അമൃതാനന്ദമയി അമ്മ

പണ്ടുണ്ടായിരുന്ന ഋഷികളും ഗുരുക്ക‍ന്മാരും കാരുണ്യമൂര്‍ത്തികളായിരുന്നു. അവരുടെ കാരുണ്യമില്ലായിരുന്നെങ്കില്‍ ഈ ലോകം എന്നേ നരകമായേനെ. മഹാത്മക്കളുടെ ത്യാഗവും കൃപയുമാണ് ലോകത്തെ താങ്ങിനിര്‍ത്തുന്നത്. മക്കള്‍ ചുറ്റുമുള്ള ലോകത്തേക്കൊന്ന് കണ്ണോടിച്ചു നോക്കൂ. സ്വാര്‍ഥമതികളായ മനുഷ്യര്‍ ചെയ്തുകൂട്ടുന്ന പാവത്തിന്റെ ഇരുളകറ്റുന്നത് നേരത്തേ അമ്മ പറഞ്ഞ മഹാത്മാക്കളുടെ ത്യാഗവും കൃപയുമാണ്. ആ തേജോദീപ്തിയാണ് മനുഷ്യരാശിയുടെ താളലയം നിലനിര്‍ത്തിക്കൊണ്ടുപോകുന്നത്. അവരാണ് ലോകത്തിനു ശരിയായ നന്മ ചെയ്യുന്നവര്‍. മഹാത്മക്കളുടെ കൃപ, അവരെ എതിര്‍ക്കുന്നവരെക്കൂടി പരിപൂര്‍ണ്ണമാക്കുന്നതാണ്.

പഴയ ഗുരുകുലവിദ്യാഭ്യാസ രീതിയില്‍ ഗുരുവിന്റെ ഒപ്പം താമസിച്ചാണ് ശിഷ്യര്‍ വിദ്യ അഭ്യസിക്കുന്നത്. ശ്രദ്ധയോടും ഭക്തിയോടും ഗുരുസേവയും സ്വാധ്യായവും ചെയ്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഗുരുവിനോട് വിടവാങ്ങുമ്പോള്‍ ശിഷ്യന്‍ യഥാശക്തി ഗുരുദക്ഷിണ സമര്‍പ്പിക്കണമെന്നാണ് ആചാരം. അന്നൊക്കെ ശിഷ്യനില്‍ നിന്ന് ആദ്യമായും അവസാനമായും ഗുരു സ്വീകരിക്കുന്ന ഒരേയൊരു സമ്പത്ത് ഗുരുദക്ഷിണ മാത്രമായിരുന്നു. തന്റെ കുടുംബത്തെയും ശിഷ്യഗണങ്ങളെയും പരിപാലിക്കാനാവശ്യമായ ധനം അന്യാശ്രയം കൂടാതെ ആചാര്യന്മാര്‍ക്കു കിട്ടണമെന്നുവെച്ചാണ് ഈ സമ്പ്രദായം നടപ്പിലാക്കിയിരുന്നത്. ഗുരുദക്ഷിണ നല്കുമ്പോള്‍ ഓരോ ശിഷ്യനും എന്തു നല്കുന്നു എന്നതിലേറെ ഏതു മനോഭാവത്തോടെ നല്കുന്നു എന്നതിലായിരുന്നു പ്രാധാന്യം.

ഒരു മഹാരാജാവ് തന്റെ ഏക പുത്രനെ ഗുരുകുലവിദ്യാഭ്യാസത്തിനായി ഒരു മഹാത്മാവിന്റെ ആശ്രമത്തില്‍ ചേര്‍ക്കാനെത്തി. രാജാവും പരിവാരങ്ങളും പര്‍ണ്ണശാലയില്‍ എത്തിയപ്പോള്‍ പുറത്താരും സ്വീകരിക്കുവാന്‍ വന്നുകണ്ടില്ല. രാജാവിന് ഇത് ആദ്യാനുഭവമായിരുന്നു. എവിടെ ചെല്ലുമ്പോഴും പ്രജകളില്‍ ആരാണെങ്കിലും ആഘോഷത്തോടെയും ആദരവോടെയും ഓടിവന്നു സ്വീകരിച്ചിട്ടുള്ള അനുഭവമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ആശ്രമകവാടം കടന്നുചെന്നിട്ടും ആരെയും പുറത്തെങ്ങും കണ്ടില്ല. അവിടെയെല്ലാം തിരഞ്ഞു നടന്ന് അവസാനം ഒരു മരചുവട്ടില്‍ ധ്യാനനിമഗ്‍നനായി ഇരിക്കുന്ന മഹാത്മാവിനെ കണ്ടുമുട്ടി. ബാഹ്യവൃത്തികള്‍ യാതൊന്നിനാലും സ്പര്‍ശിക്കപ്പെടാതെ ആത്മാനന്ദസമുദ്രത്തില്‍ ആമഗ്‍നനായി ഇരിക്കുന്ന മഹാരാജാവ് രാജാവിന്റെ ആഗമനം അറിഞ്ഞതേയില്ല. ധ്യാനം തീരുന്നതുവരെ രാജാവിനു കാത്തുനില്ക്കേണ്ടിവന്നു. രാജാവിന്റെ ഉള്ളില്‍ അമര്‍ഷം തിളച്ചുപൊങ്ങി. എങ്ങനെയും ഈ അഹങ്കാരിയെ തക്കപാഠം പഠിപ്പിക്കണമെന്ന് രാജാവ് മനസാ നിശ്ചയിച്ചു. ‘എന്നാല്‍ ഇപ്പോള്‍ അതിനു നിവൃത്തിയില്ല. കാരണം, മകന്റെ വിദ്യാഭ്യാസം മുടങ്ങും. വരട്ടെ, അതു കഴിയട്ടെ എന്നിട്ടാകാം’ -അദ്ദേഹം ചിന്തിച്ചു ധ്യാനത്തില്‍ നിന്നുണര്‍ന്ന മഹാത്മാവ് രാജാവിനെ അഭിവാദ്യം ചെയ്തു വിനയപൂര്‍വ്വം രാജാവിന്റെ ആഗമനോദ്ദേശ്യം ആരാഞ്ഞു. സ്വന്തം ആവശ്യം പറയുമ്പോള്‍ രാജാവിനു കോപം അടക്കാനായില്ല.’രാജ്യം ഭരിക്കുന്നരാജാവ് വന്നാല്‍ ആചാരപൂര്‍വം സ്വീകരിക്കാന്‍ നിങ്ങള്‍ക്കറിയില്ലേ? ഇവിടത്തെ മറ്റ് അന്തേവാസികള്‍ എവിടെ ?’

ഇതുകേട്ട മഹാത്മാവ് പറഞ്ഞു:’ദയവായി ശാന്തനായാലും രാജന്‍! അവിടത്തെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാം അവരവരുടെ ഉത്തരവാദിത്വങ്ങളുണ്ട്. പഠനം, സേവ, ഹോമം, പൂജ, സ്വാധ്യായം എന്നിങ്ങനെ. അതുകൊണ്ടാണ് ആരെയും പുറത്ത് കാണാത്തത്. അത് അങ്ങയോടുള്ള അനാദരവായി കണക്കാക്കരുത്.’

മകനെ ഗുരുകുലത്തില്‍ ഏല്പിച്ച് മടങ്ങുമ്പോഴും രാജാവിനു തൃപ്തിയായില്ല.

രാജകുമാരന്‍ ഉത്തമനായ ഒരു ശിഷ്യനായിരുന്നു. തന്റെ വിനയം കൊണ്ടും നിഷ്ഠകൊണ്ടും ഗുരുഭക്തികൊണ്ടും കുമാരന്‍ എല്ലാവരുടെയും കണ്ണിലുണ്ണിയായിമാറി. എല്ലാവിദ്യകളിലും അദ്വിതീയനായി മാറിയ കുമാരനില്‍ എളിമ, സമര്‍പ്പണം, അചഞ്ചലമായ ഗുരുഭക്തി എന്നീ ഗുണങ്ങളും ലഭിച്ചു.

അവസാനം കുമാരന്‍ ഗുരുകുലത്തോട് വിടവാങ്ങുന്ന ദിവസം സമാഗതമായി. ‘എന്നെ ഇവിടെത്തന്നെ കഴിയാന്‍ അങ്ങ് അനുവദിക്കണം’-കുമാരന്‍ ഗുരുവിനോട് അപേക്ഷിച്ചു.

ഗുരു ചിരിച്ചു. ‘ഒരു തൈ വൃക്ഷമാകണമെങ്കില്‍ തണലില്‍ നിന്ന് മാറ്റി നടണം. ശിക്ഷണം പൂര്‍ത്തിയാകണമെങ്കില്‍ ശിഷ്യന്‍ യഥാകാലം ഗുരുവില്‍ നിന്ന് അകന്നു കഴിയണം. അതുകൊണ്ട് നീ കൊട്ടാരത്തിലേയ്ക്ക് മടങ്ങുക ഈശ്വരാനുഗ്രഹം സദാ നിനക്കുണ്ടാവും.’

ഗുരുവിനെ നമസ്കരിച്ച് എഴുന്നേറ്റ കുമാരന്‍ ചോദിച്ചു :’എന്റെ ഹൃദയത്തിന്റെ പ്രതീകമായ എന്തെങ്കിലും അവിടുത്തെ ചരണാരവിന്ദങ്ങളില്‍ അര്‍പ്പിക്കണമെന്ന ആഗ്രഹം ഉണ്ട്. അവിടുത്തെ ഇച്ഛ അറിയിക്കുകയേ വേണ്ടൂ.

ഇതുകേട്ട ഗുരു പറ‍ഞ്ഞു:’നീ ഇപ്പോള്‍ പിതാവിന്റെ അടുത്തേക്ക് മടങ്ങൂ. ഗുരുദക്ഷിണ യഥാസമയം ഞാന്‍ചോദിച്ചുകൊള്ളാം. അപ്പോള്‍ മടിക്കാതെ നല്‍കിയാല്‍ മതി’

‘മടിക്കുകയോ? അവിടുന്ന് ആവശ്യപ്പെട്ടാല്‍ എന്റെ ജീവന്‍ നല്കാം. അവിടുന്ന് കാട്ടിത്തരുന്ന പാതയിലൂടെ കാലിടറാതെ, ധര്‍മച്യുതി സംഭവിക്കാതെ ചലിക്കാന്‍ ദയവായി ശക്തിനല്കി ആശീര്‍വദിച്ചാലും’-രാജകുമാരന്‍ ഗുരുവിനെ നമസ്കരിച്ച് വിടവാങ്ങി.

രാജകൊട്ടാരത്തില്‍ തിരിച്ചെത്തിയ കുമാരനെക്കണ്ട് എല്ലാര്‍ക്കും സന്തോഷമായി. പക്ഷേ രാജാവിന്റെ മനസ്സില്‍ അണയാതെ കിടക്കുന്ന പ്രതികാരാഗ്നി ആളിക്കത്തി. തന്നെ വേണ്ടപോലെ ആദരിക്കാതിരുന്ന ആ മഹാത്മാവിന്റെ പര്‍ണ്ണശാല, കുമരനറിയാതെ ചുട്ടെരിച്ചു വരാന്‍ രാജാവ് സൈനികരെ നിയോഗിച്ചു. സൈനികരാകട്ടെ, ഗുരുകുലം ചുട്ടെരിച്ചു വെന്നു മാത്രമല്ല. ഗുരുവിനെയും മറ്റു ശിഷ്യന്മാരെയും മര്‍ദിച്ചവശരാക്കി കാട്ടില്‍ തള്ളി. ഈ വാര്‍ത്തകേട്ട് രാജാവിന് സന്തോഷമായി. അല്പദിവസങ്ങള്‍ക്കുള്ളില്‍ കുമാരനു രാജാഭിഷേകം നിശ്ചയിച്ചുകൊണ്ട് അറിയിപ്പുണ്ടായി. രാജ്യഭാരം ഏല്‍ക്കുന്നതിനുമുന്‍പ് കുമാരന്‍ ഗുരുവിന്റെ ആശ്രമത്തിലെത്തി. അവിടെയെത്തിയ കുമാരന്‍ കണ്ടത് പര്‍ണശാലയുടെ കത്തിയെരിഞ്ഞ അവശിഷ്ടങ്ങള്‍ മാത്രമാണ്. അവസാനം ഒരു വ‍ൃക്ഷച്ചുവട്ടില്‍ ധ്യാനലീനനായ ഗുരുവിനെ കണ്ടു. ഗുരുവിനെ വന്ദിച്ചു കഴിഞ്ഞ് തന്റെ രാജാഭിഷേകത്തെക്കുറിച്ച് പറഞ്ഞു. ആശ്രമത്തിന് എന്തു സംഭവിച്ചു എന്നാരാഞ്ഞു. കാട്ടുതീയില്‍പ്പെട്ട് എല്ലാം നശിച്ചുവെന്ന് ഗുരു അരുളിച്ചെയ്തു. അദ്ദേഹം രാജകുമാരനെ അനുഗ്രഹിച്ചു. അപ്പോള്‍ ഗുരുവിന്റെ ദേഹത്തിലെ മര്‍ദനത്തിന്റെ പാടുകള്‍ കണ്ടു, രാജകുമാരന് കാര്യം മനസ്സിലായി. അപ്പോള്‍ അവിടെ എത്തിയ മറ്റു സതീര്‍ഥ്യര്‍ പറഞ്ഞതുകൂടി കേട്ടപ്പോള്‍ കുമാരന്റെ രക്തം തിളച്ചു.

‘എന്റെ ഗുരുദേവനു നേരേ അതിക്രമം കാട്ടിയ ആള്‍ പിതാവല്ല, ഈശ്വരന്‍ തന്നെയായാലും മൃത്യുദണ്ഡം അനുഭവിച്ചേ മതിയാകൂ’ -ഇങ്ങനെ അലറിക്കൊണ്ട് കുമാരന്‍ കുതിരയെ മുന്നോട്ടെടുക്കാന്‍ തുനിഞ്ഞു. ഗുരു കുതിരയുടെ മുന്നില്‍ കയറിനിന്ന് കുമാരനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അത് നിഷ്ഫലമായി.

‘കുഞ്ഞേ, ക്രോധത്തെ ക്ഷമകൊണ്ടും വിദ്വേഷത്തെ സ്നേഹം കൊണ്ടും കീഴടക്കാന്‍ നീ ശക്തനായിക്കഴിഞ്ഞെന്നാണ് ഞാന്‍ കരുതിയത്.’

‘ഇല്ല ഗുരുദേവാ, എന്റെ ശരീരം പ്രതികാരത്തിന് തിളയ്ക്കുകയാണ്.’

അവസാനം ഗുരു വഴിമാറി. ‘ഞാനിതാ വഴിമാറുന്നു. എന്നാല്‍ പോകുന്നതിന് മുന്‍പ് നീ വാഗ്ദാനം ചെയ്തിരുന്ന ഗുരുദക്ഷിണ സമര്‍പ്പിക്കണം. ഇപ്പോള്‍ തന്നെ.’

കുതിരപ്പുറത്ത് നിന്ന് ചാടിയിറങ്ങി കുമാരന്‍ പറഞ്ഞു :’ആജ്ഞാപിച്ചാലും ഗുരുദേവാ.’

ശാന്തതയോടെ ഗുരുപറഞ്ഞു :’രാജാവിന്റെ തെറ്റിനു നീ മാപ്പുനല്‍കുക. അതുമാത്രമാണ് നീ എന്ക്കായി നല്കേണ്ട ഗുരുദക്ഷിണ.’

രാജകുമാരന്‍ സ്തബ്ധനായി.

‘വേഗമാകട്ടെ. പറയൂ നിനക്കതിന് കഴിയുമോ?’

രാജകുമാരന്‍ ഗുരുവിന്റെ പാദത്തില്‍ വാള്‍ സമര്‍പ്പിച്ചു സാഷ്ടാംഗം നമസ്കരിച്ചു.

‘എന്റെ അവിവേഗം പൊറുക്കുക. കൃപാവര്‍ഷംകൊണ്ട് എന്റെ പിതാവിന്റെ എല്ലാ കുറ്റവും ക്ഷമിക്കപ്പെട്ടിരിക്കുന്നു. ഞാനെന്നും ​എന്റേതെന്നുമുള്ള ചിന്തയും ഞാനിതാ ഇവിടുത്തെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കുന്നു.’ ഗുരു നിറകണ്ണോടെ ശിഷ്യനെ ആലിംഗനം ചെയ്തു.

മക്കളേ, ക്രോധത്തെ ക്ഷമകൊണ്ടും വിദ്വേഷത്തെ സ്നേഹം കൊണ്ടും കീഴടക്കാനാണ് നിങ്ങള്‍ പഠിക്കോണ്ടത്. ഗുരുവിനു ശിഷ്യന്‍ തന്നെത്തന്നെ പൂര്‍ണ്ണമായും സമര്‍പ്പണം ചെയ്യുമ്പോള്‍ അവിടെ ഗുരുവും ശിഷ്യനും എന്ന് രണ്ടില്ല. അവിടെപ്പിന്നെ ഈശ്വരന്‍ മാത്രമേയുള്ളൂ. ആ പരമാത്മാവ് നമ്മെ സത്യത്തിന്റെ പാതയിലേക്ക് നയിക്കട്ടെ. ഗുരുവിനെ നിന്ദിക്കുന്നവര്‍ക്ക് ഗുരു തന്നെ മാപ്പു നല്കിക്കഴിഞ്ഞു. ഇതാണ് മക്കളുടെ മനസ്സില്‍ തെളിയേണ്ടത്. ക്രോധവും കോപവും മക്കളുടെ മനസ്സില്‍ നിന്ന് മാറട്ടെ. ക്ഷമയും സ്നേഹവും മക്കളുടെ മനസ്സില്‍ നിറയണം എന്നാണ് അമ്മ ആഗ്രഹിക്കുന്നത്.

കടപ്പാട്: മാതൃഭുമി