സ്വാമി വിവേകാനന്ദന്‍

ഈശ്വരനെന്ന ആ പഴയ പദം ഉപയോഗിക്കുന്നതെന്തിന് എന്ന് എന്നോടു ചോദിക്കാറുണ്ട്. നമ്മുടെ കാര്യത്തിന് ഉത്തമമായ വാക്ക് അതാണ് മനുഷ്യലോകത്തിന്റെ ശുഭപ്രതീക്ഷകളും ആശകളും ആനന്ദവുമെല്ലാം ആ ഒരു വാക്കില്‍ കേന്ദ്രീകരിച്ചിരിക്കുന്നു; അതിനെക്കാള്‍ നല്ലൊരു പദമില്ല. ആവക വാക്കുകള്‍ ആദിയില്‍ മഹര്‍ഷിമാരാണ് നിര്‍മ്മിച്ചത്. അവര്‍ക്ക് അതുകളുടെ ശക്തിയും അര്‍ത്ഥവും അറിയാമായിരുന്നു. പിന്നീട് അതു സാമാന്യജനങ്ങളില്‍ നടപ്പായപ്പോള്‍ മൂഢന്‍മാരും അതു പ്രയോഗിച്ച് ഒടുവില്‍ അതുകളുടെ ചൈതന്യവും മാഹാത്മ്യവും പൊയ്‌പോയി.

ഈശ്വരന്‍ എന്ന പദം അനാദികാലംമുതല്‍ ഉപയോഗിച്ചുവന്നതാണ്. സമഷ്ടിബുദ്ധി എന്ന ഭാവനയും, മഹത്തും പരിശുദ്ധവുമായ മറ്റു ഭാവനകളും എല്ലാം അതിനോടു ബന്ധപ്പെട്ടിരിക്കുന്നു. അതു ശരിയല്ലെന്നു വല്ല മൂഢന്‍മാരും പറഞ്ഞാല്‍ നാം അതു വലിച്ചെറിയണമെന്ന് നിങ്ങള്‍ പറയുമോ? എന്റെ വാക്ക് എന്നു മറ്റൊരാള്‍ പറയും. അങ്ങനെയുള്ള വിഡ്ഢിവാക്കുകള്‍ക്ക് അവസാനമുണ്ടാവില്ല. ആ പഴയ വാക്കുതന്നെ ഉപയോഗിക്കുക. അത് അതിന്റെ ശരിയായ താല്പര്യത്തില്‍ വേണമെന്നു മാത്രം. അതില്‍ ഒട്ടിപ്പിടിച്ച മൂഢവിശ്വാസങ്ങള്‍ കളഞ്ഞ് ആ മഹത്തായ പുരാതനപദത്തിന്റെ സാരമെന്ത് എന്നു നന്നായി ധരിക്കയേ വേണ്ടൂ. ഗംഭീരങ്ങളും ശക്തിമത്തുക്കളുമായ അസംഖ്യം ആശയങ്ങള്‍ ആവക വാക്കുകളോടു സംബന്ധിച്ചുകിടക്കുന്നുണ്ടെന്ന് സാഹചര്യനിയമത്തിന്റെ ശക്തി മനസ്സിലാക്കിയാല്‍ അറിയാം. ലക്ഷോപലക്ഷം മനുഷ്യര്‍ ആ വാക്കുകളെ ഉപയോഗിച്ച് ആരാധിച്ചിട്ടുണ്ട്. മനുഷ്യപ്രകൃതിയില്‍ അത്യുത്തമവും അത്യുച്ചവും യുക്തിയുക്തവും മനോഹരവും മഹത്തും ഗംഭീരവുമായി എന്തുണ്ടോ അതെല്ലാം അവര്‍ ആ വാക്കുകളോടു സംഘടിപ്പിച്ചിട്ടുണ്ട്. ആ ഘടനകളെ, ആ സാഹചര്യത്തെ, സ്മരിച്ചുകൊണ്ടാണ് ആ വാക്കുകള്‍ പുറപ്പെടുന്നത്. അതുകള്‍ ത്യജിക്കാവതല്ല. ഞാന്‍ ആ ഭാവനകളെയെല്ലാം പ്രകാശിപ്പിക്കാന്‍ ഉദ്ദേശിച്ച് ഈശ്വരന്‍ പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്നു മാത്രം പറഞ്ഞാല്‍ അതുകൊണ്ട് ഒരു ഭാവനയും സ്ഫുരിക്കില്ല. എങ്കിലും ഇത്രയും പ്രയാസപ്പെട്ട് നാം ആ പുരാണനായ പരമപുരുഷന്റെ അടുക്കല്‍ മടങ്ങിയെത്തി.

ഇപ്പോള്‍ ഒരു സംഗതി വെളിവാകുന്നു. പ്രപഞ്ചശക്തിയുടെ വിവിധരൂപങ്ങളായ ജഡപദാര്‍ത്ഥം, വിചാരം, ശക്തി, ബുദ്ധി മുതലായവയെല്ലാം ആ സമഷ്ടിബുദ്ധിയുടെ പ്രകാശനങ്ങള്‍മാത്രം. ആ സമഷ്ടിബുദ്ധിയ്ക്ക് ഇനി നമുക്കു പരമേശ്വരന്‍ എന്ന പേര്‍ പറയാം. നാം കാണുന്നതും കേള്‍ക്കുന്നതും അറിയുന്നതും, പ്രപഞ്ചമാസകലം, പരമേശ്വരന്റെ നിര്‍മ്മാണം: കുറേക്കൂടി ശരിയായി പറഞ്ഞാല്‍, അവന്റെ സര്‍ജ്ജനം (പുറപ്പെടുവിക്കല്‍): ഇനിയും കുറേക്കൂടി ശരിയായി പറഞ്ഞാല്‍, ഈശ്വരന്‍തന്നെ. സൂര്യതാരകങ്ങളായി പ്രകാശിക്കുന്നതു പരമേശ്വരന്‍, ഭൂതധാത്രിയായ ഭൂമിയും പരമേശ്വരന്‍, സമുദ്രവും പരമേശ്വരന്‍: ജീവനം തരുന്ന വര്‍ഷമായി വരുന്നതും, നാം ഉള്‍ക്കൊള്ളുന്ന വായുവാകുന്നതും, നമ്മുടെ ശരീരത്തില്‍ ശക്തിരൂപത്തില്‍ പ്രവര്‍ത്തിക്കുന്നതും പരമേശ്വരന്‍. ഉച്ചരിക്കപ്പെട്ട വാക്കും അവന്‍, ഉച്ചരിക്കുന്ന മനുഷ്യനും അവന്‍, ഇവിടെയുള്ള ശ്രോതാക്കളും അവന്‍. ഞാന്‍ നില്‍ക്കുന്ന പ്രസംഗപീഠവും എനിക്കു നിങ്ങളെ കാണ്‍മാന്‍ കഴിവുണ്ടാക്കുന്ന പ്രകാശവും അവന്‍. സര്‍വ്വവും പരമേശ്വരന്‍. ജഗത്തിനു നിമിത്തകാരണവും ഉപാദാനകാരണവും അവന്‍. അണുജീവിയില്‍ അന്തര്‍ഭവിച്ച് മറ്റേ തലയ്ക്കല്‍ ഈശ്വരനായി പരിണമിക്കുന്നത് അവന്‍. അതിനീചമായ അണുവായി ഇറങ്ങിവന്ന് മെല്ലെമെല്ലെ സ്വപ്രകൃതിയെ വികസിപ്പിച്ച് സ്വസായൂജ്യം പ്രാപിക്കുന്നത് അവന്‍. ഇതത്രേ പ്രപഞ്ചരഹസ്യം. “പുരുഷനായതും, സ്ര്തീയായതും, യൗവനഗര്‍വ്വോടുകൂടി നടക്കുന്ന ബലവാനായതും, വടിയൂന്നി തപ്പിനടക്കുന്ന വൃദ്ധനായതും നീതന്നെ. നീ സര്‍വ്വത്തിലുമുണ്ട്. അല്ലയോ പരമേശ്വര! നീതന്നെ സര്‍വ്വം.” മനുഷ്യബുദ്ധിക്കു തൃപ്തി നല്‍കുന്ന പ്രപഞ്ചസമാധാനം ഇതൊന്നേ ഉള്ളൂ. ചുരുക്കിപ്പറഞ്ഞാല്‍ നാം ഈശ്വരങ്കല്‍നിന്നു ജനിച്ച്, ഈശ്വരങ്കല്‍ ജീവിക്കുന്നു, ഈശ്വരങ്കലേക്കു മടങ്ങിച്ചെല്ലുന്നു.

പ്രപഞ്ചം; ബ്രഹ്മാണ്ഡം (ന്യൂയോര്‍ക്ക്, ജനുവരി 19, 1896)