അമൃതാനന്ദമയി അമ്മ

സ്ത്രീകള്‍ മദ്യപിക്കുന്നതിന് എതിരെ മാത്രം അമ്മ പറഞ്ഞാല്‍ പോരാ എന്ന് ഒരു മോന്‍ പറഞ്ഞു. മദ്യപാനം എല്ലാവര്‍ക്കും ചീത്തയാണ്. സ്ത്രീയും പുരുഷനും മദ്യപിക്കാന്‍ പാടില്ല എന്നുതന്നെയാണ് അമ്മയ്ക്ക് പറയാനുള്ളത്. മദ്യം കൊണ്ട് സ്വബോധം നഷ്ടപ്പെടുകയാണ് എന്ന് മദ്യപര്‍ മറക്കുന്നു. കുടിച്ചു കഴിഞ്ഞാല്‍ സ്വബോധത്തോടെ ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പോലും പലര്‍ക്കും മടിയില്ല.

വിദേശത്ത് ഒരു പ്രദര്‍ശനനഗരിയില്‍ നടക്കുന്നതായി പറയുന്ന ഒരു കഥയുണ്ട്. മൂന്ന് മുറികള്‍ അവിടെ സജ്ജീകരിച്ചിരുന്നു. ഈ മൂന്ന് മുറികളിലും ഉള്ളത് അവിടെ ഉള്ളവര്‍ക്ക് സ്വന്തമാക്കാം. അവയിലുള്ളത് അനുഭവിക്കാം. ആദ്യമുറിയില്‍ സ്വര്‍ണവും രത്നാഭരണങ്ങളും ആയിരുന്നു. എത്ര വേണമെങ്കിലും എടുത്തുകൊണ്ട് പോകാം. രണ്ടാമത്തെ മുറിയില്‍ സുന്ദരിയായ ഒരു യുവതിയായിരുന്നു. വിവാഹം കഴിക്കാതെതന്നെ അനുഭവിക്കുവാനുള്ള സ്വാതന്ത്ര്യമുണ്ട്. മൂന്നാമത്തെ മുറിയില്‍ മദ്യവും ലഹരി വസ്തുക്കളും. ഇവിടെ എത്തിയ ഒരു സന്ദര്‍ശകന്‍ ആദ്യമുറിയിലെ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കണം എന്നു വിചാരിച്ചു. അപ്പോള്‍ അയാളുടെ മനസ്സാക്ഷി പറഞ്ഞു: ‘മോഷണം തെറ്റാണ്.’ രണ്ടാമത്തെ മുറിയിലെ സ്ത്രീയെ ‘വിവാഹം കഴിക്കാതെ അനുഭവിക്കുന്നത് ബലാത്സംഗമാണ്’ എന്ന് അയാളുടെ ബോധമനസ്സ് പറഞ്ഞു. മൂന്നാമത്തെ മുറിയിലെ മദ്യവും ലഹരിവസ്തുക്കളും അയാളെ ആകര്‍ഷിച്ചു. മോഷണത്തെക്കാളും ബലാത്സംഗത്തെക്കാളും കുറഞ്ഞ തെറ്റാണ് മദ്യപാനം എന്ന് അയാള്‍ക്കുതോന്നി.

മദ്യപാനം തുടങ്ങി അയാള്‍ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചു. തുടര്‍ന്ന് സ്വബോധം നഷ്ടപ്പെട്ടപ്പോള്‍ മോഷണത്തെക്കുറിച്ചുള്ള പാപബോധം മാറി. തുടര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്ത്, ആഭരണങ്ങളും മോഷ്ടിച്ച് അയാള്‍ അവിടെ നിന്ന് പോയി. ഏറ്റവും ചെറിയതെറ്റ് എന്ന് വിചാരിച്ച മദ്യപാനം അയാളെ എവിടേക്കു നയിച്ചു എന്ന് മക്കള്‍ കണ്ടില്ലേ.

കള്ളുകുടിക്കുന്നതുകൊണ്ട് ശരീരത്തിന് ലഹരി കിട്ടുമായിരിക്കും. പക്ഷേ, സമൂഹത്തില്‍ കൂട്ടഅടി സൃഷ്ടിക്കുന്നതും ഇതേ ലഹരിയാണ്. കൊലപാതകം, മോഷണം, അക്രമം എല്ലാം ഇതേത്തുടര്‍ന്നു ഉണ്ടാവും. മദ്യപാനത്തോടെ ബോധം മറയുന്നു. സ്വബോധത്തോടെ ചെയ്യാന്‍ അറയ്ക്കുന്ന തെറ്റുകളും ലഹരി ഉള്ളിലുള്ളപ്പോള്‍ പലരും ചെയ്യുന്നു. ലഹരി കഴിച്ചാല്‍ സ്നേഹം വരും എന്ന് ചിലര്‍ പറയുന്നു. അങ്ങനെയാണെങ്കില്‍ ലഹരികഴിച്ച പുരുഷന്‍ ഭാര്യയെയും മക്കളെയും തല്ലുന്നതെന്തിനാണ്? അപ്പോള്‍ മനസ്സിലാകും മദ്യപാനം കൊണ്ട് ഗുണമല്ല, ദോഷമാണ്, സ്നേഹമല്ല, വിദ്വേഷമാണ് പുറത്തുവരുന്നതെന്ന്. മൂല്യത്തില്‍ നിന്ന് അകന്നു പോകുന്നുവെന്ന്. മദ്യപാനം എന്ന സാമൂഹികവിപത്തിന് എതിരെ ശക്തമായ ബോധവത്കരണം വേണം. മദ്യപാനത്തിന് എതിരെ ബോധവത്ക്കരണം അത്യാവശ്യമാണ്. കുട്ടികള്‍ മാതാവിനെ കണ്ടു പഠിക്കുന്നതുകൊണ്ട് സ്ത്രീകളുടെ മദ്യപാനമാണ് ഏറെ അപകടകരം. വിദേശത്ത് ലഹരിമരുന്നുകളുടെ ഉപയോഗത്തെ പുകഴ്ത്തി ഒരാള്‍ പുസ്തകമെഴുതിയതായി അമ്മകേട്ടു. ആ പുസ്തകം വായിച്ച് പലരും ലഹരിവസ്തുക്കള്‍ക്ക് അടിമകളായി മാറി. വലിയ തെറ്റാണത്. സഹജീവികളെ നന്മയുടെ മാര്‍ഗത്തിലേക്ക് നയിക്കുകയാണ് വേണ്ടത്. ലഹരിസമയത്തെ സ്നേഹപ്രകടനം യഥാര്‍ത്ഥമല്ല. ഡോക്ടര്‍മാര്‍ പോലും അതാണ് പറയുന്നത്. മദ്യപാനം, ലഹരിവസ്തുക്കള്‍ എന്നീ സാമൂഹിക വിപത്തുകള്‍ക്കെതിരെയുള്ള ബോധവത്കരണത്തില്‍ ഓരോരുത്തരും പങ്കെടുക്കണം. ലഹരിമുക്തമാകട്ടെ നമ്മുടെ യുവതലമുറ.

കടപ്പാട്: മാതൃഭുമി