അര്‍ജ്ജുനവിഷാദയോഗം 1-10 – ജ്ഞാനേശ്വരി ഭഗവദ്ഗീത


ജ്ഞാനേശ്വരി – ആമുഖം വായിക്കുക.

ശ്ലോകം 1
ധൃതരാഷ്ട്ര ഉവാച:
ധര്‍മ്മക്ഷേത്രേ കുരുക്ഷേത്രേ
സമവേതാ യുയുത്സവഃ
മാമകാഃ പാണ്ഡവാശ്‍ചൈവ
കിമകുര്‍വ്വത സഞ്ജയ?

അര്‍ത്ഥം:
ധൃതരാഷ്ട്രന്‍ സഞ്ജയനോട് ചോദിച്ചു:
പുണ്യഭൂമിയെന്ന് വിളിക്കുന്ന കുരുക്ഷേത്രത്തില്‍ യുദ്ധത്തിന് അണിനിരന്നിരിക്കുന്ന എന്റെ പുത്രന്മാരും പാണ്ഡവരും ഇത്രയും നേരമായി എന്ത് ചെയ്യുകയാണ്? സഞ്ജയാ, വേഗത്തില്‍ അതേപ്പറ്റി എന്നോട് പറയുക.

ശ്ലോകം 2
സഞ്ജയന്‍ ഉവാച:
ദൃഷ്ട്വാ തു പാണ്ഡവാനീകം
വ്യൂഢം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ
രാജാ വചനമബ്രവീത്.

അര്‍ത്ഥം:
സഞ്ജയന്‍ പറഞ്ഞു:
ദുര്യോധനരാജാവ് അപ്പോള്‍ പാണ്ഡവപ്പട അണിനിരന്നതു കണ്ടിട്ട് ദ്രോണാചാര്യരെ സമീപിച്ചു ഇപ്രകാരം പറഞ്ഞു:

ശ്ലോകം 3
പശ്യത‍ാം പാണ്ഡുപുത്രാണ‍ാം
ആചാര്യ, മഹതീം ചമും
വ്യൂഢ‍ാം ദ്രുപദപുത്രേണ
തവ ശിഷ്യേണ ധീമതാ

അര്‍ത്ഥം:
ഹേ ആചാര്യ! ധീമാനും അങ്ങയുടെ ശിഷ്യനുമായ ദ്രുപദപുത്രനാല്‍ (ധൃഷ്ടദ്യുമ്നന്‍) വ്യൂഹം ചമച്ച് നിര്‍ത്തപ്പെട്ട പാണ്ഡവരുടെ ഈ മഹാസേനയെ കണ്ടാലും.

ഭാഷ്യം:
സഞ്ജയന്‍ പറഞ്ഞു:
വിശ്വത്തെ നശിപ്പിക്കുന്ന സമയത്ത് സംഹാരരുദ്രന്‍ തൊള്ളതുറന്നതുപോലെ, പാണ്ഡവസൈന്യങ്ങള്‍ ക്രോധാവേശരായിരിക്കുന്നു. പുറത്തേക്ക് ഉദ്ഗളിക്കുന്ന വിഷം നിയന്ത്രിക്കാന്‍ കഴിയാത്തതുപോലെ പാണ്ഡവസൈന്യം ഇളകിമറിഞ്ഞിരിക്കുന്നു.

സമുദ്രത്തെ നിര്‍ജ്ജലമാക്കിയശേഷം കൊടുങ്കാറ്റില്‍പ്പെട്ട് ആകാശത്തിലേക്കുയരുന്ന ബഡവാഗ്നിപോലെ, അണിയണിയായി വ്യൂഹനം ചെയ്തിരിക്കുന്ന പാണ്ഡവസൈന്യങ്ങള്‍ ഭീകരമായി കാണപ്പെട്ടു. എന്നാല്‍ ആനക്കൂട്ടത്തെ കാണുന്ന സിംഹം അതിനെ അവഗണിക്കുന്നതുപോലെ, ദുര്യോധനന്‍ പാണ്ഡവസൈന്യത്തെ അവഹേളനത്തോടെയാണ് വീക്ഷിച്ചത്. അവന്‍ ഗുരുവായ ദ്രോണാചാര്യരെ സമീപിച്ചുപറഞ്ഞു:

ഗര്‍വ്വിതരായ പാണ്ടവസൈന്യത്തെ കണ്ടാലും. അതിന്റെ വിവിധ അണികള്‍ ചലിക്കുന്ന പ്രാകാരംപോലെ കാണപ്പെടുന്നു. അങ്ങ് യുദ്ധപരിശീലനം നടത്തി പ്രഗത്ഭനാക്കിയ ധൃഷ്ടദ്യുമ്നന്‍ എത്ര സമര്‍ത്ഥമായിട്ടാണ് ഈ സൈന്യത്തെ കെട്ടിപ്പടുത്തിരിക്കുന്നതെന്നു കണ്ടാലും.

ശ്ലോകം 4
അത്ര ശൂരാ മഹേഷ്വാസാ
ഭീമാര്‍ജ്ജുനസമാ യുധി
യുയുധാനോ വിരാടശ്ച
ദ്രുപദശ്ച മഹാരഥഃ

ശ്ലോകം 5
ധൃഷ്ട കേതുശ്‍ചേകിതാനഃ
കാശിരാജശ്‍ച വീര്യവാന്‍
പുരുജിത് കുന്തിഭോജശ്‍ച
ശൈബ്യശ്‍ച നരപുംഗവഃ

ശ്ലോകം 6
യുധാമന്യുശ്‍ച വിക്രാന്തഃ
ഉത്തമൗജാശ്‍ച വീര്യവാന്‍
സൗഭദ്രോ ദ്രൗപദേയാശ്‍ച
സര്‍വ ഏവ മഹാരഥാഃ

അര്‍ത്ഥം:
ആ സേനയില്‍ വലിയ വില്ലാളികളും യുദ്ധത്തില്‍ ഭീമാര്‍ജ്ജുനസമന്‍മാരായ ശൂരന്മാരും ഉണ്ട്. യുയുധാനനനും വിരാടനും മഹാരഥനായ ദ്രുപദനും ധൃഷ്ടകേതുവും ചേകിതാനനനും വീര്യവാനായ കാശിരാജാവും പുരുജിത്തും കുന്തിഭോജനും നരപുംഗവനായ ശൈബ്യനും വിക്രമിയായ യുധാമന്യുവും വീര്യവാനായ ഉത്തമൌജസ്സും സുഭദ്രാതനയനും ദ്രൗപദീപുത്രന്‍മാരുമുണ്ട്. എല്ലാവരുംതന്നെ മഹാരഥന്‍മാരാകുന്നു.

ഭാഷ്യം:
ആയോധനത്തില്‍ അസാധാരണമായ പാടവവും യുദ്ധകാര്യത്തില്‍ അഗാധമായ പരിചയവും ഉള്ള പലരും ഇവിടെയുണ്ട്.

ഭീമാര്‍ജ്ജുനന്മാരെപ്പോലെയുള്ള ബലവും ശൗര്യവുമുള്ള പോരാളികളുടെ പേരു ഞാന്‍ ആദ്യം പറയ‍ാം. മഹായോദ്ധാവായ സാത്യകിയും (യുയുധാനന്‍) വിരാടനും മഹാരഥനായ ദ്രുപദനും ഉണ്ട്.

ധൃഷ്ടകേതു, ചേകിതാനനന്‍, ശക്തമായ കാശിരാജാവ്, ഉത്തമൗജസ്; കൂടാതെ ശൈബ്യരാജാവും. യോദ്ധാവായ കുന്തിഭോജന്‍, അതിനുമുന്നില്‍ യുധാമന്യു. പുരുജിത്തിനെയും മറ്റു രാജാക്കന്മാരെയും കാണുക. അര്‍ജ്ജുനന്റെ പ്രതിരൂപവും സുഭദ്രയുടെ പുത്രനുമായ അഭിമന്യുവിനെ ദുര്യോധനന്‍ ദ്രോണാചാര്യന് കാട്ടിക്കൊടുത്തു.

അവന്‍ തുടര്‍ന്നു: ദ്രൗപദിയുടെ വീരപരാക്രമികളായ എല്ലാ പുത്രന്മാരും എണ്ണമില്ലാത്തിടത്തോളം മറ്റുള്ളവരും എത്തിച്ചേര്‍ന്നിട്ടുണ്ട്.

ശ്ലോകം 7
അസ്മാകം തു വിശിഷ്ടാ യേ
താന്‍ നിബോധ ദ്വിജോത്തമ!
നായകാ മമ സൈന്യസ്യ
സംജ്ഞാര്‍ത്ഥം താന്‍ ബ്രവീമിതേ.

ശ്ലോകം 8
ഭവാന്‍ ഭീഷ്മശ്‍ച കര്‍ണ്ണശ്‍ച
കൃപശ്‍ച സമിതിഞ്ജയഃ
അശ്വത്ഥാമാ വികര്‍ണ്ണശ്‍ച
സൗമദത്തിസ്തഥൈവ ച

ശ്ലോകം 9
അന്യേ ച ബഹവ: ശൂരാ
മദര്‍ത്ഥേ ത്യക്തജീവിതാഃ
നാനാശാസ്ത്ര പ്രഹരണാഃ
സര്‍വേ യുദ്ധ വിശാരദാഃ

അര്‍ത്ഥം:
നമുക്കാകട്ടെ, എന്റെ സൈന്യത്തില്‍ ഏതെല്ല‍ാം നായകന്മാര്‍ വിശിഷ്ടമായിട്ടുണ്ടോ, അവരെ അറിയാനായി അങ്ങയോടു പറയുന്നു. ഹേ ബ്രാഹ്മണശ്രേഷ്ടാ! അവരെ കേട്ടാലും.

ഭവാനും ഭീഷ്മരും കര്‍ണ്ണനും യുദ്ധവിജയിയായ കൃപരും, ആശ്വത്ഥാമാവും വികര്‍ണനും അപ്രകാരം തന്നെ സൗമദത്തിയും ഉണ്ട്. എനിക്ക് വേണ്ടി പ്രാണന്‍ കളയാന്‍ ഒരുക്കമുള്ളവരും പല തരത്തിലുള്ള ആയുധങ്ങള്‍ പ്രയോഗിക്കാന്‍ കഴിവുള്ളവരുമായി വേറെയും വളരെ ശൂരന്‍മാര്‍ ഉണ്ട്. എല്ലാവരും യുദ്ധവിശാരദന്‍മാരാകുന്നു.

ഭാഷ്യം:
ഇനിയും നമ്മുടെ സേനയിലുള്ള പ്രമുഖന്മാരായ യോദ്ധാക്കളുടെ പേരുപറയ‍ാം. അങ്ങ് ഉള്‍പ്പെടെ നമ്മുടെ കൂട്ടത്തിലുള്ള മുഖ്യരായ ചിലരെപ്പറ്റി ചുരുക്കമായേ ഞാന്‍ പറയുന്നുള്ളൂ. ഇതാ സൂര്യനെപ്പോലെ പ്രഭയും പ്രഭാവവും ഉള്ള ഗംഗാപുത്രനായ ഭീഷ്മനും ആനകള്‍ക്ക് സിംഹം എന്നപോലെ ശത്രുനാശനനായ കര്‍ണ്ണനും; വേണമെന്നു തീരുമാനിച്ചാല്‍ ലോകത്തെ മുഴുവന്‍ നശിപ്പിക്കാന്‍ കഴിവുള്ളവരാണ് ഇരുവരും. ഒറ്റയ്ക്ക് തന്നെ ആ കൃത്യം നിര്‍വഹിക്കാന്‍ കഴിവുള്ള കൃപാചാര്യന്‍; ധീരനായ വികര്‍ണ്ണന്‍, മൃത്യുദേവനായ യമന്‍പോലും ഭയപ്പെടുന്ന ആശ്വത്ഥാമാവ്‌; എല്ലാ യുദ്ധങ്ങളും ജയിക്കുന്ന സോമദത്തന്റെ പുത്രനായ ഭൂരിശ്രവസ്സ്.

ബ്രഹ്മദേവനാല്‍പ്പോലും അവരുടെ ശക്തിയും ശൗര്യവും അറിയാന്‍ കഴിയാത്ത മറ്റുപലരും ഇക്കൂട്ടത്തിലുണ്ട്. എല്ലാവരും പലവിധത്തിലുള്ള ആയുധങ്ങള്‍ പ്രയോഗിക്കാന്‍ നിപുണരും യുദ്ധത്തില്‍ അതിയായ പരിചയമുള്ളവരുമാണ്. അവരെല്ല‍ാം എന്റെ സ്ഥാനം ഹൃദയംഗമമായി അംഗീകരിച്ചിട്ടുണ്ട്.

വിശ്വസ്തയായ ഒരു പത്നി തന്റെ ഭര്‍ത്താവിനെക്കുറിച്ചല്ലാതെ മറ്റാരെപ്പറ്റിയും ചിന്തിക്കാത്തതുപോലെ, ഈ യോദ്ധാക്കളെല്ല‍ാം ഞാന്‍ അവരുടെ എല്ലാമാണെന്ന് വിശ്വസിക്കുന്നു. അവരുടെ കൃത്യനിര്‍വ്വഹണത്തില്‍ എനിക്കുവേണ്ടി ജീവിതം ഉപേക്ഷിക്കാന്‍ തയ്യാറുള്ള ധൈര്യശാലികളുംവിശ്വസ്തരുമായ സ്വാമിഭക്തന്‍മാരാണവര്‍. അങ്ങനെ പരാക്രമശാലികളായ യോദ്ധാക്കള്‍ നമ്മുടെ സൈന്യത്തിലുണ്ട്. അവരുടെ സംഖ്യ അസംഖ്യമാണ്.

ശ്ലോകം 10
അപര്യാപ്തം തദസ്മാകം
ബലം ഭീഷ്മാഭിരക്ഷിതം
പര്യാപ്തം ത്വിദമേതേഷ‍ാം
ബലം ഭീമാഭിരക്ഷിതം

അര്‍ത്ഥം:
ഭീഷ്മരാല്‍ രക്ഷിക്കപ്പെടുന്ന നമ്മുടെ സൈന്യം അളവറ്റതാണ്. ഭീമനാല്‍ രക്ഷിക്കപ്പെടുന്ന അവരുടെ സൈന്യമാകട്ടെ പരിമിതവും ആകുന്നു.

ഭാഷ്യം:
ന‍ാം സേനാനായകനായി ഭാരമേല്‍പ്പിക്കുന്നത് ഭീഷ്മരെയാണ്. അദ്ദേഹം യുദ്ധവിദദ്ധന്മാരുടെ മുന്‍നിരയില്‍ നില്ക്കുന്ന വിശ്വജിത്താണ്. അദ്ദേഹത്തിന്റെ ശക്തിപ്രഭാവങ്ങള്‍കൊണ്ട് പിന്താങ്ങപ്പെടുന്ന നമ്മുടെ സേന ഒരു പെരുങ്കോട്ടപോലെ കാണപ്പെടുന്നു. അതിന്റെ മുന്നില്‍‌ മൂന്നു ലോകങ്ങള്‍പോലും ദുര്‍ബ്ബലമാണ്‌. അഗമ്യമായ ആഴിക്ക് ബഡവാനിലന്റെ സഹായം ലഭിക്കുന്നതുപോലെ, ലോക സംഹാരത്തിനുള്ള അഗ്നിയെ കൊടുങ്കാറ്റ് തുണക്കുന്നതുപോലെ, നമ്മുടെ സൈന്യത്തെ നയിക്കുന്നത് അജയ്യനായ ഗംഗാസുതന്‍ ഭീഷ്മരാണ്. അങ്ങനെയുള്ള ഈ സൈന്യത്തെ എതിരിടാന്‍ ആര്‍ക്കാണ് കഴിയുക? നമ്മുടെ സൈന്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പാണ്ഡവസൈന്യം നിസ്സാരമായി തോന്നുന്നു. ഇതൊക്കെയാണെങ്കിലും ശക്തനായ ഭീമസേനനാണ് പാണ്ഡവസേനയുടെ പടനായകന്‍.

ഇത്രയും പറഞ്ഞിട്ട് ദുര്യോധനന്‍ നിശബ്ദനായി നിന്നു.

November 27th, 2008|വിഭാഗം: ജ്ഞാനേശ്വരി
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 4 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. November 27th, 2008 9:08 pm IST യ്ക്ക് ആത്മ:

    ‘ജ്ഞാനേശ്വരി’ എനിക്കൊരാള്‍ പ്രസന്റ് ആയി തന്നതാണ്. കുറച്ചു വായിച്ചു.പൂര്‍ത്തിയാക്കാന്‍ പറ്റിയില്ല. പിന്നീടാകട്ടെ എന്നു കരുതി സൂക്ഷിച്ചുവച്ചിരിക്കുന്നു.
    ഇനി ഇതിലൂടെ വായിക്കാം എന്ന സന്തോഷം
    ‘ആശംസകള്‍’

  2. November 27th, 2008 11:29 pm IST യ്ക്ക് വേണു venu:

    ശ്രീ നല്ല ശ്രമം തുടരുക. ആശംസകള്‍..

  3. November 28th, 2008 7:52 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    നന്ദി ശ്രീ ആത്മ, വേണു. ഈ ശ്രമം തീര്‍ച്ചയായും തുടരാം.

  4. January 12th, 2011 11:57 pm IST യ്ക്ക് എം .ബി. സുകുമാര മേനോന്‍:

    ഹരി ഓം
    ശ്രീ, താങ്കളുടെ ഈ ശ്രമം വളരെ പ്രശംസനീയമാണ്. ഞാന്‍ ഈ ഒരു സൈറ്റ് ഇപ്പോഴാണ്‌ കാണുന്നത്. പല ആചാര്യന്മാരുടെയും പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും അതിന്റെയെല്ലാം വിശതീകരണം എഴുതിവക്കുകയും പതിവുണ്ട്. അവയില്‍ ചിലത് ഞാന്‍ തങ്ങള്‍ക്കു അയച്ചുതരട്ടെ?
    എം ബി സുകുമാര മേനോന്‍

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/jnaneshwari-arjuna-vishaada-yogam-1-10
ഇമെയില്‍ : sree@sreyas.in