ഗതിസ്മിതപ്രേക്ഷണഭാഷണാദിഷു പ്രിയാഃ പ്രിയസ്യ പ്രതിരൂഢമൂര്‍ത്തയഃ
അസാവഹം ത്വിത്യബലാസ്തദാത്മികാ ന്യവേദിഷുഃ കൃഷ്ണവിഹാരവിഭ്രമാഃ (10-30-3)
പൃച്ഛതേമാ ലതാ ബാഹൂനപ്യാശ്ലിഷ്ടാ വനസ്പതേഃ
നൂനം തത്കരജസ്പൃഷ്ടാ ബിഭ്രത്യുത്‌പുളകാന്യഹോ (10-30-13)

ശുകമുനി തുടര്‍ന്നു:
കൃഷ്ണന്‍ അപ്രത്യക്ഷനായതോടെ ഗോപികമാര്‍ ദുഃഖാകുലരായി.. കൃഷ്ണവിരഹദുഃഖം ബാധിച്ച്‌ അവരാകെ വിവശരായി. അവരുടെ ഹൃദയം കൃഷ്ണപ്രേമം കൊണ്ട്‌ നിറഞ്ഞിരുന്നുവല്ലോ. ഗോപികമാര്‍ കൃഷ്ണന്റെ രൂപഭാവഹാവാദികള്‍ ഓര്‍മ്മിച്ചു. കൃഷ്ണന്റെ പുഞ്ചിരിയും കളളനോട്ടവും ചെയ്തികളും അവരോര്‍മ്മിച്ചു. കൃഷ്ണന്റെ ലീലകള്‍ അവര്‍ അനുകരിച്ച്‌ അഭിനയിക്കാന്‍ തുടങ്ങി. അവര്‍ അവരുടെ ശരീരവും ചുറ്റുപാടുകളുമെല്ലാം വിസ്മരിച്ച്‌ കൃഷ്ണനായി നടിച്ചു. ഒരു ഗോപി കൃഷ്ണനുവേണ്ടി ദാഹിച്ചുനില്‍ക്കുന്നത്‌ കണ്ട്‌ മറ്റൊരു ഗോപി “ഞാന്‍ കൃഷ്ണനാണ്” എന്നു പറഞ്ഞു സമാധാനിപ്പിച്ചു. വീണ്ടും സമയമേറെച്ചെന്നപ്പോള്‍ കൃഷ്ണന്‍ അവരുടെ കൂട്ടത്തില്‍ ഇല്ലെന്ന സത്യം തിരിച്ചറിഞ്ഞ് തങ്ങളുടെ പ്രിയപ്പെട്ടവനെ കാട്ടില്‍ തിരയാന്‍ തുടങ്ങി.

ആ കാട്ടിലെ ഏകാന്തതയിലും നിശ്ശബ്ദതയിലും കൃഷ്ണനെ കണ്ടോയെന്നു‌ ചോദിക്കാന്‍ അവിടെ മനുഷ്യരാരും ഉണ്ടായിരുന്നില്ല. അവര്‍ പൂക്കളോടും ചെടികളോടും പുല്‍നാമ്പിനോടും ചോദിച്ചു: “ഞങ്ങളുടെ പ്രിയങ്കരന്‍ കൃഷ്ണന്‍ ഇതുവഴി കടന്നുപോയോ? അവന്‍ ആ താമരപ്പാദങ്ങള്‍ ഇവിടെ തൊട്ടുവോ? അവന്‍ നിന്റെ സുഗന്ധം ആസ്വദിച്ചുവോ? അവന്‍ ഏതു വഴിയാണ്‌ പോയത്‌? നമുക്കീ പൂവളളിയോട്‌ ചോദിക്കാം. മരത്തിനെ ചുറ്റിപ്പടര്‍ന്നിരിക്കുന്നു എങ്കിലും ഈ പൂവളളി കൃഷ്ണന്റെ പൂമേനിയെ തൊട്ടിരിക്കണം. അല്ലെങ്കില്‍ നോക്കൂ പുതുപൂനാമ്പുകള്‍ നിറഞ്ഞിരിക്കുന്നത്‌ ആ ഹര്‍ഷോന്മാദത്തിന്റെ തെളിവാണല്ലോ.” വിരഹദുഃഖത്തിന്റെ തീവ്രതയില്‍ ഗോപികമാര്‍ ഒരിക്കല്‍ക്കൂടി അവരുടെ അവബോധത്തെ വ്യക്തിത്വബോധത്തില്‍ നിന്നുമുയര്‍ത്തി കൃഷ്ണാവബോധത്തില്‍ ലയിപ്പിച്ച്‌ കൃഷ്ണലീലകള്‍ അഭിനയിക്കാന്‍ തുടങ്ങി.

ഒരു ഗോപിക പൂതനയായി. മറ്റൊരാള്‍ കൃഷ്ണനായി പൂതനയുടെ മുലയുണ്ടു. ഒരുവള്‍ തൃണാവര്‍ത്തനായി. മറ്റൊരുവള്‍ അസുരനെക്കൊന്ന കൃഷ്ണനായി. പെട്ടെന്നൊരു ഗോപിക പശുവിനെ തെളിക്കുന്ന കൃഷ്ണനായി. എന്നിട്ട്‌ മധുരസ്വരത്തില്‍ പൈക്കളെ വിളിച്ചു. ഒരുവള്‍ മുരളീഗീതം പൊഴിച്ചു. ഒരുവള്‍ ഒരു കൊടിയെടുത്തു വീശി ഇങ്ങനെ പ്രഖ്യാപിച്ചു: “ഇന്ദ്രനോട്‌ ഭയപ്പെടേണ്ടതില്ല. പ്രളയമേഘങ്ങളോടും ഭയം വേണ്ട. നോക്കൂ ഞാനീ പര്‍വ്വതം ഉയര്‍ത്തിപ്പിടിച്ച്‌ നിങ്ങളെ സംരക്ഷിച്ചു കൊളളാം.” ഒരു ഗോപിക മറ്റൊരുവളുടെ തലയില്‍ ചാടിക്കയറി നിന്നു്‌ കാളിയമര്‍ദ്ദനം നടിച്ചു. കാളിയനെ അവിടം വിട്ട്‌ പോകാന്‍ ശകാരിച്ചു. മറ്റൊരു ഗോപി ഗോപാലന്മാരോട്‌ കണ്ണടച്ചിരിക്കാന്‍ പറഞ്ഞിട്ട്‌ കാട്ടുതീയിനെ അപ്പാടെ വിഴുങ്ങുന്ന കണ്ണനായി അഭിനയിച്ചു. അങ്ങനെയവര്‍ കൃഷ്ണനായിത്തന്നെ കൃഷ്ണനില്‍ നിവസിച്ചു.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF