കൃഷ്ണനും ക്രിസ്തുവും ഉണ്ടായിരുന്നോ? ഞാന്‍ ഉണ്ടോ?


കൃഷ്ണനും ക്രിസ്തുവും രാമനും ഒക്കെ ഈ ഭൂലോകത്ത് ജീവിച്ചിരുന്നുവോ എന്നും ഭാഗവതത്തിലും ഗീതയിലും ബൈബിളിലും രാമായണത്തിലും ഒക്കെയുള്ള കഥകള്‍ വിഡ്ഢിത്തങ്ങള്‍ ആണെന്നും അല്ലെന്നും ഒക്കെയുള്ള നിരവധി ചര്‍ച്ചകള്‍ ഈ ബ്ലോഗ് ലോകത്തും അല്ലാതെയും ധാരാളം നടന്നിട്ടുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെയും വായിക്കുന്നവരേയും (കാണുന്നവരെയും) ചിന്തിപ്പിക്കാനും സ്വന്തമായൊരു അഭിപ്രായത്തില്‍ അവരെക്കൊണ്ടെത്തിക്കാനും കഴിഞ്ഞാന്‍ നല്ലത്.

കൃഷ്ണന്‍ സ്ത്രീലമ്പടന്‍ ആയിരുന്നില്ലേ? പതിനാറായിരത്തിയെട്ട് ഗോപികമാരെ ഭാര്യമാരാക്കിയില്ലേ? കൃഷ്ണന്‍ അക്കാലത്തെ ഒരു അവര്‍ണ്ണന്‍ ആയിരുന്നില്ലേ, അതല്ലേ ശരീരത്തിന്‍റെ നിറം നീലയായത്‌? ഏതോ ഒരു കാട്ടുമാനുഷ്യന്‍റെ അമ്പേറ്റല്ലേ കൃഷ്ണന്‍ മരിച്ചത്? എന്നിങ്ങനെ ബാലിശമായ ചോദ്യങ്ങളില്‍ തുടങ്ങി ഭാഗവതത്തിലെയും ഭഗവദ്ഗീതയിലെയും ശ്ലോകങ്ങളെ പലരീതിയില്‍ വ്യാഖ്യാനിച്ചും ചോദ്യം ചെയ്യുന്നു.

രാമന്‍റെ കാര്യവും അങ്ങനെതന്നെ. രാമന്‍ അത്ര വലിയൊരു മഹാനായിരുന്നെങ്കില്‍ സ്വന്തം ഭാര്യയെ തട്ടിക്കൊണ്ടുപോയ ഒരു രാക്ഷസനെ കീഴടക്കാന്‍ ഇത്രയ്ക്ക് വലിയൊരു മഹാസാഹസം വേണമായിരുന്നോ? പണ്ട് രാവണനെ സ്വന്തം വാലില്‍ കെട്ടി നടന്ന ആ ബാലിക്കുരങ്ങനോട് പറഞ്ഞെങ്കില്‍ നിമിഷങ്ങള്‍ക്കകം രാവണനെ കീഴടക്കി സീതയെ തിരികെക്കൊണ്ടുവരാമായിരുന്നു. ദക്ഷിണേന്ത്യയിലെ ഈ കുരങ്ങന്മാര്‍ കെട്ടിയതാണോ രാമേശ്വരത്തെ ആ പാലം? ചില രാമായണകഥയനുസരിച്ച് അതൊരു ഫ്ലോട്ടിംഗ് ബ്രിഡ്ജ് ആയിരുന്നില്ലേ? രക്ഷിച്ചുകൊണ്ടുവന്ന സീതയെ രാമന്‍ സംശയിച്ചില്ലേ? ഇങ്ങനെ നൂറു നൂറു ചോദ്യങ്ങള്‍.

ക്രിസ്തുദേവന്‍റെ കൗമാരയൗവനകാലങ്ങളെക്കുറിച്ച് ബൈബിളില്‍ ഒന്നും പറയുന്നില്ലല്ലോ, അന്നെവിടെയായിരുന്നു ജീസസ്? ഹിമാലയത്തില്‍ വന്ന് ബാബാജി തുടങ്ങിയവരുടെ ശിക്ഷണത്തില്‍ ആത്മീയമാര്‍ഗ്ഗം അഭ്യസിക്കുകയായിരുന്നില്ലേ? കുരിശില്‍ത്തറച്ചപ്പോള്‍ എന്തിനാണ് കരഞ്ഞത്, ഇത്രയ്ക്കുപോലും വേദനസഹിക്കാന്‍ കഴിയില്ലേ ദൈവപുത്രന്?

രാമനും കൃഷ്ണനും ക്രിസ്തുവും ഒക്കെ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കിലും അവരെ നമ്മള്‍ വിമര്‍ശിക്കുമായിരുന്നു. അതാണ്‌ ലോകം, അങ്ങനെയാണ് മനുഷ്യര്‍.

കൃഷ്ണനും ക്രിസ്തുവും രാമനും നബിയും ഒക്കെ ഉണ്ടായിരുന്നോ ഇപ്പോള്‍ ഉണ്ടോ ഇല്ലയോ എന്നൊന്നും നമുക്കുറപ്പില്ല. നമ്മള്‍ പഴയ ആ കാലത്തിലേക്ക് ഊളിയിട്ടുനോക്കി അതൊക്കെ ഉറപ്പുവരുത്തിയാല്‍ത്തന്നെ എന്തു പ്രയോജനം? ഇങ്ങനെയൊക്കെ ചിന്തിക്കുന്ന ‘ഞാന്‍’ ഉണ്ട് എന്ന് നമുക്കോരോരുത്തര്‍ക്കും ഉറപ്പുണ്ടല്ലോ?

അപ്പോള്‍ ഉറപ്പുള്ള ആ ഒരു കാര്യം, അതായത് ഞാന്‍ ഉണ്ട് എന്ന ബോധം, ഉള്ളപ്പോള്‍ എന്തിന് മറ്റു ചിന്തകള്‍? ആ ‘ഞാന്‍’ ആരാണെന്നും എങ്ങനെ ഇവിടെ വന്നു എന്നും, എന്തിനാണ് വന്നത് എന്നും എത്രകാലം ഇങ്ങനെ കാണും എന്നും നമുക്കറിയാമോ? പിന്നെ എന്തിനുവെറുതെ കൃഷ്ണനെയും ക്രിസ്തുവിനെയും പിടിക്കുന്നു, അവനവനെത്തന്നെ പിടിക്കരുതോ?

എവിടെയോ കേട്ടതോര്‍മ്മവരുന്നു, “ഉള്ളത് ഉള്ള കാലമൊക്കെയും ഉണ്ടല്ലോ”.

ക്രിസ്തുവിനെയും നബിയേയും രാമനെയും കൃഷ്ണനെയും ‘പിന്താങ്ങുകയും’ അതുപോലെ വിമര്‍ശിക്കുകയും ചെയ്യുന്ന ധാരാളംപേര്‍ ഉണ്ട്. നിങ്ങള്‍ വിശ്വസിക്കുന്നവരെക്കുറിച്ച് ആരെങ്കിലും വിപരീതമായി പറഞ്ഞാല്‍ നിങ്ങള്‍ അവനുമായി കൊമ്പുകോര്‍ക്കുന്നു, അല്ലേ?

നിങ്ങള്‍ ദൈവ പുത്രന്‍/അവതാരം/ദൂതന്‍ എന്ന് കരുതുന്ന ക്രിസ്തുവിനും കൃഷ്ണനും നബിക്കുമൊക്കെ വേണ്ടി നിങ്ങള്‍ വാദിക്കണോ? നിങ്ങള്‍ അവരുടെ രക്ഷകനോ അതോ അവര്‍ നിങ്ങളുടെ രക്ഷകനോ? അപ്പോള്‍പ്പിന്നെ ആര് ആരെ രക്ഷിക്കാനാണ്? സ്വയം ചിന്തിച്ചു നോക്കാം, അല്ലേ?

നമ്മുടെ സാധാരണ കാഴ്ചപ്പാടില്‍ ഈശ്വരവിശ്വാസി അല്ലെങ്കില്‍ നല്ലവന്‍ എന്നാല്‍ ഒരു ‘മാന്യനായി’ (കുറഞ്ഞപക്ഷം പകല്‍മാന്യനായി) ജീവിക്കണം. ആരെങ്കിലും തെറിവിളിച്ചാല്‍ ഓടിമറയുക! എന്തിനെതിരെയും പ്രതികരിക്കാം, പക്ഷെ ആരും കാണാതെയും കേള്‍ക്കാതെയും പറയുക! എന്നിട്ട് ‘എന്തേ ഈ ലോകം ഇങ്ങനെയായിപ്പോയി’ എന്ന് ആത്മഗതം ചെയ്യുക! അങ്ങനെയാണ് സംസ്കാരമുള്ളവര്‍ എന്നത്രേ!

ആര് എന്തുപറഞ്ഞാലും നിഷ്ക്രിയരായി മാറിനില്‍ക്കണമെന്ന് ഈയുള്ളവന് അഭിപ്രായമില്ല. എന്തിനുവേണ്ടിയാണ് ഞാന്‍ പ്രതികരിക്കുന്നത് എന്നത് വ്യക്തമായി ചിന്തിച്ചുറപ്പിച്ചശേഷം പ്രതികരിക്കുന്നതല്ലേ നല്ലത്? വികാരാധിക്യത്താലല്ലാതെ വിചാരം ചെയ്തുറപ്പിചിട്ട് പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാമല്ലോ. ഞാന്‍ എന്തോ ഒരു ആനക്കാര്യം ചെയ്യുന്നു എന്ന അഹങ്കാരബോധത്താലല്ലാതെ, ഒരു കാര്യത്തോട് ക്രിയാത്മകമായി പ്രതികരിക്കാമെന്നും നന്മക്കുവേണ്ടി പ്രവര്‍ത്തിക്കാമെന്നും ഈയുള്ളവന്‍ വിശ്വസിക്കുന്നു.

ഓരോ പ്രവൃത്തി കാണുമ്പോഴും മൂന്നാമനായി മാറിനിന്ന് പ്രതികരിക്കാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്. പക്ഷെ, അതില്‍ ഒരാളായി ചിന്തിച്ചു നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുക എന്നതത്രേ പ്രയാസം. പ്രവര്‍ത്തിക്കാതെ പ്രസംഗിച്ചതുകൊണ്ട് ആര്‍ക്ക് എന്തുഫലം?

ഈ ലോകത്ത് ജീവിക്കുക എന്നതുതന്നെ ഒരു കുരുക്ഷേത്രയുദ്ധം ആണ്, അതില്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ തിരിച്ചറിഞ്ഞു ധര്‍മ്മത്തിനുവേണ്ടി നിലകൊള്ളുകയല്ലേ അഭികാമ്യം?

താങ്കള്‍ക്ക് എന്തുതോന്നുന്നു?

November 30th, 2008|വിഭാഗം: ശ്രീയുടെ ലേഖനങ്ങള്‍
ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

ഇതുവരെ 20 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. November 30th, 2008 6:54 pm IST യ്ക്ക് ജയകൃഷ്ണന്‍ കാവാലം:

    ശ്രീമദ്‌ ഭഗവദ്ഗീത ഒരു സെല്‍ഫ് മാനേജ്മെന്‍റ് സയന്‍സ് ആണെന്നു തന്നെ ഉറപ്പിച്ചു പറയാന്‍ കഴിയും. ഒരു വ്യക്തിജീവിതത്തില്‍ തന്നെ മാറിമറിഞ്ഞു പോകുന്ന ഓരോ കാലഘട്ടവും മഹാഭാരത കഥകളില്‍ തെളിഞ്ഞു നില്‍ക്കുന്നു. ഓരോ മനുഷ്യന്‍റെയും അന്വേഷണാത്മകമായ കര്‍മ്മ യാത്രയുടെ ആകെപ്പൊരുള്‍ ആണ് ഗീതയിലൂടെ നമുക്കു ലഭിക്കുന്നത്. ഗീത ഒരു കഥയെന്നു വിശ്വസിക്കുന്നവര്‍ക്ക് കുരുക്ഷേത്ര ഭൂമി അങ്ങകലെയാണ്. എന്നാല്‍ അതിനെ ഒരു ശാസ്ത്രമായോ അവനവനെ കണ്ടെത്താനുള്ള ഒരു ആത്മാന്വേഷണ സഹായിയായോ സമീഎപിക്കുന്നവന് കുരുക്ഷേത്രയുദ്ധം എന്ന ധര്‍മ്മയുദ്ധം അവന്‍റെ ഉള്ളില്‍ നടക്കുന്നതായി കാണാന്‍ സാധിക്കും. ഇതു സമീപനത്തിന്‍റെ വ്യത്യാസം കൂടിയാണ്. മറ്റുള്ളവര്‍ കൌരവവൃന്ദത്തെ തേടി ജന്മങ്ങളോളം അജ്ഞതയുടെ ചക്രവ്യൂഹങ്ങളില്‍ നട്ടം തിരിയുന്നു. ആ നട്ടം തിരിച്ചിലില്‍ അവന്‍റെ കര്‍മ്മങ്ങള്‍ അഭിമന്യുവിനെപ്പോലെ പൊലിഞ്ഞു പോകുന്നു, യൌവ്വനത്തിന്‍റെയുമും, മോഹത്തിന്‍റെയും കവചകുണ്ഡലങ്ങള്‍ അടുത്ത അവകാശികളാല്‍ നേടപ്പെട്ട് ഒടുവിലവര്‍ കാലമൊരുക്കുന്ന ശരശയ്യയില്‍ അമരുമ്പോള്‍ കഴിഞ്ഞ കാലങ്ങളില്‍ അല്പമെങ്കിലും നന്മ ചെയ്തിട്ടുണ്ടെങ്കില്‍ ഒരിറ്റു ദാഹജലവുമായി പിന്‍ തലമുറക്കാര്‍ എത്തിയെന്നും വരാം. യഥാര്‍ത്ഥ സത്യം തിരയുന്നവനാകട്ടെ ഉള്ളിന്‍റെയുള്ളിലെ കുരുക്ഷേത്രയുദ്ധത്തില്‍ ആത്മാവെന്ന കൃഷ്ണനെ സാക്ഷിയാക്കി തന്നിലെ കാലുഷ്യങ്ങളെയെല്ലാം ബുദ്ധി, യുക്തി, ധ്യാനം, സദ്ചിന്ത, സദ്കര്‍മ്മം തുടങ്ങിയ ആയുധങ്ങളാല്‍ കീഴ്പ്പെടുത്തി ധര്‍മ്മം എന്ന പാഞ്ചജന്യം മുഴക്കുന്നു. അതവനെ കീര്‍ത്തിമാനും, നീതിമാനുമാക്കുന്നു. ഈ രണ്ടു വഴികളില്‍ മനുഷ്യന്‍ ചെന്നു ചേരുന്നതു പൂര്‍വ്വജന്മകൃതമായ വാസനാവിശേഷത്താലെന്നു വേദാന്തം. പുരാണങ്ങളെ അനുകൂലിക്കുന്നവരെയും, പ്രതികൂലിക്കുന്നവരെയും കുറിച്ച് ഇവനു പറയാനുള്ളത്‌ ഇത്ര മാത്രം.ഹിമാലയസാനുക്കളീല്‍ വച്ച് ശാലിവാഹന മഹാരാജാവ്‌ യേശുദേവനെ കണ്ടുമുട്ടിയിട്ടുള്ളതായി പുരാണത്തില്‍ പ്രതിപാദിക്കുന്നുണ്ട്‌. അതില്‍ പറഞ്ഞിരിക്കുന്ന പേര് മസീഹന്‍ (മിശിഹ)മഹാമദന്‍ എന്ന ഒരാളും ധര്‍മ്മരാജാവുമായി ഉള്ള സംസാരത്തെക്കുറിച്ച് ഭവിഷ്യപുരാണം വെളിപ്പെടുത്തുന്നു.ശ്രീമദ്‌ ഹരിസ്വാമിയുടെ കലിയും കല്‍ക്കിയും എന്ന ഗ്രന്ഥത്തില്‍ നിന്നും കൂടുതല്‍ ഇതേക്കുറിച്ചുള്ള ആധികാരികമായ തെളിവുകള്‍ ലഭ്യമാണ്.ക്രിസ്തുവും, കൃഷ്ണനും, നബിയുമെല്ലാം സത്യം തന്നെ. എല്ലാവരേയും ഒന്നുപോലെ ആദരിക്കാനും, അംഗീകരിക്കാനുമുള്ള മനസ്സും, ബുദ്ധിയും എല്ലാവര്‍ക്കും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. ഇത്തരം ചിന്തകള്‍ വിശാലമായ ഒരു കാഴ്ചപ്പാടിലേക്കും ഒരുമയിലേക്കും വഴി തെളിക്കട്ടെ…

  2. November 30th, 2008 10:46 pm IST യ്ക്ക് ശ്രീ @ ശ്രേയസ്:

    ശ്രീ ജയകൃഷ്ണന്‍,
    താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു. ഒരു നല്ല മനുഷ്യസമൂഹം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കാം.

    ഭഗവദ്ഗീത ജിജ്ഞാസുവായ ഒരാളെ തീര്‍ച്ചയായും ചിന്തിപ്പിക്കും. മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകും എന്ന പ്രതീക്ഷയോടെ ഈയുള്ളവന്‍ ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം കുറേശ്ശെയായി ഇവിടെ പ്രസിദ്ധീകരിക്കുന്നുണ്ട്.

  3. December 1st, 2008 9:07 am IST യ്ക്ക് Manoj മനോജ്:

    ഞാന്‍ തന്നെയാകുന്നു ഈശ്വരന്‍ എന്ന ബോധമുണ്ടാകുന്നത് വരെ ഈ തമ്മില്‍ തല്ല് തുടരും… നമുക്ക് കഴിയാത്ത കാര്യങ്ങള്‍ ചെയ്യുന്നത് ആരെയെങ്കിലും ഏല്‍പ്പിക്കേണ്ടേ…

    കഴിഞ്ഞ ദിവസം പുതുതായി ഉണ്ടാകുന്ന ഒരു നക്ഷത്ര സമുഹത്തില്‍ ഗ്ലൈക്കോ ആള്‍ഡിഹൈഡ് എന്ന രാസവസ്തുവിനെ കണ്ടെത്തിയിരിക്കുന്നു. ഇനിയെന്തെല്ലാം കാണാന്‍ കിടക്കുന്നു…

  4. December 1st, 2008 11:41 am IST യ്ക്ക് N.J ജോജൂ:

    “നിങ്ങള്‍ ദൈവം എന്ന് കരുതുന്ന ക്രിസ്തുവിനും കൃഷ്ണനും നബിക്കുമൊക്കെ വേണ്ടി നിങ്ങള്‍ വാദിക്കണോ?”
    ക്രിഷ്ണനും രാമനും ദൈവമാണെന്നു ഹിന്ദുമതവിശ്വാസം. ക്രിസ്തുവിനെ മനുഷ്യനായി അവതരിച്ച ദൈവമായി ക്രിസ്തുമതം കാണുന്നു. അതേ സമയം നബിയെ ദൈവമായി ഇസ്ലാം‌‌ മതം അവതരിപ്പിയ്ക്കുന്നില്ല. “നിങ്ങള്‍ ദൈവം എന്ന് കരുതുന്ന നബി” എന്ന പ്രയോഗം ഇസ്ലാം വിരുദ്ധവുമാണ്. ഈ തെറ്റ് തിരുത്തുമെന്നു കരുതുന്നു.

  5. December 1st, 2008 12:43 pm IST യ്ക്ക് Muneer:

    -നിങ്ങള്‍ ദൈവം എന്ന് കരുതുന്ന ക്രിസ്തുവിനും കൃഷ്ണനും നബിക്കുമൊക്കെ വേണ്ടി നിങ്ങള്‍ വാദിക്കണോ?
    നബി ദൈവം ആണെന്ന് വാദിക്കുന്നവര്‍ ഇസ്ലാമിന്റെ ഒന്നാമത്തെ അടിസ്ഥാന തത്വം നിരാകരിച്ചു.
    തെറ്റ് തിരുത്തും എന്ന് പ്രതീക്ഷിക്കട്ടെ?

  6. December 1st, 2008 12:44 pm IST യ്ക്ക് ശ്രീ @ ശ്രേയസ്:

    ശ്രീ ജോജൂ,
    നന്ദി, തിരുത്തി.

    രാമനും കൃഷ്ണനും എല്ലാം ദൈവം എന്നല്ല ദൈവത്തിന്‍റെ അവതാരം എന്നാണ് പറയുന്നത്. അതുപോലെ തന്നെയാണ് ക്രിസ്തുവും നബിയും എന്ന് തോന്നുന്നു. – ദൈവദൂതന്‍ അഥവാ ദൈവപുത്രന്‍ എന്നല്ലേ?

    അവതാരം, ദൂതന്‍, പുത്രന്‍ – എല്ലാം ഒരേ അര്‍ത്ഥമാകാം എന്നുതോന്നുന്നു. അതായത് ദൈവം എന്ന സത്യം മനസ്സിലാക്കിയവര്‍ എന്നാകാം.

  7. December 1st, 2008 1:18 pm IST യ്ക്ക് sanju:

    ഈശ്വരന്‍ തന്നെ എല്ലാം ആയി ഇരിക്കുന്നു എന്നതല്ലെ കൂടുതല്‍ സ്വീകാര്യം. അതല്ലാതെ മറ്റൊന്നും ഇല്ലാ എന്നുപറയാം. അതല്ലാതെ ഇതില്‍ നിന്നെല്ലാം വേറിട്ട് ഒരു വലിയ മനുഷ്യരൂപത്തില്‍ ദൂരെ എവിടെയോ ഇരുന്നു മനുഷ്യന്റെ തെറ്റും ശരിയും നൊക്കി അതിനും ശംബളം കൊടുക്കുന്ന (ഒരുകണക്കപ്പിള്ളയെ പോലെ) ഒരാളായി അതിനെ കാണുന്നത് നമ്മള്‍ ദൈവത്തെ ചെറുതാക്കികാണുകയല്ലെ. അങ്ങനെ നോക്കുമ്പോള്‍ രാമനും കൃഷ്ണനും എല്ലാം ദൈവം തന്നെ ഇതുവായിക്കുന്നവരും എഴുതുന്നവരും ഉപയോഗിക്കുന്ന കമ്പ്യുട്ടറും എല്ലാം ദൈവം തന്നെ. ഈസത്യം അറിയിക്കാനായി തന്നെയാണ് രാമന്റെയും കൃഷ്ണന്റെയും കധകള്‍ പറഞ്ഞതെന്നണ് എന്റെ വിശ്വാസം.

  8. December 1st, 2008 1:55 pm IST യ്ക്ക് ശ്രീ @ ശ്രേയസ്:

    ” രാമനും കൃഷ്ണനും എല്ലാം ദൈവം തന്നെ ഇതുവായിക്കുന്നവരും എഴുതുന്നവരും ഉപയോഗിക്കുന്ന കമ്പ്യുട്ടറും എല്ലാം ദൈവം തന്നെ.”
    ഇതൊക്കെ നാം പറഞ്ഞു കേള്‍ക്കുന്നതല്ലേ? സ്വയം ഉറപ്പുണ്ടോ?

    അഹം ബ്രഹ്മാസ്മി (ഞാന്‍ ബ്രഹ്മം ആണ്) എന്നൊക്കെ പറയും, പക്ഷെ, അത് അനുഭവിച്ചു ഉറപ്പില്ലാതെ നമ്മളൊക്കെ എങ്ങനെ അത് പറയും? “ഞാന്‍ ആര്” എന്ന് അന്വേഷിച്ചു അന്വേഷിച്ചു ഞാന്‍ ആരെന്നു കണ്ടുപിടിക്കുമ്പോള്‍ യുക്തിയോടെ അനുഭവവേദ്യമാകുമായിരിക്കും ‘ഞാന്‍’ തന്നെ ദൈവം അഥവാ ബ്രഹ്മം എന്ന്. അതറിയാതെ സര്‍വ്വം ബ്രഹ്മം എന്ന് നാം പറയുന്നതില്‍ അര്‍ത്ഥമുണ്ടോ?

    ദൈവം ഉണ്ടോ ഇല്ലയോ എന്നല്ല, ഞാന്‍ ഉണ്ടോ, ഉണ്ടെങ്കില്‍ “ഞാന്‍ ആരാണ്” എന്ന് കണ്ടെത്തുന്നതായിരിക്കില്ലേ കൂടുതല്‍ സുഖം? അതിന് കൃഷ്ണനെയും രാമനെയും മറ്റെല്ലാവരെയും പിടിവിട്ടിട്ട് സ്വയം പിടിക്കണം എന്നുതോന്നുന്നു. താങ്കള്‍ക്ക് എന്തുതോന്നുന്നു?

  9. December 2nd, 2008 1:48 am IST യ്ക്ക് dethan:

    ജീവിച്ചിരുന്നതിന് ചരിത്രരേഖകളുള്ള ക്രിസ്തുവും നബിയും, ഇതിഹാസ കഥാപാത്രങ്ങളായ രാമനും കൃഷ്ണനും ഒരുപോലെയാകുന്നത് എങ്ങനെ? വിശ്വാസവും ചരിത്രവും കൂട്ടിക്കുഴയ്ക്കരുത്.
    -ദത്തന്‍

  10. December 2nd, 2008 11:34 am IST യ്ക്ക് ശ്രീ @ ശ്രേയസ്:

    ശ്രീ ദത്തന്‍,
    അവരൊക്കെ ഉണ്ടായിരുന്നോ ഇല്ലായിരുന്നോ എന്നതല്ല ഈ പോസ്റ്റിന്‍റെ ഉദ്ദേശ്യം, താങ്കള്‍ക്ക് മനസ്സിലായിക്കാണുമെന്ന് വിശ്വസിക്കുന്നു. അവരൊക്കെ ഉണ്ടായിരുന്നെങ്കിലെന്ത്, ഇല്ലായിരുന്നെങ്കിലെന്ത്; “ഞാന്‍” ഉണ്ട് എന്ന ബോധം ഉണ്ടല്ലോ എന്നാണ് ഈയുള്ളവന്‍ ഉദ്ദേശിച്ചത്. ആരാണ് ഈ ഞാന്‍ എന്ന് അന്വേഷിക്കുന്നതാവില്ലേ കൂടുതല്‍ ഉചിതമെന്ന് ചോദിക്കുകയായിരുന്നു.

    ചരിത്രം എന്നത് പണ്ട് ആരൊക്കെയോ എവിടെയോ ഒക്കെ എഴുതിവച്ചതല്ലേ, അതൊക്കെ ശരിയായിരിക്കണം എന്നതും ഒരു വിശ്വാസം അല്ലേ? പലപ്പോഴും സമീപകാലചരിത്രത്തെ വളച്ചൊടിച്ചു പ്രസിദ്ധീകരിച്ചത് നാം കണ്ടിട്ടുണ്ട്. അപ്പോള്‍ ആ പഴയ ചരിത്രവും ശരിയാണ് എന്നത് നമ്മുടെ വിശ്വാസംതന്നെയല്ലേ?

    ഒന്നോ രണ്ടോ നൂറ്റാണ്ട് കഴിയുമ്പോള്‍ ദത്തനും ശ്രീ @ ശ്രേയസ്സും ഒക്കെ ജീവിച്ചിരുന്നു എന്നതും വിശ്വാസം മാത്രമാവും!

    പണ്ട് അക്ബര്‍ ഒരു “അക്ബരായണം” ആരെയെങ്കിലുംകൊണ്ട് എഴുതിപ്പിച്ചിരുന്നെങ്കില്‍ അതും മറ്റൊരു കഥയായേനെ! അത്രയോക്കെയെയുള്ളൂ, എല്ലാം നമ്മുടെ വിശ്വസം തന്നെ, ആകെ ഉറപ്പുള്ളത് “ഞാന്‍ എന്ന ബോധം” ഓരോരുത്തര്‍ക്കും ഉണ്ട് എന്നതുമാത്രം. അപ്പോള്‍ ഉറപ്പുള്ള ആ വസ്തു എന്താണെന്നറിയാന്‍ ശ്രമിക്കുകയല്ലേ ഉത്തമം?

  11. December 2nd, 2008 3:52 pm IST യ്ക്ക് sanju:

    എല്ലാ വസ്തുക്കളെയും അപഗ്രധിച്ചു ചെന്നാല്‍ അത്യന്തികമായി ഊര്‍ജ്ജം മാത്രമേ ഉള്ളു എന്ന് ശാസ്ത്രം പറയുന്നു. ഇത് സാധാരണക്കാരന് അനുഭവവേദ്യമല്ല എന്നുവെച്ച് അതു തെറ്റാണെന്ന് പറയാനൊക്കില്ലല്ലൊ. ശാസ്ത്രത്തിനത് ഊര്‍ജ്ജമാണെങ്കില്‍ വിശ്വാസിക്ക് ബ്രഹ്മമായിരിക്കും അത് ഒരോരുത്തരുടെയും കഴ്ച്ചപ്പാട്. പിന്നെ ഞാന്‍ ബ്രഹ്മം എന്നറിയുക തന്നെയാണ് എല്ലാ വസ്തുക്കളുടെയും ലക്ഷ്യം. അതിലേക്കെത്തുവാനുള്ള കോണിപ്പടിയായി കണ്ടാല്‍ മതി കൃഷ്ണനെയും രാമനെയും എല്ലാം.

  12. December 2nd, 2008 7:37 pm IST യ്ക്ക് P.C.MADHURAJ:

    ദൈവം എന്ന വാക്ക് ഭാരതീയദർശനങ്ങളൂം സെമിറ്റിക് മതക്കാരും ഉപയോഗിക്കുന്നതു വ്യത്യസ്തമായ അർഥത്തിലാണു.ഭാരതീയദർശനപ്രകാരം കൃഷ്ണനും,രാമനും ഈശ്വരാവതാരമാണു. ഇനിയും അവതാരങ്ങളുണ്ടാകാം. പൂർണ്ണാവതാരങ്ങളോ അംശാവതാരങ്ങളോ ആകാം. ഏതൊരു സാധകനും തന്റെ ഗുരുവിനെ ഈശ്വരനായി കണ്ടാണു ഉപാസന തുടങ്ങുന്നതു.ഭാരതീയമായ ആ കാഴ്ച്ചപ്പാടിൽ, ജീസസ് ക്രൈസ്റ്റും മൊഹമ്മദു നബിയും, ഈശ്വരനായി, തങ്ങളുടെ വഴി പിന്തുടരുന്നവരുടെ മുന്നിലൂണ്ട്.ഈശ്വരോപാസന ചെയ്യുന്ന ആരുടെ ഈശ്വരസങ്കൽ‌പ്പത്തെയും അനാദരിക്കാൻ പാടില്ല എന്നത് ഭാരതീയസംസ്കൃതിയുടെ അടിസ്ഥാനനിയമമാകയാൽ ഭാരതീയർക്ക് ജീസസ്സും മുഹമ്മദും ആരാധ്യർ തന്നെ;ആദരണീയർ തന്നെ.(ശ്രീ ശ്രീ പറഞ്ഞതിൽ തെറ്റില്ല- തിരുത്താനാവശ്യപ്പെട്ടതിലാണു തെറ്റ്)
    കാക്കക്കും തൻ കുഞ്ഞ് പൊൻ കുഞ്ഞ് എന്ന് പച്ചമലയാളത്തിലുള്ള ചൊല്ലു ചിലർക്കു മനസ്സിലാക്കാനാവുന്നില്ല എന്നതും സ്രൂഷ്ടി നടത്തുമ്പോൾ വൈവിധ്യം വേണമെന്ന ഈശ്വരന്റെ നിശ്ചയത്തിന്റെ മറ്റൊരു തെളിവാകാമെന്നു ഭാരതീയനായ എനിക്കു തോന്നുന്നു.ഇത് തത്വശാസ്ത്രം. രാജനീതി ഇതിനെ അടിസ്ഥാനമാക്കുമെങ്കിലും പ്രായോഗികത എന്നൊരു പരാമീറ്റർ കൂടി പരിഗണിക്കപ്പെടും.
    അങ്ങനെ ഓരൂട്ടം.

  13. December 2nd, 2008 11:13 pm IST യ്ക്ക് ശ്രീ @ ശ്രേയസ്:

    ശ്രീ സഞ്ജു,
    എല്ലാ ഭൗതികവസ്തുക്കളും ഊര്‍ജ്ജമാണ് എന്നല്ലേ ആധുനികശാസ്ത്രം (ഐന്‍സ്റ്റീന്‍) കണ്ടുപിടിച്ചത്. അതിനുശേഷവും ഭൗതികശാസ്ത്രം വളരെ മുന്നോട്ടു പോയിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടിക്കിള്‍ ഫിസിക്സ് തുടങ്ങിയ വകഭേദങ്ങള്‍ ഉണ്ടല്ലോ. അവിടെയും പലതും വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

    ആത്മാവിന്‍റെ പിണ്ഡം (മാസ്) ഒന്നും കണ്ടുപിടിക്കാന്‍ ഇതുവരെ നമുക്കറിയില്ലല്ലോ! എന്നാലല്ലേ ആത്മാവിന്‍റെ ഊര്‍ജ്ജം (E=MC2) അളക്കാന്‍ കഴിയൂ.

    അതായത്, ബ്രഹ്മം എന്ന് വിവക്ഷിക്കുന്നതും നമ്മള്‍ ഊര്‍ജ്ജം എന്ന് പറയുന്നതും തത്ത്വചിന്താപരമായി ഒന്നല്ല എന്നാണ് ഈയുള്ളവന്‍റെ അറിവ്.

    ഭൗതികശാസ്ത്രവും ആത്മീയതയും – ശ്രീ ഇ സി ജി സുദര്‍ശനന്‍റെ ചിന്തകള്‍ എന്ന ലേഖനം വായിക്കൂ.

    ശ്രീ മധുരാജ്,
    അഭിപ്രായത്തിന് നന്ദി.

  14. December 3rd, 2008 10:14 am IST യ്ക്ക് sanju:

    ശ്രീ @ ശ്രേയസ് ബ്രഹ്മം എന്ന് വിവക്ഷിക്കുന്നതും നമ്മള്‍ ഊര്‍ജ്ജം എന്ന് പറയുന്നതും തത്ത്വചിന്താപരമായി ഒന്നാണെന്ന് സ്താപിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ സാധാരണക്കാരന് എല്ലാം ഊര്‍ജ്ജമാണ് എന്ന് വിശ്വസിക്കാന്‍ പ്രയാസം ഉണ്ടെന്നേപറഞ്ഞുള്ളു. അറിവ് കിട്ടുമ്പോള്‍ അവന്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യും. പക്ഷെ സയന്‍സ് പടിക്കുമ്പോള്‍ തങ്കള്‍ പറഞ്ഞ പാര്‍ട്ടിക്കിള്‍ ഫിസിക്സ് തുടങ്ങിയ വിഷയങ്ങള്‍ ആദ്യമേ പടിക്കാന്‍ പറ്റില്ലല്ലൊ. ആദ്യമായി സയന്‍സിന്റെ അടിസ്താന കാര്യങ്ങള്‍ പടിച്ചതിനു ശേഷം കൂടുതല്‍ വിഷമം പിടിച്ച കാര്യങ്ങള്‍ പടിക്കാം . അതു പോലെ രാമനെയും കൃഷ്ണനെയും പറ്റി അറിഞ്ഞിട്ട് തന്നെ കുറിച്ച് അറിയാന്‍ എളുപ്പമായിരിക്കും. എന്നുവെച്ച് രാമനെയും കൃഷ്ണനെയും പറ്റി അറിഞ്ഞാല്‍ മാത്രമെ തന്നെ കുറിച്ചറിയാന്‍ പറ്റു എന്നില്ല. അതിനു വേണ്ടിയുള്ള അറിവുണ്ടായാല്‍ മാത്രം മതി.

  15. December 3rd, 2008 1:08 pm IST യ്ക്ക് ശ്രീ @ ശ്രേയസ്:

    നന്ദി സഞ്ജു.
    താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു. എല്ലാറ്റിനും ഓരോ പടവുകള്‍ ഉണ്ട്, ഒന്നൊന്നായി കയറണം, അല്ലേ.

  16. October 6th, 2009 4:56 pm IST യ്ക്ക് കിഷോര്‍ കൃഷ്ണ ടി കെ:

    ശ്രീ ടെതന്‍ എഴുതിയത് വായിച്ചു. നബിയും ക്രിസ്തുവും ചരിത്രവും , രാമനും കൃഷ്ണനും വിശ്വാസവും. ചരിത്രം കാലപഴക്കം കൊണ്ട് വിശ്വാസമായി മാറുന്നു.

    വിശ്വാസം നിന്നെ രക്ഷിക്കും എന്ന് ബൈബിള്‍ പറയുന്നു.

  17. January 3rd, 2010 5:08 am IST യ്ക്ക് രാമചന്ദ്ര മേനോന്‍:

    സര്‍വ ചരാചരങ്ങളെയും നിയന്ത്രിച്ചു മുന്നോട്ടു കൊണ്ടുപോകുന്ന ദൈവത്തിനെ ഒരു മനുഷ്യ രൂപ മാക്കി കാണുന്നത് തെറ്റാണ്. അത് പരബ്രഹ്മം, നാമമോ, രൂപമോ ഇല്ലാത്ത ഒരു ശക്തി എന്ന് വച്ചാല്‍ പോരെ. എന്തിനും ദൈവത്തെ വിളിക്കാനും അല്ലെങ്ങില്‍ ദൈവത്തെ പഴിചാരാനും നാം തുനിയുന്നുണ്ട്. അത് തെറ്റാണ്. നമുക്ക് വളരെ വിശ്വാസമുള്ള ഒരു മഹാത്മാവിനെ ദൈവമാക്കാന്‍ നാം തുനിയുന്നു. രാമനും, കൃഷ്ണന്നും അത് പോട്ടെ, സത്യാ സായി ബാബാ യും അമ്രിതനന്ദ മയി യെയും നാം ദൈവമാക്കി കാണുന്നു. എല്ലാ മതസ്ഥരും ഇത് ചെയ്യുന്നുണ്ട്. സിസ്റ്റര്‍ അല്ഫോന്സ അടുത്ത കാലത്ത് ഒരു ദേവത്തിനു തുല്യ പദവി കൊടുത്തു. അതുപോലെ ഇസ്ലാമിലും പല ദര്ഗഗല്‍ പല ഉന്നതരുടെ പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അജ്മേരില്‍ ഞാന്‍ ഒരു ദര്‍ഗ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടെ പ്രാര്‍ത്ഥിക്കാന്‍ പാകിസ്ഥാന്‍ പ്രസിഡന്റ്‌ മുഷറഫ് വരെ വന്നിട്ടുണ്ട്. അങ്ങിനെ എല്ലാ മതസ്ഥരും അവരവരുടെ മതം അനുശാസിക്കുന്ന പോലെ ദിവ്യന്‍ മാരെ സ്ഥാപിച്ചു അവര്‍ക്ക് ദൈവീകത്വം കൊടുക്കുന്നുണ്ട്. പക്ഷെ ദൈവം ആരാണ് അദ്ദേഹം ഇതരിയുന്നുണ്ടോ അന്ഗീകരിക്കുന്നുടോ.

  18. February 12th, 2010 5:44 am IST യ്ക്ക് krishnakumar:

    രാമചന്ദ്ര മേനോന്‍: സര്‍വ ചരാചരങ്ങളെയും നിയന്ത്രിച്ചു മുന്നോട്ടു കൊണ്ടുപോകുന്ന ദൈവത്തിനെ ഒരു മനുഷ്യ രൂപ മാക്കി കാണുന്നത് തെറ്റാണ്.
    എന്താണ് ഇതില്‍ തെറ്റ് ? അങ്ങ് ദൈവത്തെ കുറിച്ചി വിചാരികുമ്പോള്‍ എന്ത് രൂപം ആണ് മനസില്‍ ഉണ്ടാകാറ്?

  19. March 1st, 2010 12:03 pm IST യ്ക്ക് അബു ഇസ്ര്‍:

    അവനവന്റെ വിചാരങ്ങളും വിശ്വാസങ്ങളും മറ്റുള്ളവരില്‍ അടിചെല്പിക്കുംപോഴാന്നു പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇപ്പോഴല്ല,പൂര്‍വീകര്‍ അല്പം സഹിഷ്ന്നുത കാന്നിചീരുന്നെന്കില്.
    ഒരു മേശക്കു ചുറ്റമിരുന്നു കരന്നവന്മാര്‍ കാലാകാലങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഈ ഭൂമിയില്‍ ശാന്തി എന്നേ കൈവാരുമായിരുന്നു.
    പിടിവിട്ടുപോയി
    വിശ്വാസങ്ങളും വിലക്കുകളും വിലങ്ങുകളും അനുവതനീയങ്ങളും എല്ലാം സത്യത്തില്‍ കുടുംപതിലെയും,സമൂഹത്തിലെയും, രാഷ്ട്രത്തിലെയും സമാധാനത്തിനു തന്നെയന്നു രൂപീകൃതമായാത്. ദുരുപയോഗവും ദുര്‍വ്യഘ്യാനങ്ങളും നമ്മളെ കുഴപ്പത്തിലാക്കി.
    വീണ്ടും പറയുന്നു പിടിവിട്ടുപോയി.
    കാലാകാലങ്ങളില്‍ അവതരിചിരുണ പുന്ന്യത്മാക്കള്‍ [മനുഷ്യര്‍] എന്തേ ഇക്കാലത് ഇല്ലാതെയായി. നന്മചെയ്തവര്‍ പുനര്‍ജനിക്കുന്നത് കുറ്റവാളികളായിട്ടാകുമോ? അതോ മറ്റു ജീവികളകുമോ? മനുഷ്യ ജന്മതെക്കള്‍ മഹത്തിരമന്നോ ഇതര രൂപികള്‍?
    മനുഷ്യന്റെ വിഡ്ഢിതങ്ങള്‍ ഓര്‍ത്ത് നെടുവീര്‍പ്പ്ഇടുന്ന ഏതെങ്കിലും ജീവികളോ നിര്ജീവികളോ ഉണ്ടെങ്കില്‍ പ്രന്നാമം..നൂറുക്കു നൂറു ‘പ്രന്നാമം’

  20. April 6th, 2010 6:29 pm IST യ്ക്ക് Gopakumar:

    “അതില്‍ ധര്‍മ്മാധര്‍മ്മങ്ങള്‍ തിരിച്ചറിഞ്ഞു ധര്‍മ്മത്തിനുവേണ്ടി നിലകൊള്ളുകയല്ലേ അഭികാമ്യം?”
    അതെ പക്ഷെ അതെങ്ങിനെ തിരിച്ചറിയും എനിക്ക് ധര്മാമായത് നിങ്ങള്ക് ധര്മാമാകില്ല. മനുഷ്യനെ കൊല്ലുന്നത്‌ തെറ്റാണു. എന്നാല്‍ യുദ്ധത്തില്‍ ശത്രുവിനെ കൊല്ലുന്നത്‌ പാപമല്ല. എങ്ങിനെ തിരിച്ചറിയും. സഹോദരനെ കൊല്ലരുത് എന്നാല്‍ രാജ്യത്തിന്‌ വേണ്ടി ചെയ്യാം. ഇത് ഒരു ഉദാഹരണ സഹിതം വിവരിക്കുകയാണ് നമ്മുടെ പുരാണങ്ങള്‍ ചെയ്തിരിക്കുന്നത്. അതിലെ നല്ല വശങ്ങള്‍ ഉള്കൊള്ളിന്‍.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ലേഖനത്തിന്‍റെ അഡ്രസ്സ് : http://sreyas.in/krishnan-jesus-and-me
ഇമെയില്‍ : sree@sreyas.in