ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 14

സര്‍വ്വമേതദൃതം മന്യേ
യന്മാം വദസി കേശവ
ന ഹി തേ ഭഗവന്‍ വ്യക്തിം
വിദുര്‍ദേവാ ന ദാനവാഃ

ഹേ കേശവ, എന്നോട് അങ്ങു പറയുന്നതെല്ലാം സത്യമെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ അങ്ങയുടെ സമ്പൂര്‍ണ്ണ സ്വരൂപത്തെ ദേവന്മാരോ അസുരന്മാരോ ആരുംതന്നെ അറിയുന്നില്ല.

അങ്ങയുടെ ആദേശകിരണങ്ങള്‍ എന്‍റെ ഹൃദയത്തില്‍ പരന്നതോടെ ഋഷിമാര്‍ ചൂണ്ടിക്കാണിച്ച വഴികളൊന്നും അപരിചിതങ്ങളായി എനിക്ക് തോന്നുന്നില്ല. അവരുടെ ഉപദേശങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജ്ഞാനത്തിന്‍റെ ബീജങ്ങളായിരുന്നു. അത് എന്‍റെ ഹൃദയമാകുന്ന മണ്ണില്‍ ചൂഴ്ന്നിറങ്ങിയിട്ടുണ്ട്. അങ്ങയുടെ കൃപാജലം കൊണ്ടു കുതിര്‍ന്ന ഈ വിത്തുകള്‍ ദിവ്യമായ സംവാദരൂപേണ അങ്കുരിച്ച് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നു. അല്ലയോ അജേയനായ പ്രഭോ, ഞാന്‍ അങ്ങയുടെ ആനന്ദകരമായ സംവാദസാഗരമായി തീര്‍ന്നിരിക്കുന്നു. ഈ സാഗരത്തിലേക്ക് നാരദാദി മുനികളുടെ ഉപദേശങ്ങളാകുന്ന ഉറവകള്‍ ഒഴുകിയെത്തിയിരിക്കുന്നു. എന്‍റെ പൂര്‍വജന്മങ്ങളുടെ പുണ്യപ്രവൃത്തികള്‍കൊണ്ട് മുമ്പ് നേടാന്‍ കഴിയാതെപോയതെല്ലാം അങ്ങ് എനിക്ക് നേടിത്തന്നിരിക്കുന്നു. എന്‍റെ മുന്‍ഗാമികള്‍ അങ്ങയെ സ്തുതിച്ചുപറയുന്നത് ഞാന്‍ കേട്ടിട്ടുണ്ടെങ്കിലും അങ്ങയുടെ കാരുണ്യം എന്നില്‍ ചൊരിയുന്നതുവരെ അതേപ്പറ്റിയൊന്നും എനിക്കു മനസ്സിലായിരുന്നില്ല. ഭാഗ്യദേവത കടാക്ഷിക്കുമ്പോള്‍ മാത്രമേ ഒരാള്‍ക്ക് അവന്‍റെ പ്രയത്നത്തിന്‍റെ ഫലം സിദ്ധിക്കുകയുളളു. ഒരുവന്‍ കേട്ടതും പഠിച്ചതുമെല്ലാം അനുഭവിച്ചറിയണമെങ്കില്‍ ഗുരുകൃപ ആവശ്യമാണ്. തോട്ടക്കാരന്‍ ചെടികളേയും വൃക്ഷങ്ങളേയും വെളളം നനച്ചു പരിപാലിക്കുന്നു. എന്നാല്‍ വസന്താഗമത്തോടെ മാത്രമേ പുഷ്പങ്ങളും ഫലങ്ങളും ഉണ്ടാവുകയുളളു. ജ്വരം ഇല്ലാതാകുമ്പോള്‍ മാത്രമേ ഒരു രോഗിക്കു ഭക്ഷണം ആസ്വദിക്കാന്‍ കഴിയൂ. ഇന്ദ്രിയങ്ങളും വാക്കും പ്രാണനും അതിന്‍റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് ചൈതന്യം ചൈതന്യവത്താകുമ്പോള്‍ മാത്രമാണ്. അപ്രകാരം വേദപഠനങ്ങളുടേയോ യോഗാദിസാധനങ്ങളുടേയോ പ്രയോജനം ഒരു ശിഷ്യനു ലഭിക്കുന്നത് അവന്‍റെ ഗുരുവിന്‍റെ കാരുണ്യം ഉണ്ടാകുമ്പോള്‍ മാത്രമാണ്.

ഭഗവാന്‍റെ അര്‍ജ്ജുനന്‍റെ സംശയങ്ങളേയെല്ലാം ദൂരീകരിച്ചിരിക്കുന്നു. അവന്‍ ആനന്ദനൃത്തം വെച്ചുകൊണ്ട് വീണ്ടും പറഞ്ഞു:

അല്ലയോ ഭഗവാന്‍, അങ്ങയുടെ വാക്കുകള്‍ എന്നില്‍ വിശ്വാസം ഉളവാക്കിയിരിക്കുന്നു. മോചകനായ അങ്ങ് ദേവന്മാര്‍ക്കും ദൈത്യന്മാര്‍ക്കുപോലും ദുര്‍ഗ്രാഹ്യനാണെന്ന് ഞാന്‍ മനസ്സിലാക്കിക്കഴിഞ്ഞു. ഉപദേശങ്ങള്‍ വഴി അങ്ങുതന്നെ അങ്ങയെ ഞങ്ങള്‍ക്കു വെളിപ്പെടുത്തിത്തന്നില്ലെങ്കില്‍, ഞങ്ങളുടെ ബുദ്ധിമാത്രം ഉപയോഗിച്ച് അങ്ങയെ മനസ്സിലാക്കുന്നത് അസാധ്യമാണെന്ന് എനിക്കു ബോധ്യമായിരിക്കുന്നു.