അമൃതാനന്ദമയി അമ്മ

വീട്ടുവേലക്കുനിന്ന ഒരു കുട്ടിയുടെ അനുഭവം അമ്മ പറയാം. വീട്ടിലെ ദാരിദ്ര്യംമൂലം അവള്‍ മറ്റൊരുവീട്ടില്‍ വീട്ടുജോലിക്കുപോയി. പത്തുവയസ്സുള്ള ആ കുട്ടിയെ രാവിലെ അഞ്ച് മണിക്ക് വീട്ടമ്മ ഉണര്‍ത്തും. രാവിലെ എഴുന്നേറ്റാലുടന്‍ തലേദിവസം ആഹാരം കഴിച്ച പാത്രം കഴുകണം. തുടര്‍ന്ന് വീട് തൂത്തുവാരണം. അതിനുശേഷം വീട് തുടച്ച് വൃത്തിയാക്കണം. ഇതിനിടയില്‍ ആഹാരം പാകംചെയ്യാന്‍ സഹായിക്കണം. തുടര്‍ന്ന് സമപ്രായക്കാരായ ആ വീട്ടിലെ രണ്ട് പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍കൊണ്ടുപോകാനുള്ള ചോറ്റുപാത്രം ഒരുക്കണം. കുട്ടികള്‍ സ്കൂളില്‍ പോയാല്‍ പിന്നെ തുണി നനയ്ക്കലായി. ഇങ്ങനെ രാത്രി പതിനൊന്നു മണിക്ക് കിടക്കുന്നതുവരെ ജോലിതന്നെ ജോലി. ഇതിനിടെ ഏതെങ്കിലും ജോലിതീര്‍ക്കാന്‍ അല്പം താമസിച്ചാല്‍ വീട്ടമ്മ അവളെ ശകാരിക്കും. തന്നെ ഏല്‍പിച്ച, താങ്ങാനാവുന്നതിലുമധികം ജോലി എത്രകണ്ടു ശ്രമിച്ചിട്ടും സമയത്തിനുള്ളില്‍ ചെയ്തുതീര്‍ക്കാന്‍ കഴിയാതെ, കേള്‍ക്കേണ്ടിവരുന്ന വഴക്കോര്‍ത്ത് ആ കുട്ടി നിന്നു കരയുകയാണ്. അതിന്റെ ദുഃഖം കാണാനോ കേള്‍ക്കാനോ അവിടെ ആരുമില്ല.

അതേ വീട്ടിലെ വീട്ടമ്മ സ്കൂളില്‍ നിന്നു വന്ന തന്റെ മകളെ ശ്രദ്ധിച്ചു. കുട്ടി പഠിക്കാതെ ടെലിവിഷന്‍ കണ്ടു രസിക്കുന്നു. ഇതുകണ്ട വീട്ടമ്മ സ്വന്തം മകളെ പൊതിരെ തല്ലി. തല്ലുകിട്ടിയ കുട്ടി മുറിയുടെ മൂലയ്ക്കിരുന്നു കര‍ഞ്ഞു.

ഇവിടെ, ഈ വീട്ടില്‍ രണ്ടുകുട്ടികള്‍ കരയുന്നുണ്ട്. നമുക്ക് ചുറ്റും നടക്കുന്ന ഒരു രംഗമാണ് അമ്മ പറഞ്ഞത്.

സ്വന്തം മക്കളെ ആ അമ്മ തല്ലിയത് ഹിംസ എന്നു പറയാന്‍ കഴിയില്ല. കാരണം തന്റെ മകളുടെ ഭാവി നന്നാകണമെന്ന സദുദ്ദേശത്തോടെയാണ് അടിച്ചത്. അതു ഹിംസയല്ല. സ്വപുത്രിയോടുള്ള സ്നേഹത്തിന്റെ ഒരു രൂപം മാത്രമാണ്.

പഠിക്കുന്നതിനുവേണ്ടി അധ്യാപകന്‍ കുട്ടികളെ ശിക്ഷിക്കുന്നതിനെ ആരും ഹിംസയെന്നു വിളിക്കില്ല.

ജോലിക്കാരിയെ അടിച്ചില്ല എങ്കില്‍പോലും ആ കുഞ്ഞിനോട് കാട്ടിയത് ക്രൂരതയാണ്. ഹിംസ തന്നെയാണ്. ആ വീട്ടമ്മയുടെ സ്വന്തം കുട്ടിയായിരുന്നുവെങ്കില്‍ ഇങ്ങനെ ജോലി നല്കി കഷ്ടപ്പെടുത്തുകയില്ലായിരുന്നു. സ്വന്തം കുട്ടിയോട് ആര്‍ക്കും ഇങ്ങനെ പെരുമാറാന്‍ കഴിയില്ല. ഇവിടെ ആ വീട്ടമ്മയുടെ രണ്ടു പ്രവൃത്തികളുടേയും പിന്നിലുള്ള മനോഭാവമാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്.

മാരകരോഗം പിടിപെട്ട് ആശുപത്രിയിലെത്തുന്ന രോഗികളെ കണ്ടിട്ടില്ലേ? പലര്‍ക്കും ഓപ്പറേഷന്‍ വേണ്ടിവരും. വീട്ടുകാരുടെ സമ്മതപത്രം വാങ്ങിയിട്ടാണ് ഓപ്പറേഷന് രോഗിയെ കൊണ്ടുപോകുന്നത്. ഡോക്ടര്‍മാര്‍ മണിക്കൂറുകള്‍ നീണ്ട ഓപ്പറേഷനിലൂടെ രോഗിയെ രക്ഷിക്കും. അപൂര്‍വ്വം അവസരങ്ങളില്‍ ഡോക്ടര്‍മാര്‍ കഠിനാധ്വാനം ചെയ്താലും രോഗി മരിച്ചുപോകാം. രണ്ടുസാഹചര്യത്തിലും നമ്മള്‍ ഡോക്ടര്‍മാരുടെ കഠിനാധ്വാനത്തെ പുകഴ്ത്തുകയേയുള്ളൂ. എന്നാല്‍ ഡോക്ടര്‍ ഉപയോഗിക്കുന്ന ഓപ്പറേഷന്‍ കത്തികൊണ്ട് ഒരു കള്ളന്‍ വാച്ചു്മാനെ കുത്തുയാലോ? അതുമൂലം വാച്ച്മാന്‍ മരിച്ചാല്‍ കൊലപാതകമായി മാറും.

ഇവിടെ ഡോക്ടറുടെ പ്രവൃത്തി അഹിംസയാണ്. എന്നാല്‍ കള്ളന്റെ പ്രവൃത്തി ഹിംസയാണ്. കേസ്സില്‍ കള്ളനെ തൂക്കിക്കൊല്ലാന്‍ ജഡ്ജി വിധിച്ചു. ജഡ്ജിയുടെ വിധിയെ ഹിംസ എന്നു പറയാന്‍ പറ്റുമോ? കള്ളന്റെ പ്രവൃത്തിമൂലം വാച്ച്മാന്‍ മരിച്ചു. ജഡ്ജി വിധി നടപ്പാക്കുന്നതിലൂടെ കള്ളന്റെ ജീവനും ഒടുങ്ങും. ജഡ്ജിയുടെ വിധിന്യായം ഹിംസയാണെന്ന് ആരെങ്കിലും പറയുമോ? ഇല്ല. അദ്ദേഹം തന്റെ കടമ നിര്‍വ്വഹിക്കുകയാണ് ചെയ്തത്. കൊലപാതകം, മോഷണം തുടങ്ങിയ ദ്രോഹപ്രവൃത്തികളില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ നിയമത്തിന്റെ ദൃഷ്ടി ആവശ്യമാണ്.

ഒരു കര്‍മം ഹിംസയോ അഹിംസയോ എന്നു തീരുമാനിക്കേണ്ടത് ചെയ്യുന്ന പ്രവൃത്തി നോക്കിയല്ല. അതിന്റെ പിന്നിലെ മനോഭാവത്തെ അടിസ്ഥാനമാക്കിയാണ്.

ധാരാളം വിഭവങ്ങളുള്ള ഒരു വീട്ടിലെ കാര്യം തന്നെയെടുക്കാം. രുചികരങ്ങളായ പലതരം കറികളുണ്ടെങ്കിലും ആ വീട്ടിലെ ഒരംഗത്തിന് കോഴിയിറച്ചിയുണ്ടെങ്കിലേ ഭക്ഷണത്തിന് രുചിയാകുകയുള്ളൂ. വയറു നിറച്ച് ഭക്ഷണം കഴിക്കാനുള്ളപ്പോള്‍ കൂടുതല്‍ സ്വാദിനായി കറിവയ്ക്കുന്നതിന്, വളര്‍ത്തുന്ന കോഴിയെ കൊല്ലുന്നത് ഹിംസയാണ്. അനാവശ്യമായി ഒരു ചെടിയുടെ പൂവിറുക്കുന്നതുപോലും ഹിംസയാണെന്നുപറയാം.

സ്വാര്‍ത്ഥതയ്ക്കുവേണ്ടി, സ്വന്തം സുഖസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി ഏതൊരു ജീവിയോടും ചെയ്യുന്ന ദ്രോഹവും ഹിംസയാണ്. തന്‍കാര്യത്തിന്, സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി മറ്റുള്ളവരെ പരിഹസിക്കുന്നതും ദ്രോഹിക്കുന്നതുമൊക്കെ ഹിംസയുടെ കൂട്ടത്തില്‍ വരും. തന്റെ കാര്യസാധ്യത്തിന് മറ്റുള്ളവരുടെ മുന്നില്‍ പ്രമാണിയാകാന്‍ അന്യരുടെ സത്കര്‍മങ്ങളെ കുറ്റപ്പെടുത്തുന്നവര്‍ അനുഷ്ഠിക്കുന്നതും ഇതു തന്നെയാണ്.

എന്നാല്‍ സമൂഹത്തിന്റെ ശ്രേയസ്സിനുവേണ്ടി ഒരു വ്യക്തിയെ വേദനിപ്പിക്കേണ്ടി വന്നാല്‍ക്കൂടി അതിനെ ഹിംസയെന്ന കൂട്ടത്തില്‍പ്പെടുത്താന്‍ കഴിയില്ല. മഹാഭാരതയുദ്ധത്തെ ധര്‍മ്മയുദ്ധമാക്കി പണ്ടിതര്‍ കരുതുന്നത് ഇതുകൊണ്ടാണ്. ധര്‍മം സ്ഥാപിക്കാനായി നടത്തിയ ഹിംസയായിരുന്നു അത്. മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിക്കാന്‍, പ്രവര്‍ത്തിക്കാന്‍ മക്കള്‍ക്കു കഴിയണം.

സ്വാര്‍ത്ഥബുദ്ധികളുടെ കര്‍മം ഒരാളെ വെട്ടി മുറിക്കുന്നതുപോലെയാണെങ്കില്‍, നിസ്വാര്‍ത്ഥനായഒരാളുടെ കര്‍മം ആ മുറിവ് മരുന്നുവച്ച് സുഖപ്പെടുത്തുന്നതുപോലെയാണ്. രണ്ടും കര്‍മം തന്നെ. പക്ഷേ രണ്ടു ഭാവവും വ്യത്യസ്തമാണ്. ഒന്ന് ദ്രോഹമനസ്സ്, മറ്റേത് കരുണമനസ്സ്. കരുണമനസ്സ് മക്കള്‍ക്ക് ഉണ്ടാവണമെന്നാണ്.

കടപ്പാട്: മാതൃഭുമി