ഗീത നല്‍കുന്നത്‌ തോന്നിയതു ചെയ്യാനുള്ള സ്വാതന്ത്ര്യം (104)


ഗീത നമുക്ക്‌ അപരിമിതമായ സ്വാതന്ത്ര്യം തരുന്നു. രഹസ്യത്തേക്കാള്‍ രഹസ്യമായ അറിവിനെ പറഞ്ഞുതരാമെന്ന്‌ ഭഗവാന്‍ പറയുന്നു. തുടര്‍ന്നു പറയുന്നത്‌ ഇതിനെ ഒന്നൊഴിയാതെ ആലോചിച്ച്‌ വിമര്‍ശനവിധേയമാക്കി എങ്ങിനെ തോന്നുന്നുവോ (അറിവിന്റെ വെളിച്ചത്തില്‍ എന്താണോതോന്നുന്നത്‌) അതുപോലെ ചെയ്യു എന്നാണ്‌. ഭഗവാന്‍ നമ്മുടെ മുഴുവന്‍ സാധ്യതയും പുറത്തെടുക്കാന്‍ ‍പ്രേരിപ്പിക്കുന്നു.

ലോകത്തിലെ എല്ലാ അനിഷ്ടങ്ങളും ഇഷ്ടങ്ങളും നമ്മുടെ ഉള്ളിലുണ്ട്‌. ന‍ാം കണ്ണാടി നോക്കുന്ന പോലെയാണ്‌ ലോകത്തെ കാണേണ്ടത്‌. നമ്മുടെ പ്രതിരൂപമാണ്‌ വിശ്വം. അറിവാകുന്ന ദൃഷ്ടി കൊണ്ടേ ഇതിനെ കാണാന്‍ കഴിയൂ. സൂര്യോദയം കണ്ട്‌, ചന്ദ്രനെ കണ്ട്‌, പൂക്കളെ കണ്ട്‌ ഒക്കെ മതിയായവനേ ഇനി ജന്മം വേണ്ടെന്ന്‌ പറയു. ഈ ഭാരതഭൂമിയില്‍ ഇനിയും ജനിക്കാന്‍ തയ്യാറാണെന്നാണ്‌ സ്വാമി വിവേകാനന്ദന്‍ തന്നെ പറഞ്ഞത്‌. ഈ പ്രപഞ്ചത്തിലെല്ലാറ്റിലൂടെയുമാണ്‌ ന‍ാം കടന്നുവന്നത്‌. നമുക്കായി എല്ല‍ാം ഒരുത്തിയിരിക്കുന്നു. ഈ വന്ന വഴിയെ പ്രാര്‍ഥനാപൂര്‍വം സ്മരിക്കുന്നതിന്റെ ഭാഗമായാണ്‌ ന‍ാം പ്രതീകങ്ങള്‍ അര്‍ഹിക്കുന്നത്‌. ധ്യാനത്തിലൂടെ ന‍ാം വന്നവഴികളിലേക്ക്‌ സഞ്ചരിക്ക‍ാം.ധ്യാനം പരിശീലിക്കുന്നത്‌ സൈക്കിള്‍ പഠിക്കുന്ന പോലെയാണ്‌. പഠിക്കുന്ന സമയത്ത് അതിന്റേതായ നിയമങ്ങള്‍ മുഴുവന്‍ പാലിക്കണം. സൈക്കിള്‍ ദപഠിക്കുന്ന സമയത്ത് ആരും ഒരു കൈവിട്ട് ചവിട്ടില്ല. പഠിച്ചു കഴിഞ്ഞാല്‍ പല നിയമങ്ങളും കടന്ന്‌ അനായാസേന സഞ്ചരിക്കും. ധ്യാനം സ്വായത്തമാക്കിയാല്‍ പുതിയ സാധ്യതകള്‍ തേട‍ാം. പിന്നെ ഒരിടത്തിരിക്കണമെന്നും തന്നെയില്ല.

ആത്മജ്ഞാനം നേടിയവര്‍ മുഴുവന്‍ സമയവും എന്തു ചെയ്യുമ്പോഴും ധ്യാനാവസ്ഥയിലായിരിക്കും. ഇത്‌ അറിവുകൊണ്ട്‌ വേണം നേടാന്‍. കടുത്ത പരീക്ഷണങ്ങളൊന്നും വേണ്ട. മാര്‍ഗത്തില്‍ വാശിപിടിച്ച്‌ ലക്ഷ്യത്തെ അവഗണിക്കരുത്‌. ഞാന്‍ ചെയ്തത്‌ ശരിയായില്ല എന്ന കുറ്റബോധം ഒരിക്കലും പാടില്ല. ‘എനിക്കിനി പറ്റില്ലല്ലോ, പണ്ടായിരുന്നെങ്കില്‍’ എന്ന ചിന്തയും വേണ്ട. എപ്പോഴായാലും എങ്ങനെയായാലും ശ്രദ്ധയാണ്‌ പരമപ്രധാനം. ആത്മാന്വേഷണത്തിനായി ഗൃഹത്തിലിരിക്കുന്നവന്‍ വനത്തിലിരിക്കുന്നവനെപ്പോലെയും വനത്തിലിരിക്കുന്നവന്‍ ഗൃഹസ്ഥനെപ്പോലെയും ആചരിക്കരുതെന്ന്‌ തപോവനസ്വാമികള്‍ പറയുന്നു. വിവേകിയായ ഗൃഹസ്ഥന്‍ ഭോഗേച്ഛ കൂടാതെ സ്വധര്‍മാനുഷ്ഠാനമായി വിഷയങ്ങള്‍ ഗ്രഹിക്കുന്നു. അതിലൂടെ ആത്മസത്യത്തെ പ്രാപിക്കുന്നു.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാനയജ്ഞം

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 2 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. April 2nd, 2010 1:22 pm IST യ്ക്ക് ശങ്കരന്‍:

    ശ്രീ,

    ഈ ലേഖനത്തിന്റെ തലക്കെട്ട് ലേശം വഴി തെറ്റിക്കുന്നതാണ് – തോന്നിയതു ചെയ്യുവാനുള്ള സ്വാതന്ത്ര്യം തന്നെയാണോ ഭഗവാന്‍ അര്‍ജുനന് നല്കിയത്? “വിമൃശ്യൈതദശേഷേണ” എന്നു ഭഗവാന്‍ അതിനു മുന്പേ പറയുന്നില്ലേ? വിവേകബുദ്ധി കൊണ്ട് ശരിക്ക് വിചിന്തനം ചെയ്തിട്ട് വേണം തീരുമാനമെടുക്കാന്‍ എന്നാണ് ശ്രീകൃഷ്ണഭവഗാന്‍ ഉദ്ദേശിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

    അതു മാത്രമല്ല ഈ അദ്ധ്യായത്തില്‍ തന്നെ നേരത്തെ 58 മുതല്‍ 60 വരെയുള്ള ശ്ലോകങ്ങളിലും ഭഗവാന്‍ അര്‍ജുനനെ നന്നായിത്തന്നെ മുന്നറിയിപ്പ് നല്കുന്നുമുണ്ട് – ഞാന്‍ പറഞ്ഞതിനെ അഹങ്കാരവശാല്‍ നീ ചെവിക്കൊണ്ടില്ലെങ്കില്‍ നീ തീര്‍ച്ചയായും നശിക്കും എന്ന്. ഈ ശ്ലോകങ്ങള്‍ അര്‍ത്ഥസഹിതം താഴെ ചേര്‍ക്കുന്നുണ്ട്. അപ്പോള്‍ താന്‍ പറഞ്ഞതിനെ അര്‍ജുനന്‍ ഒരു കാരണവശാലും ധിക്കരിക്കില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം ഭഗവാന്‍ അര്‍ജുനന് നാമമാത്രമായി സ്വാതന്ത്ര്യം നല്കുകയാണുണ്ടായതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അര്‍ജുനനും ഭഗവാന്‍ പറഞ്ഞതിനെ അക്ഷരം പ്രതി അനുസരിക്കുകയും ചെയ്തുവെന്ന് പിന്നീടുള്ള മഹാഭാരതകഥ വെളിപ്പെടുത്തുന്നുമുണ്ട്.

    ഇതില്‍ തെറ്റുണ്ടെങ്കില്‍ ശ്രീയോ, മറ്റു വായനക്കാരോ ചൂണ്ടിക്കാണിക്കുമല്ലോ.

    മച്ചിത്തഃ സര്‍വ്വദുര്‍ഗാണി മത്പ്രസാദാത്തരിഷ്യസി
    അഥ ചേത്ത്വമഹംകാരാന്ന ശ്രോഷ്യസി വിനങ്ക്ഷ്യസി (58)

    എന്നില്‍ മനസ്സുറപ്പിച്ചു നിര്ത്തിയാല്‍ എന്റെ പ്രസാദത്താല്‍ നീ എല്ലാ തടസ്സങ്ങളെയും മറികടക്കും. അഥവാ, അഹങ്കാരത്താല്‍ എന്റെ ഉപദേശത്തെ തിരസ്കരിച്ചാല്‍ നീ നശിക്കുന്നതാണ്.

    യദഹംകാരമാശ്രിത്യ ന യോത്സ്യ ഇതി മന്യസേ
    മിഥ്യൈഷ വ്യവസായസ്തേ പ്രകൃതിസ്ത്വാം നിയോക്ഷ്യതി

    അഹങ്കാരം കാരണം നീ “ഞാന്‍ യുദ്ധം ചെയ്യുകയില്ല” എന്നു കരുതുകയാണെങ്കില്‍ നിന്റെ ആ നിശ്ചയം വെറുതെയാണ്. പ്രകൃതി (നിന്റെ സ്വഭാവം) നിന്നെക്കൊണ്ട് യുദ്ധം ചെയ്യിപ്പിക്കും.

    സ്വഭാവജേന കൌന്തേയ നിബദ്ധഃ സ്വേന കര്‍മണാ
    കര്തും നേച്ഛസി യന്മോഹാത്കരിഷ്യസ്യവശോപി തത്

    ഹേ കൗന്തേയ, നിന്റെ സ്വഭാവജന്യമായ കര്‍മ്മത്താല്‍ ബദ്ധനായ നീ യുദ്ധം ചെയ്യാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും നിനക്ക് ആ കര്‍മ്മം നിസ്സഹായനായി ചെയ്യേണ്ടതായി വരും.

  2. April 2nd, 2010 11:42 pm IST യ്ക്ക് ശ്രീ (sreyas.in):

    പ്രിയപ്പെട്ട ശ്രീ ശങ്കരന്‍,
    ഈ ലേഖനത്തിന്റെ തലക്കെട്ടുമൂലം ഉണ്ടായിട്ടുള്ള അവ്യക്തത കൂടുതല്‍ വ്യക്തമായി പറഞ്ഞതിന് വളരെ നന്ദി.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/freedom-to-do-the-right-thing-gita-104
ഇമെയില്‍ : sree@sreyas.in