സ്വാമി വിവേകാനന്ദന്‍

യുക്തിപരവും താത്ത്വികവുമായ യോഗവിഭാഗമാണ് ജ്ഞാനം. അത് വളരെ പ്രയാസമുള്ളതുമാണ്. എങ്കിലും പതുക്കെ ഞാന്‍ നിങ്ങളെ അതിലൂടെ നയിക്കാന്‍ നോക്കാം.

യോഗമെന്നാല്‍ മനുഷ്യനെയും ഈശ്വരനെയും തമ്മില്‍ യോജിപ്പിക്കുന്ന ഉപായമെന്നര്‍ത്ഥം. ഇതു നിങ്ങള്‍ക്ക് അനുഭവപ്പെടുമ്പോള്‍ മനുഷ്യന്നും ഈശ്വരന്നും നിങ്ങളുടെ സ്വന്തം നിര്‍വ്വചനംതന്നെ ഉണ്ടാക്കാം. അപ്പോള്‍ നിങ്ങളുടെ ഏതു നിര്‍വ്വചനത്തിനും ‘യോഗ’പദം ചേരുമെന്നും കാണാം. പലതരം മനസ്സുകള്‍ക്കുവേണ്ടി പലതരം യോഗങ്ങളുണ്ടെന്ന് എപ്പോഴും ഓര്‍മ്മിക്കുക. അവയിലൊന്നു നിങ്ങള്‍ക്കു പറ്റുന്നില്ലെങ്കില്‍ പറ്റുന്നതായി മറ്റൊന്നു കാണാം. എല്ലാ മതങ്ങള്‍ക്കും സിദ്ധാന്തം, പ്രയോഗം എന്നിങ്ങനെ രണ്ടംശങ്ങളുണ്ട്. പാശ്ചാത്യശ്രദ്ധ സിദ്ധാന്തവശത്ത് കേന്ദ്രീകരിക്കയാണ് ചെയ്തിട്ടുള്ളത്. മതത്തിന്റെ പ്രയോഗവശം സല്‍ക്കര്‍മ്മാനുഷ്ഠാനങ്ങളില്‍മാത്രമേ അവര്‍ കാണുന്നുള്ളൂ. യോഗം മതത്തിന്റെ പ്രയോഗവശമാണ്. മതം സല്‍ക്കര്‍മ്മാനുഷ്ഠാനത്തില്‍നിന്നു വ്യതിരിക്തമായി, ഒരു പ്രായോഗികശക്തിതന്നെയാണെന്ന് അതു കാണിക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭകാലത്തു മനുഷ്യന്‍ യുക്തിചിന്തയില്‍ക്കൂടി ഈശ്വരനെ കണ്ടെത്താന്‍ ശ്രമിച്ചു. അനുമാനാധിഷ്ഠിതമായ ദേവവിശ്വാസ(Deism) മായിരുന്നു. അതിന്റെ ഫലം. ഈ പ്രകൃതിയുടെ ഫലമായി അവശേഷിച്ചിരുന്ന ഈശ്വരശിഷ്ടത്തെപ്പോലും ഡാര്‍വിന്റെയും മില്ലിന്റെയും വാദങ്ങള്‍ നശിപ്പിച്ചുകളഞ്ഞു. അതിനാല്‍, മതങ്ങളുടെ ചരിത്രപരവും താരതമ്യാത്മകവുമായ പഠനത്തെ സമാശ്രയിക്കുവാന്‍ മനുഷ്യന്‍ നിര്‍ബ്ബദ്ധരായി. മതം പ്രകൃതിശക്തികളുടെ ആരാധനയില്‍നിന്നാണ് ഉത്ഭവിച്ചതെന്ന് കുറേപ്പേര്‍ അഭിപ്രായപ്പെട്ടു. (മാക്സ്മുള്ളരുടെ തല്‍സംബന്ധമായ കൃതികള്‍ നോക്കുക) മറ്റു ചിലരുടെ അഭിപ്രായത്തില്‍ മതം ഉടലെടുത്തത് പിതൃക്കളുടെ ആരാധനയില്‍നിന്നാണ് (ഹെര്‍ബര്‍ട്ട് സ്പെന്‍സറുടെ ലേഖനങ്ങള്‍ നോക്കുക). എന്നാല്‍, ആകെക്കൂടി ഈ അന്വേഷണരീതികള്‍ പരാജയത്തിലവസാനിക്കുകയാണുണ്ടായത്. ബാഹ്യാന്വേഷണത്തിലൂടെ മനുഷ്യനു സത്യത്തെ പ്രാപിക്കാന്‍ കഴിയില്ല.

‘ഒരു കട്ട മണ്ണിന്റെ മട്ടറിഞ്ഞാല്‍, ജഗത്തിലുള്ള എല്ലാ മണ്ണിന്റെയും മട്ടറിയാം’. ജഗത്തു മുഴുവന്‍ ഒരേ രീതിയിലത്രെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. മണ്‍കട്ടയുടെ കാര്യത്തിലെന്നപോലെ, വ്യഷ്ടി സമഷ്ടിയുടെ ഒരംശംമാത്രമാണ്. അണുമാത്രമായ മനുഷ്യാത്മാവിനെ, അതായത് അതിന്റെ ഉല്‍പ്പത്തിയും സാമാന്യചരിത്രവും അറിഞ്ഞാല്‍, സമസ്തപ്രകൃതിയും അറിയപ്പെടുന്നു. ഉല്‍പ്പത്തി, വളര്‍ച്ച, ഉപചയം, അപചയം, നാശം-ഇതാണ് പ്രകൃതിയിലെ എല്ലാ വസ്തുക്കളുടെയും അവസ്ഥാക്രമം. അതു ചെടിയിലും മനുഷ്യനിലും ഒരുപോലെതന്നെ. കാലത്തില്‍മാത്രമാണ് വ്യത്യാസം. ഒന്നിന്റെ കാര്യത്തില്‍ ഈ വൃത്തം ഒരു ദിവസംകൊണ്ടു മുഴുമിക്കാം. മറ്റൊന്നിന്റെ കാര്യത്തില്‍ എഴുപതാണ്ടുകള്‍ വേണ്ടിവന്നേയ്ക്കാം. എന്നാല്‍ രീതി ഒന്നുതന്നെ. പ്രപഞ്ചത്തിന്റെ പിഴയ്ക്കാത്ത അപഗ്രഥനത്തിലേക്കുള്ള ഒറ്റപ്പാത നമ്മുടെതന്നെ മനസ്സിന്റെ അപഗ്രഥനത്തിലൂടെയാണ്. മതത്തെ ഗ്രഹിക്കുവാന്‍തക്ക ഒരു മനശ്ശാസ്ത്രം അത്യന്താപേക്ഷിതമാണ്. യുക്തിയെമാത്രം സമാശ്രയിച്ച് സത്യത്തിലെത്തുക അസാദ്ധ്യം. എന്തെന്നാല്‍, സ്വയം അപൂര്‍ണ്ണമായ യുക്തിക്ക് അതിന്റെതന്നെ മൂലാസ്പദമായ വസ്തുവിനെ പഠിപ്പിക്കാനോ ഗ്രഹിക്കാനോ കഴിയില്ല. അതിനാല്‍, മനസ്സിനെ പഠിക്കാനുള്ള ഏകമാര്‍ഗ്ഗം (മനസ്സിനെസ്സംബന്ധിച്ച) വസ്തുതകളെ തേടിപ്പിടിക്കുകയും, അതിനുശേഷം ബുദ്ധികൊണ്ട് അവയെ ക്രമപ്പെടുത്തി പൊതുതത്ത്വങ്ങള്‍ നിഷ്പാദിപ്പിക്കയുമാണ്. സൌധം പണിയേണ്ടതു ബുദ്ധിയാണ്. എന്നാല്‍, ഇഷ്ടികയില്ലാതെ അതിനു പണിയുക സാദ്ധ്യമല്ല. ഇഷ്ടികയുണ്ടാക്കാന്‍ അതിനു കഴിവില്ല. വസ്തുതകളെ തേടിപ്പിടിക്കുവാനുള്ള പ്രമാദമറ്റ വഴിയാണ് ജ്ഞാനയോഗം.

ഒന്നാമത്, മനസ്സിന്റെ വ്യാപാരഘടന മനസ്സിലാക്കണം. നമുക്കു കര്‍മ്മേന്ദ്രിയങ്ങളെന്നും ജ്ഞാനേന്ദ്രിയങ്ങളെന്നും രണ്ടുതരം ഇന്ദ്രിയങ്ങളുണ്ട്. ഇന്ദ്രിയങ്ങളെന്നു പറഞ്ഞാല്‍, ശരീരത്തിന്റെ ബഹിര്‍ഭാഗത്തുള്ള ഇന്ദ്രിയോപകരണങ്ങളല്ല. മസ്തിഷ്കത്തിലുള്ള ദര്‍ശനകേന്ദ്രമാണ് ദര്‍ശനേന്ദ്രിയം. ബാഹ്യചക്ഷുസ്സല്ല. അതുപോലെ മറ്റെല്ലാ ഇന്ദ്രിയങ്ങളുടെ കാര്യത്തിലും വ്യാപാരം ആന്തരമാണ്. മനസ്സു പ്രതിപ്രവര്‍ത്തനം നടത്തുമ്പോഴേ ബാഹ്യവസ്തുവിന്റെ ഉപലബ്ധി ഉണ്ടാകുന്നുള്ളൂ. ഉപലബ്ധിക്കു ബോധകസിരകളും കാരകസിരകളും ആവശ്യമാണ്.

പിന്നെ മനസ്സ്. ഒരു ബാഹ്യവസ്തു-ഉദാഹരണത്തിന് ഒരു കല്ല്-വന്നുവീഴുമ്പോള്‍ കല്ലോലരൂപത്തില്‍ സ്പന്ദിച്ചുതുടങ്ങുന്ന പ്രശാന്തജലാശയംപോലെയാണത്. സ്പന്ദങ്ങള്‍ ഒരുമിച്ചു ചേര്‍ന്നു കല്ലിന്മേല്‍ പ്രതിപ്രവര്‍ത്തനം നടത്തുന്നു. അവ ജലാശയത്തിലാകെ വ്യാപിക്കയും അനുഭവപ്പെടുകയും ചെയ്യുന്നു. മനസ്സു ജലാശയത്തെപ്പോലെയാണ്. അതില്‍ നിരന്തരം തരംഗങ്ങള്‍ ഉളവാക്കപ്പെടുന്നു. അവ മനസ്സില്‍ ഓരോ മുദ്ര അവശേഷിപ്പിക്കുന്നു. ‘അഹന്ത’,‘ഞാന്‍’ എന്ന ബോധം, ഈ നിരന്തരമുദ്രകളുടെ ഫലമത്രേ. അതിനാല്‍ ‘ഞാന്‍’ എന്നതു മുദ്രാതരംഗങ്ങളാകുന്നു. ഊര്‍ജ്ജത്തിന്റെ ദ്രുതസംക്രമണംമാത്രമാണത്. അല്ലാതെ അതിനു സ്വയം യാഥാര്‍ത്ഥ്യമില്ല.

‘പ്രാണ’ശക്തിയെ സ്വീകരിപ്പാനുപയോഗപ്പെടുന്ന അതിസൂക്ഷ്മമായ ഒരു ജഡോപകരണമത്രേ മനസ്സത്ത്വം. മനുഷ്യന്‍ മരിക്കുമ്പോള്‍ ശരീരം നശിക്കുന്നു. എന്നാല്‍, അടുത്ത ജീവിതത്തിന്റെ വിത്തെന്നപോലെ, ശകലം മനസ്സു നശിക്കാതെ ശേഷിക്കുന്നു. ഇതിനെ ഉദ്ദേശിച്ചാണ് സെന്റ് പോള്‍ ‘ആത്മശരീരം’ എന്നു പറഞ്ഞിട്ടുള്ളത്. അടുത്ത ശരീരത്തിന്റെ ബീജവും ഇതത്രേ. മനസ്സു ദ്രവ്യമയമാണെന്നുള്ള ഈ സിദ്ധാന്തം ആധുനികങ്ങളായ എല്ലാ ശാസ്ത്രസിദ്ധാന്തങ്ങളുമായി പൊരുത്തപ്പെടുന്നുണ്ട്. ഒരു മന്തന്നു ബുദ്ധി കുറവായിരിക്കുന്നത് അവന്റെ മനസ്സത്ത്വത്തിനു കേടുപറ്റിയിരിക്കുന്നതുകൊണ്ടാണ്. എന്നാല്‍ ദ്രവ്യത്തില്‍ ചൈതന്യമുണ്ടായിരിക്കാന്‍ തരമില്ല. ജഡപദാര്‍ത്ഥങ്ങളെ വല്ലപാടും സംയോജിപ്പിച്ചാലും ചൈതന്യം ഉല്‍പ്പാദിപ്പിക്കാവതല്ല. പിന്നെ ചൈതന്യത്തിന്റെ ആസ്ഥാനമെവിടെ? അതു ദ്രവ്യത്തിനു പിന്നിലാണ്. അതു ജീവനാണ്. ദ്രവ്യോപകരണത്തിലൂടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചൈതന്യം. ദ്രവ്യമില്ലെങ്കില്‍ ഊര്‍ജ്ജസംക്രമണം സാധ്യമല്ല. ജീവന്നു തനിച്ചു സഞ്ചരിക്കാന്‍ കഴിവില്ലാത്തതുകൊണ്ട്, മനസ്സിന്റെ ഏതാനും അശം ജീവന്റെ ഒരു വാഹനമെന്ന നിലയില്‍ മരണശേഷവും നിലനില്‍ക്കുന്നു. ബാക്കിയെല്ലാം മരണത്തോടെ ഛിന്നഭിന്നമാകുന്നു.

നമുക്കു വസ്തുക്കളുടെ ഉപലബ്ധിയുണ്ടാകുന്നതെങ്ങനെ? എതിരെയുള്ള ഭിത്തി ഒരു വിഷയമുദ്ര എന്നിലേയ്ക്കയയ്ക്കുന്നു. എന്നാല്‍, എന്റെ മനസ്സു പ്രതിപ്രവര്‍ത്തനം നടത്തുംവരെ ഞാന്‍ ആ ഭിത്തി കാണുന്നില്ല-അതായത്, ബാഹ്യചക്ഷുസ്സ് കാണുന്നതുകൊണ്ടുമാത്രം മനസ്സിനു ഭിത്തിയെക്കുറിച്ചുള്ള ബോധമുണ്ടാവുക സാദ്ധ്യമല്ല, ഭിത്തിയുടെ ഉപലബ്ധിക്കു മനസ്സിനെ പ്രാപ്തമാക്കുന്ന ആ പ്രതിപ്രവര്‍ത്തനം ബുദ്ധിയുടെ പ്രക്രിയയാണ്. ഇങ്ങനെ, കണ്ണുകളുടെയും അന്തരിന്ദ്രിയമായ മനസ്സിന്റേയും സഹായത്തോടെയാണ് നാം പ്രപഞ്ചത്തെ മുഴുവന്‍ കാണുന്നത്. അതിനാല്‍, ആ കാഴ്ച സ്വാഭാവികമായും നമ്മുടെ വ്യക്തിപ്രവണതകളുടെ ഛായ കലര്‍ന്നതായിരിക്കും. യഥാര്‍ത്ഥഭിത്തി, യഥാര്‍ത്ഥപ്രപഞ്ചം, മനസ്സിനു വെളിയിലാണ്. അത് അജ്ഞാതവും അജ്ഞേയവുമാണ്. യഥാര്‍ത്ഥപ്രപഞ്ചത്തെ X എന്നു വിളിക്കുക. എന്നാല്‍, നാം കാണുന്ന പ്രപഞ്ചം X+ മനസ്സ് ആണെന്നതത്രേ നമ്മുടെ പ്രമേയം.

ബാഹ്യലോകത്തെസ്സംബന്ധിച്ചു പ്രസ്താവിച്ചത് ആന്തരലോകത്തെസ്സംബന്ധിച്ചും സംഗതമാണ്. മനസ്സിനു തന്നെക്കുറിച്ചും അറിയണമെന്നുണ്ട്. എന്നാല്‍ മനസ്സിന്റെ മാധ്യമത്തിലൂടെമാത്രമേ ആന്തരലോകത്തെയും അറിയാന്‍ കഴിയൂ. അതും മുന്‍പറഞ്ഞ ഭിത്തിയെപ്പോലെ അജ്ഞാതമാണ്. ഈ ആന്തരവസ്തുവിനെ നമുക്കു Y എന്നു വിളിക്കാം. അപ്പോള്‍ നാം അറിയുന്ന ആന്തരവസ്തു Y+ മനസ്സ് ആയിരിക്കും. മനസ്സിനെ ഇത്തരത്തില്‍ ആദ്യമായപഗ്രഥിച്ചത് കാന്റ് എന്ന തത്ത്വശാസ്ത്രജ്ഞനാണ്. എന്നാല്‍ ഇതു വേദങ്ങളില്‍ വളരെപ്പണ്ടേ പ്രസ്താവിച്ചിട്ടുള്ളതാണ്. ഇങ്ങനെX നും Y യ്ക്കും മധ്യേ നിന്ന്-എന്നു പറയട്ടെ-മനസ്സ് അവ രണ്ടിന്മേലും പ്രതിപ്രവര്‍ത്തനം നടത്തികൊണ്ടിരിക്കുന്നു.

X അജ്ഞാതമാണെങ്കില്‍, അതില്‍ നാം ആരോപിക്കുന്ന ഏതു ധര്‍മ്മവും നമ്മുടെ മനസ്സില്‍നിന്നു വന്നതാകാനേ തരമുള്ളൂ. കാലം, ദേശം, നിമിത്തം എന്നീ മൂന്നുപാധികളിലൂടെയാണ് മനസ്സു വസ്തുക്കളെ ഗ്രഹിക്കുന്നത്. കാലം ചിന്താസംക്രമണത്തിന് ആവശ്യമായ ഉപാധിയാണ്. സ്ഥൂലദ്രവ്യത്തിന്റെ സ്പന്ദനത്തിനു ദേശവും. സ്പന്ദത്തിന്റെ നിയതമായ പൂര്‍വ്വാപരക്രമമാണ് നിമിത്തം. ഈ ഉപാധികളിലൂടെമാത്രമേ മനസ്സിനു വല്ലതും അറിയാന്‍ കഴിയൂ. അതിനാല്‍ മനസ്സിന്നതീതമായതേതും ദേശകാലനിമിത്താതീതമാകണം.

കണ്ണില്ലാത്തവന്‍ ലോകത്തെ ഗ്രഹിക്കുന്നത് സ്പര്‍ശശബ്ദങ്ങള്‍ മുഖേനയാണ്. അഞ്ചിന്ദ്രിയങ്ങളുമുള്ള നമ്മുടെ ലോകം അതില്‍ നിന്നു വ്യത്യസ്തമാണ്. നമ്മിലാരിലെങ്കിലും വൈദ്യുതതരംഗങ്ങളെ ഗ്രഹിക്കാന്‍ പറ്റിയ ആറാമതൊരിന്ദ്രിയം ഉണ്ടാകുന്നപക്ഷം, അയാള്‍ക്കു ലോകം മറ്റൊരു കാഴ്ചയാണ് നല്‍കുക. എന്നാല്‍ Xഎന്നു നാം പേരിട്ട ലോകം എല്ലാവര്‍ക്കും അഭേദമായിരിക്കുന്നു. ഓരോരുത്തനും അവനവന്റെ മാധ്യമം (മനസ്സ്) കൊണ്ടുവരുന്നതുകൊണ്ട്, അവനവന്റെ വിശേഷലോകത്തെ കാണുന്നു.X + ഒരിന്ദ്രിയം, X+ രണ്ടിന്ദ്രിയം, X+ അഞ്ചിന്ദ്രിയം(ഇന്നറിയപ്പെടുന്ന മനുഷ്യന്‍) ഇങ്ങനെ പോകുന്നു. പരിണതലോകങ്ങള്‍ സദാ ഭിന്നങ്ങളായിരിക്കും. എങ്കിലും Xഎപ്പോഴും മാറ്റമില്ലാതെ, നിലകൊള്ളുന്നു. Y എന്ന ആന്തരവസ്തുവും, നമ്മുടെ മനസ്സിനും ദേശകാലനിമിത്തങ്ങള്‍ക്കും അതീതമത്രേ.

‘ദേശകാലനിമിത്തങ്ങള്‍ക്കതീതമായി ഇങ്ങനെ രണ്ടുവസ്തുക്കളുണ്ടെന്നു നമുക്കെങ്ങനെ അറിയാം?’ എന്നു നിങ്ങള്‍ ചോദിച്ചേക്കും. തികച്ചും ശരിയായ ചോദ്യം. കാലമാണ് വ്യത്യാസമുളവാക്കുന്നത്. ബാഹ്യാഭ്യന്തരങ്ങളായ രണ്ടും കാലാതീതങ്ങളാകയാല്‍, അവ പരമാര്‍ത്ഥത്തില്‍ ഒന്നുതന്നെയാകണം. ഈ ഒന്നിനെ മനസ്സു കാണുമ്പോള്‍, അതിനു പല പേരുകള്‍പറയുന്നു. ബാഹ്യലോകമെങ്കില്‍ X എന്നും ആന്തരലോകമെങ്കില്‍ Yഎന്നും. ഈ ഏകവസ്തുവാണുള്ളത്. അതിനെ നാം മനസ്സാകുന്ന കണ്ണടയിലൂടെ വീക്ഷിക്കുന്നു.

സമസ്തവിശ്വമായ നമുക്കു ഗോചരീഭവിക്കുന്ന ആ പൂര്‍ണ്ണസ്വരൂപന്‍ ഈശ്വരനത്രേ. കേവലബ്രഹ്മമത്രേ. അവിഭക്താവസ്ഥമാത്രമാണ് പൂര്‍ണ്ണാവസ്ഥ. മറ്റെല്ലാം അതിനുതാഴെയാണ്, ചിരസ്ഥായിയുമല്ല.

അവിഭക്തവസ്തു മനസ്സിനു വിഭക്തമായി തോന്നാന്‍ കാരണമെന്ത്? തിന്മയുടെയും സ്വതന്ത്രേച്ഛയുടെയും ഉത്ഭവമെങ്ങനെ എന്ന ചോദ്യത്തിന്റെതന്നെ രൂപഭേദമാണിത്. എന്നാല്‍, ചോദ്യംതന്നെ വിരോധാത്മകവും അവിഭാവ്യവുമാണ്. എന്തെന്നാല്‍ കാര്യകാരണബന്ധത്തെ സിദ്ധവല്‍ക്കരിച്ചുകൊണ്ടാണ് ചോദ്യം, അവിഭക്തവസ്തുവിലാകട്ടെ കാര്യകാരണങ്ങളില്ല. അവിഭക്തവും വിഭക്തത്തിന്റെ അതേ അവസ്ഥയിലാണെന്നു ചോദ്യം സങ്കല്‍പ്പിക്കുന്നു. ‘എന്തിന്, എന്തുകൊണ്ട്’ എന്ന ചോദ്യങ്ങള്‍ക്കു മനസ്സിലേ പ്രസക്തിയുള്ളൂ. ആത്മാവു നിമിത്തവല്‍ക്കരണത്തിന് അതീതമാണ്. അതുമാത്രമാണ് സ്വതന്ത്രമായിട്ടുള്ളതും. എല്ലാ മനോവൃത്തികളിലൂടെയും ചോര്‍ന്നുവരുന്ന പ്രകാശം അതിന്റേതാണ്. ഞാന്‍ എന്റെ ഓരോ പ്രവൃത്തിയിലൂടെയും ഞാന്‍ സ്വതന്ത്രനാണെന്നു പ്രഖ്യാപിക്കുന്നുണ്ട്. എങ്കിലും എന്റെ ഓരോ പ്രവൃത്തിയും ഞാന്‍ അസ്വതന്ത്രനാണെന്നു തെളിയിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥസത്ത, ആത്മാവ്, സ്വതന്ത്രമാണ്. എങ്കിലും മനശ്ശരീരങ്ങളുമായി കലര്‍ന്നിരിക്കുമ്പോള്‍ സ്വതന്ത്രമല്ല. ഇച്ഛ ആത്മാവിന്റെ ഒന്നാമത്തെ അഭിവ്യക്തിയാണ്. അതിനാല്‍ ആത്മാവിന്റെ ഒന്നാമത്തെ പരിമിതിയും ഇച്ഛയാണ്. ‘ഇച്ഛ’ ആത്മാവും മനസ്സും ചേര്‍ന്ന ഒരു സംഘാതമാണ്. സംഘാതങ്ങളൊന്നും ശാശ്വതമാവാനും വയ്യ. അതുകൊണ്ട്, നാം ജീവിക്കണമെന്നിച്ഛിക്കുന്നെങ്കില്‍ മരിക്കുകയും വേണം. നിത്യജീവിതമെന്നത് ആശയവൈരുദ്ധ്യമാണ്. എന്തെന്നാല്‍, ജീവിതം ഒരു സംഘാതമാകയാല്‍ നിത്യമാവില്ല. പരമാര്‍ത്ഥസത്ത അവിഭക്തവും അവിനാശിയുമാണ്. ഈ പൂര്‍ണ്ണന്‍, ഇച്ഛ, മനസ്സ്, ചിന്ത ഇത്യാദി അപൂര്‍ണ്ണവസ്തുക്കളുമായി മിശ്രമായതെങ്ങനെ? അതൊരിക്കലും മിശ്രിതമായിട്ടില്ല. നിങ്ങള്‍ യഥാര്‍ത്ഥമായ നിങ്ങളാണ് (അതായത് മുമ്പു പറയപ്പെട്ട Y). നിങ്ങള്‍ ഒരിക്കലും ഇച്ഛയായിരുന്നിട്ടില്ല. നിങ്ങള്‍ക്ക് ഒരിക്കലും മാറ്റമുണ്ടായിട്ടില്ല. ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ ഒരിക്കലും ഉണ്ടായിരുന്നേയില്ല. – ഇതെല്ലാം കേവലം വ്യാമോഹം. എങ്കില്‍ വ്യാമോഹത്തിന്റെ അധിഷ്ഠാനമെന്ത്? ഇതൊരു പിഴച്ച ചോദ്യമാണ്. എന്തെന്നാല്‍, വ്യാമോഹത്തിന് ഒരിക്കലും സത്യം അധിഷ്ഠാനമാവില്ല. വ്യാമോഹമേ അധിഷ്ഠാനമാവൂ. ഈ വ്യാമോഹാവസ്ഥയ്ക്കുമുമ്പുള്ള അവസ്ഥയിലേക്കു മടങ്ങാനാണ്, മറ്റുവിധത്തില്‍ പറഞ്ഞാല്‍ സ്വതന്ത്രമാകാനാണ്, എല്ലാ വസ്തുക്കളും ശ്രമിക്കുന്നത്. എങ്കില്‍, ജീവിതത്തിന്റെ പ്രയോജനമെന്ത്? നമുക്ക് അനുഭവങ്ങള്‍ പ്രദാനം ചെയ്യല്‍. ഈ വീക്ഷണഗതി പരിണാമവാദത്തെ തിരസ്കരിക്കുന്നുണ്ടോ? ഇല്ല. മറിച്ച്, അതിനെ വിശദീകരിക്കുകയാണ് ചെയ്യുന്നത്. ആത്മാവിന് സ്വയം (മേല്‍ക്കുമേല്‍) അഭിവ്യക്തമാകാന്‍ കഴിയുമാറ്, ദ്രവ്യത്തിന്റെ സൂക്ഷ്മീകരണപ്രക്രിയയാണ് വാസ്തവത്തില്‍ പരിണാമമെന്നത്. നമുക്കും മറ്റൊരു വസ്തുവിനും ഇടയ്ക്ക് ഒരു തിരസ്കരണിയോ തിരശ്ശീലയോ ഉണ്ടായാലത്തെപ്പോലെയാണത്. തിരസ്കരണി ക്രമേണ മാറ്റുന്നതിനനുസരിച്ച് വസ്തു കൂടുതല്‍ കൂടുതല്‍ ഗോചരീഭവിക്കുന്നു. പരമാത്മാവിന്റെ അഭിവ്യക്തിയെസ്സംബന്ധിച്ച ഒരു പ്രശ്നമാണത്.