ബാഹ്യമായോ ആന്തരികമായോ ഒരീശ്വരനില്ല (78)

ബാഹ്യമായി ഒരീശ്വരനേയോ ആന്തരികമായി ഒരീശ്വരനേയോ ഗീത സങ്കല്പിക്കുന്നില്ല. പ്രപഞ്ചാകാരമാണ് ഈശ്വരന്‍. അത് അകത്തും പുറത്തുമാണ്. ചലിക്കുന്നതും ചലിക്കാത്തതുമാണ്, അങ്ങേയറ്റം സൂക്ഷ്മവും അറിയാനാവാത്തതുമാണ്, ദൂരെയും അടുത്തുമാണ്. അന്വേഷിക്കുന്നവന് അത് അടുത്താണ്. അന്വേഷിക്കാത്തവന് അകലെയാണ്. അന്വേഷിക്കുന്നത് അന്വേഷകനെ തന്നെയായതിനാല്‍ അത് സൂക്ഷ്മമാണ്.

എല്ലാ കൈകളുംകാലുകളും ആ ബ്രഹ്മമാണ്. എല്ലായിടത്തേക്കും അതിന്റെ ശിരസ്സും മുഖവും കണ്ണുകളും ചെവികളും തിരിഞ്ഞിരിക്കുന്നു. ലോകത്തില്‍ എല്ലാറ്റിനേയും ആവരണം ചെയ്തിരിക്കുന്നതിന് ഒരു രൂപം കല്പിക്കാന്‍ പറ്റില്ല.

ഒരുബീജം വൃക്ഷാവസ്ഥപ്രാപിച്ച് ഫലരൂപത്തിലെത്താന്‍ ആഗ്രഹിക്കുന്നതുപോലെ പരിമിതികളില്‍ നിന്നെല്ല‍ാം വിട്ട് അപരിമേയമായതിനെ പ്രാപിക്കാനുള്ള ആഗ്രഹം മനുഷ്യനുമുണ്ട്. മനുഷ്യന്റെ രൂപാന്തരം ഈശ്വരനാണ്. എനിക്ക് പലതാകണം എന്ന ആഗ്രഹം വിശ്വത്തിനെല്ലാമുണ്ട്.

സദ്വസ്തുവായ ബ്രഹ്മമാണ് എല്ലാ ഇന്ദ്രിയങ്ങളുടെയും ഗുണങ്ങളെ പ്രകാശിപ്പിക്കുന്നത്. എന്നാല്‍ എല്ലാ ഇന്ദ്രിയങ്ങളില്‍ നിന്നും അത് ഒഴിഞ്ഞുനില്‍ക്കുന്നു. ഒന്നിനോടും ഒരു ബന്ധവും ഇല്ലാത്തതും എല്ലാറ്റിനേയും ഭരിക്കുന്നതും ഗുണരഹിതവും ഗുണഭോക്താവും അതാണ്.

എല്ലാറ്റിനും ആധാരമായ അത് വിഭജിക്കാവുന്നതുപോലെ ഇരിക്കുന്നതും അവിഭാജ്യവുമാണ്. ജ്യോതിസ്സുകള്‍ക്കു മുഴുവന്‍ ജ്യോതിസ്സായ, തമസ്സിന് അപ്പുറമായ അത് എല്ലാവരുടെയും ഹൃദയത്തില്‍ സ്ഥിതി ചെയ്യുന്നു. അറിവും അറിയേണ്ടതും അറിവുകൊണ്ട് നേടേണ്ടതും അതു തന്നെ. ഇവയെല്ല‍ാം അറിയുന്നവന്‍ മാത്രമാണ് ഭഗവാനായിത്തീരാന്‍ യോഗ്യന്‍.

പ്രകൃതിയും പുരുഷനും അനാദിയാണ്. വികാരങ്ങളും ഗുണങ്ങളും പ്രകൃതിയില്‍ നിന്നുണ്ടാകുന്നു. കാര്യകാരണങ്ങള്‍ക്ക് ഹേതു പ്രകൃതിയാണ്. നിറഞ്ഞു നില്‍ക്കുന്ന ആത്മാവ് (പുരുഷന്‍) സുഖദുഃഖാനുഭവത്തിന് ഹേതുവാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം