വേണ്ടത് യുക്തിഭദ്രമായ അറിവ് (60)

യുക്തിക്കതീതമാണ് പരമമായ അറിവ്. എന്നാല്‍ അതിനായുള്ള അന്വേഷണത്തില്‍ യുക്തിഭദ്രമായ, ശാസ്ത്രാനുസാരിയായ സമീപനം വേണം. അജ്ഞനാണ് ഈശ്വരനെ രാഷ്ട്രീയക്കാരെപ്പോലെ പുകഴ്ത്തുക. എല്ലാറ്റിന്റേയും അധീശനെന്ന ഉത്കൃഷ്ടഭാവത്തെ അറിയാത്ത മൂഢന്മാര്‍ എന്നെ മനുഷ്യദേഹത്തെ ആശ്രയിച്ചവനായി അവഹേളിക്കുന്നു എന്ന് ഭഗവാന്‍ പറയുന്നു. സൃഷ്ടിയിലൂടെ വേണം സ്രഷ്ടാവിനെ അന്വേഷിക്കാന്‍. വൃക്ഷം, ജലം, ജീവികള്‍, ഭൂമി തുടങ്ങിയവയൊന്നുമല്ലാത്ത ഒരു ഈശ്വരനില്ല.

എല്ലായിടത്തും സഞ്ചരിക്കുന്ന മഹത്തായ വായു ഏതു പ്രകാരമാണോ ആകാശത്തില്‍ (ഇടം) സ്ഥിതിചെയ്യുന്നത് അതുപോലെ എല്ല‍ാം ഭഗവാനില്‍ നിലകൊള്ളുന്നു. നമ്മുടെയും നിലനില്പ് ഇത്തരത്തിലാകണം. ഒന്നും ചെയ്യാന്‍ ശ്രമിക്കാതെ എല്ല‍ാം ചെയ്യുക, ഒന്നും നേടാന്‍ ശ്രമിക്കാതെ എല്ല‍ാം നേടുക. എല്ല‍ാം ഭഗവാനില്‍ ലയിക്കുന്നതാണ് പ്രളയം. ഭഗവാനില്‍ നിന്നു തന്നെ എല്ലാ ചരാചരങ്ങളും പുറത്തുവരുന്നു. സ്വന്തം സ്വഭാവം കാരണം പ്രകൃതിക്ക് വശമായതുകൊണ്ട് അസ്വതന്ത്രമായിട്ടുള്ള എല്ല‍ാംതന്നെ വീണ്ടും വീണ്ടും സൃഷ്ടിക്കപ്പെടും.

എന്നാല്‍ ആ കര്‍മ്മങ്ങളില്‍ ആസക്തിയില്ലാതെ ഉദാസീനനെപ്പോലെ (പ്രത്യേക താല്പര്യമില്ലാതെ) ഇരിക്കുന്ന ഭഗവാനെ ആ കര്‍മ്മങ്ങളൊന്നും ബന്ധിക്കുന്നില്ല.

പാഴ്മോഹങ്ങളുള്ള, ഫലശൂന്യമായ കര്‍മ്മങ്ങള്‍ ചെയ്യുന്ന, പ്രയോജനരഹിതമായ അറിവോടുകൂടിയ വിപരീത ബുദ്ധികള്‍ മോഹകരവും ഹിംസാത്മകവും കാമാദിപൂര്‍ണ്ണമായതുമായ (ആസുരികമായ) പ്രകൃതിയെ ആശ്രയിച്ചവരാണ്. മഹാത്മാക്കളാകട്ടെ എല്ലാറ്റിനും കാരണമായ നശിക്കാത്ത ഭഗവാനെ അറിഞ്ഞിട്ട് ഏകാഗ്രചിത്തയോടെ ഭജിക്കുന്നു. (സേവനമാണ് ഭജനം).

എപ്പോഴും ഭഗവാനെ കീര്‍ത്തിച്ച് (ജാഗ്രതയോടെയുള്ള ഏത് സംസാരവും കീര്‍ത്തനമാണ്) ദൃഢപ്രയത്നം ചെയ്ത് വിനയഭാവത്തില്‍ ശ്രദ്ധയോടെ ഉപാസിക്കണം. ഈ നമസ്കാര (വിനയ) ഭാവമാണ് ഗീതയിലെ വില്ലുകുലക്കല്‍. മുകളിലെ അറ്റം താഴേക്കും അടിഭാഗം മുകളിലേക്കുമുയരും വില്ലുകുലയ്ക്കുമ്പോള്‍. അഹങ്കാരത്തിന്റെ നാശവും അഹംബോധത്തിന്റെ ഉയര്‍ച്ചയും ഇത് സൂചിപ്പിക്കുന്നു. അങ്ങനെ സാമ്യാവസ്ഥയെ പ്രാപിക്കലാണ് നമസ്കാരം.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം