അവനവനെ പഠിച്ചാല്‍ വിശ്വത്തെ അറിയാം (85)

ഹെക്ടറുകണക്കിന് മരം നശിപ്പിച്ചാല്‍, മലകള്‍ മുഴുവന്‍ വെളുപ്പിച്ചാല്‍ ഇന്നൊരു ഭക്തനും നോവില്ല. അതിനു പകരം ഒരു വിഗ്രഹം കാണാതായാല്‍, അമ്പലത്തിന്റെ കല്ലിളകിയാല്‍, ആരെങ്കിലും ഒരു കല്ലെറിഞ്ഞാല്‍ ആകെ പ്രശ്നമാകും. ന‍ാം ഈശ്വരനെ ശബരിമല, ഗുരുവായൂര്‍, ചോറ്റാനിക്കര തുടങ്ങിയ സ്ഥലങ്ങളിലിരുത്തിയിരിക്കുകയാണ്. ഭഗവാന്‍ എവിടെയാണെന്ന്, എന്തു ചെയ്യുന്നുവെന്ന് അറിവില്ലാതെ അമ്പലങ്ങളിലേക്കുള്ള കറക്കം അപമാനിക്കലാണ്.

ഒന്നൊഴിയാതെ എല്ലാറ്റിന്റെയും കേന്ദ്രത്തില്‍ ഞാന്‍ നിലകൊള്ളുന്നു എന്ന് ഭഗവാന്‍ പറയുന്നു. ഓര്‍മ്മ, അറിവ്, മറവി എല്ല‍ാം ഭഗവാനാണ്. ജീവിതത്തിലെ വലിയ ദുരന്തങ്ങള്‍ മറക്കാന്‍ സഹായിക്കുന്നതും അറിവ് നല്‍കുന്നതും അത് ഓര്‍ത്തുവയ്ക്കുന്നതും ഭഗവദ് അനുഗ്രഹത്താലാണ്. ചിലത് തന്ന്, ചിലത് മാറ്റി നിരന്തരപ്രേരണയായി അത് ഉള്ളിലുണ്ട്.

അവനവനെ പഠിച്ചാല്‍ വിശ്വത്തെ അറിയ‍ാം. ഏതൊന്നാണോ ബ്രഹ്മാണ്ഡമായി നിലകൊള്ളുന്നത് അതാണ് പിണ്ഡാണ്ഡമായ നാമോരോരുത്തരും. പക്ഷേ ന‍ാം വൃഥാ പുറത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയാണ്. ഭൂതങ്ങളെല്ല‍ാം നശിക്കുന്നതാണ്, ക്ഷരപുരുഷനാണ്. നാമരൂപങ്ങളുള്ളതാണിവ. എല്ലാറ്റിനെയും മാറാന്‍ സഹായിച്ചുകൊണ്ട് മാറ്റമില്ലാതെ നില്‍ക്കുന്ന നാമരൂപരഹിതമായതാണ് അക്ഷരപുരുഷന്‍. നശ്വരപ്രപഞ്ചത്തെ അതിവര്‍ത്തിച്ച് അക്ഷരത്തേക്കാളും ശ്രേഷ്ഠമായി വര്‍ത്തിക്കുന്നതാണ് പുരുഷോത്തമനായ ഭഗവാന്‍.

അവ്യയനായ ഈ ഈശ്വരന്‍ മൂന്നു ലോകങ്ങളെയും (നമ്മെ സംബന്ധിച്ച് മൂന്നു ലോകങ്ങളെന്നത് ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്നു അനുഭവമണ്ഡലങ്ങളാണ്) ആവേശിച്ച് നിലകൊള്ളുന്നു. സംസാരവൃക്ഷത്തെ ക്ഷരപുരുഷനായും അതിന്റെ ബീജത്തെ അക്ഷരപുരുഷനായും അതിനെയും അതിവര്‍ത്തിച്ചു നില്‍ക്കുന്ന വേരുകള്‍ ആഴ്ന്നുപോയ ബ്രഹ്മത്തെ പുരുഷോത്തമനായും ഇവിടെ മനസ്സിലാക്ക‍ാം.

നമുക്കുവേണ്ട എല്ലാ പോഷകങ്ങളെയും ഫലമൂലാദികളില്‍നിറയ്ക്കുന്നതും ന‍ാം ഭക്ഷിച്ച അവയെ ദഹിപ്പിച്ച് നമുക്കാവശ്യമുള്ളവയെ സ്വ‍ാംശീകരിക്കുന്നതും ഭഗവാനാണ്. ജീവശാസ്ത്രപരമായി സസ്യഭോജികളായാണ് നമ്മേ സൃഷ്ടിച്ചിരിക്കുന്നത്. നമ്മുടെ നഖം, പല്ല്, താടിയെല്ല്, ഉമിനീര് ഒന്നും മ‍ാംസഭക്ഷണത്തിന് അനുയോജ്യമല്ല. തേജസുറ്റ വാക്കിനും കരുത്തുറ്റ മനസ്സിനുമായാണ് ഓരോ ജീവജാലങ്ങള്‍ക്കും അനുയോജ്യമായ ഭക്ഷണത്തെ ഭഗവാനൊരുക്കിയിരിക്കുന്നത്. ഭക്ഷണം പ്രകൃതിനിശ്ചയത്തിന് വിരുദ്ധമായാല്‍ അത് ശരീരത്തിലെ ഭഗവാനെ ദ്രോഹിക്കലാകും.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം