യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 293 [ഭാഗം 5. ഉപശമ പ്രകരണം]

ദൃശ്യദര്‍ശനസംബന്ധ വിസ്താരൈസ്തദ്വിജൃംഭതേ
ദൃശ്യദര്‍ശന സംബന്ധേ യത്സുഖം പരമാത്മികം
അനുഭുതിമയം തസ്മാത്സാരം ബ്രഹ്മേതി കഥ്യതേ
ദൃശ്യദര്‍ശനസംബന്ധേ സുഖസംവിദനുത്തമാ (5/72/33)

വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, ദേഹമുണ്ടായപ്പോഴല്ല നീ ജനിച്ചത്‌. ദേഹമില്ലാതായാലും നിന്റെ അന്ത്യമാവുകയില്ല. ഒരു കുടമുണ്ടാക്കിയപ്പോഴാണ് അതിലുള്ളിലെ ആകാശമുണ്ടായത് എന്നും അതുടയുമ്പോള്‍ അതിനുള്ളിലെ ആകാശത്തിനു നാശമുണ്ടാവുന്നു എന്നും കരുതുന്നത് മൌഢ്യമാണ്.

അന്തര്‍നിവാസിയായ ബോധത്തിനു ശരീരമനോബുദ്ധികളുമായി യാതൊരുതരം ബന്ധങ്ങളും ഇല്ല – അവ അഭികാമ്യമായാലും അല്ലെങ്കിലും അങ്ങിനെയൊരു ബന്ധത്തിനു യാതൊരു സാധുതയും ഇല്ല. കാരണം അത് നിലനില്‍ക്കുന്നതല്ല. സത്രത്തില്‍ സന്ദര്‍ഭവശാല്‍ താല്‍ക്കാലികമായി ഒത്തുചേരുന്ന പഥികരേപ്പോലെ, അല്ലെങ്കില്‍ അരുവിയില്‍ ഒഴുകിവന്നുപെടുന്ന മരക്കഷണങ്ങള്‍പോലെയാണ് ബോധവും ശരീരമനോബുദ്ധികളുമായുള്ള ഇടപെടല്‍. യദൃഛയാ കണ്ടുപിരിയുന്ന രണ്ടുകൂട്ടര്‍ തമ്മിലുണ്ടാവുന്ന താല്‍ക്കാലിക ബന്ധം ശാശ്വതമായ സുഖദു:ഖങ്ങളെ ഉണ്ടാക്കുന്നതെങ്ങിനെ? എങ്കിലും എന്തുകൊണ്ടാണ് മനുഷ്യന്‍ ഇത്തരം ബന്ധങ്ങളില്‍ അതീവസന്തോഷവും ദു:ഖവും അനുഭവിക്കുവാന്‍ ഇടയാവുന്നത്?

ആത്മാവ് അജ്ഞതയാല്‍ സ്വയം പരിമിതപ്പെട്ട് മനസ്സായി ലൗകിക വസ്തുക്കളുടെ കറപുരണ്ടിരിക്കുന്നതുപോലെ തോന്നുന്നു. എന്നാല്‍ ഇതേ ആത്മാവ് ആത്മജ്ഞാനത്തിന്റെ വെളിച്ചത്തില്‍ ഭ്രമചിന്തകള്‍ ഉപേക്ഷിച്ച് പ്രബുദ്ധമാവുകയും ചെയ്യുന്നു. അപ്പോള്‍ മനസ്സ് ദേഹത്തെ പുതിയൊരുയര്‍ന്ന തലത്തില്‍ നിന്ന് വീക്ഷിക്കുന്നു. ദേഹത്തെ അതിന്റെ മൂലഘടകങ്ങളുടെ സംഘാതമായി തിരിച്ചറിഞ്ഞ്, ശരീരബോധത്തിനതീതമായി സ്വയമുണര്‍ന്ന് പ്രബുദ്ധമാവുന്നു.

അങ്ങിനെ പ്രബുദ്ധതയെ പ്രാപിച്ചവര്‍ക്ക് ലൗകികതയോ അജ്ഞാനമോ, ലോകവ്യവഹാരമോ ഒന്നും കളങ്കമുണ്ടാക്കുന്ന കാര്യങ്ങളല്ല. ലോകത്തിലെ ഒന്നിനോടും അയാള്‍ക്ക് ആസക്തിയോ വിരക്തിയോ ഇല്ല. അയാള്‍ക്ക് കാലത്തിന്റെ മൂന്നു തലങ്ങളിലെയും ‘ഞാന്‍’ എന്നാലെന്താണെന്നും ലോകമെന്താണെന്നും നന്നായറിയാം. അത് നിത്യശുദ്ധമായ അനുഭവവും, അനുഭവം എന്ന പ്രതിഭാസവും തമ്മിലുള്ള സംശ്ലിഷ്ട സംയോഗത്തിന്റെ സ്വാഭാവികവികാസ പരിണാമങ്ങള്‍ മാത്രമാണെന്ന് അയാള്‍ക്കറിയാം.

അനുഭവവേദ്യമായ വസ്തു ഉണ്മയാണോ അല്ലയോ എന്നത് അനുഭവത്തെ ആശ്രയിച്ചു മാത്രമാണിരിക്കുന്നത്. അപ്പോള്‍പ്പിന്നെ സുഖദുഖങ്ങള്‍ എങ്ങിനെയുണ്ടാവുന്നു? തെറ്റ് തെറ്റാണ്. ശരി ശരിയും. എന്നാല്‍ അവയുടെ സംയോഗം തീര്‍ച്ചയായും സത്യമാവുക സാദ്ധ്യമല്ല. യാഥാര്‍ഥ്യവും അയാഥാര്‍ത്ഥ്യവും തമ്മിലുള്ള വേഴ്ച എങ്ങിനെ ഉണ്മയെ സൃഷ്ടിക്കാനാണ്? അതുകൊണ്ട് മോഹവലയത്തില്‍പ്പെടാതെയിരിക്കൂ. തെറ്റിദ്ധാരണകളെ ഉപേക്ഷിക്കൂ. സത്യത്തെ കാണൂ. പിന്നിടൊരിക്കലും നീ ഭ്രമക്കാഴ്ചയില്‍ മയങ്ങുകയില്ല.

“ശുദ്ധാനുഭവവും അനുഭവമെന്ന പ്രതിഭാസവും തമ്മില്‍ വികസിച്ചു വിടരുന്ന ബന്ധമാണ് എല്ലാം. ആത്മാനന്ദത്തിന്റെ അഭൌമമായ അനുഭവമാണത്. ശുദ്ധമായ, വസ്തു-വിഷയ നിബദ്ധമല്ലാത്ത സ്വാനുഭവം. അതുകൊണ്ടതിനെ പരബ്രഹ്മം എന്ന് പറയുന്നു. അതാണ്‌ പരമമായ സത്ത.”

ശുദ്ധാനുഭവത്തെ സന്ധിക്കുന്ന ഈ അനുഭവം അതീവമായ പരമാനന്ദത്തെ ഉണര്‍ത്തുന്നു. അജ്ഞാനിക്കത് ലൗകികതമാത്രമാവുമ്പോള്‍ ജ്ഞാനിക്ക് മുക്തിയാണത്. ശുദ്ധമായ സ്വാനുഭവം തന്നെയാണ് അനന്തമായ പരമാത്മാവ്‌. അത് വസ്തുക്കളിലേയ്ക്കുന്മുഖമാവുമ്പോള്‍ ബന്ധനം. അത് സ്വതന്ത്രമാവുന്നതാണ് മോക്ഷം അല്ലെങ്കില്‍ മുക്തി. സ്വാനുഭവത്തിനു അപചയമില്ലാതിരിക്കുകയും ആശങ്കകളുടെ കാലുഷ്യമില്ലാതിരിക്കുകയും ചെയ്യുമ്പോളതുതന്നെയാണ് മുക്തി. വിഷയ-വിഷയീ ബന്ധം ഇല്ലാത്തപ്പോള്‍ ലോകമെന്ന കാഴ്ച്ച തന്നെ ഇല്ല. അതാണ് നാലാമത്തെ അവസ്ഥയായ തുരീയം – ‘ജാഗ്രദില്‍ ദീര്‍ഘ സുഷുപ്തി’ എന്ന അവസ്ഥ.

ആത്മാവ് നിര്‍വചനങ്ങള്‍ക്ക് വഴങ്ങുന്ന ‘അതും’, ‘ഇതു’മൊന്നുമല്ല. അനുഭവങ്ങളുടെ തലത്തിനുമപ്പുറമാണത്. അപരിമിതവും ഉപാധികള്‍ക്കതീതവുമായ സത്യത്തെ അറിഞ്ഞവര്‍ക്ക് ഇതെല്ലാം ഒരേയൊരാത്മാവ് മാത്രം. അനന്തമായ അവബോധം മാത്രം. അനാത്മവസ്തുക്കളായി യാതൊന്നുമില്ല. എല്ലാറ്റിന്റെയും സത്ത ആത്മാവ് അല്ലെങ്കില്‍ അനന്താവബോധം മാത്രം.