ബ്രഹ്മാസ്ത്രസ്യ ചബ്രഹ്മാസ്ത്രം ബവായവ്യസ്യ ച പാര്‍വ്വതം
ആഗ്നേയയസ്യ ച പാര്‍ജ്ജന്യം നൈജം പാശുപതസ്യച (10-63-13)
മോഹയിത്വാ തു ഗിരിശം ജൃംഭണാസ്ത്രേണ ജൃംഭിതം
ബാണസ്യ പൃതനാം ശൗരിര്‍ജ്ജഘാനാസിഗദേഷുഭിഃ (10-63-14)
ത്രി ശിരസ്തേ പ്രസന്നോഽസ്മി വ്യേതു തേ മജ്ജ്വരാദ്‌ ഭയം
യോ നൗ സ്മരതി സംവാദം തസ്യ ത്വന്ന ഭവേദ്‌ ഭയം (10-63-29)

ശുകമുനി തുടര്‍ന്നു:
ദ്വാരകയില്‍ അനിരുദ്ധന്റെ തിരോധാനം വലിയ ആകാംക്ഷയുളവാക്കി. നാരദന്‍ വന്നു പറയുംവരെ കൊട്ടാരത്തില്‍ ആര്‍ക്കും കാര്യം മനസ്സിലായിരുന്നില്ല. വലിയൊരു സൈന്യവുമായി കൃഷ്ണനും ബലരാമനും ബാണന്റെ തലസ്ഥാനത്തേയ്ക്കു പുറപ്പെട്ടു. നഗരത്തിന്റെ പാലകനായ പരമശിവന്‍ തന്റെ ഭൂതഗണങ്ങളുമായി അക്രമികളെ നേരിട്ടു. വിണ്ണവര്‍പോലും രോമാഞ്ചചകിതരായി ആ യുദ്ധം നോക്കിനിന്നു. ബാണന്റെ അസ്ത്രങ്ങളോരോന്നും കൃഷ്ണന്‍ തടുത്തു. ബ്രഹ്മാസ്ത്രത്തെ ബ്രഹ്മാസ്ത്രം കൊണ്ടും അനിലാസ്ത്രത്തെ പര്‍വ്വതം കൊണ്ടും ആഗ്നേയത്തെ വരുണം കൊണ്ടും ശൈവാസ്ത്രത്തെ നാരായണാസ്ത്രം കൊണ്ടും നേരിട്ടു. മനോവിഭ്രമമുണ്ടാക്കാന്‍ പോന്നൊരസ്ത്രം തൊടുത്ത്‌ ശിവനെ ചിന്താക്കുഴപ്പത്തിലാക്കി കൃഷ്ണന്‍ ബാണസൈന്യത്തെ നേരിട്ടു. ശിവകുമാരനായ സ്കന്ദന്‍പോലും തന്റെ യോദ്ധാക്കള്‍ മരിച്ചു വീഴുന്നതു കണ്ട്‌ പടക്കളത്തില്‍ നിന്നു പിന്മാറി.

ബാണന്‍ കൃഷ്ണനു നേരെ തന്റെ അതിതീവ്രമായ ഒരായുധവുമായി വന്നു. അഞ്ഞൂറ് ദ്വാരങ്ങളും ഓരോ ദ്വാരത്തിലും രണ്ടസ്ത്രങ്ങളും അതിനുണ്ടായിരുന്നു. കൃഷ്ണന്‍ അതിനെ ബാണന്റെ കയ്യില്‍നിന്നും താഴെ വീഴ്ത്തി. തന്റെ പുത്രന്‍ അപകടത്തിലാണെന്നറിഞ്ഞ ബാണമാതാവ്‌ പടക്കളത്തില്‍ നഗ്നയായി നില്‍പ്പായി. കൃഷ്ണന്‍ അവളില്‍നിന്നും കണ്ണുമാറ്റിയ തക്കം നോക്കി ബാണന്‍ നഗരാന്തര്‍ഭാഗത്തേക്കൊളിച്ചു. അപ്പോള്‍ ശിവഗണങ്ങളും കൃഷ്ണശക്തികളുമായി പോരാട്ടം തുടങ്ങി. മൂന്നു തലകളും മൂന്നു കാലുകളുമുളള ‘ജ്വരം’ എന്നു പേരുളെളാരു സത്വം കൃഷ്ണനു നേരെ പാഞ്ഞടുത്തു. കൃഷ്ണനും താന്‍ നിര്‍മ്മിച്ച ഒരു ജ്വരസത്വത്തെ പറഞ്ഞു വിട്ടു. കൃഷ്ണന്റെ ജ്വരം ശിവജ്വരത്തെ പീഡിപ്പിച്ചു തോല്‍പ്പിച്ചു. ശിവജ്വരം കൃഷ്ണനെ വണങ്ങി ഭഗവാന്റെ ജ്വരത്തെ പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥിച്ചു. കൃഷ്ണന്‍ അപ്രകാരം ചെയ്തു. ഈ യുദ്ധകഥ ഓര്‍ക്കുന്നുവര്‍ക്കൊന്നും ജ്വരബാധയുണ്ടാകുന്നുതല്ല. എന്ന്‌ അദ്ദേഹം അരുളിചെയ്തു.

ബാണന്‍ പടക്കളത്തിലേക്കു തിരിച്ചു വന്നു. തന്റെ ആയിരം കൈകള്‍ കൊണ്ട്‌ പട പൊരുതി. കൃഷ്ണന്‍ അവന്റെ കൈകള്‍ നാലെണ്ണമൊഴികെ എല്ലാം വെട്ടിക്കളഞ്ഞു. അതു കണ്ട്‌ ശിവന്‍ അഭ്യര്‍ത്ഥിച്ചു: ‘അവിടുന്ന് വിശ്വത്തിന്റെ മുഴുവനും അധീശനും അവിടുത്തെ ശരീരം ഈ വിശ്വവുമത്രെ. എന്റെ ഭക്തനായ ഇവന്റെ ജീവന്‍ വിട്ടുകൊടുത്താലും.’ കൃഷ്ണന്‍ പറഞ്ഞു: ‘ഇവന്റെ അഹങ്കാരം ശമിപ്പിക്കാനായാണ്‌ കൈകള്‍ വെട്ടിയത്‌. ഞാന്‍ പ്രഹ്ലാദന്‌ കൊടുത്ത വാഗ്ദാനമനുസരിച്ച്‌ അവന്റെ കുടുംബത്തിലുളള ആരെയും വധിക്കുന്നുതല്ല. ബാണന്‌ നാലു കൈകള്‍ ഇനിയുമുണ്ട്‌. അസുരനെങ്കിലും ശേഷകാലം സമാധാനത്തിലും സന്തോഷത്തിലും അവന്‍ വാഴുന്നതാണ്.’ ബാണന്‍ അനിരുദ്ധനെയും ഉഷയെയും കൃഷ്ണനു കാഴ്ച വച്ചു. എന്നിട്ട്‌ നഗരത്തിലേക്ക്‌ മടങ്ങി. കൃഷ്ണന്‍ തന്റെ പൗത്രനെയും പൗത്രവധുവിനെയും കൊണ്ട്‌ ദ്വാരകയിലേക്ക്‌ മടങ്ങി. ദ്വാരകാവാസികള്‍ അവര്‍ തിരിച്ചുവന്നതുകണ്ട്‌ സന്തുഷ്ടരായി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF