ആരാധനാലയങ്ങളില്‍ അന്വേഷിച്ചാല്‍ പരമസത്യം കിട്ടില്ല (26)

ക്ഷേത്രത്തിലോ, പള്ളിയിലോ, ആശ്രമത്തിലോ, ഗുരുദ്വാരകളിലോ അന്വേഷിച്ചാല്‍ സത്യം കിട്ടില്ല. ദുനിയാവിലെ സകല കിത്താബില്‍ തിരഞ്ഞാലും കിട്ടില്ല. അത് ഓരോരുത്തരുടേയും ഉള്ളിലാണ്. തീര്‍ത്ഥാടനം തന്റെ തന്നെ ഉത്ഭവത്തിലേക്കു ഉള്ള യാത്രയാണ്. അന്വേഷിക്കേണ്ടത് അന്വേഷകനെത്തന്നെയാണ്. പല നദികളായി എത്ര ജലം വന്നുചേര്‍ന്നാലും ഇളകാത്ത സമുദ്രംപോലെ എത്ര കാമനകള്‍ വന്നാലും ഇളകാത്തവനാണ് ജ്ഞാനി.

ക്ഷേത്രത്തിലൂടെ ഈശ്വരനെക്കുറിച്ച് പഠിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ പരാജയപ്പെട്ടിട്ടുണ്ട്. ശാസ്ത്രങ്ങള്‍ ഉണ്ടാകുമ്പോള്‍ ക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നില്ല. നദി മലിനമാകുന്നു എന്ന വാര്‍ത്തയില്‍ വേദനിക്കാത്തവരാണ് ക്ഷേത്രത്തിന്റെ ഓടിന് കല്ലെറിഞ്ഞു എന്നു കേള്‍ക്കുമ്പോള്‍ ജാഥ നടത്തുന്നത്.

ക്ഷേത്രത്തോടൊപ്പം വനങ്ങളിലും സമുദ്രത്തിലും പര്‍വതങ്ങളിലും പോകണം. അവിടെ ഉദയാസ്തമയം ചീട്ടാക്കി കാലങ്ങള്‍ കാത്തിരിക്കേണ്ട. സര്‍വചരാചരങ്ങളും നേദ്യങ്ങളര്‍പ്പിക്കുന്ന പൂജ കാണ‍ാം. ഇപ്പോള്‍ ഈശ്വരന്‍ കല്ലിലും ഫോട്ടോയിലും കോണിച്ചുവട്ടിലുമൊക്കെയാണ്. അവിടെ നിന്നിറങ്ങി പ്രകൃതിയില്‍ ഈശ്വരനെ കാണണം.

ഭക്തന്‍ പ്രപഞ്ചത്തിന് ഒരുവിധത്തിലും പോറലേല്പിക്കാത്തവനാണ്. നദിയെ പൂജിക്കുക എന്നതിനര്‍ത്ഥം അതിലേക്ക് പലതും ഒഴുക്കി വിടുക എന്നല്ല. ആരാധനയ്ക്കര്‍ത്ഥം അറിയുക, ദോഷം ചെയ്യാതിരിക്കുക എന്നാണ്. ഗോവര്‍ദ്ധനോദ്ധാരണത്തിലൂടെയും കാളിയമര്‍ദ്ദനത്തിലൂടെയും കൃഷ്ണന്‍ കാണിച്ചുതന്നത് അതാണ്. ആഗ്രഹങ്ങളില്ലാത്തവനായി, നിര്‍മമനായി, നിരഹങ്കാരനായി വര്‍ത്തിക്കുന്നവന്‍ ശാന്തിയെ പ്രാപിക്കുന്നു, പ്രകൃതിയുമായി താദാത്മ്യപ്പെടുന്നു എന്ന് ഗീത പറയുന്നു.

ഈ ആന്തരിക പരിവര്‍ത്തനത്തിനാണ് ക്രിസ്തുദേവനും പരിശ്രമിച്ചത്. ബാഹ്യമായ പരിവര്‍ത്തനങ്ങള്‍കൊണ്ട് ഒരു ഫലവുമില്ല. ഒരുവനെ മാറ്റിത്തീര്‍ക്കുവാന്‍ നിഷേധാത്മക സംബോധനകള്‍ അരുത്. പാപി എന്ന വിളി ഒരുവനിലെ എല്ലാ സാധ്യതകളേയും തച്ചുടയ്ക്കലാണ്. ആര്‍ക്കും ആരെയും അങ്ങനെ വിളിക്കുവാന്‍ അധികാരമില്ല. ഗീത ‘ഹേ, അനഘ’ (അല്ലയോ, പാപരഹിത) എന്നാണ് സംബോധന ചെയ്യുന്നത്.

കര്‍മ്മത്തില്‍ നിന്ന് ഒളിച്ചോടുന്നത് നിന്ദ്യമാണെന്ന് ഗീത ഉപദേശിക്കുന്നു. പ്രപഞ്ചത്തില്‍ അണുവിന്റെ അണുപോലും നിരന്തരം കര്‍മ്മം (ചലനം) ചെയ്തുകൊണ്ടിരിക്കുകയാണ്. ബാഹ്യമായി കര്‍മ്മം ചെയ്യാതെ മനസ്സുകൊണ്ട് ഇന്ദ്രിയസുഖങ്ങളെ സ്മരിച്ചു കഴിയുന്നവന്‍ കാപട്യക്കാരനാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം