ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 30, 31, 32, 33

പ്രഹ്ളാദശ്ചാസ്മി ദൈത്യാനാം
കാലാഃ കലയതാമഹം
മൃഗാണാം ച മൃഗേന്ദ്രോƒഹം
വൈനതേയശ്ച പക്ഷിണാം. ‌‌

അസുരന്മാരില്‍ പ്രഹ്ലാദനും എണ്ണിക്കണക്കാക്കുന്ന അളവുകളില്‍ കാലവും മൃഗങ്ങളില്‍ സിംഹവും പക്ഷികളില്‍ ഗരു‍‍ഡനും ഞാനാകുന്നു.

അസുരവംശത്തില്‍ ജനിച്ച പ്രഹ്ലാദനാണു ഞാന്‍. അവന് വിദ്വേഷമോ ആസുരികമായ മറ്റ് ദുഃസ്വഭാവങ്ങളോ ഉണ്ടായിരുന്നില്ല. പ്രപഞ്ചഘടകങ്ങളെ ക്ഷയിപ്പിച്ച് ഇല്ലാതാക്കുന്ന മഹാകാലമാണ് ഞാന്‍. മൃഗങ്ങളില്‍ വീര്യവും ഗാംഭീര്യവുമുളള മൃഗേന്ദ്രനായ സിംഹമാണ് ഞാന്‍. ബലവേഗങ്ങളുളളതിനാല്‍ എന്നെ പുറത്തുകയറ്റികൊണ്ടു നടക്കുന്ന പക്ഷീന്ദ്രനായ ഗരുഡനാണു ഞാന്‍.

പവനഃ പവതാമസ്മി
രാമഃ ശസ്ത്രഭൃതാമഹം
ഝഷാണാം മകരശ്ചാസ്മി
സ്രോതസാമസ്മി ജാഹ്നവീ.

ലോകത്തെ ശുദ്ധീകരിച്ച് സദാ സഞ്ചരിക്കുന്നവരില്‍ ഞാന്‍ കാറ്റാകുന്നു. ആയുധധാരികളില്‍ ഞാന്‍ ശ്രീരാമനാകുന്നു. മത്സ്യങ്ങളില്‍ മകരമത്സ്യവും നദികളില്‍ ഗംഗയും ഞാനാകുന്നു.

അല്ലയോ ധനുര്‍ദ്ധര, ഭൂമിയേയും സപ്തസാഗരങ്ങളേയും നിമിഷനേരംകൊണ്ട് ചുറ്റിക്കറങ്ങാന്‍ കഴിയുന്ന പവനന്‍ ഞാനാണ്. ത്രേതായുഗത്തില്‍ ധര്‍മ്മം ക്ഷയിക്കുന്നതു കണ്ടപ്പോള്‍ അതിന്‍റെ സംരക്ഷണാര്‍ത്ഥം ദശരഥപുത്രനായി രാമന്‍ ലോകത്തില്‍ അവതരിച്ചു. അദ്ദേഹം സുവേല പര്‍വതത്തിന്‍റെ കൊടുമുടിയില്‍ നിന്നുകൊണ്ട് ലങ്കേശ്വരനായ ദശമുഖന്‍റെ ശിരസ്സ് വെട്ടിയെടുത്ത് തന്‍റെ ജയത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും താന്‍ ജയിച്ചപ്പോള്‍ ആനന്ദനൃത്തം ചെയ്യുകയും ചെയ്ത അശരീരികള്‍ക്കായി നേര്‍ച്ച നല്‍കി. അപ്രകാരം ദേവന്മാരുടെ ആത്മാഭിമാനം കാത്തുരക്ഷിക്കുകയും ധര്‍മ്മത്തെ പുനഃസ്ഥാപിച്ച് അതിന്‍റെ പഴയ പ്രശസ്തിയിലേക്ക് ഉയര്‍ത്തുകയും, സൂര്യവംശത്തിലെ മറ്റൊരു സൂര്യനായിത്തീരുകയും ചെയ്ത, സര്‍വ്വയോദ്ധാക്കളുടേയും മുന്‍പന്തിയില്‍ നില്‍ക്കുന്ന, സീതാപതിയായ ശ്രീരാമനാണു ഞാന്‍. ഭഗീരഥന്‍ ഭൂമിയിലേക്കു കൊണ്ടുവരുമ്പോള്‍ വഴിയില്‍വെച്ച് ജഹ്നുമഹര്‍ഷിയുടെ യാഗശാലയെ വെളളത്തില്‍ മുക്കാനൊരുമ്പെട്ട ഗംഗയെ അദ്ദേഹം കുടിച്ചുവറ്റിച്ചു. ഭഗീരഥന്‍റെ അപേക്ഷപ്രകാരം മഹര്‍ഷി തന്‍റെ കര്‍ണ്ണപുടങ്ങളില്‍കൂടി ഗംഗയെ പുറത്തേക്ക് ഒഴുക്കി. അങ്ങനെ ഗംഗ, ജാഹ്നവി എന്ന പേരു സമ്പാദിച്ചു. നദികളുടെ കൂട്ടത്തില്‍ ഞാന്‍ ഈ ഗംഗയാകുന്നു. ഭൂമിയിലുളള വിവിധ വിഭൂതികള്‍ വിവരിക്കുകയാണെങ്കില്‍ ആയിരം ജന്മം കൊണ്ട് അവയുടെ പകുതിപോലും വിവരിക്കാന്‍ സാധ്യമല്ല.

സര്‍ഗ്ഗാണാമാദിരന്തശ്ച
മദ്ധ്യം ചൈവാഹമര്‍ജ്ജുന
അദ്ധ്യാത്മവിദ്യാ വിദ്യാനാം
വാദഃ പ്രവദതാമഹം.

അല്ലയോ അര്‍ജ്ജുന, പലവിധ പ്രപഞ്ചസൃഷ്ടികളുടെ ആദിയും മദ്ധ്യവും അന്തവും ഞാന്‍ തന്നെയാണ്. വിദ്യകളില്‍ അദ്ധ്യാത്മവിദ്യ ഞാനാകുന്നു. പലതരം വാദങ്ങളില്‍ ഏര്‍പ്പെടുന്നവരില്‍ വാദം ഞാനാകുന്നു.

അക്ഷരാണാമകാരോƒസ്മി
ദ്വന്ദ്വഃ സാമാസികസ്യ ച
അഹമേവാക്ഷയഃ കാലോ
ധാതാഹം വിശ്വതോമുഖഃ

അക്ഷരങ്ങളില്‍ അകാരവും സമാസങ്ങളില്‍ ദ്വന്ദ്വവും ഞാനാണ്. ഒരിക്കലും ഒടുങ്ങാത്ത കാലം ഞാന്‍തന്നെ. വിശ്വതോമുഖനായ (സര്‍വത്രമുഖമുളള) കര്‍മ്മഫല വിധാതാവ് ഞാനാകുന്നു.

നക്ഷത്രങ്ങളെ മുഴുവന്‍ ഒരുമിച്ച് പെറുക്കിയെടുക്കണമെന്ന് ആഗ്രഹിക്കുന്നവന്‍ ആകാശത്തെ തന്‍റെ സഞ്ചിയിലാക്കി കെട്ടിവെയ്ക്കണം. ഭൂമിയുടെ എല്ലാ അണുക്കളേയും എണ്ണിത്തിട്ടപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവന്‍ ഭൂമിയെ തന്‍റെ കക്ഷത്തിലൊതുക്കിവെയ്ക്കണം. അതുപോലെ എന്നെ അറിയണമെന്ന് ആഗ്രഹിക്കുന്നവന്‍ എന്‍റെ വ്യാപ്തിയെപ്പറ്റി നന്നായി അറിഞ്ഞിരിക്കണം. ഒരു വൃക്ഷത്തിന്‍റെ കൊമ്പുകളേയും പുഷ്പങ്ങളേയും ഫലങ്ങളേയും ഒരേ സമയത്ത് കൈവശം വെയ്ക്കണമെന്ന് ആഗ്രഹിക്കുന്നവന്‍ ആ വൃക്ഷത്തെ പിഴുതെടുക്കണം. അതുപോലെ, എന്‍റെ വിവിധ പ്രകടിതരൂപങ്ങളെ അതിന്‍റെ സമ്പൂര്‍ണ്ണമായ വിധത്തില്‍ അറിയണമെങ്കില്‍ നിരത്യയമായ എന്‍റെ സ്വരൂപത്തെ ശരിയാം വണ്ണം അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ പ്രത്യേകം പ്രത്യേകം ഓരോ വിഭൂതിയെപ്പറ്റിയും കേട്ട് മനസ്സിലാക്കാന്‍ എത്ര നാളുകളാണെടുക്കുക? അതുകൊണ്ട് ഞാന്‍ എല്ലാ സൃഷ്ടികളുടെയും തുടക്കവും ഒടുക്കവും നന്നായി മനസ്സിലാക്കുക. വസ്ത്രത്തിന്‍റെ ഊടിലും പാവിലും നൂല് നിറഞ്ഞിരിക്കുന്നതുപോലെ ഞാന്‍ പ്രപഞ്ചത്തിലൊട്ടാകെ വ്യാപിച്ചിരിക്കുന്നു. ഇതൊരിക്കല്‍ മനസ്സിലാക്കിയാല്‍ പിന്നെ എന്‍റെ എല്ലാ വിഭൂതികളെപ്പറ്റിയും നീ മനസ്സിലാക്കേണ്ട ആവശ്യമില്ല. എന്നാല്‍ ഇതു നിന്‍റെ കഴിവിലും കവിഞ്ഞതാണെന്ന് ഞാന്‍ കരുതുന്നു. ആകയാല്‍ നീ ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ കൂടുതല്‍ വിഭൂതികളെപ്പറ്റി ഞാന്‍ പറയാം. കേട്ടുകൊളളുക.

എല്ലാത്തരം വിദ്യകളിലുംവെച്ച് ശ്രേഷ്ഠമായ അദ്ധ്യാത്മ വിദ്യയാകുന്നു ഞാന്‍. വാഗ് വാദം ചെയ്യാന്‍ ഇഷ്ടപ്പെടുന്നവര്‍ ആഗ്രഹിക്കുന്ന വാദം ഞാനാകുന്നു. വിവിധ ശാസ്ത്രങ്ങള്‍ക്ക് ഒരു യോജിപ്പിലെത്താന്‍ കഴിയാത്തതുപോലെ ഈ വാദങ്ങളും അവസാനിക്കാത്തതാണ്.

(വാദം മൂന്നുവിധം. വാദം, ജല്പം, വിതണ്ധം. പരസ്പരം സംശയം തീര്‍ന്ന് അര്‍ത്ഥനിര്‍ണ്ണയത്തിനുപകരിക്കുന്നത് വാദം. പരമതത്തെ ദുഷിച്ച് യുക്തികൊണ്ട് സ്വമതം സ്ഥാപിക്കുന്നത് ജല്പം. തനിക്കു രക്ഷയില്ലെന്നു കണ്ട് കുയുക്തികളിലൂടെ മുട്ടാപ്പിടി നടത്തുന്നത് വിതണ്ധം. ഇവയില്‍ പരസ്പരം അര്‍ത്ഥനിര്‍ണ്ണയത്തിനുപകരിക്കുന്നതുകൊണ്ടു വാദം ശ്രേഷ്ഠം.)

വിവിധസിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുന്നതൊടെ വാദപ്രതിവാദം ശക്തിപ്പെടുകയും അതു പണ്ഡിതമായ വാചാലതയ്ക്ക് അവസരം നല്‍കുകയും ചെയ്യുന്നു. താര്‍ക്കികന്മാര്‍ അവരവരുടെ സിദ്ധാന്തം സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്ന വാദമാണ് ഞാന്‍. അക്ഷരമാലയിലെ ആദ്യത്തെ അക്ഷരമായ ‘അ’ ഞാനാണ്. സമാസങ്ങളുടെ കൂട്ടത്തില്‍ ദ്വന്ദ്വസമാസവും ഞാന്‍തന്നെ. പ്രളയകാലത്ത് മഹാമേരു പര്‍വതത്തോടെ ഭൂമിയെ നശിപ്പിക്കുകയും ഭൂമിയില്‍ നിന്ന് കവിഞ്ഞൊഴുകുന്ന ജലത്തെ കുടിക്കുകയും അനലനെ വക്ഷപ്രദേശത്തോടു ചേര്‍ത്ത് ആലിംഗനം ചെയ്യുകയും അനിലനെ അത്യാശയൊടെ ആഹരിക്കുകയും ആകാശത്തെ കുക്ഷിയിലാക്കുകയും ചെയ്യുന്ന മഹാകാലവും ഞാനാകുന്നു.

അര്‍ജ്ജുനന്‍ നിര്‍ന്നിമേഷനായി ഭഗവാനെ നോക്കിക്കൊണ്ടു നില്ക്കുകയാണ്. ലക്ഷ്മീകാന്തനായ ഭഗവാന്‍ തുടര്‍ന്നു: യുഗാരംഭത്തില്‍ ഈ ലോകത്തിന്‍റെ സ്രഷ്ടാവ് ഞാനാണ്.