ഗുണാനുരക്തം വ്യസനായ ജന്തോഃ ക്ഷേമായ നൈര്‍ഗുണ്യമഥോ മനഃ സ്യാത്‌
യഥാ പ്രദീപോ ഘൃതവര്‍ത്തിമശ്നന്‍ ശിഖാഃ സധൂമാ ഭജതി ഹ്യന്യദാ സ്വം
പദം തഥാ ഗുണകര്‍മ്മാനുബദ്ധം വൃത്തീര്‍മ്മനഃ ശ്രയതേഽന്യത്ര തത്ത്വം (5-11-8)

ബ്രഹ്മജ്ഞാനിയായ ഭരതന്‍ മറുപടിയായി പറഞ്ഞുഃ

അജ്ഞാനിയെങ്കിലും അറിവുളളവനേപ്പോലെയാണ്‌ അങ്ങു സംസാരിക്കുന്നുത്‌. വിവരമുളളവര്‍ ലൗകീകതയും ആത്മീയതയും തന്നില്‍ ആശയക്കുഴപ്പം പ്രകടിപ്പിക്കയില്ല. ലൗകീകപ്രശ്നങ്ങളും സത്യം തേടിയുളള ആത്മീയാന്വേഷണവും രണ്ടും രണ്ടാണ്‌. ധര്‍മ്മശാസ്ത്രാദികളും പ്രവചനങ്ങളും അനുശാസനങ്ങളും അജ്ഞാനിയെ സംബന്ധിച്ചേടത്തോളം ഒരടഞ്ഞ പുസ്തകം മാത്രമാണ്‌. ലൗകീകജീവിതവും ധര്‍മ്മനിഷ്ഠമായ ചടങ്ങുകള്‍ പോലും, വെറും സ്വപ്നം പോലെയും സ്വപ്നജീവിതം പോലെയും അപ്രധാനമാണെന്ന് അവര്‍ മനസിലാക്കുന്നില്ല.

ത്രിഗുണങ്ങളാല്‍ നിബദ്ധമായ മനസ്‌ ഒരുവനെ നന്മതിന്മകളിലേയ്ക്കും അതിന്റെ പരിണിത ഫലങ്ങളിലേയ്ക്കും നയിക്കുന്നു. സൂക്ഷ്മശരീരത്തിന്റെ പതിനാറു കലകളിലൊന്നായ മനസ്, ഗുണങ്ങളാല്‍ ചഞ്ചലമാക്കപ്പെട്ട്‌ കാമം, ക്രോധം, ലോഭം, മോഹം എന്നിവയെ യഥേഷ്ടം കടന്നു പോവാന്‍ അനുവദിക്കുന്നു. യഥാര്‍ത്ഥത്തില്‍ മനസ്‌ ഉയര്‍ന്നതും താഴ്ന്നതുമായ പലേ ജീവജാലങ്ങളായി പുനര്‍ജനിക്കുകയത്രേ ചെയ്യുന്നുത്‌. ഇങ്ങനെ, മനസുപ്രവര്‍ത്തിക്കുന്നുവര്‍ക്കു മാത്രമേ സ്വപ്നവും ജാഗ്രാവസ്ഥയും തല്‍ഫലമായുണ്ടാവുന്ന സുഖദുഃഖങ്ങളും അനുഭവവേദ്യമാവുന്നുളളൂ. അതുകൊണ്ടാണ്‌ ജ്ഞാനികള്‍ മനസാണ്‌ ബന്ധനത്തിനും മുക്തിക്കും കാരണമായിട്ടുളളത്‌ എന്ന്‌ പ്രഖ്യാപിച്ചിട്ടുളളത്‌. ഏതു മനസാണോ വൈകാരികമായി ചാഞ്ചല്യമാര്‍ന്നത്, അതിന്‌ ദുഃഖം നിശ്ചയം. എന്നാല്‍ ഈ അവസ്ഥയില്‍നിന്നും ഉയര്‍ന്ന മനസില്‍ ശാന്തിയും നിര്‍വൃതിയും ഉദയം ചെയ്യുന്നു. നിലവിളക്കിലെ തീനാളവും പുകയും അതിലെ എണ്ണയോട്‌ ചേര്‍ന്നിരിക്കുമ്പോള്‍ മാത്രമേയുളളൂ. എണ്ണയില്‍നിന്നു്‌ വിട്ടകന്നാല്‍ തീനാളത്തിന്‌ പൂര്‍വ്വാവസ്ഥയിലേക്ക്‌ (നിര്‍വ്വാണപദം) മടങ്ങാമല്ലോ. ഇങ്ങനെയൊക്കെയാണെങ്കലും പ്രകൃതി സമ്പ്രദായങ്ങളാല്‍ അസ്വസ്ഥമാക്കപ്പെട്ട മനസ്‌ പലവിധ കര്‍മ്മങ്ങളാല്‍ ബന്ധിതമാണ്‌. ഇതില്‍നിന്നും മോചിതമായാല്‍ അത്‌ സത്യത്തില്‍ വിലീനമാവുന്നു.

മനസിന്‌ പതിനൊന്ന് അവസ്ഥാവിശേഷങ്ങളാണുളളത്‌. പഞ്ചേന്ദ്രിയങ്ങളിലൂടെ മനസ്‌ ബാഹ്യവസ്തുക്കളെ അനുഭവിച്ചറിയുന്നു. അഞ്ച്‌ കര്‍മ്മേന്ദ്രിയങ്ങളിലൂടെ ലൗകീക കര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്നു. ഞാന്‍, എന്‍റേത്‌ എന്ന്‌ സ്വശരീരത്തോട്‌ തോന്നുന്ന, മമതയാണ്‌ പതിനൊന്നാമത്തെ അവസ്ഥതയായ അഹങ്കാരം. മനസിന്റെ ഈ പതിനൊ‍ന്നു് അവസ്ഥകളാണ്‌ കര്‍മ്മങ്ങളായും മറ്റുപല ഭേദഗതികളായും മാറുന്നത്‌. പക്ഷെ, ഈ അവസ്ഥകള്‍ക്ക്‌ സ്വന്തമായ നിലനില്‍പ്പില്ല. ഒന്നു മറ്റൊന്നിനെയുണ്ടാക്കിയെടുക്കുന്നുമില്ല. ഇതിന്റെയെല്ലാം പിന്നില്‍ ഉണ്മയായിട്ടുളളത്‌ സാക്ഷീ ബോധം (ക്ഷേത്രജ്ഞന്‍) മാത്രമാണ്‌. ഈ സാക്ഷിയാകട്ടെ, മനസിന്റെ സമ്പ്രദായങ്ങളിലോ മാറ്റങ്ങളിലോ ഭാഗഭാക്കാവുന്നില്ല. ക്ഷേത്രജ്ഞന്‍ സനാതനവും, ആത്മദീപ്തവും, അജവും പരമമായതും. നാരയണനെന്നും വാസുദേവനെന്നും അറിയപ്പെട്ട്‌ സ്വേഛയാല്‍ സര്‍വ്വചരാചരങ്ങള്‍ക്കുളളിലും വര്‍ത്തിച്ച്‌ ആത്മനിയന്ത്രണാധിപനുമായി വിരാജിക്കുന്നവനും ആകുന്നു. എപ്പോഴാണോ ഒരുവന്‍ തന്റെ ഏറ്റവും വലിയ ശത്രുക്കളായ കാമക്രോധാദികളെ ജയിക്കുന്നുത്‌ അപ്പോഴാണ്‌ മനസ്‌ അവസ്ഥാന്തരങ്ങളില്‍ നിന്നും രക്ഷപ്രാപിക്കുന്നുത്‌. എന്നിട്ട്‌ ഭഗവല്‍പ്പാദങ്ങളിലും ഗുരുപാദങ്ങളിലും സ്വയം അര്‍പ്പിക്കുമ്പോഴാണ്‌ അവന്‍ മുക്തിപദത്തെ പ്രാപിക്കുന്നുത്‌.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF