ഷേ പിന്നീട് അനുയായികള്‍ സംഘടനയ്ക്കുമാത്രം പ്രധാന്യം നല്കി. അതുകാരണം മനുഷ്യനെ സ്നേഹച്ചരടില്‍ കോര്‍ത്തിണക്കി ലോകത്തില്‍ ശാന്തിയും സമാധാനവും വളര്‍ത്തേണ്ട മതങ്ങള്‍ തന്നെ ലോകത്തില്‍ യുദ്ധത്തിനും സംഘര്‍ഷത്തിനും കാരണമായിത്തീര്‍ന്നു. മതത്തിന്റെ പേരില്‍ കലഹിക്കാനും അന്യോന്യം ആക്രമിക്കാനും ഒരു മഹാത്മാവും പറഞ്ഞിട്ടില്ല. ഇതിന്റെ പേരില്‍ അമ്മ ഒരു മതവിഭാഗത്തെയും കുറ്റപ്പെടുത്തുന്നുമില്ല.

സങ്കുചിതമായ നമ്മുടെ വീക്ഷണവും അജ്ഞാനവും കാരണം നാം മഹാപുരുഷന്മാരെ മതത്തിന്റെ ചെറിയ ചെറിയ കൂട്ടിനുള്ളിലാക്കുകയാണ്. അവരുടെ പേരുപറഞ്ഞ് അഹങ്കാരത്തിന്റെ ജയിലറയ്ക്കുള്ളില്‍ നാം നമ്മെത്തന്നെ പൂട്ടിയിട്ടിരിക്കുകയാണ്. എന്നിട്ട് പരസ്പരം തമ്മിലടിക്കുന്നു. മറ്റൊരുവന്റെ വീടും സ്വത്തും ആക്രമിക്കുന്നു. നാട്ടില്‍ കലഹം പെരുകുന്നു. സ്വൈരജീവിതം തടസ്സപ്പെടുന്നു. ഇങ്ങനെപോയാല്‍ പരസ്പരധാരണയും കൂട്ടായ പ്രവര്‍ത്തനവും നമുടെ നാടിന്റെ പുരോഗതിയും മരീചികയായിത്തുടരും. അതു പാടില്ല.

യഥാര്‍ഥത്തില്‍ എല്ലാ മതങ്ങളും പഠിക്കുന്നത് സ്നേഹത്തിന്റെ തത്വമാണ്. ഐക്യത്തിന്റെയും കരുണയുടെയും തത്വങ്ങളാണ്. നിന്നെപ്പോലെ,നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണം എന്ന് ക്രിസ്തുമതം പറയുന്നു.’നാം എന്ത് ആഗ്രഹിക്കുന്നുവോ അതുപോലെ മറ്റുള്ളവര്‍ക്കും ലഭിക്കാന്‍ നാം പ്രാര്‍ഥിക്കണ’മെന്ന് ഹിന്ദുമതം പറയുന്നു. ‘നിന്റെ ശത്രുവിന്റെ കഴുതയ്ക്ക് അസുഖം വന്നാല്‍ നീ അതിനെ ശുശ്രുഷിക്കണം’ എന്ന ഏറ്റവും വലിയ തത്ത്വമാണ് ഇസ്‍ലാം മതം പറഞ്ഞത് ‘നിന്റെ അയല്‍ക്കാരനെ വെറുക്കുന്നത് നിന്നെ വെറുക്കുന്നതിന് തുല്യമാണെന്ന്’ യഹൂദമതം പറയുന്നു. ഇവയില്‍ വാക്കുകള്‍ പലതായിരിക്കും. എന്നാല്‍,തത്ത്വം ഒന്നു തന്നെയാണ്. സകലതിലും സ്ഥിതിചെയ്യുന്നത് ഒരേ ആത്മാവാണ്. അതു കൊണ്ട് മക്കള്‍ എല്ലാവരെയും ഒന്നായിക്കണ്ട് സ്നേഹിക്കുക. എല്ലാ മതങ്ങളുടെയും തത്വവും അതുതന്നെയാണ്. മനുഷ്യന്റെ തലതിരിഞ്ഞ ബുദ്ധിയാണ് അവയെ സങ്കുചിതമായി വ്യാഖ്യാനിക്കുന്നത്. നമുക്ക് ചുറ്റും നടക്കുന്ന മതത്തിന്റെ പേരിലുള്ള കലഹങ്ങള്‍ കണ്ടാണ് അമ്മ ഇത്രയും പറഞ്ഞത്. ആരെയും വേദനിപ്പിക്കാനല്ല അമ്മയുടെ വാക്കുകള്‍. പരസ്പരസ്നേഹത്തിലും സാഹോദര്യത്തിലും മക്കള്‍ ജീവിക്കണം എന്നാണ് അമ്മയുടെ ആഗ്രഹം. ജഗദീശ്വരന്‍ അതിന് എല്ലാവരെയും അനുഗ്രഹിക്കട്ടെ.

കടപ്പാട്: മാതൃഭുമി