കൗരവപാണ്ഡവ യുദ്ധം ദുര്‍ഗുണ സദ്ഗുണ സംഘര്‍ഷം (4)

വ്യക്തിമനസ്സിലെ എണ്ണിയാലൊടുങ്ങാത്ത ദുര്‍ഗുണങ്ങളുടെ പ്രതീകമാണ് കൗരവര്‍. പാണ്ഡവരാകട്ടെ എണ്ണത്തില്‍ കുറഞ്ഞ സദ്ഗുണങ്ങളുടെ പ്രതീകവും. ഇവ തമ്മില്‍ വ്യക്തിക്കുള്ളില്‍ നടക്കുന്ന സംഘര്‍ഷമാണ് കുരുക്ഷേത്ര യുദ്ധത്തിലൂടെ വെളിപ്പെടുന്നത്. ധര്‍മ്മഭൂമിയായ കുരുക്ഷേത്രത്തില്‍ യുദ്ധോത്സുകരായി ഒത്തുചേര്‍ന്ന എന്റെ ആളുകളും പാണ്ഡവരും എന്ത് ചെയ്തു എന്നാണ് ധൃതരാഷ്ട്രര്‍ സഞ്ജയനോട് ചോദിക്കുന്നത്. ഓരോ വ്യക്തിയും സ്വന്തം അന്തഃകരണത്തില്‍ ചോദിക്കേണ്ട ചോദ്യമാണിത്. ധര്‍മ്മഭൂമിയായ എന്റെയുള്ളില്‍ എന്നോട് ചേര്‍ന്നുനില്‍ക്കുന്ന ദുര്‍ഗുണങ്ങള്‍ക്കെതിരെ സദ്ഗുണങ്ങള്‍ എന്തെങ്കിലും ചെയ്തോ എന്നതാണ് ചോദ്യത്തിന്റെ സാരം. ദുര്യോധനന്‍ ധനം ദുര്‍വ്യയം ചെയ്യുന്നവനാണ് . ദുശ്ശാസനനാകട്ടെ തെറ്റായ ശാസനകള്‍ പുറപ്പെടുവിക്കുന്നവനും. ഇത്തരം അസംഖ്യം ദുര്‍ഗുണങ്ങള്‍ക്കുമേല്‍ ആത്മവിഷയ തല്പരരായ പാണ്ഡവര്‍ എന്തുചെയ്തു എന്നാണ് അന്വേഷിക്കേണ്ടത്.

ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിന്റെ പൂരണമാണ് ധൃതരാഷ്ട്രരുടെ ചോദ്യത്തിലൂടെ വ്യാസന്‍ നിര്‍വഹിക്കുന്നത്. വാനരനില്‍ നിന്ന് നരനിലേക്കുള്ള പരിവര്‍ത്തനമാണ് ഡാര്‍വിന്‍ അവതരിപ്പിച്ചത്. വ്യാസനാകട്ടെ നരനില്‍ നിന്ന് നാരായണനിലേക്കുള്ള പരിവര്‍ത്തനത്തെയും. ഇത് പുരുഷനില്‍ നിന്ന് പുരുഷോത്തമനിലേക്കും മാനവനില്‍ നിന്ന് മാധവനിലേക്കുമുള്ള പരിണാമമാണ്.

ധൃതരാഷ്ട്രരുടേത് പ്യൂപ്പ അവസ്ഥയാണെങ്കില്‍ സഞ്ജയനിലൂടെയും അര്‍ജുനനിലൂടെയും കടന്ന് ശ്രീകൃഷ്ണനിലെത്തുമ്പോള്‍ അത് ചിത്രശലഭമായി മാറുന്നു. ഈ പരിവര്‍ത്തനം സാധ്യമാക്കുന്നതിന് ധൃതരാഷ്ട്രരുടെ ചോദ്യം ഓരോ വ്യക്തിയും മനസ്സില്‍ സദാ ഉന്നയിക്കണം.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം