യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 433 – ഭാഗം 6 നിര്‍വാണ പ്രകരണം.

ഇമാമഖണ്ഡിതം സമ്യക് ക്രിയാം സമ്പാദയന്നപി
ദുഖാദ്ഗച്ഛാമി ദുഖൌഘമമൃതം മേ വിഷം സ്ഥിതം (6/87/14)

യുവബ്രാഹ്മണന്‍ പറഞ്ഞു: ആത്മാവിന്റെ ഇത്തരം പ്രകൃതഗുണത്താലാണ് വിശ്വം സംജാതമായത്. അത് നിലനില്‍ക്കുന്നത് സ്വയം തീര്‍ത്ത പരിമിതികളാലും മാറിമാറി വരുന്ന ക്രമ-ക്രമരഹിത അവസ്ഥകളാലുമാണ്. അത്തരം പരിമിതികളും പരസ്പര വിരുദ്ധങ്ങളായ അവസ്ഥകളും ഇല്ലെങ്കില്‍ ലോകമില്ല; ജീവികള്‍ക്ക് വീണ്ടുംവീണ്ടും ജനിക്കേണ്ടിവരികയുമില്ല.

നാരദന്റെ കഥ തുടര്‍ന്നുകൊണ്ട് ബ്രാഹ്മണന്‍ ഇങ്ങനെ പറഞ്ഞു: അപ്സരസ്സുകളെക്കണ്ട് ചഞ്ചലമായ തന്റെ മനസ്സ് നാരദന്‍ ആത്മനിയന്ത്രണത്താല്‍ വരുതിയിലാക്കി. തന്നില്‍ നിന്നും നിര്‍ഗ്ഗളിച്ച രേതസ്സ് ഒരു സ്ഫടികകുംഭത്തില്‍ ശേഖരിച്ചു. അതില്‍ തന്റെ യോഗസിദ്ധിയാല്‍ ഉണ്ടാക്കിയ പാല് നിറച്ചു. കാലക്രമത്തില്‍ ആ കുംഭത്തില്‍ നിന്നും എല്ലാവിധത്തിലും പൂര്‍ണ്ണനായ ഒരു ശിശു ജനിച്ചു. നാരദന്‍ അവനെ കുംഭന്‍ എന്ന് പേരിട്ടു വളര്‍ത്തി. എല്ലാവിധ ജ്ഞാനങ്ങളും അവനു പകര്‍ന്നു നല്‍കി. വിജ്ഞാനത്തില്‍ ആ യുവാവ് അച്ഛന് സമനായിത്തീര്‍ന്നു. നാരദന്‍ മകനെ തന്റെ അച്ഛനായ ബ്രാഹ്മദേവന്റെയടുക്കല്‍ കൊണ്ടുചെന്നു. കുംഭന് ബ്രഹ്മാവ്‌ ഏറ്റവും ഉന്നതമായ ജ്ഞാനം തന്നെ നല്‍കി. ബ്രഹ്മാവിന്റെ ചെറുമകനായ ആ കുംഭനാണ് അങ്ങയുടെ മുന്നില്‍ നില്‍ക്കുന്നത് !

ഞാന്‍ ഈ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങുന്നത് യാതൊന്നും നേടാനായല്ല. ഒന്നും ആരില്‍ നിന്നും എനിക്ക് നേടേണ്ടതായില്ല. ഞാന്‍ ഭൂമിയില്‍ വരുമ്പോള്‍ എന്റെ കാല്‍പ്പാദം താഴെ മുട്ടുകയില്ല.

വസിഷ്ഠമുനി ഇത്രയും പറഞ്ഞു നിര്‍ത്തിയപ്പോഴേക്ക് ഏഴാം ദിവസവും അവസാനിച്ചു.

ശിഖിധ്വജന്‍ തുടര്‍ന്നു: പൂര്‍വ്വജന്മാര്‍ജ്ജിത സൌകൃതം ഒന്നുകൊണ്ടു മാത്രമാണ് ഈ ദര്‍ശനഭാഗ്യവും അങ്ങില്‍ നിന്നും വിജ്ഞാനാമൃതലാഭവും എനിക്കുണ്ടായത്. പുണ്യാത്മാക്കളുമായുള്ള സത്സംഗത്തോളം വിലപിടിപ്പുള്ളതായി മനുഷ്യര്‍ക്ക് മറ്റൊന്നുമില്ല.

ബ്രാഹ്മണന്‍ (ചൂഡാല) തുടര്‍ന്നു: ഞാന്‍ എന്റെ ജീവിതകഥ വിവരിച്ചുവല്ലോ. ഇനി അങ്ങ് പറയൂ, അങ്ങാരാണ്? ഇവിടെ എന്തുചെയ്യുന്നു? എത്രകാലമായി ഇവിടെയെത്തിയിട്ട്? എല്ലാം തുറന്നുതന്നെ പറയൂ. സന്യാസിമാര്‍ അസത്യമായ ഒന്നും പറയുകയില്ല എന്നെനിക്കറിയാം.

ശിഖിധ്വജന്‍ പറഞ്ഞു: ദേവപുത്രനായ അങ്ങേയ്ക്ക് എല്ലാം അറിയാം. ഞാനിനി എന്താണ് പറയേണ്ടത്? ജനിമരണചക്രങ്ങളുടെ ആവര്‍ത്തനമായ സംസാരത്തോടുള്ള ഭയം മൂലം ഞാന്‍ ഈ വനവാസം സ്വീകരിച്ചതാണ്‌. അങ്ങേയ്ക്ക് അറിയാവുന്നതാണെങ്കിലും ഞാന്‍ എന്റെ കഥ പറയാം. ഞാന്‍ ശിഖിധ്വജനെന്ന രാജാവാണ്. ഞാന്‍ എന്റെ രാജ്യം ഉപേക്ഷിച്ചു. സുഖദുഖാദി ദ്വന്ദങ്ങള്‍ എന്നെ അലട്ടുന്നു. ജനനമരണങ്ങള്‍ എന്നില്‍ ഭീതിയുണ്ടാക്കുന്നു. ഞാന്‍ ഏറെ അലഞ്ഞു നടന്നു, തപസ്സും ചെയ്തു. എന്നിട്ടും എന്നില്‍ പ്രശാന്തിയുണ്ടായിട്ടില്ല. മനസ്സ് അടങ്ങിയിട്ടില്ല. ഞാന്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ എന്തെങ്കിലും ആശിക്കുകയോ ചെയ്യുന്നില്ല. ഇവിടെ ഒന്നിനോടും ആസക്തിയില്ലാതെ ഉണങ്ങി വരണ്ട ഒരു ജീവിതം നയിക്കുകയാണ് ഞാന്‍.

“ഇടമുറിയാതെ കൃത്യമായിത്തന്നെ എല്ലാവിധ യോഗാഭ്യാസങ്ങളും ഞാന്‍ ചെയ്തു. എങ്കിലും ദുഖത്തില്‍ നിന്നും കൂടിയ ദുഖങ്ങളിലേയ്ക്കുള്ള പുരോഗതി മാത്രമേ ഞാന്‍ എന്നില്‍ കാണുന്നുള്ളൂ. അമൃതുപോലും എന്നില്‍ വിഷമയമായിത്തീരുന്നു.”