ശ്രീ രമണമഹര്‍ഷി

ജനുവരി 23, 1936

149. ഭക്തിമാര്‍ഗ്ഗത്തില്‍ ശരീരാദി പ്രപഞ്ചങ്ങളെ മറക്കേണ്ടിവരുമോ എന്ന്‌ ഒരു സാധു ചോദിച്ചു.

ഉ: ഭക്തിയോടുകൂടിയിരിക്കുക മാത്രമാണ്‌ നാം ചെയ്യേണ്ടിയുള്ളത്‌. ശരീരാദി പ്രപഞ്ചങ്ങളെപ്പറ്റി നാമെന്തിനു വ്യാകുലപ്പെടുന്നു!

150. അമേരിക്കയില്‍ നിന്നും ഭഗവദ്ദര്‍ശനത്തിനു വന്നിരുന്ന കെല്ലി ദമ്പതിമാരും കൂടെയുള്ളവരും ബാഹ്യശല്യങ്ങള്‍ക്കിടയില്‍ ധ്യാനത്തിലിരുന്നാല്‍ എങ്ങനെ ഏകാഗ്രത സിദ്ധിക്കുമെന്നു ചോദിക്കുകയുണ്ടായി.

ഉ: ഒരിക്കല്‍ ഏകാഗ്രതയുണ്ടായാല്‍ ബാഹ്യശല്യങ്ങളൊന്നും ബാധകമാവുകയില്ല. അവയെ ശ്രദ്ധിക്കാന്‍ പോകരുത്‌. മനസ്സിനെ ധ്യാനത്തിലോട്ട്‌ തിരിച്ചു വിടുക. കൊതുകുകടിയും മറ്റും സഹിക്കാനുള്ള കരുത്തില്ലെങ്കില്‍ നിങ്ങളെങ്ങനെ സാക്ഷാല്‍ക്കാരത്തിനാഗ്രഹിക്കുന്നു. ജീവിതത്തിലെ സര്‍വ്വ വൈഷമ്യങ്ങള്‍ക്കും ഇടയിലായിരിക്കണം സാക്ഷാല്‍ക്കരിക്കേണ്ടത്‌. സൗഖ്യത്തെ നോക്കുകയാണെങ്കില്‍ നിങ്ങള്‍ കിടക്കയില്‍ വീണുറങ്ങുകയേ ഉള്ളൂ. വിഘ്നങ്ങളെ നേരിട്ടുകൊണ്ട്‌ ധ്യാനത്തില്‍ ഉറച്ചവനായിരിക്കുക.