പൂര്‍ണമായി മനസ്സിലാകാത്തവന്റെ അഭയകേന്ദ്രമാണ് വിശ്വാസം (39)

സ്ഥിരമായതിനെ പ്രാപിച്ചവനാണ് സന്യാസി. ആകാശത്തില്‍ മേഘങ്ങളെന്നപോലെയാണ് സ്ഥിരമായതും അസ്ഥിരമായതും. ന‍ാം ആകാശത്തിലേക്കു നോക്കുന്നതായി പറയുകയും കൊച്ചുമേഘങ്ങളെ നോക്കിയിരിക്കുകയും ചെയ്യും. അപ്പോള്‍ ആകാശം നഷ്ടപ്പെടുന്നു. സ്ഥിരമായത് ഞാനാണ്. എന്നില്‍ മേഘങ്ങളെപ്പോലെ വന്നും പോയുമിരിക്കുന്നതാണ് കര്‍മ്മവും കര്‍മ്മഫലവും ചിന്തയം വികാരവുമെല്ല‍ാം.

ഒന്നിനോടും വെറുപ്പുണ്ടാകരുതെന്ന് ഗീത പറയുന്നു. എല്ല‍ാം ഈശ്വരനാണ്. ഏതിനോടെങ്കിലും വെറുപ്പ് തോന്നിയാല്‍ അത് ഈശ്വരനോടുള്ള വെറുപ്പാണ്. ഒന്നിനെയും വെറുക്കാത്തവന്‍, ഒന്നും ആഗ്രഹിക്കാത്തവന്‍, സുഖദുഃഖം, ലാഭനഷ്ടം തുടങ്ങിയ വിപരീതങ്ങള്‍ അകന്നവന്‍ – ഇവന്‍ നിത്യസന്യാസിയാണ്. എല്ലാ കര്‍മ്മബന്ധങ്ങളില്‍നിന്നും മോചിതനായവന്‍.

ജ്ഞാനയോഗവും കര്‍മ്മയോഗവും ഒന്നുതന്നെയാണ്. അല്ലെങ്കില്‍ ഒന്നിനെയെങ്കിലും നന്നായി അനുഷ്ഠിക്കുന്നതിലൂടെ രണ്ടിന്റെയും ഫലം സിദ്ധിക്കും. എന്നാല്‍ കര്‍മ്മസന്യാസത്തേക്കാള്‍ കര്‍മ്മയോഗമാണ് വിശേഷപ്പെട്ടതെന്ന് അര്‍ജുനനോട് ഭഗവാന്‍ പറയുന്നു. ചെയ്യേണ്ട കര്‍മ്മങ്ങള്‍ ചെയ്തേപറ്റൂ. ജ്ഞാനയോഗം അറിയാത്തവന് കര്‍മ്മയോഗിയായി ഇരിക്കാന്‍ സാധ്യമല്ല. കര്‍മ്മയോഗി എന്ന നിലയിലല്ലാതെ ജ്ഞാനയോഗിയാവുകയും അസാധ്യം. അതുകൊണ്ട് അജ്ഞാനത്തില്‍ നിന്നുത്ഭവിച്ച സംശയത്തെ അറിവാകുന്ന വാളാല്‍ ഛേദിക്കുവാന്‍ ഗീത ഉപദേശിക്കുന്നു. സംശയമുള്ളവന്‍ നശിച്ചു.

പൂര്‍ണമായി മനസ്സിലാകാത്തവന്റെ, വ്യക്തമാകാത്തവന്റെ അഭയകേന്ദ്രമാണ് വിശ്വാസം. അതിനാല്‍ വിശ്വാസമുള്ളവനില്‍ സംശയമുണ്ട്. സംശയമുള്ളവന് അറിവൊട്ടുമില്ല. അശ്രദ്ധയില്‍നിന്നാണ് സംശയമുണ്ടാകുന്നത്. അവന്‍ ആകെ അസ്വസ്ഥനായിരിക്കും. അവന് ഈ ലോകംതന്നെയില്ല, പിന്നെയല്ലേ പരമാനന്ദം.

പാപങ്ങള്‍ എന്നുപറയുന്നത് അറിവില്ലായ്മയാണ്, തെറ്റിദ്ധാരണയാണ്. അറിവാകുന്ന അഗ്നിയില്‍ പാപങ്ങളെല്ല‍ാം വെന്തുവെണ്ണീറാകും. ഈ ഭസ്മീകരണപ്രക്രിയയിലാണ് ഒരുവന്‍ തടവറയില്‍നിന്നും മോചിതനാകുന്നത്. പരിപൂര്‍ണ സമര്‍പ്പണത്തോടെ സേവാഭാവത്തില്‍ അര്‍ഥിക്കുമ്പോള്‍ തത്ത്വദര്‍ശിയായ ഗുരു അറിവ് ഉപദേശിക്കുന്നു. ഗുരു അന്ധകാരത്തെ നീക്കി വെളിച്ചം പരത്തുന്നവനാണ്.

അവലംബം: സ്വാമി സന്ദീപ്‌ ചൈതന്യയുടെ ഗീതാജ്ഞാന യജ്ഞം