കര്‍മ്മം, അകര്‍മ്മം, വികര്‍മ്മം (36)

കര്‍മ്മങ്ങള്‍ ഒരിക്കലും എന്നെ സ്വാധീനിക്കുന്നില്ല. അതുകൊണ്ട് കര്‍മ്മഫലത്തില്‍ എനിക്ക് ആഗ്രഹവുമില്ല. ഇപ്രകാരം ഏതൊരുവന്‍ അവനവനെത്തന്നെ അറിയുന്നുവോ അവന്‍ കര്‍മ്മങ്ങളാല്‍ ബന്ധിക്കപ്പെടുന്നില്ല.

കര്‍മ്മം വിവിധ തരമുണ്ട്. കര്‍തൃഭാവം ഇല്ലാത്തകര്‍മ്മം – അസദ്ഭാവകര്‍മ്മം, കര്‍തൃഭാവം ഉള്ള കര്‍മ്മം – സദ്ഭാവകര്‍മ്മം. സദ്ഭാവകര്‍മ്മം തന്നെ രണ്ടുവിധം – കര്‍ത്തവ്യകര്‍മ്മവും അകര്‍ത്തവ്യകര്‍മ്മവും, അവസാനത്തേത് വികര്‍മ്മം – ചെയ്യാന്‍ പാടില്ലാത്തതാണ്. അതിനുമുമ്പുള്ളത് കര്‍മ്മം. അസദ്ഭാവ കര്‍മ്മം ആണ് അകര്‍മ്മം.

കര്‍മ്മമയമായ പ്രപഞ്ചത്തില്‍ അകര്‍മ്മത്തെയും (ബ്രഹ്മത്തെയും) ചലനരഹിതമായ ആ ബ്രഹ്മത്തില്‍ ചലനമയമായ കര്‍മ്മത്തെയും കാണുന്നവന്‍ ബുദ്ധിമാനും പൂര്‍ണകര്‍മ്മം ചെയ്യുന്ന യോഗിയുമാണ്. കര്‍മ്മരഹിതമായ ബോധവസ്തുവിലാണ് ഓരോ ചലനവും നടക്കുന്നത്. ഓരോ ചലനത്തിലും ചലനരഹിതമായ ബോധം സ്ഥിതി ചെയ്യുന്നു. ഇതുതന്നെയാണ് മറ്റൊരു രൂപത്തില്‍ ചാതുര്‍വര്‍ണ്യം മയാസൃഷ്ടമെന്ന ശ്ലോകത്തില്‍ ഭഗവാന്‍ വിശദീകരിക്കുന്നത്.

ഒരു നാടകശാലയിലെ ബള്‍ബിനു ചുറ്റുമുള്ള വര്‍ണക്കടലാസു പതിപ്പിച്ച തകിട് കറക്കുമ്പോള്‍ സ്റ്റേജില്‍ വിവിധ വര്‍ണങ്ങള്‍ പതിക്കുന്നു. ബള്‍ബിന്റെ പ്രകാശത്തിന് യഥാര്‍ത്ഥത്തില്‍ നിറമില്ല. സ്റ്റേജിലെ വര്‍ണപ്രകാശങ്ങള്‍ ബള്‍ബ് സൃഷ്ടിച്ചതാണ്. അതേസമയം തന്നെ ആ നിറങ്ങളൊന്നും ബള്‍ബ് ഉണ്ടാക്കിയതുമല്ല. അപ്പോള്‍ ബള്‍ബ് പറയുന്നു, ‘ചാതുര്‍വര്‍ണ്യം മയാസൃഷ്ടം’ ഇതുപോലെ വ്യത്യസ്ത ഗുണ കര്‍മ്മങ്ങളോടു കൂടിയ ഭാവങ്ങളെല്ല‍ാം ഭഗവാന്‍ (ബോധം) സൃഷ്ടിച്ചതാണ്. അവയുടെ കര്‍ത്താവും അകര്‍ത്താവുമാണ് ഭഗവാന്‍. ഗീത ഏതെങ്കിലും ജാതി വ്യവസ്ഥയുടെ വിശദീകരണമല്ല. യാതൊന്നറിഞ്ഞാല്‍ അശുഭത്തില്‍ നിന്ന് മോചിതമാകുമോ അതുപദേശിക്ക‍ാം എന്നാണ് ഗീത പറയുന്നത്. ജാതിവ്യവസ്ഥ വച്ചിരുന്നാല്‍ ഒരു കാലത്തും മോചിതരാകില്ല.

അറിവുള്ളവര്‍ ജ്ഞാനമാകുന്ന അഗ്നിയാല്‍ കാമനകളെ ദഹിപ്പിക്കണം. കര്‍മ്മഫലത്തില്‍ ആസക്തിയില്ലാതെ, എപ്പോഴും തൃപ്തനായി, ഒന്നിനേയും ആശ്രയിക്കാതെ, കര്‍മ്മത്തില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്നവന്‍ ഒന്നും ചെയ്യുന്നില്ല. ആഗ്രഹമൊട്ടുമില്ലാത്തവനായി, ആത്മാവിനെ ബോധത്തില്‍ നിര്‍ത്തി, എല്ലാറ്റിന്റേയും ഉടമസ്ഥതയെ കൈവിട്ട് ശരീര സംബന്ധമായി മാത്രം കര്‍മ്മം ചെയ്യുന്നവന് കര്‍മ്മ ബന്ധനങ്ങള്‍, പാപം ഉണ്ടാകുന്നില്ല. അവിചാരിതമായി വന്നു ചേര്‍ന്നവയിലെല്ല‍ാം തൃപ്തരാകുക, സുഖദുഃഖം, ലാഭനഷ്ടം, സന്തോഷ സന്താപം തുടങ്ങിയ വിപരീതങ്ങള്‍ക്കെല്ല‍ാം അതീതനായിരിക്കുക (അവയെ അറിയുക), മാത്സര്യം വെടിയുക, കിട്ടിയതിലും കിട്ടാത്തതിലും ഇളക്കമില്ലാത്തവനാകുക. ഇങ്ങനെയുള്ളവന്‍ ചെയ്യുന്ന കര്‍മ്മങ്ങളെല്ല‍ാം ലോകസേവനമാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം