ഇന്ദ്രിയ വിഷയങ്ങളെ സമഭാവത്തില്‍ കാണുക (15)

ഇന്ദ്രിയങ്ങളുടെയും ഇന്ദ്രിയ വിഷയങ്ങളുടെയും മുന്നില്‍ സമഭാവത്തില്‍ വര്‍ത്തിക്കണം.ശീതം – ഉഷ്ണം, സുഖം – ദുഃഖം, ലാഭം – നഷ്ടം തുടങ്ങി എല്ലാ ദ്വന്ദങ്ങളും വരുന്നതും പോകുന്നതുമാണ്; സ്ഥിരമല്ല. അവയുമായി താദാത്മ്യം പ്രാപിക്കരുത്. അവയ്ക്കു മുന്നില്‍ നല്ല ആതിഥേയരായിട്ടിരിക്കുക. ന‍ാം കണ്ണാടി പോലെയാകണം. വിശ്വസുന്ദരി വന്നാലും വിശ്വരൂപി വന്നാലും ഒന്നും ശേഖരിക്കരുത്, ഒരുപോലെ പ്രദര്‍ശിപ്പിക്കുക.

എല്ലാ പ്രവൃത്തികള്‍ക്കിടയിലും നിഷ്ക്രിയമായിരിക്കുന്നത്, എല്ലാ മാറ്റങ്ങള്‍ക്കിടയിലും മാറ്റമില്ലാത്തത്, എല്ലാ അനുഭവങ്ങള്‍ക്കും സാക്ഷിയായത് – അതാണ് സത്യമായ ചൈതന്യം. അതിനെ അറിഞ്ഞവന്‍ അമൃതത്വം അറിഞ്ഞവനാണ്. ഇന്ദ്രിയ വിഷയങ്ങളില്‍ സുഖദുഃഖങ്ങളോടെ വര്‍ത്തിക്കുന്നവന്‍ അമൃതത്വത്തിന് യോഗ്യനല്ല. അതിനര്‍ത്ഥം സന്തോഷം വരുമ്പോള്‍ ദുഃഖിക്കണമെന്നല്ല, സന്തോഷത്തെ അറിയുക. സമത്വപൂര്‍ണമായ ഉള്‍ക്കൊള്ളല്‍ ധീരതയില്‍ നിന്നുണ്ടാകുന്നതാണ്, നിസ്സഹായതയില്‍ നിന്നല്ല.

ഇല്ലാത്തതിന് ഉണ്മയോ ഉള്ളതിന് നാശമോ സംഭവിക്കില്ല. യാതൊന്നിനാല്‍ ഈ പ്രപഞ്ചം മുഴുവന്‍ വ്യാപിക്കപ്പെട്ടിരിക്കുന്നുവോ അത് നാശമില്ലാത്തതാണെന്ന് ഗീത പറയുന്നു. ഈശ്വരന്‍ വസ്തുവിലോ, വസ്തു ഈശ്വരനിലോ അല്ല, എല്ല‍ാം ഈശ്വരനാണ്. കുമിള, കുമിളയല്ല സമുദ്രത്തിനു മുഴുവന്‍ ആധാരമായ ജലമാണ് എന്നറിയുമ്പോള്‍ കുമിളത്വം ഇല്ല. കുമിള മാത്രമാണെന്നു കരുതുമ്പോള്‍ ജനനവും മരണവും ദുഃഖവുമുണ്ടാകും. കുശവന്‍ കലമുണ്ടാക്കുമ്പോള്‍ മനസ്സില്‍ ഒരു കലമുണ്ട് (സങ്കല്പം), മണ്ണിന്റെ രൂപമാറ്റമുണ്ട്, നിര്‍മിച്ച വസ്തുവിനൊരു പേരുണ്ട്. യഥാര്‍ത്ഥത്തില്‍ ഇതു മൂന്നും ഇല്ലാത്തതാണ്. മണ്ണ് മാത്രമാണ് സത്യം. എന്നാല്‍ ശരീരത്തിന് നാശമുണ്ട്. ബാലന്‍ മരിച്ചാണ് യുവാവുണ്ടാകുന്നത്. യുവാവ് മരിച്ച് വൃദ്ധനും. ശരീരത്തിന് നാശമുണ്ട്, ചൈതന്യത്തിന് നാശമില്ല എന്ന അറിവോടെ ചെയ്യുന്ന യുദ്ധം യജ്ഞമാകും. ആ അറിവില്ലാതെ ചെയ്യുന്ന യജ്ഞം യുദ്ധമാകും. എനിക്ക് ആരേയും കൊല്ലാന്‍ കഴിയില്ല, ആര്‍ക്കും എന്നെ കൊല്ലാനും കഴിയില്ല. ഇതറിഞ്ഞവര്‍ ചെയ്യുന്നതെല്ല‍ാം ‘ഞാന’ല്ല പ്രപഞ്ചമാണ്, ചൈതന്യമാണ് ചെയ്യുന്നത്. ഇതാണ് യഥാര്‍ത്ഥ അഹിംസ.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം