ജാതിലക്ഷണം – ശ്രീ നാരായണഗുരു (34)


പുണര്‍ന്നു പെറുമെല്ലാമൊ-
രിനമ‍ാം പുണരാത്തത്
ഇനമല്ലിനമാമിങ്ങൊ-
രിണയാര്‍ന്നൊത്തു കാണ്‍മതും

ഓരോ ഇനത്തിനും മെയ്യു-
മോരോ മാതിരിയൊച്ചയും
മണവും ചുവയും ചൂടും
തണുവും നോക്കുമോര്‍ക്കണം

തുടര്‍ന്നോരോന്നിലും വെവ്വേ-
റടയാളമിരിക്കയാല്‍
അറിഞ്ഞീടുന്നു വെവ്വേറെ
പിരിച്ചോരോന്നുമിങ്ങു ന‍ാം

പേരൂരു തൊഴിലീ മൂന്നും
പോരുമായതു കേള്‍ക്കുക!
ആരു നീയെന്നു കേള്‍ക്കേണ്ട
നേരു മെയ്‌തന്നെ ചൊല്കയാല്‍

ഇനമാര്‍ന്നുടല്‍ താന്‍ തന്റെ-
യിനമേതെന്നു ചൊല്‍കയാല്‍
ഇനമേതെന്നു കേള്‍ക്കില്ല
നിനവും കണ്ണുമുള്ളവര്‍

പൊളി ചൊല്ലുന്നിനം ചൊല്‍വ-
തിഴിവെന്നു നിനയ്ക്കയാല്‍,
ഇഴിതില്ലിനമൊന്നാണു
പൊളി ചൊല്ലരുതാരുമേ

ആണും പെണ്ണും വേര്‍തിരിച്ചു
കാണുംവണ്ണമിനത്തെയും
കാണണം കുറികൊണ്ടിമ്മ-
ട്ടാണു നാമറിയേണ്ടത്.

അറിവാമാഴിയില്‍ നിന്നു
വരുമെല്ലാവുടമ്പിലും
കരുവാണിന,മീ നീരിന്‍
നിരതാന്‍ വേരുമായിടും

അറിവ‍ാം കരുവാന്‍ ചെയ്ത
കരുവാണിനമോര്‍ക്കുകില്‍
കരുവാര്‍ന്നിനിയും മാറി
വരുമീ വന്നതൊക്കെയും

ഇനമെന്നിതിനെച്ചൊല്ലു-
ന്നിന്നതെന്നറിയിക്കയാല്‍
ഇനമില്ലെങ്കിലില്ലൊന്നു-
മിന്നതെന്നുള്ളതൂഴിയില്‍

[ Malayalam Spiritual EBooks ടൈപ്പ്സെറ്റ് ചെയ്തു സമര്‍പ്പിച്ച ശ്രീനാരായണഗുരു സമ്പൂര്‍ണ്ണ കൃതികളില്‍ (PDF) നിന്ന്. ]

April 24th, 2010|വിഭാഗം: നാരായണഗുരു
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/jathi-lakshanam-sri-narayana-guru-34
ഇമെയില്‍ : sree@sreyas.in