ഭഗവാനല്ല ലോകംസൃഷ്ടിച്ചത് (41)

പ്രപഞ്ചനാഥന്‍ ലോകത്തിന് കര്‍തൃഭാവം സൃഷ്ടിക്കുന്നില്ല. ഭഗവാനല്ല സൃഷ്ടിച്ചത്. സൃഷ്ടിയുടെ ഉടമസ്ഥനുമല്ല. കര്‍മ്മങ്ങളേയും ഭഗവാനല്ല സൃഷ്ടിച്ചത്. കര്‍മ്മത്തേയുംഫലത്തേയും ചേര്‍ത്തുവയ്ക്കുന്നതോ വിഭജിക്കുന്നതോ അദ്ദേഹമല്ല. ഓരോന്നും അതിന്റെ പ്രകൃതത്തിന്, സ്വഭാവത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുന്നു.

എവിടെയോ ഇരുന്ന് എന്തോ തരുന്ന എന്തൊക്കെയോ ചെയ്യിക്കുന്ന ഒന്നല്ല ഭഗവാന്‍. കണ്ടെത്തേണ്ട ഒന്നല്ല, അറിയേണ്ട ഒന്നാണ് . അതിനാല്‍ സ്വചെയ്തികള്‍ ഭഗവാനില്‍ ആരോപിച്ച് ഒളിച്ചോടരുത്.

ഇന്ദ്രിയങ്ങളെ സ്വസ്വാധീനത്തിലാക്കിയിട്ടുള്ള മനുഷ്യന്‍ എല്ലാകര്‍മ്മങ്ങളേയും ചെയ്ത് മനസുകൊണ്ട് സന്യസിച്ച് ഒന്നുംചെയ്യാത്തവനായി ഇരിക്കുന്നു. വ്യത്യസ്തമായ പ്രവൃത്തികളെല്ല‍ാം ചെയ്യുമ്പോഴും ഉടമസ്ഥതാബോധമില്ലാത്ത ഞാന്‍ എന്ന ഭാവമില്ലാത്ത ഈ അവസ്ഥയെയാണ് ‘ചാതുര്‍വര്‍ണ്യം മയാസൃഷ്ട’മെന്ന ശ്ലോകവും വിശദീകരിക്കുന്നത്. കര്‍ത്താവും അകര്‍ത്താവും ഞാന്‍ തന്നെ. ഞാന്‍ ഒന്നും ചെയ്യുന്നില്ല, ചെയ്യിക്കുന്നുമില്ല. സുഖമായി ഇരിക്കുന്നു. സന്യാസമായിരിക്കണം നമ്മുടെ പ്രേമഭാജനം. സന്യാസത്തെ വാരിപ്പുണരാനുള്ള മനസ്സാണ് നമുക്ക് വേണ്ടത്.

ജീവിതത്തില്‍ പരാജയം സംഭവിക്കുന്ന സമയത്ത് സ്വീകരിക്കാനുള്ള മാര്‍ഗ്ഗമായി സമൂഹം സന്യാസത്തെ കാണുന്നു. ഈ ഒളിച്ചോട്ടമല്ല സന്യാസം. സന്യാസത്തെ ഒന്നുമായും ബന്ധിപ്പിക്കരുത്. സന്യാസി ബലം പിടിക്കുന്നില്ല. ദൈനംദിന പ്രവൃത്തികളൊന്നും സന്യാസത്തെ ബാധിക്കുന്നില്ല. ബ്രഹ്മത്തില്‍ സമര്‍പ്പിച്ച്, ഫലചിന്തയും വിഷയാസക്തിയും ഉപേക്ഷിച്ച് ആര് കര്‍മ്മം ചെയ്യുന്നുവോ അവന്‍ ജലത്തിലെ താമര പോലെയാകുന്നു.

പാപത്താല്‍ (തെറ്റിദ്ധാരണകളാല്‍) നനയ്ക്കപ്പെടുന്നില്ല. സന്യാസിയുടെ പ്രതീകമാണ് താമര. എങ്ങനെ ജീവിക്കണമെന്നതിന്റെ മികച്ച ഉദാഹരണം. ദുര്‍ഗന്ധം വമിക്കുന്ന ചെളിയിലാണ് താമരയുടെ വേര്. അത് ജലത്തില്‍ (ലോകത്തില്‍) സ്ഥിതിചെയ്യുന്നു, എന്നാല്‍ അല്പം ഉയര്‍ന്ന്. (ലോകത്താണ് എന്നാല്‍ ലോകത്തല്ല) ചുറ്റുപാടും പരത്തുന്നത് സുഗന്ധം. താമരയിതളില്‍ അല്പം പോലും പറ്റിപ്പിടിക്കാന്‍ ജലത്തിന് സാധ്യമല്ല. അല്പം ജലം അതില്‍ വീണാല്‍ തന്നെ അത് അഴകിന് മാറ്റുകൂട്ടുകയാണ് ചെയ്യുന്നത്. ആ പതിച്ച വെള്ളത്തുള്ളില്‍ സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും നമ്മെത്തന്നെയും പ്രതിഫലിപ്പിച്ച് , പ്രകാശിപ്പിച്ച് നിലകൊള്ളും. താമരയുടെ ഒട്ടലില്ലായ്മയാണ് വേണ്ടത്.

ഒരു തരത്തിലുള്ള അടയാളങ്ങളും ഏല്പിക്കാതെ ലോകത്തില്‍തന്നെ, എന്നാല്‍ അല്പം ഉയര്‍ന്ന് നിലകൊണ്ട് താനാര്‍ജിച്ച സുഗന്ധം ലോകത്തിനാകെ നല്‍കി ലോകത്തില്‍ തന്നെ വിലയിക്കുന്നു. മൃദുലതകൊണ്ടല്ല ഈ ഗുണം കൊണ്ടാണ് കണ്ണ്, കൈ തുടങ്ങി ഭഗവാനെയാകെ താമരയാല്‍ ഉപമിക്കുന്നത്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം