ഗീത നല്‍കുന്നത് വലിയ സ്വാതന്ത്ര്യമാണ് (70)

കൃഷ്ണന്‍ എല്ലാ നിയമങ്ങള്‍ക്കും വിപരീതമായി പ്രവര്‍ത്തിച്ചവനാണ്. പാരമ്പര്യത്തെ നിഷേധിച്ചു. എല്ലാറ്റിനും പൂര്‍ണത നല്‍കി. ഗീത നല്‍കുന്നത് വലിയ സ്വാതന്ത്ര്യമാണ്. സ്വന്തം വഴി തുറക്കലാണത്. എല്ലാ ചട്ടക്കൂടുകളില്‍ നിന്നും മാറി നിങ്ങളെ നിങ്ങളാക്കി നിര്‍ത്തുക. സ്വന്തംകാലില്‍ നില്‍ക്കുമ്പോള്‍ ഒരു പുരോഹിതനും നിങ്ങള്‍ക്കാവശ്യമില്ല.

ലോകത്തെ മുഴുവന്‍ തപിപ്പിക്കുന്ന വിശ്വരൂപം ദര്‍ശിച്ച് അര്‍ജുനന്‍ പറയുന്നു: ‘അല്ലയോ ദേവശ്രേഷ്ഠ, അങ്ങേയ്ക്ക് നമസ്കാരം’. ഈ ഭാവമാണ് നമുക്കും വേണ്ടത്. ദാരുണമായ കാഴ്ചകളില്‍ ഭഗവാനെ പഴിപറയുന്ന ശീലമാണ് നമുക്ക്. പ്രശ്നസങ്കീര്‍ണതയില്‍ ന‍ാം കൈവരിക്കേണ്ട മനോഭാവം വിധിയെഴുത്തല്ല. മനസ്സിലാകാത്ത പലതും ജീവിതത്തില്‍ സംഭവിക്കുന്ന സമയത്ത് ‘എല്ലാറ്റിനും ആധാരമായ ഭഗവാനെ ഞാനറിയാനാഗ്രഹിക്കുന്നു’ എന്ന മനോഭാവമുണ്ടായാല്‍ എല്ല‍ാം തെളിഞ്ഞു കിട്ടും. വിശ്വരൂപദര്‍ശനത്തില്‍ വൈരുപ്യവും സൗന്ദര്യമാകും. നല്ലതും അല്ലാത്തതും ഉള്ളതും ഇല്ലാത്തതും ഒക്കെ അവിടെ സമന്വയിക്കുന്നു. ലോകത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമാണ് ഭഗവാന്‍. ഇത് നിലനിര്‍ത്തല്‍ കൂടിയാണ്. കാരണം അനുസ്യൂതമായ മാറ്റമാണ് നിലനില്പിനടിസ്ഥാനം.

ഈ യോദ്ധാക്കള്‍ നീ ഇല്ലെങ്കിലും ഇല്ലാതായിത്തീരുമെന്ന് ഭഗവാന്‍ അര്‍ജുനനോട് പറയുന്നു (ജനനത്തോടൊപ്പം മരണവും നിശ്ചയിക്കപ്പെട്ടിരിക്കുന്നു എന്ന് സാരം). നീ നിമിത്തം മാത്രമാണ്. ആ ഭാവത്തില്‍ കര്‍മ്മം ചെയ്ത് ജയിച്ച് ഐശ്വര്യപൂര്‍ണമായ ലോകത്തെ അനുഭവിക്കൂ. ഭഗവാന്റെ ഈ ചൈതന്യം കണ്ട് എല്ല‍ാം ഓടുന്നു എന്നത് എല്ലാവരും ഭഗവദ്സാന്നിധ്യത്താല്‍ വിശ്രമരഹിതമായി കര്‍മ്മങ്ങള്‍ ചെയ്യുന്നു എന്നു കാണിക്കുന്നു.

സത്തിനും (ഉള്ളത്) അസത്തിനും (ഇല്ലാത്തത്) അപ്പുറമുള്ള നാശരഹിതമായ പരംപൊരുളാണ് ഭഗവാനെന്ന് അര്‍ജുനന്‍ വിശ്വരൂപദര്‍ശനത്തിലൂടെ അറിയുന്നു.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം