അമൃതാനന്ദമയി അമ്മ

ഒരിക്കല്‍ ലോകത്തിലുള്ള നിറങ്ങളെല്ലാം ഒരിടത്ത് കൂടാനിടയായി.

പച്ചനിറം ഗര്‍വോടെ പറഞ്ഞു:’ഏറ്റവും പ്രധാനപ്പെട്ട നിറം ഞാന്‍ തന്നെയാണ്. ചുറ്റും നോക്കുക. വൃക്ഷങ്ങള്‍ക്കും ലതകള്‍ക്കും ഞാനാണ് നിറം നല്‍കുന്നത്. ജീവന്റെ പ്രതീകമാണ് ഞാന്‍. എന്തിന്, ഈപ്രകൃതി മുഴുവനും എന്റെ നിറമാണ്…!’

നീലനിറം ഇടയ്ക്കുകയറിപ്പറഞ്ഞു:’ഹേയ്! വെറുതെ കിടന്നു പുലമ്പാതെ! നിങ്ങള്‍ ഭൂമിയിലെ വൃക്ഷങ്ങളെയും സസ്യജാലങ്ങളെയും കുറിച്ചു മാത്രമാണ് പറയുന്നത്. ചുറ്റും നോക്കൂ… ആകാശവും കടലുമെല്ലാം കാണുന്നില്ലേ? അവയ്ക്കെല്ലാം നീലനിറമാണ്. ജീവന്റെ ആധാരം എന്താണ്? ജലമാണ് ജലത്തിന്റെ നിറമാണ് നീല. ഞാന്‍ സ്നേഹത്തിന്റെ നിറമാണ്…’

ഇതുകേട്ട് ചുവപ്പുനിറം ഉച്ചത്തില്‍ പറ‍ഞ്ഞു:’ഇനിയൊരക്ഷരം ആരും ശബ്ദിക്കരുത്. നിറങ്ങളെയെല്ലാം ഭരിക്കുന്നത് ഞാനാണ്. ഞാന്‍ രക്തമാണ്. രക്തത്തിന് എന്റെ നിറമാണ്. ഞാന്‍ വീര്യത്തിന്റെയും ധീരതയുടേയും നിറമാണ്. രക്തമില്ലാതെ ജീവനില്ല. അതുകൊണ്ട് ഞാനില്ലെങ്കില്‍ ജീവനു നിലനില്പില്ല.’

അപ്പോഴാണ് പതിഞ്ഞ ശബ്ദത്തില്‍ വെള്ളനിറം സംസാരിച്ചു തുടങ്ങിയത്. ‘നിങ്ങളൊക്കെ പലതും പറഞ്ഞു. എനിക്ക് ഒരു കാര്യം മാത്രം പറയാനുണ്ട്. എല്ലാ നിറങ്ങള്‍ക്കും ആധാരം വെള്ളനിറമാണ്. ഈ സത്യം ഒച്ചവെയ്ക്കുന്നവര്‍ ആരുംതന്നെ മറക്കരുത്.’

പിന്നെയും പല നിറങ്ങളും തങ്ങളുടെ മഹത്വവും മറ്റു നിറങ്ങളുടെ മേല്‍ തങ്ങള്‍ക്കുള്ള ആധിപത്യവും മറ്റു നിറങ്ങളുടെ മേല്‍ തങ്ങള്‍ക്കുള്ള ആധിപത്യവും പ്രകീര്‍ത്തിച്ചു പറഞ്ഞു. തങ്ങളുടെ വാദഗതികള്‍ ഉറപ്പിക്കാന്‍ ഉച്ചത്തില്‍ സംസാരിച്ചു തുടങ്ങി. വാക്കില്‍ തുടങ്ങിയതു വാക്കേറ്റത്തിലെത്തി. അവര്‍ പരസ്പരം നശിപ്പിക്കാന്‍ തയ്യാറായിനിന്നു. പെട്ടെന്ന് ആകാശമിരുണ്ടു. ഇടിമിന്നലോടെ കനത്ത പേമാരിയും തുടങ്ങി. മഴ കൂടിയതോടെ ജലനിരപ്പ്ഉയര്‍ന്നുതുടങ്ങി. വ്യക്ഷങ്ങള്‍ കടപുഴുകി വീണു. പ്രകൃതി ക്ഷോഭിച്ചു. സംഹാരതാണ്ഡവമാടി. നിറങ്ങള്‍ പേടിച്ചരണ്ട് നിസ്സഹായരായിരുന്നു. ‘രക്ഷിക്കണേ…’ എന്നവര്‍ നിലവിളിച്ചു കരഞ്ഞു. അപ്പോള്‍ ഒരശരീരി കേട്ടു: ‘ഹേ നിറങ്ങളേ, നിങ്ങളുടെ ഞാനെന്ന ഭാവവും അഹങ്കാരവും ഇപ്പോള്‍ എവിടെപ്പോയി? അന്യോന്യം ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിച്ച വിഡ്ഢികളാണ് നിങ്ങള്‍. ഇപ്പോള്‍ സ്വന്തം ജീവന്‍ പോലും രക്ഷിക്കാന്‍ കഴിവില്ലാതെ ഭയന്നു വിറയ്ക്കുന്നു. ഒറ്റ നിമിഷം മതി എല്ലാം നശിക്കാന്‍. നിങ്ങളൊന്നു മനസ്സിലാക്കുക: വ്യത്യസ്തരാണെങ്കിലും നിങ്ങള്‍ തുല്യരാണ്. ഓരോരുത്തരെയും ഈശ്വരന്‍ സൃഷ്ടിച്ചത് ഒരേ ഉദ്ദേശ്യത്തോടെയാണ്. ഈ അപകടത്തില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍, കൈയോടു കൈ കോര്‍ത്ത് നിങ്ങള്‍ ഒരുമയോടെ ഒന്നിച്ച് അണിനിരക്കണം.’

ഇതുകേട്ടതും നിറങ്ങളെല്ലാവരും കൈകോര്‍ത്ത് ഒന്നിച്ചുനിന്നു. അപ്പോള്‍ മനോഹരമായ മഴവില്ല് വാനില്‍ തെളിഞ്ഞു! മഴയും ഇടിയും മാറി. മനസ്സിന് ഇമ്പം നല്കുന്ന സമ്മേളനമായ മാരിവില്‍ ആകാശത്തു തെളിഞ്ഞുനിന്നു.

അപ്പോള്‍ അശരീരി തുടര്‍ന്നു:’ഒന്നിച്ച് ഒറ്റക്കെട്ടായി നിന്നാല്‍ നിങ്ങള്‍ക്ക് വാനോളം ഉയരാമെന്നു കണ്ടില്ലേ? ഏഴുനിറങ്ങളും ചേര്‍ന്നപ്പോള്‍ മനോഹരമായ മഴവില്ലായി, ശാന്തിയുടെയും പ്രതീകമായി, നിങ്ങള്‍ക്കു മാറാം. നാളെയുടെ പ്രതീക്ഷകളാണ് നിങ്ങള്‍. ഉയരങ്ങളില്‍ നിന്നു നോക്കിയാല്‍ വ്യത്യാസങ്ങളെല്ലാം അപ്രത്യക്ഷമായി എല്ലാം ഒന്നായിക്കാണാം. നിങ്ങളുടെ ഈ ഐക്യവും കൂട്ടായ്മയും എല്ലാവര്‍ക്കും പ്രചോദനമായിത്തീരട്ടെ.’

മാനത്ത് മനോഹരമായ മഴവില്ല് കാണുമ്പോള്‍ മക്കള്‍ ഈ കഥ ഓര്‍മിക്കണം. അന്യോന്യം അറിയാനും അംഗീകരിക്കാനും കൂട്ടായി പ്രവര്‍ത്തിക്കാനുമുള്ള പ്രേരണ മക്കള്‍ക്കുണ്ടാവണം.

ഈശ്വരാരാധനയ്ക്കുവേണ്ടി ഒരുക്കിയ പൂക്കളാണ് മതങ്ങള്‍. നിറങ്ങള്‍ വഴക്കുകൂട്ടിയതുപോലെ ആവരുത് നമ്മള്‍. മതങ്ങളുടെ പേരില്‍ സ്പര്‍ദ്ധയും ശത്രുതയും വേണ്ട. മതങ്ങളും മതമേലധ്യക്ഷരും ഒരുമിച്ചുനിന്നാല്‍ ലോകത്തിന്റെ സൗന്ദര്യം വര്‍ധിക്കും. ലോകത്തില്‍ മുഴുവന്‍ അവ ശാന്തിയുടെ സുഗന്ധം പരത്തും. അങ്ങനെ ഒരുമിക്കാനുള്ള വേദിയാണ് നാം സൃഷ്ടിക്കേണ്ടത്. അത്തരം ഒരുമിക്കലുകളാണ് മനുഷ്യരാശിയെ സമാധാനത്തിലേക്കും ശാന്തിയിലേക്കും നയിച്ചതെന്ന് മക്കള്‍ ഓര്‍മിക്കണം.

കടപ്പാട്: മാതൃഭുമി