Swami Udit Chaitanyaji2011 മെയ്‌ 21നു ജന്മഭൂമി ദിനപത്രത്തില്‍ “പൊരുളറിയിച്ച്” എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച സ്വാമി ഉദിത്‌ ചൈതന്യയുമായി പ്രദീപ്‌ കൃഷ്ണന്‍ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു. പത്രത്തിനും ലേഖകനും നന്ദി. രാമായണം, ഭാഗവതം, നാരായണീയം എന്നീ പുണ്യഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി ശ്രീ ഉദിത്‌ ചൈതന്യാജി നടത്തിയ സത്സംഗപ്രഭാഷങ്ങളുടെ ഓഡിയോയും വീഡിയോയും ശ്രേയസ്സില്‍ ലഭ്യമാണ്.

ഭാരതസംസ്ക്കാരത്തിന്റെ മുഖമുദ്ര അയ്യായിരം വര്‍ഷത്തോളമായി അനുസ്യൂതം നിലനില്‍ക്കുന്ന ഗുരുശിഷ്യപരമ്പരയാണ്‌. അറിവു പകര്‍ന്നു നല്‍കുന്ന ഗുരുവര്യന്മാര്‍ ഇപ്പോഴും ഉണ്ടെന്നുള്ളത്‌ നമ്മുടെ സുകൃതം. മനുഷ്യജീവിതത്തിന്റെ ആഴവും പരപ്പും വ്യക്തമായി, ശാസ്ത്രഗ്രന്ഥങ്ങളുടെ പിന്‍ബലത്തോടെ, ജനമനസ്സുകളിലേക്കെത്തിച്ചുവരുന്ന അതുല്യനായ ആത്മീയപ്രതിഭയാണ്‌ സ്വാമി ഉദിത്‌ ചൈതന്യ. പതിമൂന്നാം വയസ്സില്‍ സ്വന്തം പിതാവ്‌ തുടങ്ങിവെച്ച അദ്ദേഹത്തിന്റെ ആത്മീയശിക്ഷണം പൂര്‍ത്തിയായത്‌ ചിന്മയാമിഷനിലാണ്‌. ഭഗവദ്ഗീതയും ശ്രീമദ്ഭാഗവതവും ഉപനിഷത്തുക്കളും വിശദീകരിച്ച്‌ ശാസ്ത്രീയമായി ജീവിതത്തിലെ പ്രശ്നങ്ങള്‍ നിര്‍ഭയമായി നേരിടാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നു.

പവിത്രമായ ത്രിവേണി സംഗമഭൂമിയായ കന്യാകുമാരിയിലെ വിവേകാനന്ദ കേന്ദ്രത്തില്‍ സ്വാമിജി നടത്തിവന്ന ദശദിന ആധ്യാത്മിക ശിബരത്തിനിടയിലാണ്‌ അദ്ദേഹത്തെ കാണാനായത്‌. തന്റെ പ്രഭാഷണങ്ങള്‍ ലളിതവും വ്യക്തവുമായി നര്‍മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കാനുള്ള സ്വാമിജിയുടെ ചാതുര്യം, എല്ലാവരേയും ഹഠാദാകര്‍ഷിക്കും. നിത്യജീവിതത്തിലും സാമൂഹ്യജീവിതത്തിലും നേരിടുന്ന പ്രശ്നങ്ങള്‍ നിഷ്പ്രയാസം നിര്‍ഭയനായി എങ്ങനെ തരണം ചെയ്യാമെന്ന്‌ അദ്ദേഹം തൃപ്തികരമായി വിശദീകരിക്കുന്നു.

ഈ ആധുനിക കാലത്ത്‌ ഭഗവദ്ഗീതയും ഭാഗവതവും മറ്റും പഠിക്കുന്നതിന്‌ എന്താണ്‌ പ്രസക്തി?
നാം ഏറെ പുരോഗമിച്ചുവെങ്കിലും വ്യക്തി ജിവിതത്തിലും സാമൂഹ്യ ജീവിതത്തിലും നേരിടുന്ന പ്രതിസന്ധികള്‍ നിരവധിയാണ്‌. നിസ്സാരപ്രശ്നങ്ങളില്‍പ്പോലും അടിപതറി വ്യക്തിജീവിതവും കുടുംബജീവിതവും ശിഥിലമാകുന്നത്‌ നാം നിത്യേന കാണുന്നു. മനുഷ്യന്റെ ദുഃഖങ്ങള്‍ക്ക്‌ നിദാനമെന്തെന്ന്‌, രോഗങ്ങള്‍ക്ക്‌ ശാശ്വതപരിഹാരമെന്തെന്ന്‌ ചിന്തിച്ച ഋഷീശ്വരന്മാര്‍ അതിനായി കണ്ടെത്തിയ ഔഷധങ്ങളാണ്‌ രാമായണവും മഹാഭാരതവും ഭാഗവതവുമൊക്കെ. ഭൗതികജ്ഞാനംകൊണ്ട്‌ എല്ലാം ആയി എന്ന്‌ അഹങ്കരിച്ച പാശ്ചാത്യലോകമൊക്കെ ഇന്ന്‌ അങ്ങേയറ്റം രോഗാവസ്ഥയിലാണ്‌. അവര്‍ സമാധാനത്തിനായി യോഗയും ധ്യാനവുമൊക്കെയടങ്ങുന്ന നമ്മുടെ സംസ്ക്കാരത്തിലേക്കാണ്‌ ഉറ്റുനോക്കുന്നത്‌. കാരണം ഈ അടിത്തറ ഉറച്ചാലേ ഈ ലോകത്തെ ശാന്തമായി അഭിമുഖീകരിക്കാനാവൂ. പ്രത്യേകിച്ചും പുതിയ തലമുറയ്ക്ക്‌. ആത്മീയത എന്നാല്‍ അമ്പലത്തില്‍ പോക്കാണെന്നും പുരാണങ്ങള്‍ എന്നാല്‍ കുറെ കഥകളാണെന്നുമൊക്കെയാണ്‌ നമ്മുടെ ധാരണ. ആത്മീയത എന്നത്‌ നമ്മുടെ നിത്യജീവിതത്തിനുവേണ്ടുന്ന കാര്യങ്ങളാണെന്ന്‌ നമുക്ക്‌ ബോധ്യപ്പെടണം. വികസിക്കാത്ത മനുഷ്യമനസ്സ്‌ എപ്പോഴും ഏതെങ്കിലുമൊക്കെ പ്രശ്നങ്ങളില്‍ വീണുകൊണ്ടിരിക്കും. മനസ്സിന്റെ സ്വഭാവമാണിത്‌. ഭാഗവതവും ഭഗവദ്ഗീതയും പുരാണങ്ങളും ഉപനിഷത്തുക്കളും വായിക്കുമ്പോള്‍ നമുക്ക്‌ മനസിലാകും വേദവ്യാസമഹര്‍ഷി ലോകം കണ്ട ഏറ്റവും വലിയ ഭൗതികശാസ്ത്രജ്ഞനായിരുന്നു, മനഃശാസ്ത്രജ്ഞനായിരുന്നു, സാമൂഹ്യശാസ്ത്രജ്ഞനായിരുന്നു, തത്വചിന്തകനായിരുന്നു, എന്തിനേറെ ഡോക്ടറും എഞ്ചിനീയറുമൊക്കെയായിരുന്നു എന്ന്‌. നാമിന്ന്‌ സ്കാനിംഗിലൂടെ ശരീരത്തിന്റെ ഉള്ളറകളെ കാണുന്നതുപോലെ അല്ല, അതിലുമാഴത്തില്‍ മനസ്സിനെ സ്കാന്‍ ചെയ്തവരാണവര്‍. അവര്‍ മനസ്സിന്റെ വേരുകള്‍ തേടിപ്പോയി അഗാധമായി പഠിച്ചു. ജീവിതത്തില്‍ വേദനകള്‍ ഉണ്ടാവുന്നതെങ്ങനെയെന്ന്‌ കണ്ടെത്തി. എങ്ങനെ ഈ വിഷമങ്ങളില്‍നിന്നും മറികടക്കാമെന്നും അറിഞ്ഞു.

സനാതനധര്‍മം അതുല്യമാണെന്ന്‌ പറയാന്‍ എന്താണ്‌ കാരണം?
നമ്മുടേതല്ലാത്ത എല്ലാറ്റിനെക്കുറിച്ചും അനാവശ്യമായ എല്ലാ കാര്യങ്ങളെക്കുറിച്ചും നമുക്ക്‌ നല്ല ധാരണയാണ്‌. വേണ്ടതുമാത്രം അറിയില്ല. ഭാരതമണ്ണില്‍ ജനിച്ചു വീണവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്‌. അതില്‍ ഏറ്റവും മുഖ്യം ഈ നാടിന്റെ സംസ്കാരമെന്ത്‌ എന്നതാണ്‌. ഭാരതീയരുടെ പ്രമാണം വേദമാണ്‌; വേദങ്ങളാണ്‌. വേദം എന്ന വാക്കിന്‌ അറിവ്‌ എന്നാണര്‍ത്ഥം. പരമമായ അറിവിനെ കുറിക്കുന്ന വേദഗ്രന്ഥങ്ങള്‍ ഏതുകാലത്തുരുത്തിരിഞ്ഞു എന്നു ചോദിച്ചാല്‍ ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ എന്നേ പറയാനാവൂ. പ്രാചീന കാലത്തെ ഋഷീശ്വരന്മാര്‍ അവരുടെ അന്വേഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും കണ്ടെത്തിയ അറിവില്‍നിന്നും രൂപപ്പെട്ട മന്ത്രസംഹിതകളാണവ. ശരീരമല്ല മനസ്സാണ്‌ നമ്മുടെ എല്ലാ പ്രശ്നങ്ങളുടേയും സന്തോഷത്തിന്റേയും കാരണം, ജീവിതത്തിന്റെ തന്നെ അടിസ്ഥാനം എന്ന്‌ പ്രാചീനഭാരതത്തിലെ ഋഷിമാര്‍ക്ക്‌ മനസ്സിലായി. അങ്ങനെ അവര്‍ മനസ്സിനെക്കുറിച്ചന്വേഷിച്ചു. ഈ അന്വേഷണത്തിന്റെ സംസ്ക്കാരമാണ്‌ ഭാരതസംസ്ക്കാരം.

വ്യക്തികള്‍ ആത്മീയ ജീവിതത്തിലേക്ക്‌ ശ്രദ്ധ നല്‍കണം എന്ന്‌ അങ്ങ്‌ എപ്പോഴും പറയാറുണ്ട്‌. എന്താണ്‌ ഈ ആത്മീയജീവിതം?
ജീവിതത്തിന്‌ രണ്ടു ഭാഗങ്ങളുണ്ട്‌; സ്ഥൂലമായതും സൂക്ഷ്മമായതും. ഇതുരണ്ടും സ്മരിച്ച്‌ ജീവിക്കുന്നവനാണ്‌ ജീവിതത്തെ തുലനപ്പെടുത്തി ജീവിക്കുന്നത്‌. എല്ലാറ്റിനും രണ്ടു ഭാവമുണ്ട്‌. പകലും രാത്രിയും പോലെ. ഒന്ന്‌ പ്രകടമാകുമ്പോള്‍ മറ്റേത്‌ അവ്യക്തമായിരിക്കും എന്നുമാത്രം. ഇനി നമ്മളിലേക്ക്‌ വരുമ്പോഴോ? സ്ഥൂലമായത്‌ ശരീരവും സൂക്ഷ്മമായത്‌ മനസ്സുമാണ്‌. സ്ഥൂലമായ ഈ ശരീരത്തിനാധാരം സൂക്ഷ്മമായ മനസ്സാണ്‌. മനസ്സിലാണ്‌ ശരീരം ഉണര്‍ന്ന്‌ നിലനില്‍ക്കുന്നത്‌. ഇതാണ്‌ ഋഷി പറയുന്ന പരമമായ സത്യം.

സ്ഥൂലമായി നാമോരോരുത്തരും ആണായും പെണ്ണായും അച്ഛനായും അമ്മയായും ഭര്‍ത്താവായും ഭാര്യയായും മക്കളായും ഒക്കെ ഇരിക്കുന്നു. അങ്ങനെ ഓരോന്നായി ഇരുന്ന്‌ ഓരോ കര്‍മങ്ങള്‍ ചെയ്യുന്നു. എന്നാല്‍ നമ്മളെ അങ്ങനെയൊക്കെ ആക്കുന്നത്‌, ഈ ശരീരത്തെ പ്രവര്‍ത്തിപ്പിക്കുന്നത്‌, സുഖദുഃഖങ്ങളൊക്കെ അറിയിക്കുന്നത്‌ സൂക്ഷ്മമായ ഒരു മനസ്സാണ്‌. മനസ്സ്‌ ഉണര്‍ന്നാലേ ശരീരം ഉണരൂ.

നമ്മുടെ ശാസ്ത്രഗ്രന്ഥങ്ങള്‍ മനസ്സിനെ മനസ്സിലാക്കിത്തരുന്ന ശാസ്ത്രമാണ്‌. സ്വമനസ്സിനെ എങ്ങനെ കൈകാര്യം ചെയ്താലാണ്‌ നമുക്ക്‌ ജീവിതത്തിലെ എല്ലാ അനുഭവങ്ങളെയും സമീകൃതമായി സ്വീകരിക്കാന്‍ കഴിയുക എന്ന അറിവ്‌ പകര്‍ന്നുനല്‍കുന്ന ശാസ്ത്രം. എല്ലാ അസ്ത്രവിദ്യകളും അഭ്യസിച്ചിട്ടും, ദിവ്യായുധങ്ങള്‍ക്ക്‌ ഉടമയായിട്ടും അര്‍ജുനന്‍ യുദ്ധക്കളത്തില്‍ തളര്‍ന്നുപോയത്‌, ബാഹ്യമായ വിദ്യകളൊക്കെ അറിയാമായിരുന്നപ്പോഴും ആന്തരികമായ സൂക്ഷ്മമായ മനസ്സിനെക്കുറിച്ചുള്ള വിദ്യ അറിയാമായിരുന്നില്ല എന്നതുകൊണ്ടാണ്‌. നമ്മളെ നമ്മളാക്കി നിലനിര്‍ത്തുന്നത്‌ മനസ്സാണെങ്കില്‍ നാം ഏറ്റവും കൂടുതല്‍ മനസ്സിലാക്കേണ്ടതും സ്വന്തം മനസ്സിനെ സംബന്ധിച്ചാണ്‌.

മറ്റുമതങ്ങള്‍ സാമൂഹ്യബോധത്തോടെ പ്രവര്‍ത്തിക്കുമ്പോള്‍ ഹിന്ദുമതം ഏറെയും വ്യക്തിനിഷ്ഠമായ അനുഷ്ഠാനങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നു എന്ന ആരോപണത്തിന്‌ എന്താണ്‌ മറുപടി?
ഹിന്ദുമതത്തെ, സനാതന ധര്‍മത്തെ നല്ലവിധം മനസ്സിലാക്കാത്തതുകൊണ്ടുള്ള തെറ്റിദ്ധാരണയാണ്‌ ഇത്തരം പ്രസ്താവനകള്‍ക്ക്‌ അടിസ്ഥാനം. സാമൂഹ്യബോധത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഋഷിമാര്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതായി നമ്മുടെ ഗ്രന്ഥങ്ങള്‍ വായിച്ചാല്‍ നല്ലപോലെ മനസിലാകും. മനുഷ്യനെ വിവിധതരത്തില്‍ സ്വാധീനിക്കാന്‍ കഴിവുള്ള എത്രയെത്ര സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്കാണ്‌ മഹാമനീഷികള്‍ ഈ നാട്ടില്‍ ജന്മം കൊടുത്തത്‌. ഹിന്ദുമതത്തിന്റെ പുനഃരുദ്ധാരണവും നവീകരണവും എല്ലാം സംഭവിച്ചത്‌ – സംഭവിച്ചുകൊണ്ടിരിക്കുന്നത്‌. സാമൂഹ്യബോധത്തിലൂന്നിയ നമ്മുടെ മഹര്‍ഷിവര്യന്മാരുടെ നിരന്തരപരിശ്രമങ്ങള്‍കൊണ്ടുതന്നെയാണ്‌. എന്നാല്‍ ഭാരതീയ കാഴ്ചപ്പാടിലെ സാമൂഹ്യസേവനവും ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തിവരുന്ന സാമൂഹ്യസേവനവും കാഴ്ചപ്പാടിലും പ്രയോഗത്തിലും വളരെ വ്യത്യസ്തമാണ്‌. ഹിന്ദുമതത്തിന്റെ സാമൂഹ്യബോധം മദര്‍ തെരേസയുടേതു പോലുള്ളതല്ല. ശരീരത്തെ മാത്രം ഊന്നിയുള്ളതല്ല, മറിച്ച്‌ അത്‌ ആത്മീയതലത്തിലുള്ളതാണ്‌. ക്രിസ്ത്യന്‍ മിഷനറിമാര്‍ ആഹാരവും വസ്ത്രവും നല്‍കിവരുമ്പോള്‍ ഭാരതീയ ഋഷിമാര്‍ വ്യക്തിയെ സ്വയം ആഹാരവും വസ്ത്രവും നേടാന്‍ കെല്‍പ്പുള്ളവനാക്കി മാറ്റുകയാണ്‌ ചെയ്യുന്നത്‌.

അങ്ങ്‌ ക്ഷേത്രവിരോധിയാണെന്നുള്ള തെറ്റിദ്ധാരണ പരക്കെ നിലനില്‍ക്കുന്നു. എന്തടിസ്ഥാനത്തിലാണ്‌ ക്ഷേത്രത്തെയും ക്ഷേത്രാരാധനയേയും വിമര്‍ശിക്കുന്നത്‌?
ക്ഷേത്രാരാധനയുടെ തത്വവും ശാസ്ത്രവും പൂര്‍ണമായി മനസ്സിലാക്കാത്തതുകൊണ്ടാണീ വിമര്‍ശനം. ഋഷീശ്വരന്മാര്‍ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത്‌ ഈശ്വരനെ അറിയാനും അര്‍പ്പിക്കാനും അങ്ങനെ അറിഞ്ഞതിനെ അനുഭവിക്കാനും അല്ലെങ്കില്‍ അതില്‍ ലയിക്കാനുമാണ്‌. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്ന്‌ ക്ഷേത്രദര്‍ശനം ‘പോകുന്നു, തൊഴുന്നു, പ്രാര്‍ത്ഥിക്കുന്നു’ എന്ന തലത്തിലേക്ക്‌ ചുരുങ്ങിപ്പോയി. നമ്മളെ ആത്മബലമുള്ള, ശക്തിയുള്ള ധീരന്മാരായ വ്യക്തിത്വങ്ങളായി മാറ്റി, നമ്മുടെ മനസ്സിനെ മാന്യവും ഉത്തമവുമായ തലത്തിലേക്കുയര്‍ത്താനാണ്‌ ഋഷീശ്വരന്മാര്‍ പറഞ്ഞത്‌. അമ്പലത്തില്‍ പോകുന്നത്‌ കൂടിവരുന്നതിനനുസരിച്ച്‌ അതിന്റെ പിന്നിലുള്ള ശാസ്ത്രീയത ആരും ഉള്‍ക്കൊള്ളാതെയായി. അമ്പലത്തില്‍ പോകേണ്ട കാര്യമില്ല എന്നല്ല പറഞ്ഞത്‌. അമ്പലത്തില്‍ പോകണം. ക്ഷേത്രവും അതുമായി ബന്ധപ്പെട്ട സംസ്ക്കാരവും ഭംഗിയായി നിലനില്‍ക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്യുകയും വേണം. എന്നാല്‍ യാചനാപൂര്‍വമുള്ള പ്രാര്‍ത്ഥനക്കല്ല പോകേണ്ടത്‌. ഈശ്വരനുമായി അടുക്കാനും ഈശ്വരനുമായി ചേരാനും ഈശ്വരനെ അനുഭവിക്കാനുമുള്ള ഒരു മാര്‍ഗം എന്ന നിലക്കാണ്‌ അമ്പലത്തില്‍ പോകേണ്ടത്‌. നമ്മുടെ ഉള്ളിലെ ചൈതന്യത്തെ അനുസ്മരിക്കാന്‍ കൂടുതല്‍ യോജ്യമായ ഒരു പരിസരം എന്ന നിലയ്ക്ക്‌ അതിന്‌ ക്ഷേത്രം പ്രയോജനപ്പെടുത്തണം. പുറത്തെ ബഹളങ്ങളില്‍നിന്നും അസ്വസ്ഥതകളില്‍നിന്നും എല്ലാം ഒഴിഞ്ഞ്‌ പഞ്ചേന്ദ്രിയങ്ങള്‍ക്കും ഉത്തമമായ അനുഭവങ്ങളെ നല്‍കി ഉന്മേഷത്തോടെ ഈശ്വരചൈതന്യത്തിലേക്ക്‌ മനസ്സ്‌ ഏകാഗ്രമാക്കാന്‍ യുക്തമായ അന്തരീക്ഷം ഉള്ള ഇടങ്ങളാണ്‌ ക്ഷേത്രങ്ങള്‍; അങ്ങനെയാണ്‌ ആവേണ്ടതും. കാരണം നമ്മുടെ സംസ്ക്കാരം ശാസ്ത്രത്തിലൂന്നിയതാണ്‌, വിശ്വാസത്തിലൂന്നിയതല്ല. ? നിര്‍ഭാഗ്യവശാല്‍ നമ്മുടെ വിദ്യാലയങ്ങളില്‍ ഭാരതീയ ദര്‍ശനങ്ങള്‍ ഒരു പഠനവിഷയമല്ല. എങ്ങനെ ഇത്‌ ജനകീയമാക്കാം.

ഭാരതീയ ദര്‍ശനങ്ങള്‍ പഠിക്കാനും പഠിപ്പിക്കാനും നാം തയ്യാറാകണം. നിര്‍ഭാഗ്യവശാല്‍ നമ്മുടെ മഹത്തായ ശാസ്ത്രഗ്രന്ഥങ്ങളെ ഹിന്ദുക്കളുടെ ഗ്രന്ഥങ്ങളായി നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാര്‍ തരംതാഴ്ത്തി. നമ്മുടെ ഗ്രന്ഥങ്ങളിലൊന്നുംതന്നെ ഹിന്ദുവെന്ന വാക്ക്‌ ഉപയോഗിച്ചിട്ടേയില്ല. ഈ ദര്‍ശനങ്ങള്‍ മനുഷ്യജീവിതത്തെ സമഗ്രമായി പഠിപ്പിക്കുന്ന ശാസ്ത്രഗ്രന്ഥങ്ങളാണ്‌. മാനവരാശിക്ക്‌ മുഴുവന്‍ മുതല്‍ക്കൂട്ടാകേണ്ട ഈ ദര്‍ശനങ്ങള്‍ മതഗ്രന്ഥങ്ങളേയല്ല. പ്രശ്നസങ്കീര്‍ണമായ ലോകത്ത്‌ പ്രശ്നങ്ങളെ സധൈര്യം അഭിമുഖീകരിക്കാനും പ്രശ്നപരിഹാരം കണ്ടെത്താനും സഹായിക്കുന്ന ഈ അമൂല്യദര്‍ശനങ്ങള്‍ ചെറുപ്പംമുതലേ തന്നെ നമ്മുടെ കുട്ടികള്‍ക്ക്‌ പറഞ്ഞുകൊടുക്കണം. നമ്മുടെ വീടുകളില്‍ മാതാപിതാക്കള്‍ ഇതിനായി തയ്യാറാകണം. കുറഞ്ഞപക്ഷം തങ്ങളുടെ പൈതൃകസ്വത്തുക്കളാണീ ദര്‍ശനങ്ങള്‍ എന്നഭിമാനിക്കുന്ന ഹിന്ദുക്കളെങ്കിലും ഉണര്‍ന്നാല്‍ തീര്‍ച്ചയായും ലോകം ഉണരും.

ഭാഗവതഗ്രാമം എന്നതുകൊണ്ട്‌ എന്താണ്‌ ലക്ഷ്യമാക്കുന്നത്‌?
പ്രകൃതിരമണീയമായ ഒരിടത്ത്‌ ജിജ്ഞാസുക്കള്‍ക്ക്‌ ഒരുമിച്ചു ചേരാനും നമ്മുടെ ശാസ്ത്രഗ്രന്ഥങ്ങള്‍ പഠിക്കാനും അവസരമൊരുക്കുക എന്നതാണ്‌ ലക്ഷ്യം. ഭാരതീയ ശാസ്ത്രഗ്രന്ഥങ്ങളില്‍ ഏതെങ്കിലും പഠിക്കണം എന്ന്‌ ആഗ്രഹിക്കുമ്പോള്‍ ഭാഗവത ഗ്രാമത്തില്‍ വന്ന്‌ അത്‌ പഠിക്കാനുള്ള സൗകര്യമുണ്ടാകും. സനാതന ധര്‍മഗ്രന്ഥങ്ങള്‍ ഒരു വിദ്യാലയത്തിലെന്നപോലെ പഠിപ്പിക്കാന്‍ കഴിവുള്ള നിരവധിപേരെ ഉണ്ടാക്കിയെടുക്കുക എന്നത്‌ ലക്ഷ്യമാക്കുന്നു. മഹത്തായ ഭാരതീയ സംസ്കാരത്തില്‍ അധിഷ്ഠിതമായ ദര്‍ശനങ്ങളെ കോര്‍ത്തിണക്കി, ജീവിതമൂല്യങ്ങളെ ഉയര്‍ത്തുന്നവരുടെ ഒരു കൂട്ടായ്മ വളര്‍ത്തിയെടുക്കാനുള്ള ശ്രമം.