ന ഹ്യന്യോ ജൂഷതോ ജോഷ്യാന്‍ ബുദ്ധിഭ്രംശോ രജോഗുണഃ
ശ്രീമദാദാഭിജാത്യാദിര്‍യത്ര സ്ത്രീ ദ്യൂതമാസവഃ (10-10-8)
ഹന്യന്തേ പശവോ യത്ര നിര്‍ദ്ദയൈരജിതാത്മഭിഃ
മന്യ മാനൈരിമം ദേഹമജരാമൃത്യം നശ്വരം (10-10-9)
അസതഃ ശ്രീമദാന്ധസ്യ ദാരിദ്ര്യം പരമഞ്ജനം
ആത്മൗപമ്യേന ഭൂതാനി ദരിദ്രഃ പരമീക്ഷതേ (10-10-13)
വാണീഗുണാനുകഥനേ ശ്രവണൗ കഥായാം
ഹസ്തൗ ച കര്‍മ്മസു മനസ്തവ പാദയോര്‍ന്നഃ
സ്മൃത്യാം ശിരസ്തവ നിവാസജഗത്‌പ്രണാമേ
ദൃഷ്ടിഃ സതാം ദര്‍ശനേഽസ്തു ഭവത്തനൂനാം (10-10-38)

ശുകമുനി തുടര്‍ന്നു:
ഉരല്‍ പിന്നില്‍ കെട്ടി വലിച്ചു കൊണ്ട്‌ കൃഷ്ണന്‍ രണ്ടു കുബേരപുത്രന്മാരെ മോചിപ്പിച്ചു. അവര്‍ നാരദശാപം മൂലം രണ്ടു മരങ്ങളായി നില്‍ക്കുകയായിരുന്നു. ഒരിക്കല്‍ ഈ രണ്ട്‌ ഗന്ധര്‍വ്വന്മാരും ആകാശനദിയില്‍ അപ്സരസ്സുകളുമായി ജലക്രീഡ നടത്തുകയായിരുന്നു. എല്ലാവരും നഗ്നര്‍ . നാരദന്‍ അതുവഴി വന്നപ്പോള്‍ അപ്സരസ്സുകള്‍ നാണം മറച്ചു. എന്നാല്‍ മദോന്മത്തരായിരുന്ന കുബേരപുത്രന്മാര്‍ നാണം മറയ്ക്കാതെ നിന്നു. അവരുടെ പ്രതാപത്തില്‍ അഹങ്കരിക്കുകയും ചെയ്തു.

നാരദന്‍ ആലോചിച്ചു: സമ്പത്തിനെയും പാരമ്പര്യത്തിനെയും പറ്റിയുളള അഭിമാനം ബുദ്ധിഭ്രമമുണ്ടാക്കുന്നു. അങ്ങനെയുളളവര്‍ എപ്പോഴും സ്ത്രീ, മദ്യം, ചൂതുകളി ഇവയുമായി ചേര്‍ന്നിരിക്കുന്നു. ഇങ്ങനെ അഹങ്കാരിയായവര്‍ തന്റെ ശരീരം ജരാനരകള്‍ക്കതീതമാണെന്ന ഭാവത്തില്‍ മൃഗങ്ങളെ കൊല്ലുന്നു. ഇങ്ങനെയുളള അഹങ്കാരം വച്ചുപുലര്‍ത്തുന്നതിലും വലിയ വങ്കത്തം എന്താണുളളത്‌? ഇങ്ങനെ അഹങ്കാരത്തിന്റെ ആന്ധ്യം ബാധിച്ചവന്‌ ദാരിദ്ര്യമാണ്‌ നല്ലൊരു മറുമരുന്ന്‌. കാരണം പാവപ്പെട്ടവന്‍ മറ്റുളളവരെ അവന്റെതന്നെ ആത്മാവെന്നു കരുതി മറ്റുളളവരുടെ ദുഃഖങ്ങള്‍ മനസ്സിലാക്കുന്നു. പാവപ്പെട്ടവന്റെ തിക്താനുഭവജീവിതം തന്നെ ഒരു തപസ്സുപോലെ അവന്റെ കര്‍മ്മാനുഭവങ്ങളെ ഇല്ലാതാക്കുന്നു. മഹാത്മാക്കളുടെ സത്സംഗത്താല്‍ അവന്‍ ഭക്തി വളര്‍ത്തി ഭഗവാന്റെ താമരപ്പാദങ്ങള്‍ പൂകുന്നു. അങ്ങനെ വിചാരിച്ച്‌ കുബേരപുത്രന്മാരെ അവരുടെതന്നെ അഹങ്കാരത്തില്‍നിന്നു രക്ഷിക്കാനായി നാരദന്‍ അവരെ ശപിച്ചു. രണ്ടു മരങ്ങളായി ദേഹം മറയ്ക്കേണ്ട ആവശ്യമില്ലാത്ത ശരീരത്തോടെ അവരങ്ങനെ ചേര്‍ന്നു നിന്നു. ആ അവസ്ഥയിലും ഭഗവച്ചിന്ത അവര്‍ക്കുണ്ടാകുമെന്ന് നാരദന്‍ അനുഗ്രഹവും നല്‍കി. ഭഗവാന്‍ എപ്പോള്‍ അവര്‍ക്കരികില്‍ വരുന്നുവോ അപ്പോള്‍ പാപമോചനം കിട്ടുമെന്നും അവരെ അറിയിച്ചു.

ഭഗവാന്‍ കൃഷ്ണന്‌ ഇതറിയാമായിരുന്നു. ഭക്തനാരദന്റെ വാക്കുകള്‍ പാഴാവുക വയ്യ. ഉരലുമുരുട്ടി ഈ രണ്ടു മരങ്ങള്‍ക്കിടയിലൂടെ കൃഷ്ണന്‍ നടന്നു. മുന്നോട്ടു നടന്നപ്പോള്‍ ഉരല്‍ മരങ്ങള്‍ക്കിടയില്‍ കുടുങ്ങി. ശക്തിയോടെ ഒന്നു വലിച്ചപ്പോള്‍ മരങ്ങള്‍ കടപുഴകി മറിഞ്ഞുവീണു. രണ്ടു തേജസ്വികള്‍ പുറത്തു വന്നു. അവര്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു: “കൃഷ്ണാ, അവിടുന്ന് തന്നെ പരംപൊരുളും പുരുഷനും പ്രകൃതിയും എല്ലാം. അവിടുന്ന് സമ്പൂര്‍ണ്ണാവതാരമെടുത്ത്‌ മനുഷ്യര്‍ക്ക്‌ ഐശ്വര്യവും മുക്തിയും പ്രദാനം ചെയ്യുന്നു. നാരദമുനിയുടെ കൃപയാലാണ്‌ ഞങ്ങള്‍ക്ക്‌ അവിടുത്തെ ദര്‍ശനമുണ്ടായത്‌. ഞങ്ങളുടെ വാക്കുകളെല്ലാം അവിടുത്തെ മഹിമാകീര്‍ത്തനങ്ങളാകട്ടെ. ഞങ്ങള്‍ കേള്‍ക്കുന്നുതെല്ലാം അവിടുത്തെ മഹിമകളാവട്ടെ. ഞങ്ങളുടെ മനസ്സ്‌ അവിടുത്തെ പാദാരവിന്ദങ്ങളിലുറച്ചിടട്ടെ. കൈകാലുകള്‍ അവിടുത്തെ സേവിക്കാനാവട്ടെ. ഞങ്ങളുടെ തല എല്ലാ ജീവജാലങ്ങളിലുമുളള അവിടുത്തെ സ്ഥാനത്തെ നമിക്കട്ടെ. ഞങ്ങള്‍ കാണുന്നുതെല്ലാം. അവിടുത്തെതന്നെ പ്രകടിതരൂപങ്ങളായ മഹാത്മാക്കളെ മാത്രമാവട്ടെ.” എന്നു പ്രാര്‍ത്ഥിച്ച്‌ കൃഷ്ണനെ വീണ്ടും വണങ്ങി അവര്‍ അപ്രത്യക്ഷരായി.

കടപ്പാട് : ശ്രീമദ് ഭാഗവതം നിത്യപാരായണം PDF