യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 529 – ഭാഗം 6.2 നിര്‍വാണ പ്രകരണം ഉത്തരാര്‍ദ്ധം (രണ്ടാം ഭാഗം).

പൂര്‍വ്വം യഥാഭിമതപൂജനസുപ്രസന്നോദത്വാ വിവേകമിഹ പാവനദൂതമാത്മാജീവം പദം നയതി നിര്‍മലമേകമാദ്യംസത്സംഗശാസ്ത്ര പരമാര്‍ത്ഥപരാവബോധൈ: (6.2/48/40)

വസിഷ്ഠന്‍ തുടര്‍ന്നു: സത്സംഗത്തിലൂടെ മനസ്സ് അനാസക്തമായും ശാസ്ത്രപഠനത്തിലൂടെ സുഖാസ്വാദനത്വര അടങ്ങിയും ഇരിക്കുന്ന ഒരുവനില്‍ സമ്പത്തിനായുള്ള ആഗ്രഹങ്ങള്‍ ഉണ്ടാവുകയില്ല. കാരണം സമ്പത്ത് അയാള്‍ക്ക് ഉണങ്ങിയ ചാണകംപോലെയെ ഉള്ളു. ബന്ധുമിത്രാദികള്‍ അയാള്‍ക്ക് തന്റെ തീര്‍ത്ഥയാത്രയിലെ സഹയാത്രികര്‍ മാത്രമാകുന്നു. ഉചിതമായ സമയങ്ങളില്‍ അവരെ അയാള്‍ വേണ്ടരീതിയില്‍ സഹായിക്കുന്നു. അയാള്‍ക്ക് എകാന്തതയോടോ, നന്ദനവാടികളോടോ, പുണ്യസ്ഥലങ്ങളോടോ, സ്വഗൃഹത്തോടോ, സുഹൃത്തുക്കളുമായുള്ള ലീലാവിനോദങ്ങളോടോ, ശാസ്ത്ര പഠനത്തോട് പോലുമോ ഒട്ടലില്ല. അവയ്ക്കായി അയാള്‍ ഏറെസമയം ചിലവഴിക്കുകയുമില്ല.

അയാള്‍ പരമമായ അവസ്ഥയിലാണ് അഭിരമിക്കുന്നത്. എല്ലാമെല്ലാം ആ പരംപൊരുള്‍ മാത്രം. അജ്ഞാനമാണ് അതില്‍ വിഭജനങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ അജ്ഞാനം ഉണ്മയല്ല, അത് ഇല്ലാത്തതാണല്ലോ. ആത്മാവില്‍ സുദൃഢനായവന്‍ കല്ലില്‍കൊത്തിവച്ച പ്രതിമപോലെ പോലെ ഉറച്ചവനത്രേ. അയാളെ ഇന്ദ്രിയവിഷയങ്ങള്‍ക്ക് ചലിപ്പിക്കാന്‍ കഴിയില്ല. ‘ഞാന്‍’, ‘ലോകം’, ‘കാലദേശങ്ങള്‍’ എന്നിവ തുടര്‍ന്നുകൊണ്ടേയിരിക്കുമെങ്കിലും സത്യജ്ഞാനിയ്ക്ക് ആ അനുഭവമില്ല.

കാലുഷ്യമാര്‍ന്ന കര്‍മ്മോല്‍സുകതയാകുന്ന രാജസ ഭാവങ്ങള്‍ ഇല്ലാത്തവന്‍ മനുഷ്യരൂപമെടുത്ത ഉദയസൂര്യനാണ്. അയാളെ നാം നമസ്കരിക്കുക. കാരണം അയാള്‍ സത്വത്തെപ്പോലും അതിജീവിച്ചിരിക്കുന്നു. അയാളില്‍ തമസ്സിന്റെ ആന്ധ്യം വരാന്‍ പോവുന്നില്ല താനും. എല്ലാ പരിണാമങ്ങള്‍ക്കും ഉപരിയായി മനസ്സ് നിര്‍മനമാക്കിയിരിക്കുന്ന സാധകന്റെ അവസ്ഥയെ വിവരിക്കാന്‍ വാക്കുകളില്ല. അയാളുടെ പൂജയില്‍ സംപ്രീതനായ ഭഗവാന്‍ അയാള്‍ക്ക് പരമപദമായ നിര്‍വാണ സാഫല്യം നല്‍കുന്നു.

ഭഗവാന്‍ അകലെയിരിക്കുന്ന അപ്രാപ്യനല്ല. ഒരുവന്റെയുള്ളില്‍ സ്വപ്രകാശിതമായ ആത്മാവാണത്. എല്ലാമെല്ലാം തുടങ്ങുന്നതും ഒടുവില്‍ ചെന്നെത്തുന്നതും അവിടേയ്ക്കാണ്. എല്ലാവസ്തുക്കളും അവരരുടെ രീതിയില്‍ വിഭിന്നമാര്‍ഗ്ഗങ്ങളില്‍ ആത്മാവിനെ പൂജിക്കുന്നു. നാനാവിധങ്ങളില്‍ ജന്മജന്മാന്തരങ്ങളായി പൂജിക്കപ്പെട്ട ആത്മാവ് ജീവനില്‍ സംപ്രീതനാവുന്നു. അങ്ങനെയുള്ള ആത്മാവ് ജീവനെ പ്രബുദ്ധമാക്കാന്‍ ഒരു ദൂതനെ അയക്കുന്നു. ആ ദൂതനാണ്‌ വിവേകം, അല്ലെങ്കില്‍ ജ്ഞാനം. ഹൃദയഗുഹയിലാണ് വിവേകത്തിന്റെ വാസം.

അജ്ഞാനത്താല്‍ ഉപാധിസ്ഥമായ ഒരുവനില്‍ പടിപടിയായി ഉണര്‍വ്വുണ്ടാക്കുന്നത് ഈ വിവേകമാണ്.

ആ ഉണര്‍വ്വ് അന്താരാത്മാവാണ്. അത് പരമാത്മാവ്‌ തന്നെയാണ്. ‘ഓം’ എന്നാണതിന് പേര്. അത് സര്‍വ്വവ്യാപിയാണ്. വിശ്വമാണ് അതിന്റെ ദേഹം. എല്ലാ തലകളും കൈകാലുകളും കണ്ണുകളും അതിന്റേതാണ്. ജപം, ദാനം, യഥാവിധിയുള്ള പൂജകള്‍, ശാസ്ത്രപഠനം, തുടങ്ങിയ സാധനകളില്‍ ആത്മാവ് പ്രീതനാണ്. ആത്മാവങ്ങനെ വിവേകത്തിന്റെ സഹായത്തോടെ പ്രബുദ്ധമായി ഉണരുമ്പോള്‍ ആത്മവികാസം ഉണ്ടാകുന്നു. മനസ്സ് അപ്രത്യക്ഷമാകുന്നു. വ്യതിരിക്തമായ ജീവനെന്ന ധാരണയ്ക്കും അതോടെ സംഗത്യമില്ലാതെയാകുന്നു. .

ഈ സംസാരമെന്ന പ്രക്ഷുബ്ദസമുദ്രത്തെ തരണംചെയ്യാന്‍ വിവേകമെന്ന വഞ്ചി മാത്രമേയുള്ളൂ. “ആത്മാവ് വിഭിന്നങ്ങളായ പൂജകളില്‍ സംപ്രീതനാണ്. വിവേകമെന്ന, ജ്ഞാനമെന്ന ദൂതനെയാണതു നമുക്ക് കനിഞ്ഞു നല്‍കുന്നത്. നമുക്കിഷ്ടമുള്ള രീതിയില്‍ ഈ പൂജയാവാം. മഹാത്മാക്കളുമായുള്ള സത്സംഗം, ശാസ്ത്രങ്ങളിലെ സത്യം കണ്ടെത്താനുള്ള പഠനം എന്നിവ ജീവനെ നിര്‍മ്മലവും അനാദിയുമായ ഏകാത്മകതയിലേയ്ക്ക് ആനയിക്കുന്നു.”