പഴയ ഓര്‍മ്മകള്‍ വല്ലാതെ വേട്ടയാടുന്നു. എന്തുചെയ്യും?

ബ്രൂക്ക്, ഹേയര്‍ എന്നീ കുപ്രസിദ്ധരായ ഭീകരന്മാരെ കുറച്ച് കേട്ടിട്ടുണ്ടോ? അവരുടെ ‘തൊഴില്‍’ പാതിരാത്രിയില്‍ ശവക്കുഴി മാന്തുകയാണ്. അടക്കം ചെയ്ത ശരീരം ഒന്നു രണ്ടു ദിവസത്തിനുള്ളില്‍ അവര്‍ പൊക്കിയെടുക്കും. എന്നിട്ടത് മെഡിക്കല്‍ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വില്ക്കും. അങ്ങനെ പണം സമ്പാദിക്കുന്നവരാണീ ഭയങ്കരന്മാര്‍.

ഇതേക്കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ, അവരുടെ പ്രവൃത്തി എത്ര ഭീകരം, നിന്ദ്യം എന്ന് നമുക്കു തോന്നും. പക്ഷേ നമ്മളും ഒരുതരത്തില്‍ അതുതന്നെയല്ലേ ചെയ്യുന്നത്. ഇന്നലയുടെ ശവപ്പറമ്പ് മാന്തി അന്ന് നടന്ന കാര്യങ്ങള്‍ അയവിറക്കി കോപവും ദുഃഖവും പേറി ജീവിക്കുന്നു. ഇത് കഷ്ടം! എത്ര ഭയാനകം! ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനം ആര്‍ക്കെങ്കിലും ഉണ്ടോ? ഭഗവാന്‍ അരുളുന്നു, “കഴിഞ്ഞത് കഴിഞ്ഞു. ഈ നിമിഷം മുതല്‍ ഉത്സാഹഭരിതമായ ജീവിതത്തിന് അടിത്തറയിടുക.”

നമ്മുടെ നന്മയ്ക്കായി ദൈവം തന്റെ തൃകൈകളും നീട്ടി കാത്തിരിക്കുകയാണ്. ഭൂതകാലത്തിലേയ്ക്ക് മുഖവും കുനിച്ചിരിക്കുന്ന നാം ദൈവത്തിന്റെ നീട്ടിയ കരങ്ങള്‍ കാണുന്നില്ല. നമ്മുടെ ഇന്നലകള്‍ എത്ര ദുഃഖകരവുമാകട്ടെ, കുഴപ്പങ്ങള്‍ നിറഞ്ഞതാകട്ടെ. ഈശ്വരന് മാറ്റാനാവാത്തനായി, തിരുത്താനാവാത്തതായി ഒന്നും ഈ പ്രപഞ്ചത്തിലില്ല. ഈ സത്യം മനസ്സില്‍ ഉറപ്പിക്കൂ. പഴയ ദുഃഖകഥകളൊക്കെ മറക്കൂ. ധീരമായി മുന്നേറൂ.

കടപ്പാട്: നാം മുന്നോട്ട്