അഹം ഹരേ തവ പാദൈകമൂല ദാസാനുദാസോ ഭവിതാസ്മി ഭൂയഃ
മനഃ സ്മരേതാസുപതേര്‍ഗുണാംസ്തേ ഗൃണീത വാക്‌ കര്‍മ്മ കരോതു കായഃ (6-11-24)
ന നാകപൃഷ്ഠം നച പാരമേഷ്ഠ്യം ന സാര്‍വഭൗമം ന ബരസാധിപത്യം
ന യോഗസിദ്ധിരപുനര്‍ഭവം വാ സമജ്ഞസ ത്വാ വിരഹയ്യ കാങ്ക്ഷേ (6-11-25)
അജാതപക്ഷാ ഇവമാതരം ഖഗാഃ സ്തന്യം യഥാ വത്സരാഃ ക്ഷുധാര്‍ത്താഃ
പ്രിയം പ്രിയേവ വ്യുഷിതം വിഷണ്ണമനോഽരവിന്ദാക്ഷ ദി ദൃക്ഷതേ ത്വാം (6-11-26)

ശുകമുനി തുടര്‍ന്നു:

രാക്ഷസന്മാര്‍ വൃത്രന്റെ വാക്കുകള്‍ക്ക്‌ വിലകല്‍പ്പിക്കാതെ പിന്തിരിഞ്ഞോടിക്കൊണ്ടിരുന്നു. ക്രോധാകുലനായി വൃത്രന്‍ ദേവന്മാരോട്‌ പറഞ്ഞു. “ദേവന്മാരായ നിങ്ങള്‍ ഈ രാക്ഷസശരീരങ്ങളെ പീഢിപ്പിക്കുന്നതില്‍ വൃഥാ ആനന്ദം കൊളളുന്നതെന്തിനാണ്‌? അവര്‍ അവരുടെ അജ്ഞന്മാര്‍ വിസര്‍ജ്ജിച്ച വെറും ശരീരങ്ങള്‍ മാത്രമല്ലേ? പേടിച്ച്‌ പിന്തിരിഞ്ഞോടുന്നവരെ വീണ്ടും പീഢിപ്പിക്കുന്നത്‌ വീരതയുടെ ലക്ഷണമാണോ? ശരിക്കും ധൈര്യശാലികളെങ്കില്‍ എന്നെ നേരിടുക.” ഇത്രയും പറഞ്ഞവൃത്രന്‍ ദേവന്മാരുടെ പടയിലേക്ക്‌ കുതിച്ചുചെന്നു് അവരെ ചവിട്ടി തളളി. ഇന്ദ്രന്‍ തന്റെ ഗദയുമായി വൃത്രനെ വധിക്കാന്‍ ചെന്നു. വൃത്രന്‍ തന്റെ ഇടതുകയ്യാല്‍ അതിനെ തട്ടിമാറ്റി. അതേ ഗദയാല്‍ വൃത്രന്‍ ഇന്ദ്രന്റെ ആനയെ അടിച്ചു. പതറിപ്പോയ ആന പിന്തിരിയാന്‍ തുടങ്ങിയെങ്കലും ഇന്ദ്രന്റെ തലോടലില്‍ അത്‌ വീണ്ടും മുന്നോട്ടു കുതിച്ചു. പക്ഷേ വൃത്രന്‍ പിന്നീട്‌ ആക്രമിച്ചില്ല. പകരം ഇന്ദ്രനോട്‌ ഇങ്ങനെ പറഞ്ഞു.

“ബ്രഹ്മഹത്യ നടത്തിയ വീരന്റെ മുന്നില്‍ നില്‍ക്കുന്നതില്‍ എനിക്കു സന്തോഷമുണ്ട്‌. എന്റെ സഹോദരനെ അധാര്‍മ്മികമായ രീതിയില്‍ കൊന്നതിന്‌ പകരം ചോദിച്ച്‌ ഞാന്‍ എന്റെ കടം വീട്ടും. അദ്ദേഹം നിങ്ങളുടെ ഗുരുവും ഒരു ബ്രാഹ്മണനുമായിരുന്നു. പാപമില്ലാത്തവനും ആത്മസാക്ഷാല്‍ക്കാരം നേടിയവനും ആയിരുന്നു. നിങ്ങള്‍ക്കു വേണ്ടി ഒരു യാഗകര്‍മ്മത്തിലേര്‍പ്പെട്ടിരിക്കുമ്പോഴാണ്‌ നിങ്ങള്‍ അദ്ദേഹത്തെ വധിച്ചതു്. ഒരുപക്ഷേ ഞാനാണിപ്പോള്‍ മരിക്കുന്നതെങ്കില്‍ എന്റെ ശരീരം പക്ഷികളും വന്യമൃഗങ്ങളും കൊത്തിക്കീറി ആസ്വദിക്കട്ടെ. അങ്ങനെ കര്‍മ്മപാശത്തില്‍ നിന്നു മുക്തനായി ഞാന്‍ മഹാത്മാക്കളുടെ പാദരേണുക്കളില്‍ അഭയം തേടും.

അല്ലയോ ഇന്ദ്രാ, നീയെന്തുകൊണ്ട്‌ വജ്രായുധം ഉപയോഗിക്കുന്നില്ല? നിന്റെ ഗദക്കുണ്ടായ തോല്‍വി അതിനുണ്ടാവില്ല തീര്‍ച്ച. കാരണം, ദദീചിമഹര്‍ഷിയുടെ തപഃശക്തിയാല്‍ ഭഗവാന്റെ ശക്തിതന്നെയാണ്‌ അതിനെ നയിക്കുന്നുത്‌. ഭഗവാനുളളിടത്തേ ജയവും, ഐശ്വര്യവും, ശ്രേഷ്ടതയും ഉണ്ടാവൂ. നീ എന്നെ വജ്രായുധം കൊണ്ട്‌ വധിക്കുമ്പോള്‍ ഞാന്‍ ഭഗവാനെ ധ്യാനിച്ച്‌ മാമുനിമാരെത്തിച്ചേരുന്ന ആ സവിധത്തില്‍ ചെല്ലും. അല്ലയോ ഇന്ദ്രാ, ഭഗവാന്‍ തന്റെ ഭക്തന്‌ ഈ മൂന്നു് ലോകങ്ങളിലേയും സുഖങ്ങള്‍ നല്‍കുന്നില്ല. കാരണം, ഇഹലോകസുഖങ്ങള്‍ പകയും ഭയവും പൊങ്ങച്ചവും ദുരിതവുമുണ്ടാക്കാന്‍ പോന്നവയത്രെ. ഭഗവാന്‍ തന്റെ ഭക്തന്റെ ഇഹലോകപരവും സ്വര്‍ഗ്ഗലോകപരവുമായ ഉല്‍ക്കര്‍ഷേച്ഛകള്‍ക്ക്‌ തടസ്സമുണ്ടാക്കി, അവന്റെ മനസ്‌ ഭഗവല്‍പ്രേമത്തില്‍ ഏകോന്മുഖമാക്കി തീര്‍ക്കുന്നു. ഇങ്ങനെയുണ്ടാവുന്ന വിഘ്നങ്ങളില്‍ ഭഗവല്‍ക്കാരുണ്യമാണ്‌ ഒരുവന്‍ ദര്‍ശിക്കേണ്ടത്‌.”

ഞാന്‍ ഭഗവാനോട്‌ പ്രാര്‍ത്ഥിക്കുന്നു. മരണശേഷം ഞാന്‍ അങ്ങയുടെ ഭക്തരുടെ ദാസനായി ജനിക്കാനിടയാകട്ടെ. എന്റെ മനസ്‌ അങ്ങില്‍ ധ്യാനഭരിതവും, വാക്ക്‌ അങ്ങേക്ക് പുകള്‍പാടിയും, ശരീരം അങ്ങേയ്ക്ക്‌ വേണ്ട സേവകള്‍ചെയ്തും കഴിയുമാകാറാകട്ടെ. ഞാന്‍ അങ്ങേയ്ക്ക്‌ വേണ്ടി മാത്രമേ കൊതിക്കുന്നുളളൂ. ധ്രുവനു കിട്ടിയ സ്ഥാനമോ ബ്രഹ്മപദവിയോ ഞാനാഗ്രഹിക്കുന്നില്ല. യോഗശക്തിയോ നിര്‍വ്വാണപദമോ പോലും എനിക്കു വേണ്ട. അവിടുത്തെ സ്മരണയില്‍ ഹൃദയം നിറയ്ക്കാന്‍ ഞാന്‍ കൊതിക്കുന്നു. ചിറകുമുളച്ച പക്ഷിക്കുഞ്ഞുങ്ങള്‍ അമ്മയുടെ അകിടു തിരയുന്നതു പോലെയും, കാന്തനുവേണ്ടി ഒരു സ്ത്രീ കാത്തിരിക്കുന്നുതുപോലെയും തീവ്രമാണെന്റെ അഭിവാഞ്ഛ. ”

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF