ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 51

അര്‍ജ്ജുന ഉവാച:

ദൃഷ്ട്വേദം മാനുഷം രൂപം
തവ സൗമ്യം ജനാര്‍ദ്ദന
ഇദാനീമസ്മി സംവൃത്തഃ
സചേതാഃ പ്രകൃതിം ഗതഃ


അല്ലയോ കൃഷ്ണാ, അങ്ങയുടെ സൗമ്യമായ ഈ മനുഷ്യരൂപം കണ്ടപ്പോള്‍ സന്തുഷ്ടനായി കണ്ടിട്ട് ഇപ്പോള്‍ ഞാന്‍ സ്വസ്ഥചിത്തനും എന്‍റെ യഥാര്‍ത്ഥ സ്വഭാവത്തെ പ്രാപിച്ചവനും ആയിത്തീര്‍ന്നിരിക്കുന്നു.

വില്ലാളിവീരനായ അര്‍ജ്ജുനന്‍, താന്‍ ആഗ്രഹിച്ച, ഭഗവാന്‍റെ മനുഷ്യരൂപം കണ്ടപ്പോള്‍ സന്തുഷ്ടനായി സ്വയം പറഞ്ഞു: എനിക്കു നഷ്ടപ്പെട്ട ധൈര്യം വീണ്ടുകിട്ടിയിരിക്കുന്നു. എന്‍റെ വിവേകം ഭയഹേതുകമായി, ബുദ്ധിയെ ഉപേക്ഷിച്ചു കാടുകയറിയിരുന്നു. എന്‍റെ മനസ്സ് അതിന്‍റെ അഹംഭാവത്തോടൊപ്പം നാടാകെ അലഞ്ഞുതിരിഞ്ഞു നടന്നു. ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തനരഹിതങ്ങളായി. എന്‍റെ സംസാരം നിലച്ചു. ഞാന്‍ ഇപ്രകാരം നികൃഷ്ടമായ ഒരു നിലയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം പ്രവര്‍ത്തനക്ഷമങ്ങളായി പൂര്‍വ്വസ്ഥിതിയിലെത്തിയിരിക്കുന്നു. ഭഗവാന്‍റെ മനുഷ്യാവതാരത്തിന്‍റെ ദൃശ്യം എന്നില്‍ ഒരു നവചൈതന്യം ഉദ്ദീപിപ്പിച്ചിരിക്കുന്നു.

അനന്തരം ഹൃദയം നിറഞ്ഞൊഴുകിയ പ്രേമപാരവശ്യത്തോടെ അവന്‍ ഭഗവാനോട് പറഞ്ഞു. ദേവാധിദേവാ, അങ്ങയുടെ മനുഷ്യാവതാരരൂപത്തിലുള്ള ആകാരം എന്‍റെ നേത്രങ്ങള്‍ക്ക് അമൃതധാരയായിരിക്കുന്നു. അമ്മയില്‍നിന്ന് വഴിതെറ്റിപ്പോയ കുഞ്ഞ് വീണ്ടും അമ്മയുടെ അടുത്തെത്തി അമ്മിഞ്ഞകുടിച്ച് ആമോദിക്കുന്നതുപോലെ, അങ്ങയുടെ ഈ ദര്‍ശനം അങ്ങയുമായുള്ള പുനസ്സംഗമത്തിന് വഴിതെളിക്കുന്നതില്‍ ഞാന്‍ അത്യധികം ആഹ്ലാദിക്കുന്നു. അങ്ങയുടെ വിശ്വരൂപമാകുന്ന വാരിധിയുടെ കല്ലോലങ്ങളില്‍പ്പെട്ട് ഓരോ അലയും എണ്ണിയെണ്ണി തള്ളിനീക്കി നിസ്സാഹയനായി എന്‍റെ ജീവനുവേണ്ടി ഞാന്‍ പോരാടുകയായിരുന്നു. ഇപ്പോള്‍ അങ്ങയുടെ അവതാരരൂപമാകുന്ന തീരത്തെത്തി. എന്‍റെ കാലുകള്‍ ഉറച്ചിരിക്കുന്നു. അല്ലയോ ദ്വാരകാനിവാസിയായ ചങ്ങാതീ, ഇത് ഒരു കേവലദര്‍ശനമല്ല, ഒരു വൃക്ഷത്തെപ്പോലെ വാടിക്കരിഞ്ഞ എന്‍റെ ആത്മാവിനെ ഉജ്ജീവിപ്പിക്കുന്നപാനീയമാണിത്. അല്ലയോ ഭഗവാനേ, അങ്ങയുടെ മാനുഷരൂപത്തിനുവേണ്ടി ദാഹിച്ച ഞാനിതാ ഒരു പീയൂഷ പാരാവാരത്തിന്‍റെ കരയ്ക്കെത്തിയിരിക്കുന്നു. എന്‍റെ ഹൃദയാരാമത്തില്‍ അങ്ങ് ചിത്തഹര്‍ഷത്തിന്‍റെ വല്ലരി നടുകയാണുണ്ടായത്. ഇത് പുഷ്പിച്ച് എന്‍റെ ജീവിതത്തെ ആനന്ദതുന്ദിലമാക്കുമെന്നുള്ള പുനഃപ്രത്യാശ അങ്ങ് എനിക്ക് നല്കിയിരിക്കുന്നു.