ശ്രീ തുഞ്ചത്ത് എഴുത്തച്ഛ‍ന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് [ PDF, MP3] ആണല്ലോ മലയാളികള്‍ ഏറ്റവും കൂടുതല്‍ പാരായണം ചെയ്യുന്നത്. സീതാരാമകഥയുമായി എന്തെങ്കിലും പ്രത്യേക ബന്ധം ഒന്നുമില്ലെങ്കിലും (അഥവാ ഉണ്ടോ?) കര്‍ക്കിടക മാസം “രാമായണ മാസം” ആയി ആചരിക്കാറുണ്ട്. കര്‍ക്കിടകം ഒരു പഞ്ഞമാസം (അതായത് പട്ടിണിയും മറ്റു ദുരിതങ്ങളും കൂടുതലുള്ള മാസം) ആയിട്ടാണ് കരുതുന്നത്. അതില്‍നിന്ന് മുക്തി നേടാന്‍ രാമായണ പാരായണം സഹായിക്കും എന്നതാവ‍ാം ഇതിന്റെ പിന്നില്‍.

മൂലകൃതിയായ വാല്മീകി രാമായണത്തില്‍ നിന്നും വ്യത്യസ്തമായി ആദ്ധ്യാത്മികതയെ എഴുത്തച്ഛന്‍ തന്റെ രാമായണത്തില്‍ തിരുകികയറ്റിയിട്ടുണ്ട്. വ്യാസവിരചിതമെന്നു കരുതപ്പെടുന്ന സംസ്കൃതത്തിലെ അദ്ധ്യാത്മരാമായണത്തിന്റെ ഭാഷാനുവാദമാണ് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം. അദ്ധ്യാത്മരാമായണം ശ്രീരാമനെ സാക്ഷാല്‍ ഈശ്വരനായി ചിത്രീകരിക്കുകയും അദ്ധ്യാത്മ വിഷയങ്ങളിലുള്ള കൂടുതല്‍ അറിവ് പകര്‍ന്നു നല്‍കുകയും ചെയ്യുന്നു. അതുകൊണ്ടായിരിക്ക‍ാം അദ്ധ്യാത്മരാമായണം കിളിപ്പാട്ട് മലയാളികളുടെയിടയില്‍ ഇത്ര പ്രസിദ്ധമായത്. കൂടാതെ വായനാശീലവും ഭാഷാപരിജ്ഞാനവും കൂടാന്‍ എഴുത്തച്ഛ‍ന്റെ രാമായണം സഹായിക്കുന്നുണ്ട്.

ഹിന്ദുക്കളുടെ മതഗ്രന്ഥം എന്ന് ഉദ്ഘോഷിക്കപ്പെടുന്നത് ഭഗവദ്ഗീതയോ വേദങ്ങളോ ആണെങ്കിലും കൂടുതല്‍ മലയാളികളും രാമായണം എന്നാകും ഉത്തരം പറയുക, അത്രയ്ക്ക് പ്രചാരമുണ്ട് മലയാളികളുടെ ഇടയില്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന്.

ഇനി രാമായണത്തിലെ ‘കഥയില്ലായ്മയിലേക്ക്’ വര‍ാം. അദ്ധ്യാത്മരാമായണം രാമായണത്തിലെ കഥാശകലങ്ങള്‍ മാറ്റിനിര്‍ത്തിയിട്ട് രാമായണത്തിലെ ആത്മീയചിന്തകളെ ചികഞ്ഞു നോക്ക‍ാം. അയോധ്യാകാണ്ഡത്തിലെ ലക്ഷ്മണസാന്ത്വനം, ആരണ്യകാണ്ഡത്തിലെ ലക്ഷ്മണോപദേശം, കിഷ്കിന്ധാകാണ്ഡത്തിലെ താരോപദേശം, തുടങ്ങിയ ഭാഗങ്ങളിലും സാധാരണ ജനത്തിനുവേണ്ടി ആത്മീയതയും വേദാന്തവും ചേര്‍ത്തിട്ടുണ്ട്.

ശ്രീരാമനെകുറിച്ച് (ഈശ്വരനെ എന്ന് മനസ്സിലാക്കുക) രാമായണത്തില്‍ എഴുത്തച്ഛന്റെ ചില പരാമര്‍ശങ്ങള്‍ താഴെ വായിക്കുക. ഇതുപോലെയുള്ള ഈശ്വരവിശേഷണം രാമായണത്തില്‍ നിറയെ കാണ‍ാം. എഴുത്തച്ഛന്റെ ഈശ്വരസങ്കല്‍പം ഇതില്‍ വ്യക്തമാകുന്നു.

ബാലകാണ്ഡം – ഉമാമഹേശ്വരസംവാദം

സച്ചിദാനന്ദമേകമദ്വയം പരബ്രഹ്മം
നിശ്ചലം സര്‍വ്വോപാധിനിര്‍മുക്തം സത്താമാത്രം
നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു
നിശ്ചയിച്ചാലുമുള്ളില്‍ ശ്രീരാമദേവനെ നീ
നിര്‍മ്മലം നിരഞ്ജനം നിര്‍ഗ്ഗുണം നിര്‍വ്വികാരം
സന്മയം ശാന്തം പരമാത്മാനം സദാനന്ദം
ജന്മനാശാദികളില്ലാതൊരുവസ്തു പര –
ബ്രഹ്മമീ ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും നീ
സര്‍വ്വകാരണം സര്‍വ്വവ്യാപിനം സര്‍വ്വാത്മാനം
സര്‍വ്വജ്ഞം സര്‍വ്വേശ്വരം സര്‍വ്വസാക്ഷിണം നിത്യം
സര്‍വ്വദം സര്‍വ്വാധാരം സര്‍വ്വ ദേവതാമയം
നിര്‍വ്വികാരാത്മാ രാമദേവനെന്നറിഞ്ഞാലും

ബാലകാണ്ഡം – പുത്രകാമേഷ്ടി

പരമന്‍ പരാപരന്‍ പരബ്രഹ്മാഖ്യന്‍ പരന്‍
പരമാത്മാവു പരന്‍പുരുഷന്‍ പരിപൂര്‍ണ്ണന്‍
അച്യുതനനന്തനവ്യക്തനവ്യയനേകന്‍
നിശ്ചലന്‍ നിരുപമന്‍ നിര്‍വ്വാണപ്രദന്‍ നിത്യന്‍
നിര്‍മ്മലന്‍ നിരാമയന്‍ നിര്‍വ്വികാരാത്മാ ദേവന്‍
നിര്‍മ്മമന്‍ നിരാകുലന്‍ നിരഹങ്കാരമൂര്‍ത്തി
നിഷ്കളന്‍ നിരഞ്ജനന്‍ നീതിമാന്‍ നിഷ്കല്‍മഷന്‍
നിര്‍ഗ്ഗുണന്‍ നിഗമാന്തവാക്യാര്‍ത്ഥവേദ്യന്‍ നാഥന്‍
നിഷ്ക്രിയന്‍ നിരാകാരന്‍ നിര്‍ജ്ജരനിഷേവിതന്‍
നിഷ്കാമന്‍ നിയമിന‍ാം ഹൃദയനിലയനന്‍
അദ്വയനജനമൃതാനന്ദന്‍ നാരായണന്‍

യുദ്ധകാണ്ഡം – വിഭീഷണന്‍ ശ്രീരാമസന്നിധിയില്‍

ആദിമദ്ധ്യാന്തവിഹീനന്‍ പരിപൂര്‍ണ്ണ-
നാധാരഭൂതന്‍ പ്രപഞ്ചത്തിനീശ്വരന്‍
അച്യുതനവ്യയനവ്യക്തനദ്വയന്‍
സച്ചില്‍പുരുഷന്‍ പുരുഷോത്തമന്‍ പരന്‍
നിശ്ചലന്‍ നിര്‍മ്മമന്‍ നിഷ്കളന്‍ നിര്‍ഗ്ഗുണന്‍
നിശ്ചയിച്ചാര്‍ക്കുമറിഞ്ഞുകൂടാത്തവന്‍
നിര്‍വ്വികാരന്‍ നിരാകാരന്‍ നിരീശ്വരന്‍
നിര്‍വ്വികല്‍പ്പന്‍ നിരൂപാശ്രയന്‍ ശാശ്വതന്‍
ഷഡ്ഭാവഹീനന്‍ പ്രകൃതി പരന്‍പുമാന്‍
സല്‍ഭാവയുക്തന്‍ സനാതനന്‍ സര്‍വ്വഗന്‍

അതായത്, “നിര്‍ഗ്ഗുണപരബ്രഹ്മമായ” ഈശ്വരനെയാണ് എഴുത്തച്ഛന്‍ അദ്ധ്യാത്മ രാമായണത്തില്‍ അവതരിപ്പിക്കുന്നത് എന്ന് സാരം. ഇത്തരം വിശേഷണങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ഈശ്വരന്റെ 108 നാമങ്ങള്‍ കൂടി വായിക്കൂ.