ജ്യോത്സ്യം , മന്ത്രവാദം – സ്വാമി ദയാനന്ദസരസ്വതി


ജ്യോതിഷം – പ്രവചനവും പരിഹാരവും എന്നൊരു ലേഖനം മുന്‍പ് എഴുതിയിരുന്നു. അതിലെ കമന്‍റില്‍ സ്വാമി ദയാനന്ദ സരസ്വതിയെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. അതിനാല്‍ സ്വാമി ദയാനന്ദസരസ്വതിക്ക്  അക്കാലത്ത് നിലനിന്നിരുന്ന ജ്യോത്സ്യത്തെയും മന്ത്രവാദത്തെയും കുറിച്ചുള്ള അഭിപ്രായം ഒരു പോസ്റ്റാക്കുന്നു.

ആര്യസമാജ സ്ഥാപകനും സാമൂഹിക പരിഷ്കര്‍ത്താവുമായ സ്വാമി ദയാനന്ദസരസ്വതി സമൂഹത്തില്‍ അന്ന് നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും ഇല്ലായ്മ ചെയ്യുവാനായി അനവരതം പ്രയത്നിച്ചു. വേദങ്ങളിലെ സൂക്തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്കുകയും അന്ധവിശ്വാസങ്ങള്‍ തുടച്ചുനീക്കുകയും ചെയ്താല്‍ മാത്രമേ ഹിന്ദുമതത്തിന്റെ നവോത്ഥാനം സാധ്യമാവുകയുള്ളൂ എന്ന് അദ്ദേഹം വിശ്വസിച്ചു. സ്വാമി ദയാനന്ദ സരസ്വതി രചിച്ച സുപ്രസിദ്ധമായ സത്യാര്‍ഥപ്രകാശം എന്ന കൃതിയില്‍ വിദ്യാഭ്യാസ സമ്പ്രദായം വിശദീകരിക്കുന്ന രണ്ട‍ാം സമുല്ലസത്തില്‍ മന്ത്രവാദത്തെയും ജ്യോത്സ്യത്തെയും പ്രതിപാദിച്ചിരിക്കുന്നു. അതില്‍നിന്നും എടുത്ത ഭാഗം താഴെ കൊടുക്കുന്നു. പേജ് 23-26. സത്യാര്‍ത്ഥപ്രകാശം PDF ഡൗണ്‍ലോഡ് ചെയ്തു വായിക്കൂ.

സംശയശീലമുള്ളവരും കുത്സിതരായ ആളുകളോട് സംസര്‍ഗ്ഗം ചെയ്യുന്നവരും ദുഷിച്ച സംസ്കാരമുള്ളവരുമായ ജനങ്ങള്‍ ഭയവും സംശയവുമുണ്ടാകുന്ന ഭൂതങ്ങള്‍, പ്രേതങ്ങള്‍, മറുത, പിശാച് മുതലായവയുണ്ടെന്ന അന്ധവിശ്വാസത്താല്‍ ദുഃഖിതരായിത്തീരുന്നു. നോക്കുക! ഒരു ജീവി മരിക്കുമ്പോള്‍ അതിന്റെ ജീവന്‍ സ്വയംകൃത്യമായ പാപപുണ്യങ്ങള്‍ക്കധീനമായി ഈശ്വരന്റെ നിശ്ചയമനുസരിച്ചു സുഖദുഃഖങ്ങളനുഭവിക്കാന്‍ മറ്റൊരു ജന്മം സ്വീകരിക്കുന്നു. നാശരഹിതനായ സര്‍വ്വേശ്വരന്റെ ആ നിശ്ചയത്തെ – പാപപുണ്യവ്യവസ്ഥയെ – ഇല്ലാതാക്കുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? അറിവില്ലാത്ത ജനങ്ങള്‍ വൈദ്യശാസ്ത്രം, പ്രകൃതിവിജ്ഞാനീയം തുടങ്ങിയവ പഠിക്കുകയോ കേള്‍ക്കുകയോ ചെയ്യാതെയും സ്വയം ആലോചിച്ചു നോക്കാതെയും സന്നിപാതജ്വരം തുടങ്ങിയ ശാരീരികരോഗങ്ങള്‍ക്കും ചിത്തഭ്രമം മുതലായ മാനസികരോഗങ്ങള്‍ക്കും ഭൂതബാധ, പ്രേതബാധ എന്നെല്ല‍ാം പേരുകൊടുക്കുന്നു. അവര്‍ ആ രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍ സേവിക്കുകയോ പഥ്യാദികളാചരിക്കുകയോ ചെയ്യാതെ കള്ളന്മാരും അത്യന്തമൂഢന്മാരും ദുരാചാരനിരതന്മാരും സ്വാര്‍ത്ഥമാത്രപരായണന്മാരും കഞ്ചാവുകുടിയന്മാരുമായ മ്ലേച്ഛന്മാരെപ്പോലും വിശ്വസിച്ച് പല പ്രകാരത്തിലുമുള്ള വഞ്ചനകളും വ്യാജങ്ങളും കാപട്യങ്ങളും കാട്ടി, എച്ചില്‍ തിന്നുക, ചരടുജപിച്ചു കെട്ടുക, മന്ത്രങ്ങള്‍ ജപിക്കുക, തകിടുകള്‍ ബന്ധിക്കുക, മുതലായ മിഥ്യാചാരങ്ങള്‍ ചെയ്ത് ധനം മുഴുവനും കളഞ്ഞുകുളിച്ചു, സ്വസന്താനങ്ങളുടെ രോഗങ്ങളെയും ദുരവസ്ഥയെയും വര്‍ദ്ധിപ്പിച്ച് ദുഃഖമുളവാക്കിക്കൊണ്ട് നടക്കുന്നു.

അജ്ഞാനാന്ധന്മാരായധനികര്‍ പാപികളും സ്വാര്‍ത്ഥികളുമായ ആ ദുര്‍ബുദ്ധികളുടെ അടുക്കല്‍ച്ചെന്നു, “സ്വാമിന്‍, ഈ കുഞ്ഞുങ്ങള്‍ക്ക്‌ എന്ത് സംഭവിച്ചു എന്ന് മനസ്സിലാകുന്നില്ല. എന്താണവര്‍ക്ക് വന്നു പിണഞ്ഞത്?” എന്ന് ചോദിച്ചാല്‍ അവര്‍ ഇപ്രകാരം മറുപടി പറയും. “ഇവന്റെ ദേഹത്തില്‍ ഒരു വലിയ ഭൂതം, പ്രേതം, ഭൈരവന്‍, വസൂരിമാലമുതലായ മൂര്‍ത്തികളെല്ല‍ാം ബാധിച്ചിട്ടുണ്ട്. അവര്‍ക്കുവേണ്ടുന്ന ഒഴിവുകള്‍ ചെയ്യുന്നതുവരെ അവവിട്ടൊഴിയുകയില്ല. ഒരു സമയം ഇവന്റെ പ്രാണനെക്കൂടി കൊണ്ടുപോയേക്കും. ഞങ്ങള്‍ക്ക് വേണ്ടുവോളം പലഹാരങ്ങളും വല്ല ദക്ഷിണയും കൂടി തരുന്നതായാല്‍ ഞങ്ങള്‍ അവയെ മന്ത്രങ്ങള്‍ ജപിച്ചും ഹോമം ചെയ്തും ഓടിച്ചുകളയ‍ാം.” ഇപ്രകാരം പറയുമ്പോള്‍ ആ അജ്ഞാനാന്ധന്മാര്‍ പറയും: “സ്വാമിന്‍, ഞങ്ങളുടെ സര്‍വ്വസ്വവും നശിച്ചാലും ഇവന്റെ ഭൂതബാധയകറ്റി ഇവനെ സുഖപ്പെടുത്തിത്തരിക മാത്രം ചെയ്‌താല്‍ മതി.” അവര്‍ ഇങ്ങനെ പറയുന്നതോടുകൂടി ആ ദുഷ്ടന്മാരുടെ ആഗ്രഹം സിദ്ധിക്കുന്നു. അവര്‍ തുടരും: “ശരി, ഇത്ര ഒരുക്കങ്ങള്‍ വേണം. ഇത്ര പണം ദക്ഷിണ തരണം. ദേവതയ്ക്ക് ബലി കൊടുക്കണം. ഗ്രഹശാന്തിക്ക് വേണ്ടുന്ന ദാനവും ചെയ്യണം“. മൃദംഗം, ഇലത്താളം, ചെണ്ട, ചേങ്ങില, മുതലായ വാദ്യങ്ങളെടുത്തു അവര്‍ അവന്റെ മുന്നില്‍ച്ചെന്ന് കൊട്ടിപ്പാടുന്നു. തുടര്‍ന്ന് അവരിലൊരു കപടമാന്ത്രികന്‍ കലികൊണ്ട് തുള്ളിച്ചാടി “ഞാന്‍ ഇവന്റെ പ്രാണനെത്തന്നെ കൊണ്ടുപോകും” എന്നു പറയുന്നു. അപ്പോള്‍ ആ മൂഢന്മാര്‍ ആ മാന്ത്രികരുടെ കാല്‍ക്കല്‍വീണ് “അവിടുന്ന് ഇഷ്ടമുളളതെല്ല‍ാം എടുത്താട്ടെ, ഇവന്റെ ജീവനെമാത്രം വിട്ടയക്കണേ” എന്ന് അപേക്ഷിക്കുന്നു. അത് കേള്‍ക്കുമ്പോള്‍ ആ ദുഷ്ടന്‍ പറയുന്നു. “ഞാന്‍ ഹനുമാനാണ്. കൊണ്ടുവാ ലഡ്ഡു, ജിലേബി, എണ്ണ, സിന്ദൂരം, ഒന്നേകാല്‍ മന്നു ഘനമുള്ള ഒരു ഒറ്റചപ്പാത്തി, ചുവന്ന ലങ്കോട്ടി കൊണ്ടുവാ“അതല്ലെങ്കില്‍ “ഞാന്‍ ഭൈരവനാണ്, ഞാന്‍ ഭദ്രകാളിയാണ്. അഞ്ചുകുപ്പി കള്ള്, ഇരുപതു കോഴി, അഞ്ചു കോലാട്, കുറെ പലഹാരം, ഒരു മുണ്ട് ഇതെല്ല‍ാം കൊണ്ടുവാ” എന്നുപറയുന്നു. “വേണ്ടതെല്ല‍ാം എടുത്തുകൊള്‍ക“എന്ന് പറഞ്ഞു മന്ദബുദ്ധികള്‍ കൊടുക്കുമ്പോള്‍ ആ ഭ്രാന്തന്റെ തുള്ളലും ചാട്ടവും അധികമാവുന്നു. എന്നാല്‍ ബുദ്ധിയുള്ളവര്‍ വല്ലവരും ചെന്ന് അവര്‍ക്ക് തിരുമുല്‍ക്കാഴ്ചയായി ചെരുപ്പ് കൊണ്ടോകൈകൊണ്ടോ വടികൊണ്ടോ അഞ്ചു പ്രഹരമോ നല്ല തൊഴിയോ കൊടുക്കുന്നപക്ഷം, അവരുടെ ഹനുമാനും ഭദ്രകാളിയും ഭൈരവനും എല്ല‍ാം വളരെ വേഗത്തില്‍ പ്രസാദിച്ചു മണ്ടിക്കളയും. മറ്റുള്ളവരുടെ പണം തട്ടിക്കുവാനായി പ്രയോഗിക്കുന്ന കപട നാടകങ്ങളാണിതെല്ല‍ാം.

അല്ലെങ്കില്‍ അറിവില്ലാത്തവര്‍ ഗ്രഹസ്ഥനും ഗ്രഹരൂപിയും ആയ ഒരു ജ്യോതിഷാഭാസന്റെ അടുക്കല്‍ച്ചെന്നു “ഇവന് എന്താണ്? ഒന്നു നോക്കിയാട്ടെ” എന്നുപറയുന്നു. അപ്പോള്‍ അയാള്‍ പറയും, “സൂര്യാദിഗ്രഹങ്ങളെല്ല‍ാം ദോഷസ്ഥാനത്താണ്, അവയുടെ കോപശാന്തി വരുത്തുവാന്‍ വേണ്ടുന്ന ജപം, പൂജ, ദാനം എന്നീ ഒഴിവുകളെല്ല‍ാം ചെയ്യിക്കണം. അല്ലെങ്കില്‍ ഇവന്‍ വളരെ കഷ്ടപ്പാടുകള്‍ അനുഭവിക്കും. പ്രാണഹാനിപോലും വര‍ാം.

ഉത്തരം: ഗണകാ, ഭൂമിയെപ്പോലെതന്നെ അചേതനങ്ങളാണ് സൂര്യാദിലോകങ്ങളും. ചൂടും വെളിച്ചവും തരുവാനല്ലാതെ മറ്റൊന്നും ചെയ്യുവാന്‍ അവയ്ക്ക് കഴിവില്ല. കോപിച്ചാല്‍ ദുഃഖത്തേയും പ്രസാദിച്ചാല്‍ സുഖത്തേയും ഉണ്ടാക്കുവാന്‍ അവ ചേതനങ്ങളാണോ?

ചോദ്യം: രാജാക്കന്മാരും പ്രജകളും അടങ്ങിയ ഈ ലോകത്തില്‍ ചിലര്‍ സുഖമുള്ളവരായും മറ്റുചിലര്‍ ദുഃഖമനുഭവിക്കുന്നവരായും കാണപ്പെടുന്നു. അതെല്ല‍ാം ഗ്രഹസ്ഥിതിയുടെ ഫലമല്ലേ?

ഉത്തരം: അതെല്ല‍ാം പുണ്യപാപങ്ങളുടെ ഫലമാണ്.

ചോദ്യം: ജ്യോതിശാസ്ത്രം കേവലം കളങ്കമാണോ?

ഉത്തരം: അല്ല. ആ ശാസ്ത്രത്തിലടങ്ങിയ അങ്കഗണിതം, രേഖാഗണിതം, ബീജഗണിതം മുതലായ ഗണിതഭാഗങ്ങളെല്ല‍ാം ശരിയായിട്ടുള്ളതാണ്. ഫലഭാഗം മുഴുവന്‍ ശുദ്ധമേ വ്യാജമാണ്.

ചോദ്യം: ജാതകം തീരെ നിഷ്ഫലമാണോ?

ഉത്തരം: അതെ; അതിനു ജാതകമെന്നല്ല, ശോകദം എന്നാണു പറയേണ്ടത്. സന്താനം ഉണ്ടാകുമ്പോള്‍ സകലര്‍ക്കും ആനന്ദം ഉണ്ടാകാറുണ്ട്. എന്നാല്‍ ആ ആനന്ദം സന്താനത്തിന്റെ ജാതകം എഴുതി ഗ്രഹഫലം പറഞ്ഞുകേള്‍ക്കുന്നതുവരെ മാത്രമേ നിലനില്‍ക്കുന്നുള്ളൂ. ജാതകം എഴുതിക്കേണ്ടതാണെന്ന് ജ്യോത്സ്യന്‍ പറയുമ്പോള്‍ കുട്ടിയുടെ അച്ഛനമ്മമാര്‍ ജ്യോത്സ്യനോട് “വളരെ വിശേഷപ്പെട്ട ജാതകമായിരിക്കണം” എന്നു പറയുന്നു. പറഞ്ഞേല്‍പ്പിച്ചത് ധനികനാണെങ്കില്‍ ചുവപ്പും മഞ്ഞയും വരകള്‍കൊണ്ടും ചിത്രങ്ങള്‍കൊണ്ടും മോടിപിടിപ്പിച്ചതും, ദരിദ്രനാണെങ്കില്‍ സാധാരണ സമ്പ്രദായത്തിലും ഒരു ജാതകം എഴുതി ഉണ്ടാക്കിക്കൊണ്ടു വുരം. അപ്പോള്‍ കുട്ടിയുടെ മാതാപിതാക്കന്മാര്‍ ജ്യോത്സ്യന്റെ മുന്നില്‍ ഇരുന്നു ചോദിക്കുന്നു. “ഇവന്റെ ജാതകം നല്ലതുതന്നെയല്ലേ?” ജ്യോത്സ്യന്‍ പറയുന്നു. “ഉള്ളതുമുഴുവനും പറഞ്ഞുകേള്‍പ്പിച്ചേക്ക‍ാം.കുഞ്ഞിന്റെ ജന്മ ഗ്രഹവും മിത്രഗ്രഹവും ശുഭങ്ങളാകുന്നു. അതിന്റെ ഫലമായി കുട്ടി വലിയ ധനികനും കീര്‍ത്തിമാനും ആയിത്തീരും. ഏതു സഭയില്‍ ചെന്നാലും ഇവന്റെ തേജസ്സു മറ്റുളളവരുടേതിനേക്കാള്‍ മികച്ചു നില്‍ക്കും. നല്ല ആരോഗ്യമുള്ളവനും രാജാക്കന്മാര്‍കൂടി ബഹുമാനിക്കുന്നവും ആയിത്തീരും.” ഈ വാക്കുകള്‍ കേട്ട് കുട്ടിയുടെ അച്ഛനമ്മമാര്‍ പറയും. “കൊള്ള‍ാം, അങ്ങ് നല്ല ജ്യോത്സ്യരാണ്.

എന്നാല്‍ ഇതുകൊണ്ടൊന്നും തന്റെ കാര്യം സാധിക്കുകയില്ലെന്ന് ജ്യോത്സ്യനറിയ‍ാം. അതുകൊണ്ട് ജ്യോത്സ്യന്‍ പിന്നെയും പറയുന്നു. “ഈ പറഞ്ഞ ഗ്രഹങ്ങളെല്ല‍ാം വളരെ അനുകൂലങ്ങള്‍ തന്നെ. എന്നാല്‍ ഈ ശുഭഗ്രഹങ്ങള്‍ വേറെ ചില ക്രൂരഗ്രഹങ്ങളോട് കൂടിച്ചേര്‍ന്നാണിരിക്കുന്നത്. അതു നിമിത്തം ഈ കുട്ടിക്ക് എട്ടാമത്തെ വയസ്സില്‍ മൃത്യുയോഗം കാണുന്നു.” ഇതു കേള്‍ക്കുമ്പോഴേക്കും അച്ഛനമ്മമാര്‍ പുത്രാനുണ്ടായ ആനന്ദമെല്ല‍ാം ത്യജിച്ചു ദുഖിതരായി ജ്യോത്സ്യനോട് പറയുന്നു. “ജ്യോത്സ്യരെ, ഞങ്ങള്‍ എന്ത് ചെയ്യണം?” ജ്യോത്സ്യര്‍ ഉടനെ പറയും – “അതിനു പരികാരം ചെയ്യണം.” പരിഹാര മാര്‍ഗ്ഗം എന്താണെന്ന് ഗൃഹസ്ഥന്‍ ചോദിക്കുമ്പോള്‍ ജ്യോത്സ്യന്‍ വീണ്ടും പറയും – “ദാനങ്ങള്‍ കൊടുക്കണം. ഗ്രഹശാന്തിക്കുള്ള മന്ത്രങ്ങള്‍ ജപിക്കണം. ദിവസംതോറും ബ്രാഹ്മണരെ കാല്‍കഴുകിച്ചൂട്ടണം. എങ്കില്‍ ഗ്രഹപ്പിഴ തീരുമെന്നാണ് അനുമാനിക്കേണ്ടത്.” ജ്യോത്സ്യന്‍ ഇവിടെ അനുമാനമെന്നു പറഞ്ഞത് വളരെ മുന്‍കരുതലോടെയാണ്. ഒരു പക്ഷെ കുട്ടി മരിച്ചുപോകുന്നതായാല്‍ അയാള്‍ പറയും. “ഞങ്ങള്‍ എന്തുചെയ്യും? ഈശ്വരനുപരി ആരുമില്ല. ഞങ്ങള്‍ വളരെ യത്നിച്ചു. നിങ്ങളും പലതും ചെയ്യിച്ചു. പക്ഷെ അവന്റെ കര്‍മ്മഫലം അങ്ങനെയാണ്.” കുട്ടി ജീവിച്ചെങ്കില്‍ അപ്പോഴും അയാള്‍ക്ക്‌ പറയ‍ാം, “നോക്കുക, ഞങ്ങളുടെ മന്ത്രങ്ങളുടെയും, ഞങ്ങള്‍ ഉപാസിക്കുന്ന ദേവതമാരുടെയും ബ്രാഹ്മണരുടെയും ശക്തി എത്ര വലുതാണ്‌! നിങ്ങളുടെ കുട്ടിയെ രക്ഷിച്ചുതന്നില്ലേ!

വാസ്തവത്തില്‍ ജപംകൊണ്ട് ഫലമൊന്നുമുണ്ടായില്ലെങ്കില്‍ ആ ധൂര്‍ത്തന്മാരുടെ കയ്യില്‍നിന്നും അവര്‍ക്ക് കൊടുത്തതില്‍ ഒന്നോ രണ്ടോ ഇരട്ടി പണം മടക്കി വാങ്ങേണ്ടതാണ്. കുട്ടി ജീവിച്ചിരിക്കുന്നതായാലും അങ്ങനെ മടക്കി മേടിക്കുക തന്നെയാണ് വേണ്ടത്. എന്തെന്നാല്‍, “അത് അവന്റെ കര്‍മ്മ ഫലമാണ്. ഈശ്വരന്റെ നിയമത്തെ ലംഘിക്കുവാന്‍ ആര്‍ക്കും ശക്തിയില്ല” എന്ന് ജ്യോത്സ്യന്‍ പറയുന്നതുപോലെ “അവന്റെ കര്‍മ്മഫലവും ഈശ്വരന്റെ നിയമവുമാണ് അവനെ രക്ഷിച്ചത്, നിങ്ങളുടെ പ്രവൃത്തിയല്ല” എന്ന് അയാളോടും പറയാവുന്നതാണ്. ദാനങ്ങളും മറ്റു കര്‍മ്മങ്ങളും അനുഷ്ഠിപ്പിച്ചു പ്രതിഫലം വാങ്ങിയിട്ടുള്ള ഗുരു മുതലായവരോടും ജ്യോത്സ്യനോടു പറഞ്ഞതുപോലെ തന്നെ പറയേണ്ടതാണ്.

വസൂരിമാല മുതലായ ദേവതകളും മന്ത്രം, യന്ത്രം, തന്ത്രം എന്നിവയുമെല്ല‍ാം ഇതുപോലെ തന്നെ ശുദ്ധ വ്യാജങ്ങളാണ്. അത് കൊണ്ടുനടക്കുന്നവര്‍ പ്രവര്‍ത്തിക്കുന്നത് മുഴുവനും കപടമാണ്. അവരില്‍ ചിലര്‍ ഇങ്ങനെ പറയുന്നു. “ഞങ്ങള്‍ ചരട് ജപിച്ചു കൊടുക്കുകയോ യന്ത്രം എഴുതി കൊടുക്കുകയോ ചെയ്യുന്നതായാല്‍, അത് കേട്ടുന്നവര്‍ക്ക് അതിന്റെ മാഹാത്മ്യം കൊണ്ട് യാതൊരു ബാധോപദ്രവവും പീഡയും ഉണ്ടാകുന്നതല്ല”. അവര്‍ക്ക് കൊടുക്കേണ്ട മറുപടി ഇതാണ്. “മരണത്തില്‍ നിന്നും ഈശ്വരന്റെ നിയമത്തില്‍ നിന്നും കര്‍മ്മഫലത്തില്‍ നിന്നും മനുഷ്യരെ രക്ഷിക്കുവാനുള്ള ശക്തി നിങ്ങള്‍ക്കുണ്ടോ? നിങ്ങളുടെ മന്ത്രശക്തി മുഴുവനും പ്രയോഗിച്ചിട്ടും എത്ര കുട്ടികളാണ് മരിച്ചുപോകുന്നത്. നിങ്ങളുടെ വീട്ടിലുള്ളവര്‍തന്നെ മരിച്ചു പോകുന്നില്ലേ? നിങ്ങള്‍ക്കുതന്നെ മരണത്തില്‍ നിന്ന് സ്വയം രക്ഷിക്കാന്‍ കഴിയുമോ?” ഇങ്ങനെ ചോദിക്കുന്നതായാല്‍ അവര്‍ക്ക് സമാധാനമൊന്നും പറയുവാന്‍ സാധിക്കുകയില്ല. “സൂത്രമൊന്നും ഇവിടെ ഫലിക്കുകയില്ല” എന്നവര്‍ മനസ്സിലാക്കുകയും ചെയ്യും.

അതിനാല്‍ ഇത്തരം കള്ളത്തരങ്ങളെയെല്ല‍ാം ത്യജിച്ച്, ധാര്‍മ്മികരും സകല ദേശങ്ങള്‍ക്കും ഉപകാരം ചെയ്യുന്നവരും യാതൊരു വ്യാജവും കൂടാതെ എല്ലാവരെയും വിദ്യകളഭ്യസിപ്പിക്കുന്നവരും ഉത്തമാരും വിദ്വാന്മാരുമായവര്‍ ലോകത്തിനു ഏതുവിധത്തില്‍ ഉപകാരം ചെയ്യുന്നുവോ അതുപോലെതന്നെ അവര്‍ക്കും പ്രത്യുപകാരം ചെയ്യുക. ഈ കര്തവ്യത്തെ ഒരിക്കലും കൈവിട്ടു കളയരുത്. ഇതുപോലെതന്നെ, അനേകവിധത്തിലുള്ള രസായനപ്രയോഗങ്ങളെയും മാരണം, മോഹനം, ഉച്ചാടനം, വശീകരണം മുതലായ നീചകര്‍മ്മങ്ങളെയും ഉപദേശിച്ചു നടക്കുന്നവരും മഹാമൂഢന്മാരാണെന്ന് മനസ്സിലാക്കേണ്ടതാണ്. ഇപ്പറഞ്ഞതും ഇതുപോലെയുള്ളതുമായ സകല മായാപ്രയോഗങ്ങളുടെയും സത്യത്തെ കുട്ടിക്കാലത്തുതന്നെ മനസ്സില്‍ പതിഞ്ഞു കിടക്കത്തക്കവണ്ണം മക്കള്‍ക്ക്‌ മനസ്സിലാക്കി കൊടുക്കേണ്ടതാണ്. എന്നാല്‍ അവര്‍ ആ മാതിരിയുള്ള യാതൊരു മോഹജാലങ്ങളിലും അകപ്പെട്ടു ദുഃഖത്തെ പ്രാപിക്കാന്‍ ഇടവരുന്നതല്ല.

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

പുതിയത്:
പഴയത്:

ഇതുവരെ 8 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. May 11th, 2010 4:13 pm IST യ്ക്ക് Sanjiv:

    ഒരു ആള്‍ ദൈവത്തിന്റെ കൂടെ കഴിച്ചുകൂട്ടിയ കുറെ വര്‍ഷങ്ങള്‍ ഓര്‍മ്മയില്‍ വരുന്നു.

  2. May 26th, 2010 2:01 am IST യ്ക്ക് ശങ്കരന്‍:

    സ്വാമി ദയാനന്ദസരസ്വതി ഒരു തരത്തില്‍ ഒരു തീവ്രവാദിയാണ്. അദ്ദേഹം വേദം ഒഴികെയുള്ള ഒട്ടുമിക്ക ശാസ്ത്രഗ്രന്ഥങ്ങളെയും പ്രമാണമായി അംഗീകരിക്കുന്നില്ല. കബീര്‍, മീരാഭായി, തുടങ്ങിയ അനേകം മഹാത്മാക്കളെ, അവര്‍ക്ക് സംസ്കൃതജ്ഞാനമില്ലാത്തതുകൊണ്ട് മാത്രം അജ്ഞാനികളായാണ് അദ്ദേഹം കണക്കാക്കുന്നത്. ഇതിനെ നമുക്ക് എങ്ങനെ അംഗീകരിക്കുവാന്‍ സാധിക്കും?

    അതുകൊണ്ട് അദ്ദേഹത്തിന്റെ ജ്യോതിഷത്തെക്കുറിച്ചുള്ള അഭിപ്രായവും പൂര്‍ണ്ണമായും ശരിയാണെന്ന് കരുതുവാന്‍ ബുദ്ധിമുട്ടുണ്ട്. ജ്യോത്സ്യന്മാരില്‍ കള്ളന്മാരുണ്ടാകാം – കള്ളന്മാര്‍ ഏതു മണ്ഡലത്തിലാണ് ഇല്ലാത്തത്?

    ഭൂമി തുടങ്ങിയ ഗ്രഹങ്ങളെ അചേതനമായാണ് അദ്ദേഹം കരുതുന്നത്. എന്നാല്‍ ഇന്ന് ഭൂമിയ്ക്കും ജീവനുണ്ട് എന്ന് പാശ്ചാത്യനാടുകളിലെ ശാസ്ത്രജ്ഞന്മാര്‍ പോലും വിശ്വസിക്കുന്നുണ്ട് (http://en.wikipedia.org/wiki/Gaia_hypothesis).
    പുരാണമിത്യേവ ന സാധു സര്‍വ്വം എന്ന് മഹാകവി കാളിദാസനു പറയേണ്ടിവന്നു. ഇന്നു നമുക്ക് പുരാണമിത്യേവ മൃഷാ ന സര്‍വ്വം എന്നു പറയേണ്ടതായി വന്നിരിക്കുന്നു – പൗരാണികമായതെല്ലാം ആ ഒരു കാരണത്താല്‍ തന്നെ തെറ്റാണ് എന്നു കരുതുന്നത് ശരിയല്ല.

    വാസ്തവത്തില്‍ ജ്യോതിഷത്തിന്റെ ഫലഭാഗത്തിനെക്കുറിച്ച് വളരെ ഗൗരവമേറിയ പഠനം ആവശ്യമാണ്. അതിനെ ശാസ്ത്രീയമായി പരീക്ഷിക്കാതെതന്നെ ജ്യോതിഷം അര്‍ത്ഥശൂന്യമാണ് എന്ന നിഗമനത്തിലെത്തിച്ചേരുന്നത് ശരിയാണോ?

  3. May 26th, 2010 6:41 am IST യ്ക്ക് ശ്രീ (sreyas.in):

    താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. അന്നും നമ്മുടെ നാട്ടില്‍ ജ്യോതിഷം തെറ്റായ രീതിയില്‍ ഉപയോഗിച്ചിരുന്നു എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നു ദയാനന്ദസരസ്വതിയുടെ ഈ അഭിപ്രായ പ്രകടനം.

    എന്തുകൊണ്ട് വേദം മാത്രം പ്രമാണമാണ് എന്ന് ചോദിച്ചപ്പോള്‍, വേദം അനാദിയാണ്, ഈ ലോകം ഈശ്വരന്‍ സൃഷ്ടിച്ചപ്പോള്‍ വേദങ്ങളും കൂടി സൃഷ്ടിച്ചു, അതിനു ശേഷം ആരാലും ഒരു മാറ്റവും വേദത്തിനു വന്നിട്ടില്ല എന്നൊക്കെയാണ് എന്റെയൊരു ആര്യസമാജ സുഹൃത്ത് വാദിച്ചത്! സത്യാര്‍ഥപ്രകാശത്തിലെ പല കാര്യങ്ങളോടും നമുക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. ആക്കാലത്ത് നിലനിന്നിരുന്ന സാമൂഹിക സാഹചര്യത്തില്‍, ഭാരതീയനെ വേദപഠനത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ളൊരു ശ്രമമായി ദയാനന്ദ സരസ്വതിയുടെ പ്രവര്‍ത്തനങ്ങളെ കാണാമെന്നു തോന്നുന്നു.

    ഇത്രയും വര്‍ഷങ്ങള്‍ ആയിട്ടും, ജ്യോതിഷം ലോകത്തെ മിക്കവാറും സംസ്കാരങ്ങളില്‍ പല രീതിയില്‍ പല രൂപത്തില്‍ ഉണ്ടായിരുന്നിട്ടും ഇതുവരെയും ശാസ്ത്രീയമായി പഠിച്ചതായി വായിച്ചിട്ടില്ല. ശാസ്ത്രീയം എന്ന് ആധുനിക ശാസ്ത്രം പറയുന്ന നിര്‍വചനത്തില്‍ ജ്യോതിഷത്തെ കൊണ്ടുവരാനും ബുദ്ധിമുട്ടുണ്ട് എന്നതാകാം കാരണം. എന്തായാലും നിഷ്പക്ഷമായ കൂടുതല്‍ പഠനങ്ങള്‍ വേണ്ടൊരു മേഖലയാണിത് എന്നതിന് യാതൊരു സംശയവുമില്ല.

    പത്രത്താളുകളിലും ജ്യോതിഷ മാസികകളിലും മറ്റും ഇക്കാലത്തുപോലും നിറഞ്ഞു കാണുന്ന കുട്ടിച്ചാത്തന്‍സേവയുടെയും വെറ്റിലയുടെയും മഷിനോട്ടത്തിന്റെയും മറ്റും പരസ്യം കാണുമ്പോള്‍, നാം എന്ത് മനസ്സിലാകണം? ഇന്നും ജ്യോതിഷം ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തില്‍, ശരിയേത് തെറ്റേത് എന്ന് സാധാരണ മനുഷ്യന് വേര്‍തിരിച്ച് അറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍, ആ ശാസ്ത്രത്തെ ഉപേക്ഷിക്കുകയല്ലാതെ ജനത്തിനു എന്ത് മാര്‍ഗ്ഗമുണ്ട്?

  4. May 26th, 2010 9:27 am IST യ്ക്ക് ശങ്കരന്‍:

    ശ്രീ,

    ജ്യോതിഷത്തിന്റെ ഫലഭാഗം ശാസ്ത്രീയമായ പഠനത്തിന് വിധേയമാക്കണം എന്ന് എഴുതിയപ്പോള്‍ ഞാനുദ്ദേശിച്ചത് കുറെ പേരുടെ ജാതകങ്ങളെടുത്ത് ഫലിതജ്യോതിഷത്തില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാകുന്നുണ്ടോ എന്നു പരിശോധിക്കണമെന്നാണ്.

    ഉദാഹരണത്തിന് നൂറോ ആയിരമോ ക്യാന്‍സര്‍ രോഗികളുടെ ജാതകങ്ങളെടുത്ത് അവയിലെല്ലാം അതാതു പ്രായത്തില്‍ തന്നെ ആ രോഗം വരുവാനുള്ള യോഗങ്ങളുണ്ടോ എന്നും മറ്റും പരിശോധിക്കണമെന്നാണ്. ഈ രീതിയില്‍ വിവിധ category യില്‍പ്പെട്ടവരുടെ ജാതകങ്ങള്‍ വെച്ച് ദീര്‍ഘകാലം നിഷ്പക്ഷമായി ഗവേഷണം നടത്തിയാല്‍ ഫലിതജ്യോതിഷം എത്രമാത്രം ശരിയാണെന്ന് പറയുവാന്‍ സാധിക്കും. എന്നാല്‍ ജ്യോതിഷത്തെ സമര്‍ത്ഥിക്കുന്നവരോ എതിര്‍ക്കുന്നവരോ ആരും തന്നെ ഇത്തരം ഒരു പഠനം നടത്തിയതായി അറിവില്ല. ഇത്തരം ഒരു പഠനത്തിന്റെ ആവശ്യകതയെക്കുറിച്ചാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്.

  5. June 29th, 2010 5:30 pm IST യ്ക്ക് രാജേഷ്:

    ശ്രീ,

    തീര്‍ച്ചയായും ജ്യോതിഷം പോലെയുള്ള നമ്മുടെ പുരാതനമായ ശാസ്ത്രങ്ങളെ പഠന വിധേയമാക്കേണ്ടിയിരിക്കുന്നു. കാരണം പലരും അജ്ഞത മുതലെടുത്തു കൊണ്ടേയിരിക്കും. ഒരു കാലഘട്ടം വരെ പല ശാസ്ത്രങ്ങളും കൈകാര്യം ചെയ്യാന്‍ ഒരു ചെറിയ വിഭാഗത്തിനു മാത്രമെ അനുവാദം ഉണ്ടായിരുന്നുള്ളൂ എന്നു നമുക്കെല്ലാവര്‍ക്കും അറിവുള്ളതാണല്ലൊ. എന്നാല്‍ ഇപ്പോള്‍ എന്തു പഠിക്കുന്നതിനും ഉള്ള സാഹചര്യം നിലവിലുണ്ട്.
    ഉദാഹരണത്തിനു ജ്യോതിഷം തന്നെയെടുക്കാം, പലര്‍ക്കും സംശയമോ പുച്ഛമോ ഒക്കെയാണ് ജ്യോതിഷം എന്നു കേള്‍ക്കുമ്പോള്‍ എന്ന് തോന്നുന്നു. കാരണം നിസാരമാണ്; നമുക്കു ചുറ്റും കാണുന്ന കല്ലു കച്ചവടക്കാരും തകിട് വില്‍പ്പനക്കാരും ഒക്കെ തന്നെ. മനുഷ്യന്റെ വിശ്വാസങ്ങളെയും ദൌര്‍ബല്യങ്ങളെയും മുതലെടുക്കാന്‍ ചിലര്‍ ജ്യോതിഷത്തെ ഉപയോഗിച്ചതാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണം. നമുക്ക് എന്തെങ്കിലും രോഗം വന്നാല്‍ ചികിത്സിക്കാന്‍ ആശുപത്രിയില്‍ പോകാറുണ്ട്. നമ്മള്‍ കാണുന്ന ഡോക്ടര്‍ രോഗനിര്‍ണ്ണയം നടത്തിയതും ചികിത്സിച്ചതും തെറ്റുകയും, രോഗം കൂടുതലാവുകയും ചെയ്താല്‍ ഉടനെ മറ്റൊരു നല്ല ഡോക്ടറെ സമീപിക്കും, ചിലപ്പോള്‍ ആദ്യത്തെ ഡോക്ടറെ നാലു ചീത്ത വിളിച്ചെന്നും ഇരിക്കും അല്ലാതെ ആരും മെഡിക്കല്‍ സയന്‍സ് തെറ്റാണെന്ന് പറയാറില്ലല്ലൊ. അതുപോലെ തന്നെ ജ്യോതിഷം ശരിക്കും പഠിക്കാതെ സാമ്പത്തികലാഭം മാത്രം ലക്ഷ്യമാക്കുന്ന ചിലര്‍ പ്രവചനം നടത്തിയാല്‍ അതു ജ്യോതിഷം എന്ന ശാസ്ത്രത്തിന്റെ പിഴവാകുന്നതെങ്ങിനെ?

    സ്വാമി ദയാനന്ദ സരസ്വതി വേദങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നു വിശ്വസിച്ചിരുന്നതായി വായിച്ചു. അതോടൊപ്പം മന്ത്രവാദത്തെയും മറ്റും എതിര്‍ത്തിരുന്നതായും കണ്ടു. അപ്പോള്‍ ഒരു സംശയം, വേദങ്ങളിലെല്ലാം പല പല മന്ത്രങ്ങളെയും പറ്റി പ്രതിപാദിച്ചിട്ടുള്ളതായി കേട്ടിരിക്കുന്നു. അങ്ങനെയാണെങ്കില്‍ മന്ത്രവാദവും വേദങ്ങളും പരസ്പരം ബന്ധപ്പെട്ടതല്ലെ? അപ്പോള്‍ ഒന്നിനെ നിരാകരിക്കുകയും മറ്റൊന്നിനെ സ്വീകരിക്കുകയും ചെയ്യുന്നതെങ്ങിനെ? അതോ അദ്ദേഹം കപട മന്ത്രവാദികളെയാണോ ഉദ്ദേശിച്ചത്?

  6. June 29th, 2010 6:53 pm IST യ്ക്ക് ശ്രീ (sreyas.in):

    എപ്പോഴൊക്കെയാണ് ജ്യോതിഷം ഉപയോഗിക്കേണ്ടത്, എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നൊക്കെ സാധാരണക്കാരില്‍ ആര്‍ക്കും തിട്ടമില്ല. ജ്യോതിഷത്തിലെ പരിഹാരം നിര്‍ദ്ദേശിക്കുന്ന ഭാഗം തെറ്റാണ്, അങ്ങനെയൊന്നു ജ്യോതിഷത്തില്‍ ഇല്ല എന്ന് എന്നോട് അടുത്തറിയാവുന്ന പല ജ്യോതിഷികളും പറഞ്ഞിട്ടുണ്ട്. പക്ഷെ, അതൊക്കെ ജനങ്ങളിലേക്ക് എത്തുന്നില്ല.

    ജ്യോതിഷത്തിലെ കപടന്മാരെ വെളിവാക്കുകയും, എന്താണ് യഥാര്‍ത്ഥ ജ്യോതിഷം എന്ന് ജനങ്ങളെ ബോധവല്‍ക്കരിക്കുകയും ചെയ്യേണ്ടത് യഥാര്‍ത്ഥ ജ്യോതിഷികളുടെ കടമയാണ്, അവര്‍തന്നെ മുന്നിട്ടുനിന്നില്ലെങ്കില്‍, ജനങ്ങള്‍ വഞ്ചിക്കപ്പെടും, ജ്യോതിഷം തെറ്റായി വ്യാഖ്യാനിക്കപ്പെടും.
    തിരുവനന്തപുരത്തെ ചില ജ്യോതിഷസംഘടനകളുമായി ഞാന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇനിയൊരിക്കല്‍ സമയം കിട്ടുമ്പോള്‍ അവരുടെ അഭിപ്രായങ്ങളും കണ്ടെത്തലുകളും കൂടി ശ്രേയസ്സില്‍ എത്തിക്കാം.

    ജ്യോതിഷ പരിഹാരം എന്നൊരു ഓപ്ഷന്‍ ഉണ്ട് എന്ന് കരുതിയാണ് ഇപ്പോള്‍ കൂടുതല്‍പേരും നാട്ടിലെ എല്ലാ ജ്യോതിഷികളെയും പോയി കാണുന്നത്. പണംകൊണ്ട് പരിഹാരം കാണാന്‍ കഴിയില്ല എന്നറിഞ്ഞാല്‍ ഈ തിരക്കും തെറ്റിധാരണയും ധനവ്യയവും എല്ലാം ഒഴിവാക്കാന്‍ കഴിയും.

    ഞാനും ദയാനന്ദസരസ്വതിയുടെ പല അഭിപ്രായങ്ങളെയും കാര്യമായി എടുക്കുന്നില്ല. എന്നിരുന്നാലും അദ്ദേഹത്തിന്റെ ചില കമന്റുകള്‍ പ്രസിദ്ധീകരിച്ചുവെന്നു മാത്രം. അത് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

  7. July 30th, 2010 3:53 pm IST യ്ക്ക് മധു:

    പ്രിയ സുഹൃത്തേ,…
    നിങ്ങളുടെ ഈ സംരംഭതതിന് ആദ്യമേ തന്നെ എന്റെ ഭാവുകങ്ങള്‍.ഇവിടെ രേഖപ്പെടിത്തിയിട്ടുള്ള ലേഖനങ്ങള്‍ വായിച്ചു.പലരുടെയും വാക്കുകള്‍ ഗൌരവമായി ചിന്തിക്കേണ്ടത് ആവശ്യമാണ്.എന്റെ അഭിപ്രായത്തില്‍ ശ്രീ ദയാനന്ദ സരസ്വതികള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങള്‍ പാടെ തള്ളിക്കളയാന്‍ പാടുള്ളതല്ല.അദേഹം ഈ സമൂഹത്തില്‍ നില നിന്നിരുന്നതും നിലനില്‍കുന്നതുമായ ദുരചാരാങ്ങളെ തന്റെ അക്ഷരങ്ങളിലൂടെ എടുത്തു കാണിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.തന്റെ സ്വതസിദ്ധമായ നിരൂപണ ശൈലി ഇവിടെ അദേഹാം ഉപയോഗപ്പെടുത്തി എന്ന് മാത്രം.മന്ത്ര തന്ത്രാദികളിലും ജ്യോതിഷ പ്രശ്ന പരിഹരാദികളിലും നില നില്‍കുന്ന കള്ളനാണയങ്ങളെ കണ്ടു മനസ്സ് മടുത്താണ് ഇത്തരത്തിലുള ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിന് തുനിഞ്ഞത്.ജനങ്ങളുടെ സ്വാര്‍ഥത മുതലെടുത്തു പണം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന കപട മുഖങ്ങളെ ജനങ്ങള്‍ക് മുന്നില്‍ തുറന്നു കാട്ടുവാന്‍ അദ്ദേഹം ശ്രമിച്ചു.,ഭാരതത്തില്‍ നിലനിന്നിരുന്ന കൊള്ളരുതായ്മകള്‍ എന്തെല്ലാം എന്ന് നമുക്ക് ച രിത്രത്തില്‍ നിന്നും മനസ്സിലാക്കവുന്നതെ ഉള്ളൂ.ഭാരതത്തില്‍ ജീവിച്ചിരുന്ന മഹാന്മാരെല്ലാം തന്നെ ആ അനാചാരങ്ങളെ നിഷ്കരുണം ആക്രമിച്ച ചരിത്രം നമുക്ക് എടുത്തു കാട്ടുവാനുണ്ട്.വിവേകാനന്ദ സ്വാമികളും, നാരായണഗുരുവും, സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളും എല്ലാം ഇതിനു വേണ്ടി ശ്രമിച്ചവര്‍ ആണ്. അവരുടെ തൂലികയും വാക്കുകളും പടവാളിന്റെ ഗുണം ചെയ്തത് അനുഭവത്തില്‍ ഉള്ളതാണ്.പക്ഷെ നമ്മള്‍ മനസിലാക്കേണ്ടതും.ശ്രധിക്കെണ്ടാതുമായ ഒന്ന് ഇതില്‍ അടങ്ങിയിട്ടുണ്ട്.അവര്‍ എല്ലാം തന്നെ ഹിന്ദുവിന്റെ ദുരാചാരങ്ങളെ തുടച്ചു നീക്കാന്‍ വേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുള്ളത് . എന്ത് കൊണ്ട് ഹൈന്ദവന്‍ ദുരചാരങ്ങളുടെ വിളനിലം ആയി മാറി.കേരളം ഭ്രാന്താലയം ആണെന്ന് വിവേകാനന്ദ സ്വാമികള്‍ക് എന്തുകൊണ്ട് പറയേണ്ടി വന്നു? അനാചാരങ്ങളില്‍ പെട്ട് തന്റെ സഹോദരങ്ങള്‍ അധപ്പതിക്കുന്നതു കണ്ടു സ്വാമികള്‍ ദുഖിച്ചു എന്ന് രേഖപ്പെടിതിയിട്ടുണ്ട്.അതിനാല്‍ പുസ്തകം പ്രസിദ്ധീകരിച്ച കാലഖട്ടമാണ് ഇത്തരത്തി ല്‍ ജ്യോതിഷതെയും മന്ത്ര തന്ത്രാതികളെയും പറ്റി പ്രതിപാതിക്കുവാന്‍ അദ്ദേഹതെത പ്രേരിപ്പിച്ചത് എന്ന് മനസിലാക്കേണ്ടതുണ്ട്………

  8. March 8th, 2011 10:36 am IST യ്ക്ക് parthan:

    ഇത് ഒരു പഴയ പോസ്റ്റ് ആണെങ്കിലും ഇപ്പോൾ ഞാൻ എന്റെ പോസ്റ്റിൽ ജ്യോതിഷത്തെക്കുറിച്ച് ഒരു പോസ്റ്റ് എഴുതിക്കൊണ്ടിരിക്കുന്നതിന്നാലും ശ്രീ.ശങ്കരന്റെ അഭിപ്രായം എന്റെ ജ്യോതിഷത്തോടുള്ള അഭിപ്രായങ്ങൾക്ക് അനുകൂലമായതിനാലും ജ്യോതിഷത്തെ നമ്മൾ എങ്ങനെ കാണണം എന്ന ഒരു വിശദീകരണം കൊടുക്കുന്നുണ്ട്. പ്രാക്റ്റിക്കൽ ജ്യോതിഷം എന്ന എന്റെ സുഹൃത്തിന്റെ രീതിയെ അവലംഭിച്ച് കുറച്ചു കാര്യങ്ങൾ അവിടെ വിശദമാക്കാം. ജാതകത്തിന്റെ നിരന്തരമായ നിരീക്ഷണംകൊണ്ട് ചില കാര്യങ്ങൾ ഉറപ്പിച്ചു പറയാൻ സാധിക്കും എന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളത് എനിക്ക് അനുഭവമുള്ളതാണ്.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

*

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/jyothsyam-dayananda-saraswathi
ഇമെയില്‍ : sree@sreyas.in