അമൃതാനന്ദമയി അമ്മ

മതത്തില്‍ പറയുന്ന ഭയഭക്തി നമ്മെ ഭയപ്പെടുത്തുവാന്‍ ഉള്ളതല്ലേ എന്ന് ഒരു മോന്‍ ചോദിച്ചു. മതത്തിലെ ഓരോ തത്ത്വവും പ്രകൃതിയുടെയും മനുഷ്യ സമൂഹത്തിന്റെയും നന്മകള്‍ മാത്രം ലക്ഷൃമാക്കിയുള്ളതാണ്. ‘കള്ളം പറഞ്ഞാല്‍ കണ്ണുപൊട്ടു’മെന്ന് നമ്മള്‍ കുട്ടികളോട് പറയാറുണ്ട്. അതു സത്യമായിരുന്നെങ്കില്‍ ഇന്നു ലോകത്ത് കണ്ണിനു കാഴ്ചയുള്ളവരെ കാണാന്‍ സാധിക്കുകയേ ഇല്ലായിരുന്നു! എന്നാല്‍ ഈ ചെറിയ ഒരു വാക്കുകൊണ്ടു കുട്ടികളില്‍ കള്ളം പറയുന്ന സ്വഭാവം വളര്‍ത്താതിരിക്കാന്‍ സാധിക്കും. പരസ്യം ‘പതിക്കരുതെന്ന’ ഒരു വരി പരസ്യം കൊണ്ടു മറ്റു പരസ്യങ്ങള്‍ തടയാന്‍ കഴിയുന്നതുപോലെ. വലുതായിക്കഴിയുമ്പോള്‍ ഈ പറയുന്നത് സത്യമല്ല എന്നറിഞ്ഞാലും കള്ളം പറയുന്നത് തെറ്റാണ് എന്നവന്‍ സ്വയം മനസ്സിലാക്കിയിരിക്കും.

ഇതുപോലെ മതത്തില്‍ പറയുന്ന ഭയഭക്തി നമ്മെ ഭയപ്പെടുത്തുവാനുള്ളതല്ല. നമ്മളില്‍ ശ്രദ്ധ വളര്‍ത്തുവാന്‍ വേണ്ടിയുള്ളതാണ്. ഏതു കര്‍മ്മവും ശരിയായ ഫലത്തിലെത്തണമെങ്കില്‍ ശ്രദ്ധവേണം. ശ്രദ്ധയുണ്ടെങ്കിലേ ക്ഷമയുണ്ടാകുകയുള്ളൂ. ക്ഷമയുള്ളവന്റെ കര്‍മമേ ശരിയായ കര്‍മമാകുകയുള്ളൂ.

ഈശ്വരനോടുള്ള ഭയഭക്തി എന്നാല്‍ മക്കള്‍ക്ക് എന്താണു തോന്നുന്നത്? അമ്മയുടെ ലോകത്തില്‍ ഈശ്വരനോടുള്ള ബഹുമാനവും ഒരമ്മയോടുള്ള ബന്ധവും ഇതു രണ്ടും കൂടിച്ചേരുന്നതാണ്. ഈ ഒരു ഭാവമാണു നമുക്കു പരാത്മാവിനോടു വേണ്ടത്. അതു കേവലം ഭയമല്ല. നമ്മിലെ വിവേകബുദ്ധിയെ വളര്‍ത്തുന്ന സത്വമാണ്.

ചീത്തക്കര്‍മം ചെയ്താല്‍ അതിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരും എന്നു പറയുന്നത്, നമ്മിലെ വിവേകശക്തിയെ ഉണര്‍ത്തുവാന്‍ വേണ്ടിയാണ്. അല്ലാതെ, വാളും ഗദയുമായി വന്ന് നമ്മുടെ കൈവെട്ടാന്‍ എവിടെയെങ്കിലും മുകളില്‍ ഒരു ചപ്രമഞ്ചത്തില്‍ നിന്നും ഈശ്വരന്‍ വരികയില്ല. ഈശ്വരന്റെ സ്ഥാനം അവിടെയാണ് എന്നു അമ്മയ്ക്ക് തോന്നുന്നില്ല. എല്ലാ ജീവജാലങ്ങളുടെയും ഹൃദയത്തിലാണ് ഈശ്വരന്റെ വാസം. പ്രകൃതിയിലെ ഓരോ ജീവിയെയും സംരക്ഷിച്ച് ആദരിക്കുന്നതിലൂടെ നമ്മള്‍ ഈശ്വരനെയാണ് പൂജിക്കുന്നത്.

‘നിന്നില്‍ വൈരക്കല്ലുണ്ട്. അജ്ഞാനമാകുന്ന എണ്ണയില്‍ വീണുകിടക്കുന്ന അതിന്റെ തിളക്കം നഷ്ടമായിരിക്കുന്നു. അതിന്റെ തിളക്കം വീണ്ടെടുക്കാന്‍ ഉള്ള ശ്രമം തുടങ്ങൂ. നീനിന്നിലേക്ക് നോക്കൂ. നീയാരാണന്നറിയൂ. അഹങ്കാരത്തെ വെടിഞ്ഞ് നിന്റെ ബോധത്തെ ഉണര്‍ത്തൂ. നീ ഭൂമിയിലേക്കു വന്ന അഞ്ചോ ആറോ അടിയില്‍ ഒതുങ്ങുന്ന ഒരു സാധാരണ മനു‌ഷ്യനല്ല. അനന്തമായ ആ തത്ത്വം തന്നെയാണ്. അതു മനസ്സിലാക്കി ജീവിക്കൂ. നിന്റെ ധര്‍മം എന്താണന്ന് അറിയൂ’- അങ്ങനെയാണ് മതം പറയുന്നത്.

പൂച്ചയെ കണ്ടാല്‍ പേടിച്ചോടുന്ന എലിയെപ്പോലെയല്ലാതെ മൃഗരാജനായ സിംഹത്തെപ്പോലെ ആവാനാണ് നാം ശ്രമിക്കേണ്ടത്. അതാണ് മതം പഠിപ്പിക്കുന്നത്. മതം ശക്തിയുടെ മന്ത്രമാണ്. മതം മനുഷ്യനിലെ മദത്തെ കളയാനുള്ള തത്വമാണ്.

ഈശ്വരനോടുള്ള ഭയഭക്തി, നമ്മളിലെ ദൗര്‍ബല്യത്തെ അതിജീവിക്കാന്‍ സഹായിക്കുന്നു. പ്രമേഹരോഗമുള്ള ഒരാളിന്റെ മുന്‍പില്‍ മധുര പലഹാരങ്ങള്‍ നിരത്തിവെച്ചാലോ? കൊതിക്കൂടുതല്‍ കൊണ്ട് അവനതെടുത്തു കഴിക്കും. അതാണ് നമ്മുടെ വാസന. അതു കഴിച്ചാലുണ്ടാകുന്ന ഭവിഷ്യത്തിനെക്കറിച്ചോ, മരണത്തെക്കുറിച്ചുപോലുമോ നമ്മള്‍ ചിന്തിക്കുന്നില്ല. നമ്മള്‍ നമ്മളേക്കാള്‍ നമ്മുടെ വാസനയ്ക്കാണ് അടിമപ്പെട്ടു കിടക്കുന്നത്. ദൗര്‍ബല്യങ്ങളെ അതിജീവിക്കാന്‍ ഈശ്വരനോടുള്ള ഭയഭക്തി സഹായിക്കുന്നു. സിഗററ്റുവലി ശീലമാക്കിയ ഒരാള്‍ ‘ഇനി സിഗരറ്റു വലിക്കില്ല, വലിക്കില്ല’ ​എന്നു പറയുമ്പോള്‍തന്നെ സിഗരറ്റ് ചുണ്ടത്ത് എത്തിയിരിക്കും. കാരണം പുകവലി എന്ന വാസനയ്ക്ക് അയാള്‍ അടിമയാണ്. അതില്‍ നിന്നും മോചനം തേടണമെങ്കില്‍ വൈരാഗ്യംകൂടാതെ പറ്റില്ല. സിഗരറ്റു വലിയുടെ ഭവിഷത്തിനെക്കുറിച്ച്, തന്മൂലം ഉണ്ടാകുന്ന അസുഖങ്ങളെക്കുറിച്ച് മനനം ചെയ്ത് മനസ്സിന് ആ വാസനയെ ചെറുക്കുവാനുള്ള ശക്തിനല്കണം. ഇതുപോലെ മനസ്സിന് ശക്തിനല്കാനാണ് ഈശ്വരനോടുള്ള ഭയഭക്തി.

മതതത്വങ്ങള്‍ കര്‍ശനമായി തോന്നാം. ഇത്രവേണമോ എന്ന് ചിന്തിക്കാം. എന്നാല്‍, അയവില്ലാത്ത കര്‍ക്കശമായ ആ നിലപാടാണ് നമ്മളോടുള്ള യഥാര്‍ഥ സ്നേഹം. ഓപ്പറേഷനു കൊണ്ടുവന്ന കുട്ടി ഉച്ചത്തില്‍ കരയുകയാണെങ്കില്‍ ഡോക്ടര്‍ എന്തുചെയ്യണം? ‘പൊന്നുമോനേ, നിന്നെ ഓപ്പറേഷ‌‌ന്‍ ചെയ്താല്‍ നിനക്കു വേദനിക്കും, അതുകൊണ്ട് മോന്‍ വീട്ടില്‍ പോകൂ’ എന്ന് ഡോക്ടര്‍ പറയുമോ? ഇത് കുട്ടിയോടുള്ള കാരുണ്യമാണോ, ദ്രോഹമാണോ? അതുപോലെ ധര്‍മ്മത്തിന്റെ പാതയില്‍ നിന്നു നമ്മള്‍ വ്യതിചലിക്കുമ്പോള്‍, അവിടത്തോടുള്ള ഭയഭക്തി, നമ്മളെ നേര്‍വഴിക്കു തിരിച്ചു വിടുന്നു. നമ്മളിലെ മാലിന്യങ്ങളെ അകറ്റുന്നു.

ഈശ്വരന്‍ ശിക്ഷിക്കുമെന്ന പേടിതന്നെ, നമ്മളില്‍ ശ്രദ്ധവളര്‍ത്തും. അവിടത്തെ ശിക്ഷയും രക്ഷയാണ്. പറഞ്ഞാല്‍ കേള്‍ക്കാത്ത കുട്ടിയെ മാതാവ് ശിക്ഷിക്കാറില്ലേ? അതു സ്നേഹക്കുറവുകൊണ്ടല്ല; അപ്പോള്‍ അനുഭവിക്കുന്ന വേദന പിന്നീടവനെ വലിയ അപകടങ്ങളില്‍പ്പെടാതിരിക്കാന്‍ സഹായിക്കും.

ഈശ്വരനോടുള്ള ഭയഭക്തിയെക്കുറിച്ചു തെറ്റായ ധാരണയാണ് പലര്‍ക്കും. തെറ്റുചെയ്യാത്ത ഒരുമനുഷ്യനും കാണില്ല. ‘തെറ്റുചെയ്താല്‍ ഈശ്വരന്‍ ശിക്ഷിക്കും. അതില്‍ നിന്നും രക്ഷനേടാന്‍, ഈശ്വരന്റെ മുന്‍പില്‍ വിളക്കുകത്തിച്ചാല്‍ മതി’ ഇതാണ് പലര്‍ക്കുമുള്ള ധാരണ.

‘എന്റെ വാക്കിലെ വെളിച്ചം കണ്ട് ഈശ്വരന്‍ രണ്ടു കിലോമീറ്റര്‍ നടന്നാല്‍, ഈശ്വന്‍ എന്നില്‍ സംപ്രീതനാകും’ എന്ന് ആരെങ്കിലും വിചാരിച്ചാല്‍ ഈ ധാരണ അബദ്ധമാണ്. ഇത്ശരിയായ ഈശ്വരവിശ്വാസമല്ല. ഉള്ള വിശ്വാസത്തെക്കൂടി നശിപ്പിക്കുന്ന ധാരണയാണ്. ക്ഷേത്രാചാരങ്ങളും വഴിപാടുകളും നമ്മിലെ ധര്‍മ്മബോധം വളര്‍ത്താനുള്ളതാണ്. നമ്മുടെ മനസ്സിനെ വിശാലമാക്കാനാണ് അവയൊക്കെ. ഈശ്വരനെ കണ്ടു കണ്ടു നടക്കുവാന്‍ നമ്മള്‍ തിരികത്തിക്കേണ്ട കാര്യമില്ല. അതു സൂര്യനു വഴി കാണാനായി മെഴുകുതിരി വെട്ടം കാട്ടുന്നത് പോലെയാണ്.

മറ്റെല്ലാ ഭയങ്ങളും മനസ്സിന്റെ ശാന്തി കെടുത്തും എന്ന് മക്കള്‍ക്ക് മനസ്സിലായിട്ടില്ലേ? പക്ഷേ, ഈശ്വരനോടുള്ള ഭയഭക്തി ശാന്തി കൈവരുത്തും. ഈശ്വര ഭക്തിയുള്ളവന്‍ അമ്മയുടെ മടിയില്‍ ഇരിക്കുന്ന കുഞ്ഞിനെപ്പോലെ നിശ്ചിന്തനും സന്തോഷവാനുമാണ്. എന്നാല്‍ അവര്‍തെറ്റിലേക്കുപോകുന്നില്ല. അവന്റെ കര്‍മം തനിക്കുവേണ്ടിയല്ല. ഈശ്വരപ്രീതിക്കാണ്. അത്തരം കര്‍മ്മങ്ങള്‍ സമസ്ത ജീവരാശിക്കും ഹിതമായിരിക്കും. അതുകൊണ്ട് മക്കള്‍ അത്തരം ഈശ്വരഭക്തിയാണ് വളര്‍ത്തേണ്ടത്. അതിലൂടെ സര്‍വ ചരാചാരങ്ങള്‍ക്കും മനുഷ്യരാശിക്കും സമാധാനം കൈവരും.

കടപ്പാട്: മാതൃഭുമി