അമൃതാനന്ദമയി അമ്മ

മക്കളേ,

പ്രജാക്ഷേമ തത്പരനായിരുന്ന ഒരു രാജാവിന്റെ സദസ്സില്‍ ധാരാളം പണ്ഡിതന്മാര്‍ ഉണ്ടായിരുന്നു. രാജസദസ്സില്‍ വിദൂഷകന്മാരും സൈന്യാധിപന്മാരും ഉണ്ടായിരുന്നു. രാജസദസ്സിലെ ജ്യോതിഷപണ്ഡിതന്റെ കഴിവിനെക്കുറിച്ച് എല്ലാവര്‍ക്കും മതിപ്പായിരുന്നു. ഒരുദിവസം രാജാവ് അദ്ദേഹത്തെ വിളിച്ചുവരുത്തി. രാജാവിന്റെ ജാതകം ഗണിച്ച് നല്‍കണം എന്ന് ആജ്ഞാപിച്ചു. രാജാവിന്റെ ആയുസ്സിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്.

കണക്കുകൂട്ടിയും ഗണിച്ചും ജ്യോതിഷപണ്ഡിതന്‍ രാജാവിന്റെ ആയുസ്സിനെക്കുറിച്ച് പഠിച്ചു. അന്ന് സൂര്യാസ്തമയം വരെ മാത്രമേ രാജാവിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. രാജാവിന്റ നിര്‍ബന്ധത്തിന് വഴങ്ങി ജ്യോതിഷപണ്ഡിതന്‍ ഈ രഹസ്യം രാജസദസ്സില്‍ വെളിപ്പെടുത്തി.

പ്രവചനം കേട്ട രാജാവ് ആകെ പരിഭ്രാന്തനായി. മരിക്കാന്‍ ഇഷ്ടപ്പെടുന്ന ആരും ഉണ്ടാവില്ലല്ലോ? ദുഃഖത്തെയും ദുരിതത്തെയും ദാരിദ്ര്യത്തെയും കുറിച്ച് പരാതിപ്പെടുന്ന ആളുകള്‍പോലും മരിക്കാന്‍ ആഗ്രഹിക്കാറില്ല. അപ്പോള്‍ സുഖസൗകര്യങ്ങളുടെ നടുവില്‍ രാജകൊട്ടാരത്തില്‍ കഴിയുന്ന രാജാവിന്റെ കാര്യം പറയേണ്ട കാര്യമില്ലല്ലോ? രാജാവിന്റെ ആധി രാജസദസ്സിലെ അംഗങ്ങളിലേക്കും പടര്‍ന്നു. തങ്ങളുടെ പ്രിയങ്കരനായ രാജാവിനെ ഈ അത്യാപത്തില്‍നിന്ന് രക്ഷിക്കാന്‍ എന്താണ് മാര്‍ഗം എന്ന് അവര്‍ തലപുകഞ്ഞ് ആലോചിച്ചു. വിധിയെ തടുക്കാനുള്ള ഉപായങ്ങള്‍ തേടി പല ഗ്രന്ഥങ്ങളും മറിച്ചുനോക്കി. അവര്‍ ന്യായങ്ങളും പോംവഴികളും ആലോചിക്കുകയും തര്‍ക്കിക്കുകയും ചെയ്തു.

ചില മന്ത്രങ്ങള്‍ ജപിച്ചാല്‍ വിധിയെ തടുക്ക‍ാം എന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ മറ്റു പണ്ഡിതര്‍ അതിനെ ഖണ്ഡിച്ചു. മറ്റൊരു പണ്ഡിതന്‍ മൃത്യുവിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടാന്‍ മറ്റു ചില മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. അതിനെതിരെയും തര്‍ക്കവാദങ്ങള്‍ ഉണ്ടായി. ഉച്ചസമയം ആയിട്ടും വ്യക്തമായ ഒരു പോംവഴി തെളിഞ്ഞുകണ്ടില്ല. രാജാവിന്റെ അസ്വസ്ഥത കൂടിവന്നു. ”വേഗം നിങ്ങള്‍ ഒരു പരിഹാരം കണ്ടെത്തൂ. ഇപ്പോള്‍ത്തന്നെ ഉച്ച സമയമായി”-അദ്ദേഹം പറഞ്ഞു. പെട്ടെന്ന് ഒരു പണ്ഡിതന്‍ തനിക്കുതോന്നിയ ഉപായം പറഞ്ഞു. ”രാജകൊട്ടാരത്തില്‍ രാജാവായിരിക്കുന്ന അങ്ങാണല്ലോ ഇന്ന് സൂര്യാസ്തമയത്തിന് മരിക്കാന്‍ പോകുന്നത്. വേഗമേറിയ ഒരു കുതിരപ്പുറത്ത് കയറി ഈ കൊട്ടാരത്തില്‍നിന്ന് അങ്ങ് ദൂരേക്ക് പോകണം. എത്രയേറെ ദൂരത്തേക്ക് പോകുന്നോ അത്രയും വിധിയെ അകറ്റി നിര്‍ത്താന്‍ കഴിയും. ഉടന്‍ യാത്ര പുറപ്പെടൂ.”

മഹാരാജാവിനും ഈ അഭിപ്രായം ശരിയാണ് എന്ന് തോന്നി. രാജകൊട്ടാരത്തിലെ ഏറ്റവും വേഗമേറിയ കുതിരയുടെ പുറത്തുകയറി അദ്ദേഹം യാത്ര പുറപ്പെട്ടു. സൂര്യാസ്തമയത്തിന് മുന്‍പ് നൂറുകണക്കിന് നാഴിക താണ്ടി അദ്ദേഹം സ്വന്തം രാജ്യത്തിന്റെ അതിര്‍ത്തിയിലെത്തി. യാത്ര ചെയ്തു തളര്‍ന്ന അദ്ദേഹം ഒരു മരച്ചുവട്ടില്‍ വിശ്രമിക്കാന്‍ കിടന്നു. അന്നത്തെ പ്രഭാതം മുതല്‍ നടന്ന കാര്യങ്ങള്‍ അദ്ദേഹം മനസ്സില്‍ കണ്ടു. ഇരുട്ടുന്നതിന് മുന്‍പ് രാജകൊട്ടാരത്തില്‍നിന്ന് ഇത്രയേറെ ദൂരത്ത് എത്തിയതുകൊണ്ട് താന്‍ രക്ഷപ്പെട്ടു എന്ന് അദ്ദേഹം മനസ്സില്‍ പറഞ്ഞു. മരണത്തെ ജയിച്ചു എന്ന് അദ്ദേഹം ഉറപ്പിച്ചു. സൂര്യന്‍ അസ്തമിച്ച ഉടന്‍ യമദേവന്‍ അദ്ദേഹത്തിന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു.

”രാജാവേ, അങ്ങ് ഇവിടെ എത്തിച്ചേരും എന്ന് പ്രതീക്ഷിച്ച് ഞാന്‍ കാത്തിരിക്കുകയായിരുന്നു. അങ്ങ് വന്നില്ലെങ്കിലോ എന്ന് ഓര്‍ത്ത് ഞാന്‍ വിഷമിക്കാന്‍ തുടങ്ങുമ്പോള്‍ കൃത്യസമയത്ത് അങ്ങ് ഇവിടെ എത്തി”-യമദേവന്‍ പറഞ്ഞു. പിന്നെ എന്താണ് സംഭവിച്ചത് എന്ന് മക്കള്‍ക്ക് അറിയാമല്ലോ? മരണത്തില്‍ നിന്ന് ആര്‍ക്കാണ് ഒളിച്ചോടാന്‍ കഴിയുക? ഭൂമിയില്‍ ജനിച്ചവര്‍ക്ക് ഒക്കെ മരണവും ഉണ്ട്. ഓരോ നിമിഷവും മരണത്തിലേക്ക് നിങ്ങള്‍ അടുത്തുകൊണ്ടിരിക്കുകയാണ് എന്ന സത്യം പലരും മറക്കുന്നു.

ഋഷീശ്വരന്മാരും മഹാത്മാക്കളും, ഉറപ്പായി എത്തുന്ന, മാറ്റാന്‍ കഴിയാത്ത ഈ സത്യത്തെക്കുറിച്ച് നമ്മളെ അറിയിച്ചു. ‘ഞാന്‍’ എന്ന ഭാവമാണ് മരണത്തോടെ അസ്തമിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ‘ഞാന്‍’ എന്ന ഭാവത്തെ അതിജീവിച്ചവര്‍ക്ക് മരണഭയം ഉണ്ടാവില്ല. അവര്‍ക്ക് ഓരോ നിമിഷവും ജീവിതമാണ്. ‘ഞാന്‍’, ‘എന്റെ’ എന്ന വിചാരങ്ങള്‍ കൂടുതല്‍ ഉള്ളവര്‍ക്ക് മരണഭയം കൂടും. പ്രിയപ്പെട്ട പലതിനെയും ഉപേക്ഷിക്കേണ്ടിവരുന്ന മരണത്തെ അത്തരക്കാര്‍ ഭയക്കുന്നു. ഈ ഭാവത്തെ അതിജീവിച്ചവര്‍ക്ക് പരമാത്മാവുമായി താദാത്മ്യം പ്രാപിക്കുന്ന മനോഹരമുഹൂര്‍ത്തമാണ് മരണം. ഭഗവാനില്‍ ലയിക്കാനുള്ള അവസരമാണ് അത്. കടലിലെ ഓരോ തിരമാലയ്ക്കും അറിയ‍ാം അവര്‍ സാഗരത്തിന്റെ ഭാഗമാണ് എന്ന്. അതുപോലെ വിശ്വം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന ചൈതന്യത്തിന്റെ ഭാഗമാണ് നിങ്ങള്‍ എന്ന തിരിച്ചറിവ് സ്വയം വളര്‍ത്തിയെടുക്കണം. അപ്പോള്‍ അജ്ഞാനം കൊണ്ടുള്ള എല്ലാ ഭയവും അകലും.

അമ്മ

കടപ്പാട് : അമൃതവചനം, മാതൃഭൂമി