അമൃതാനന്ദമയി അമ്മ

ചിത്രരചനയ്ക്ക് ഒന്നാം സമ്മാനം ലഭിച്ച ഒരു മോളുടെ കഥ മക്കള്‍ക്ക് അറിയാമോ? ആ മകള്‍ക്ക് സമ്മാനമായി ലഭിച്ചത് ഒരു തൂക്കുവിളക്കായിരുന്നു. സ്ഫടികത്തില്‍ നിര്‍മ്മിച്ച്, ചിത്രപ്പണികള്‍ ചെയ്ത ഒരു തൂക്കു വിളക്ക്. അവര്‍ അത് സ്വീകരണമുറിയില്‍ തൂക്കിയിട്ടു. അതിന്റെ സൗന്ദര്യം നോക്കി നില്‍ക്കുമ്പോഴാണവര്‍ ഭിത്തിയില്‍ പെയിന്റൊക്കെ ഇളകിക്കിടക്കുന്നത് കണ്ടത്. എന്തോ ഒരു അഭംഗി. അവര്‍ മുറിയിലാകെ പെയിന്റെടിക്കാന്‍ തീരുമാനിച്ചു. പെയിന്റെടിച്ചു കഴിഞ്ഞപ്പോഴാണ് ജന്നല്‍ കര്‍ട്ടന്‍ മുഴുവന്‍ അഴുക്കാണെന്ന് ശ്രദ്ധിച്ചത്. ഉടനെ അവയൊക്കെ കഴുകിയിട്ടു. പിന്നെ നിലത്തു വിരിച്ചിരിക്കുന്ന കമ്പളത്തിലെ ചെളി കണ്ടുപിടിച്ച് അതു മാറ്റി പുതിയ ഒരെണ്ണം വിരിച്ചു. അവസാനം അതൊരു പുതിയ മുറിപോലെയായി. ഒരു നല്ല വിളക്കു തൂക്കിയിട്ടതില്‍ തുടങ്ങിയതാണ്. അതു മുറിയെ ആകെ വൃത്തിയിലേക്ക് നയിച്ചു.

അതുപോലെ നമ്മള്‍ ജീവിതത്തില്‍ ഒരു നല്ല കാര്യം അനുഷ്ഠിക്കാന്‍ തുടങ്ങിയാല്‍, അനേകം ഗുണങ്ങള്‍ സ്വാഭാവികമായും നമ്മില്‍ വന്നുചേരും പിന്നീടുള്ളത് ഒരു പുനര്‍ജന്മമായിരിക്കും. കാരണം ഈശ്വരന്‍ എന്നത് എല്ലാ സദ്ഗുണങ്ങളുടെയും ആകെത്തുകയാണ്. ഈശ്വരന്റെ അടുത്തേക്ക് നമ്മള്‍ ഒരടിവെച്ചാല്‍ അവിടുന്ന് ഇങ്ങോട്ട് ആറടിവെക്കും. ഇതിന്റെ അര്‍ത്ഥം ഈശ്വരന്‍ ദൂരത്താണന്നല്ല. സദ്ഗുണങ്ങളെ ഉള്‍ക്കൊണ്ടാല്‍ ഈശ്വരനെ ഉള്‍ക്കൊണ്ടു എന്നാണ്. നമ്മള്‍ചെയ്യുന്ന ഒരു നല്ല കാര്യം, ഈശ്വരനിലേക്കുള്ള ഒരടിവെക്കലാണ്. അതോടെ മറ്റുള്ള സദ്ഗുണങ്ങള്‍ വന്നു കൊള്ളും. പക്ഷേ,തുടക്കത്തില്‍ ഒരു നല്ല ഗുണമെങ്കിലും ജീവിതത്തില്‍ പകര്‍ത്താന്‍ നമ്മള്‍ ശ്രമിക്കണം. എങ്കിലേ, ഇതു സാധ്യമാകൂ.

കുട്ടികള്‍ക്ക് പരീക്ഷയില്‍ ജയിക്കാന്‍ വേണ്ടി മോഡറേഷന്‍ കൊടുക്കും. എല്ലാവര്‍ക്കും മോഡറേഷന്‍ ഉണ്ടെങ്കിലും ഇത്ര മാര്‍ക്ക് വാങ്ങിയിരിക്കണം എന്നുണ്ട്. ഒന്നും പഠിക്കാത്തവര്‍ക്ക് കിട്ടില്ല.അതിനാല്‍ കുട്ടികളുടെ ഭാഗത്തു നിന്നു കൂടി പ്രയത്നം ആവശ്യമാണ്. അതുപോലെ, എപ്പോഴും നമ്മില്‍ കൃപവര്‍ഷിക്കുന്നുവെങ്കിലും, അതു നമുക്കു പ്രയോജനപ്പെടണമെങ്കില്‍, അല്പം പ്രയത്നം നമ്മില്‍ നിന്നു കൂടിയുണ്ടാകണം. ഈശ്വരന്‍ കൃപചൊരിഞ്ഞാലും, അതു സ്വീകരിക്കുവാനുള്ള മനസ്സ് നമ്മിലില്ലെങ്കില്‍ പ്രയോജനമില്ല. പകല്‍ നേരം മുറിയുടെ വാതിലുകളും ജനലകളും അടച്ചിട്ടശേഷം ‘എനിക്കുമാത്രം സൂര്യപ്രകാശം തരുന്നില്ല’ എന്നു പറഞ്ഞിട്ടു കാര്യമില്ല. സൂര്യന്റെ പ്രകാശം എവിടെയുമുണ്ട്. അതു കിട്ടാന്‍ വാതിലുകള്‍ തുറന്നാല്‍ മാത്രം മതി. അതുപോലെ ഈശ്വരന്റെ കൃപലഭിക്കാന്‍ നമ്മുടെ ഹൃദയത്തിന്റെ വാതില്‍ തുറക്കണം. അതിനാല്‍ ഈശ്വരന്റെ കൃപയേക്കാള്‍ ഉപരി, ആദ്യം നമ്മുടെ മനസ്സിന്റെ കൃപ നമുക്കു കിട്ടണം. അവിടുന്ന് കൃപാലുവാണ്. നമ്മുടെ മനസ്സിന്റെ കൃപയില്ലായ്മയാണ് അവിടുത്തെ കൃപ ഉള്‍ക്കൊള്ളുന്നതിന് തടസ്സമായി നില്‍ക്കുനത്. ഒരാള്‍, നമ്മുക്ക് ഒരു വസ്തു തരുവാനായി നീട്ടുന്ന സമയം, നമ്മള്‍ അഹങ്കാരത്തോടെ നിന്നാല്‍ ‘ ‘ഓ,ഇവര്‍ ഇത്ര അഹങ്കാരിയാണല്ലോ, ഇവനിതുകൊടുക്കണ്ട, മറ്റാര്‍ക്കങ്കിലും നല്‍കാം’ എന്ന് വിചാരിച്ച് അതു തിരിച്ചെടുക്കും. അവിടെ ആത്മകൃപ നമുക്ക് ലഭിക്കാതെപോയി. ഒരു സാധനം ഒരാള്‍ നല്‍കാന്‍ ഭാവിച്ചെങ്കിലും നമ്മിലെ അഹങ്കാരം കാരണം അതു നഷ്ടമായി. നമുക്കു ലഭിക്കേണ്ടതായ കൃപ, നമ്മുടെ മനസ്സ് സജ്ജമാകാതിരിക്കുന്നതു കാരണം സ്വീകരിക്കാനായില്ല. ചില അവസരങ്ങളില്‍ നമ്മുടെ വിവേക ബുദ്ധി പറയും, ‘ഇങ്ങനെ ചെയ്യൂ’ എന്ന് . പക്ഷേ, നമ്മുടെ മനസ്സ് സമ്മതിക്കില്ല. ബുദ്ധി പറയും, ‘നീ വിനയം കാത്തിരിക്കൂ’ എന്ന് അപ്പോള്‍ മനസ്സു പറയും, ഇല്ല, അങ്ങനെ വിനയം കാണിച്ചാല്‍ ശരിയാവില്ല. അവന്റെ മുന്നില്‍ എനിക്കു തല കുനിക്കുവാന്‍ പറ്റില്ല എന്ന്. ഫലമോ, നേടാമായിരുന്ന വസ്തുക്കള്‍ നഷ്ടമാകും. സാധിക്കാമായിരുന്ന കാര്യങ്ങള്‍ നടക്കാതെ പോകും. അതില്‍ ഈശ്വരന്റെ കൃപ കിട്ടാന്‍, ആദ്യം നമുക്ക് ആത്മകൃപയാണ് ആവശ്യം. ഒരു ചുവട് ഈശ്വരനിലേക്ക് വെക്കുക. അതിനായി അഹങ്കാരം ഇല്ലാതെയാവണം. അതിനാണ് അമ്മ എപ്പോഴും പറയാറുള്ളത്. ‘മക്കളേ, ഒരു തുടക്കക്കാരനായിരിക്കൂ’ എന്ന്. ഒരു തുടക്കക്കാരന്‍ എന്നഭാവം നമ്മുടെ അഹങ്കാരത്തിന്റെ പത്തികളെ ഒതുക്കിവെക്കും. തുടക്കാരനായിരിക്കുക എന്നാല്‍ എന്നും പുരോഗതിയില്ലാതെ ഇരിക്കുക എന്നതല്ല സമൂഹത്തില്‍ ജീവിക്കുമ്പോള്‍, ജോലിചെയ്യുമ്പോള്‍ എങ്ങനെ നീങ്ങണം എന്നു സംശയം തോന്നും. ഓരോന്നിനും അതിന്റെതായ ധര്‍മമുണ്ട്. അതനുസരിച്ചു തന്നെ നീങ്ങണം. ഒരു പശു വന്ന് ചെടികള്‍ കടിച്ചു തിന്നുമ്പോള്‍ ‘പശുവേ, പശുവേ,’ എന്നു പതുക്കെപ്പറഞ്ഞുകൊണ്ട് നില്‍ക്കുകയല്ല വേണ്ടത്. ‘ഓട്, പശുവേ’ എന്ന് ഗൗരവത്തില്‍ ഉറക്കെപ്പറയുമ്പോള്‍, ആ ശബ്ദംകേട്ട് അതു പോകും. അങ്ങനെ ചെയ്യുന്നതിനെ അഹങ്കാരം എന്നു പറയാനാവില്ല. മറ്റൊന്നിന്റെ, പശുവിന്റെ, അറിവില്ലായ്മയെ തിരുത്തിക്കൊണ്ടുവരാനാണ് നമ്മള്‍ ശബ്ദം ഉയര്‍ത്തിയത്. അതില്‍ തെറ്റില്ല. എന്നാല്‍, ഉള്ളില്‍ എപ്പോഴും നമ്മള്‍ തുടക്കക്കാരനായിരിക്കണം. അതോടൊപ്പം ഉള്ളിന്റെ ഉള്ളില്‍ ഒരു കുഞ്ഞിന്റെ നിഷ്കളങ്കത സൂക്ഷിക്കാന്‍ സാധിക്കണം.

ഇന്നുള്ളവരുടെ ശരീരം വളര്‍ന്നു; പക്ഷേ, മനസ്സുവളര്‍ന്നില്ല. മനസ്സ് വളര്‍ന്നു വിശ്വത്തോളം എത്താന്‍ ആദ്യം കുഞ്ഞാകണം. കുഞ്ഞിനേ വളരാന്‍ കഴിയൂ. എന്നാല്‍ ഇന്നുള്ള മനസ്സ് അഹങ്കാരത്തിന്റെ മനസ്സാണ്. നമ്മുടെ പ്രയത്നം നമ്മിലെ അഹങ്കാരത്തിന്റെ നാശത്തിനാകണം. മറ്റുള്ളവരുമായുള്ള ശരിയായ ട്യൂണിങ് ആണാവശ്യം.

ഒരു ഇടുങ്ങിയ റോഡില്‍ക്കൂടി രണ്ടു കാറുകള്‍ നേര്‍ക്കുനേരെ വന്നാല്‍ ഒരാള്‍ പിന്നോട്ടുമാറി ഇടം കൊടുക്കണം.’ഞാന്‍ മാറില്ല,ഞാന്‍ മാറില്ല’ എന്ന് രണ്ടു പേരും വാശിപിടിച്ചാല്‍ ആര്‍ക്കും മുന്നോട്ടുപോകുവാന്‍ കഴിയില്ല. ഒരാള്‍ പിന്നോട്ട് മാറിയാല്‍ രണ്ടുപേര്‍ക്കും മുന്നോട്ട് പോകാന്‍ സാധിക്കും. ഇവിടെ ക്ഷമിച്ചവനും അതു സ്വീകരിച്ചവനും മുന്നോട്ടു പോകാനായി. അതുകൊണ്ടാണ് അമ്മ പറയുന്നത് ക്ഷമിക്കല്‍ എന്നാല്‍ മുന്നോട്ടുള്ള ഗമിക്കല്‍ ആണെന്ന്. അതു ക്ഷമിക്കുന്നവനെയും സ്വീകരിക്കുന്നവനെയും ഉയരങ്ങളിലേക്ക് കൊണ്ടു പോകും. ഇത്തരം ക്ഷമിക്കല്‍ ഈശ്വരനിലേക്കുള്ള നമ്മുടെ ഓരോ ചുവടുവെപ്പുകളാണ്. നമ്മുടെ ഭാഗത്തു നിന്ന് അല്പമെങ്കിലും പ്രയത്നം ഉണ്ടായാല്‍ മാത്രമാണ് ഈശ്വരനു നമ്മെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ പ്രയത്നം ഉണ്ടായില്ലെങ്കില്‍ കാരുണ്യമൂര്‍ത്തിയായ അവിടന്നു വര്‍ഷിക്കുന്ന കൃപ നമുക്ക് സ്വീകരിക്കാന്‍ കഴിയാതെ പോകും. അത് ഭഗവാന്റെ കുറ്റമല്ല. നമ്മുടെ കുറ്റമാണ് എന്ന് ഓര്‍മിക്കുക. ഈശ്വരനിലേക്ക് ഒരു ചുവട് വെക്കാന്‍ നമുക്ക് സാധിക്കണം. എങ്കില്‍ ഭഗവാന്റെ കൃപയ്ക്ക് നമ്മള്‍ പാത്രീഭവിക്കും.

കടപ്പാട്: മാതൃഭുമി